This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റാര്‍ക്കസ്, സാമോസിലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിസ്റ്റാര്‍ക്കസ്, സാമോസിലെ

Aristarchus of Samos (B.C. 310 - 230)

ആദ്യമായി സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള ദൂരം നിര്‍ണയിച്ച പ്രാചീന ഗ്രീക് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും. ആദ്യമായി സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശ്ശാസ്ത്രജ്ഞന്‍ എന്ന നിലയിലും അരിസ്റ്റാര്‍ക്കസ് ശ്രദ്ധേയനാണ്. ഗ്രീസിലെ സാമോസ് ദ്വീപില്‍ ജനിച്ചു എന്നല്ലാതെ അരിസ്റ്റാര്‍ക്കസിന്റെ ജീവിതത്തെക്കുറിച്ചു കൂടുതല്‍ വിവരം ലഭ്യമല്ല. സാമോസ് ഈജിപ്തിലെ ടോളമിരാജാക്കന്മാരുടെ കീഴിലായിരുന്നതുകൊണ്ട് അദ്ദേഹം അലക്സാണ്ട്രിയയിലാണ് ജോലി ചെയ്തിരുന്നത് എന്നു കരുതപ്പെടുന്നു. പൈതഗോറിയന്‍ തത്ത്വത്തില്‍ ആകൃഷ്ടനായ അരിസ്റ്റാര്‍ക്കസ് അഗ്നിവര്‍ഷിക്കുന്ന സൂര്യനെ സൗരയൂഥത്തിന്റെ കേന്ദ്രമായി സങ്കല്പിക്കുകയും ഇതര ഗ്രഹങ്ങളെ ക്രമാനുസൃതമായി അളക്കുകയും ചെയ്തു. അരിസ്റ്റാര്‍ക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം അക്കാലത്ത് ഗ്രീസില്‍ വളരെ കോളിളക്കം സൃഷ്ടിച്ചു. അതു ദൈവവിരുദ്ധവും, അതുകൊണ്ട് തന്നെ ശിക്ഷാര്‍ഹവുമാണെന്ന് സ്റ്റോയിക്ക് ചിന്തകരില്‍ ചിലര്‍ വാദിച്ചു. ഹിപ്പാര്‍ക്കസും സെല്യൂഷ്യയിലെ സെല്യൂക്കസും മാത്രമേ അരിസ്റ്റാര്‍ക്കസിന്റെ വാദം സ്വീകരിച്ചുള്ളു. മറ്റുള്ളവര്‍ ഭൗമകേന്ദ്ര സിദ്ധാന്തത്തില്‍ത്തന്നെ വിശ്വസിച്ചു. 1800 വര്‍ഷങ്ങള്‍ക്കു ശേഷം കോപ്പര്‍നിക്കസ്സാണ് സൗരകേന്ദ്രസിദ്ധാന്തത്തില്‍ത്തന്നെ പുനരുജ്ജീവിപ്പിച്ചത്.

ചന്ദ്രനിലേക്കും സൂര്യനിലേക്കുമുളള ദൂരം കണക്കാക്കാന്‍ അരിസ്റ്റാര്‍ക്കസ്സ് സ്വീകരിച്ച രീതി ഇതാണ്: ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നുവെന്നും ചന്ദ്രന്‍ പ്രകാശിക്കുന്നത് സൂര്യവെളിച്ചം കൊണ്ടാണെന്നും സങ്കല്പിച്ചു. അര്‍ധചന്ദ്രനെ കാണുന്ന ദിവസം ഭൂമി, ചന്ദ്രന്‍, സൂര്യന്‍ ഇവയെ ചേര്‍ത്ത് ഒരു ത്രികോണം വരച്ചാല്‍ ചന്ദ്രനിലെ കോണ്‍ 90° ആയിരിക്കും. ഭൂമിയിലെ കോണ്‍ 87° ഉം ചന്ദ്രന്റെ കോണീയ വലുപ്പം 2° ഉം ആണ്. ഇതനുസരിച്ച് സൂര്യനിലേക്കുള്ള ദൂരം ചന്ദ്രനിലേക്കുളള ദൂരത്തിന്റെ 19 ഇരട്ടി എന്നു കിട്ടി. ആധുനിക മൂല്യം 400 ഇരട്ടി ആണ്. ഭൂമിയിലെ കോണളവ് കാണുന്നതില്‍ പിശകു വന്നില്ലായിരുന്നെങ്കില്‍ (യഥാര്‍ഥമൂല്യം 89°52' ആണ്) ശരിയായ ദൂരം കിട്ടുമായിരുന്നു.

ദൂരം 19 ഇരട്ടി എന്നു കിട്ടിയതുകൊണ്ട് അരിസ്റ്റാര്‍ക്കസ് തൃപ്തനായില്ല. യഥാര്‍ഥദൂരം കാണാനായി പിന്നീട് ഇദ്ദേഹത്തിന്റെ ശ്രമം. സൂര്യന്റെയും ചന്ദ്രന്റെയും ദൃശ്യവലുപ്പം (അഥവാ കോണീയ വലുപ്പം) ഒന്നുതന്നെയാണെന്ന് ഇദ്ദേഹം അനുമാനിച്ചു. (അതുകൊണ്ടാണല്ലോ സൂര്യഗ്രഹണസമയത്ത് ചന്ദ്രന്‍ സൂര്യനെ കൃത്യമായി മറയ്ക്കുന്നത്) ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രനെ വിഴുങ്ങുന്ന ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ വലുപ്പത്തിന്റെ ഇരട്ടിയാണെന്നും അരിസ്റ്റാര്‍ക്കസ് കണക്കാക്കി. (ചന്ദ്രന്‍ ഗ്രഹണത്തില്‍ പ്രവേശിച്ചു പുറത്തുവരാനെടുക്കുന്ന സമയത്തില്‍ നിന്ന് ഇതു കാണാം). ഇതില്‍ നിന്ന് ചന്ദ്രന്റെ വലുപ്പം ഭൂമിയുടെ നാലിലൊന്ന് ഭാഗമാണെന്നും ചന്ദ്രനിലേക്കുള്ള ദൂരം ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം 30 ഇരട്ടിയാണെന്നും കണക്കാക്കാന്‍ എളുപ്പമായിരുന്നു. ഭൂമിയുടെ വ്യാസം ഇറാതോസ്തെനസ് തിട്ടപ്പെടുത്തിയതോടെ ചന്ദ്രനിലേക്കുളള ദൂരം ഇദ്ദേഹത്തിന് ഏതാണ്ട് കൃത്യമായിത്തന്നെ കണക്കാക്കാന്‍ കഴിഞ്ഞു. ഇത് ആധുനിക മൂല്യത്തിനടുത്തുവരുന്നതാണ്. എന്നാല്‍ സൂര്യനിലേക്കുള്ള ദൂരം കണക്കാക്കിയത് തീര്‍ത്തും പിശകായിപ്പോയി.

അരിസ്റ്റാര്‍ക്കസിന്റെ രചനകളില്‍ അവശേഷിക്കുന്ന ഏക ഗ്രന്ഥം ഓണ്‍ ദ സൈസസ് ആന്‍ഡ് ഡിസ്റ്റന്‍സസ് ഒഫ് ദ സണ്‍ ആന്‍ഡ് മൂണ്‍ (On the sizes and distances of the sun and moon) ആണ്.

ആര്‍ക്കിമിഡീസിന്റെ ദ് സാന്‍സ് റിക്കാനെര്‍ എന്ന ഗ്രന്ഥത്തില്‍ അരിസ്റ്റാര്‍ക്കസിന്റെ തന്നെ മറ്റൊരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. സൂര്യകേന്ദ്ര സിദ്ധാന്തത്തിന്റെ മറ്റൊരു പരിഷ്കൃത സങ്കല്പനമാണ് പുസ്തകത്തിന്റെ പ്രമേയമെന്ന് ആര്‍ക്കിമിഡീസ് സാക്ഷ്യപ്പെടുത്തുന്നു. നോ: ഗ്രീക് ജ്യോതിശ്ശാസ്ത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍