This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്ക്, ഹ്യൂബര്‍ട് വാന്‍ (1379 - 1426)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയ് ക്, ഹ്യൂബര്‍ട് വാന്‍ (1379 - 1426)

Eyck,Hubert Van

നെതര്‍ലന്‍ഡിലെ ആദ്യകാല ചിത്രകാരന്മാരില്‍ ഒരാള്‍. ജാന്‍ വാന്‍ അയ്ക്കിന്റെ സഹോദരനായ ഇദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിവായിട്ടില്ല. ബ്രൂഗെസ്, ഘെന്റ് എന്നിവിടങ്ങളില്‍ ചിത്രരചന നടത്തിയതായി പറയപ്പെടുന്നു. സഹോദരനായ ജാന്‍ വാന്‍ അയ്ക്കിനോടു ചേര്‍ന്ന് പല ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവേഴ്സ് ഒഫ് ടൂറിന്‍ (Hours of Tourine) എന്ന ചെറുചിത്രപരമ്പര ഈ സഹോദരന്മാരുടേതായി പരിഗണിക്കപ്പെട്ടു വരുന്നു. അവയുടെ അസ്സല്‍ 1903-ല്‍ നഷ്ടമായി. സെന്റ് ബവോണ്‍ ഭദ്രാസനദേവാലയത്തിലെ അഡൊറേഷന്‍ ഒഫ് ദ് ഹോളി ലാംബ് (Adoration of the Holy Lamb) എന്ന ചിത്രം ഈ സഹോദരന്മാര്‍ ഒരുമിച്ചു വരച്ചതാണെന്നാണ് ഐതിഹ്യം. ചിത്രത്തില്‍ കൊടുത്തിട്ടുള്ള വിവരണത്തില്‍ ജാന്‍ അയ്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹ്യൂബര്‍ട് അദ്വിതീയനായ ഒരു ചിത്രകാരന്‍ എന്നാണ്. ഈ ചിത്രം പൂര്‍ത്തിയാക്കുന്നത് ഹ്യൂബര്‍ട്ടിന്റെ മരണശേഷം ജാന്‍ തനിയെയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ചിത്രരചനയിലുള്ള ഹ്യൂബര്‍ടിന്റെ പങ്ക് ആ ശൈലിയുടെ പ്രത്യേകതകൊണ്ടു മാത്രമേ വിലയിരുത്താന്‍ കഴിയൂ. കബറിടത്തിലെ മൂന്നു മേരിമാര്‍ (Three Marys at the Sepulchre) എന്ന ചിത്രം ഹ്യൂബര്‍ടിന്റേതാണെന്നാണ് പറയപ്പെടുന്നത്. ആ ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ രചനാശൈലി വ്യക്തമായിട്ടുണ്ട്. എന്നാല്‍ പ്രമുഖരായ ചില പണ്ഡിതന്മാര്‍ ഈ കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഘെന്റ് ദേവാലയത്തിലെ ബലിപീഠത്തിന്റെ പണിയിലും അലങ്കരണത്തിലും പ്രകടമായിട്ടുള്ള ഭാവന അസാധാരണമാണ്. എന്നാല്‍ അതിന്റെ ശൈലി ജാന്‍ ഒറ്റയ്ക്കു വരച്ചിട്ടുള്ള ചിത്രങ്ങളുടേതില്‍ നിന്നും ഭിന്നമാണ്. നോ: അയ്ക്, ജാന്‍ വാന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍