This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:53, 1 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അയോണ്‍

Ion

വൈദ്യുതചാര്‍ജ് ഉള്ള അണു അല്ലെങ്കില്‍ അണുസംഘാതം (group of atoms). ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ അന്യഥാ നിഷ്പക്ഷങ്ങള്‍ (neutral) ആയ അണുക്കള്‍ അയോണുകളായിത്തീരുന്നു. ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (H) ഹൈഡ്രജന്‍ അയോണ്‍ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോണ്‍ (Na+) ആകുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍, ഹൈഡ്രജനും സോഡിയം തുടങ്ങിയ ലോഹങ്ങളും ഇലക്ട്രോണ്‍ (അഥവാ ഇലക്ട്രോണുകള്‍) നഷ്ടപ്പെട്ടിട്ടാണ് അയോണുകളാകുന്നത്. ആകയാല്‍ ഇവയെല്ലാം ധന (positive) അയോണുകള്‍ ആണ്. Ca+2, Ba+2, Al+3 മുതലായവയും ധന-അയോണുകള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. ഹൈഡ്രജന്‍ ഒഴിച്ചുള്ള അലോഹങ്ങളുടെ അണുക്കള്‍ പ്രായേണ ഇലക്ട്രോണ്‍ (അല്ലെങ്കില്‍ ഇലക്ട്രോണുകള്‍) സ്വീകരിച്ചാണ് അയോണുകളായിത്തീരുന്നത്. തന്മൂലം ഇവയെല്ലാം ഋണ (negative) അയോണുകള്‍ ആണ്. ക്ലോറിന്‍ അണു ഒരു ഇലക്ട്രോണ്‍ നേടി ഉണ്ടാകുന്ന അയോണിന് ക്ലോറൈഡ് അയോണ്‍ (Cl-1) എന്നും രണ്ട് ഇലക്ട്രോണ്‍ നേടിയ സള്‍ഫര്‍ അയോണിന് സള്‍ഫൈഡ് അയോണ്‍ (S-2) എന്നും പറഞ്ഞു വരുന്നു. നൈട്രേറ്റ് (NO-13), സള്‍ഫേറ്റ്(SO-24) , ഹൈഡ്രോക്സൈഡ് (OH-1), കാര്‍ബണേറ്റ് (CO-23) എന്നിവയെല്ലാം അലോഹാണുസംഘാതങ്ങള്‍ ലഭ്യമാക്കുന്ന മറ്റു ചില ഋണ-അയോണുകള്‍ ആണ്. അയോണുകള്‍ പ്രതിനിധാനം ചെയ്യപ്പെടുമ്പോള്‍ അണുക്കളുടെ അല്ലെങ്കില്‍ അണുസംഘാതങ്ങളുടെ സിംബലുകള്‍ എഴുതി അവയുടെ വലതുവശത്ത് മുകളിലായി ചാര്‍ജിന്റെ ചിഹ്നവും സംഖ്യയും ഇട്ടോ ചാര്‍ജുകളുടെ എണ്ണത്തിനു തുല്യമായത്ര ചിഹ്നങ്ങള്‍ ചേര്‍ത്തോ (ഉദാ. Ca+2, S-2) അയോണുകളെ പ്രതിനിധാനം ചെയ്യാം.

ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (anion) എന്നും വ്യവഹരിക്കാറുണ്ട്. മുന്‍ പറഞ്ഞതെല്ലാം രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും ഏത് അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്. നോ: അയോണീകരണം

(ഡോ. പി.എസ്. രാമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍