This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതസരസ്സ് (അമൃത്‍സര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൃതസരസ്സ് (അമൃത്‍സര്‍)

പഞ്ചാബ് സംസ്ഥാനത്തിലെ ഒരു നഗരം. സിക്കുകാരുടെ പുണ്യസ്ഥലം. പാകിസ്താനതിര്‍ത്തിയില്‍നിന്നും 25.7 കി.മീ. ഉള്ളിലായി സ്ഥിതി ചെയ്യുന്ന അമൃതസരസ്സ് പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ്. ജനസംഖ്യ 709,000 (1991). അതിര്‍ത്തിജില്ലയായ അമൃതസരസ്സിന്റെ തലസ്ഥാനവും ഈ നഗരം തന്നെ.

തീര്‍ഥവാപിയുടെ തീരത്തെ ഭവനങ്ങള്‍
ജാലിയന്‍വാലാ ബാഗ് സ്മാരകം

സിക്കുകാരുടെ പ്രധാന പുണ്യതീര്‍ഥമായ അമൃതസരസ്സിനെ കേന്ദ്രീകരിച്ചാണ് നഗരത്തിന്റെ വികാസം. നാലാമത്തെ സിക്കുഗുരുവായ രാംദാസ്, അക്ബര്‍ ചക്രവര്‍ത്തിയുടെ പിന്തുണയോടെ 1577-ല്‍ ഒരു തീര്‍ഥവാപി നിര്‍മിച്ച് നഗരത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടു. അഞ്ചാമത്തെ ഗുരുവായ അര്‍ജുന്‍സിങ്ങാണ് തടാകമധ്യത്തിലെ തുരുത്തിലുള്ള ദേവാലയത്തിന്റെ പണി പൂര്‍ണമാക്കിയത്. സിക്കുമതഗ്രന്ഥമായ ഗ്രന്ഥസാഹെബ് ആണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന ഗോപുരത്തിലെ താഴികക്കുടം സ്വര്‍ണത്തകിടുകൊണ്ട് പൊതിഞ്ഞതോടുകൂടി ഈ ദേവാലയത്തിന് 'സുവര്‍ണക്ഷേത്രം' എന്ന പേരുകിട്ടി. ക്ഷേത്രത്തിന്റെ തറയും ചുമരുകളുമൊക്കെ വെണ്ണക്കല്ലുകൊണ്ട് നിര്‍മിച്ചിരിക്കയാണ്. സിക്കുമതത്തിന്റെ ആസ്ഥാനമായി അമൃതസരസ്സ് ആദരിക്കപ്പെടുന്നു. അര്‍ജുന്‍സിങ്ങിനുശേഷം അധികാരത്തിലെത്തിയ അഞ്ച് സിക്കു ഗുരുക്കന്‍മാരും ഇതിന്റെ വികാസത്തില്‍ ശ്രദ്ധിച്ചില്ല. 1708-ല്‍ അവസാനത്തെ ഗുരുവിന്റെ നിര്യാണത്തോടെ, ഈ കേന്ദ്രത്തിന് വിശുദ്ധിയുടെ പരിവേഷം കിട്ടി. മുഗള്‍സാമ്രാജ്യത്തിന്റെ പതനം ഇതിന് അനുകൂലമായിരുന്നു. 1762-ല്‍ അഹമ്മദ്ഷാ അബ്ദാലി അമൃതസരസ്സ് ആക്രമിച്ച് അഗ്നിക്കിരയാക്കി. നാല് വര്‍ഷത്തിനുശേഷം ക്ഷേത്രം ശുദ്ധികലശം കഴിച്ച് പുതുക്കിപ്പണിയപ്പെട്ടു. സിക്കുനേതാക്കന്‍മാര്‍ ചുറ്റും കോട്ടകൊത്തളങ്ങള്‍ നിര്‍മിച്ച് നഗരത്തെ സുശക്തമാക്കി. മഹാറാണാ രഞ്ജിത്‍സിങ് (1801-39) ഈ ക്ഷേത്രത്തെ മനോഹരമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സുവര്‍ണക്ഷേത്രത്തിനടുത്താണ് സിക്ക് നേതാവ് ബാബാ അള്‍ത്തായ്റായിയുടെ സ്മാരകം. അഷ്ടമുഖമായി ഏഴു നിലകളില്‍ കെട്ടിയിട്ടുള്ള ഈ ഗോപുരത്തിന്റെ പൊക്കം 45 മീ. ആണ്. സുവര്‍ണക്ഷേത്രത്തെ അനുകരിച്ചു നിര്‍മിച്ചിട്ടുള്ള ഹിന്ദുക്കളുടെ ലക്ഷ്മീനാരായണക്ഷേത്രം മനോഹരമായ മറ്റൊരു ശില്പമാണ്. രാജാരഞ്ജിത് സിങ്ങിന്റെ സ്മാരകമായ രാംബാഗ് ഉദ്യാനം നഗരത്തിനു സമീപത്താണ്. പ്രസിദ്ധ ദേശീയ സ്മാരകമായ ജാലിയന്‍വാലാ ബാഗ് ഈ നഗരത്തിലാണ്. 1919-ല്‍ റൌലത്ത് നിയമത്തോട് പ്രതിഷേധം സൂചിപ്പിച്ച് യോഗം ചേര്‍ന്നതിന് നൂറുകണക്കിന് ഇന്ത്യക്കാരെ ബ്രിട്ടിഷുകാര്‍ കൂട്ടക്കൊല ചെയ്ത പൊതു ഉദ്യാനമാണിത്. സിക്കു സംസ്കാരത്തിന്റെ പ്രതീകമായ ഖല്‍സാ കോളജും, മെഡിക്കല്‍ കോളജുമുള്‍പ്പെടെയുള്ള നിരവധി വിദ്യാലയങ്ങളും ഇവിടെയുണ്ട്.

ഡല്‍ഹി-ലാഹോര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അമൃതസരസ്സ് നഗരം ഒരു പ്രധാന ഗതാഗതകേന്ദ്രവും വിപണനകേന്ദ്രവുമാണ്. ചെറുകിടവ്യവസായങ്ങള്‍ വളരെയേറെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്; വന്‍കിട വ്യവസായങ്ങളും കുറവല്ല. നെയ്ത്തും രാസദ്രവ്യനിര്‍മാണവുമാണ് അവയില്‍ പ്രമുഖം. വൈദ്യുതപങ്ക, സൈക്കിള്‍ തുടങ്ങിയവയും ധാരാളമായി നിര്‍മിക്കപ്പെടുന്നു. രോമവസ്ത്രങ്ങള്‍, പട്ട്, കസവുനൂലുകള്‍, പരവതാനികള്‍ എന്നിവയാണ് മറ്റു വിപണനസാധനങ്ങള്‍. നഗരത്തില്‍ ഒരു വിമാനത്താവളവുമുണ്ട്.

അമൃതസരസ്സ് ജില്ല (വിസ്തീര്‍ണം 5094 ച.കി.മീ.; ജനസംഖ്യ: 3074207 (2001).) പൊതുവേ നിരപ്പായ പ്രദേശമാണ് ഇത്. ജില്ലയുടെ പ.-ഉം കി.-ഉം അതിര്‍ത്തികള്‍ സിന്ധുവിന്റെ പോഷകനദികളായ രവി, ബീസ് എന്നിവയാണ്. ജില്ലയുടെ മിക്കഭാഗങ്ങളും 'അപ്പര്‍ ബഡീ ദോബ് കനാല്‍' വഴി ജലസേചനസൌകര്യമുള്ളതിനാല്‍ നല്ല കൃഷിഭൂമികളാണ്. ഗോതമ്പ്, ചോളം, പയറുവര്‍ഗങ്ങള്‍, കരിമ്പ്, പരുത്തി, എണ്ണക്കുരുക്കള്‍ എന്നിവ ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നു. ജില്ലയിലെ മറ്റു പട്ടണങ്ങള്‍ തരണ്‍ തരണ്‍, പാത്തി, ജാന്‍ഡ്യാലാ, ഛേഹാര്‍ത്താ, മാജീതാ, ഖേംകരന്‍ എന്നിവയാണ്. ഗ്രാന്റ് ട്രങ്ക് റോഡും പ്രധാന റെയില്‍പ്പാതകളും കടന്നുപോവുന്ന ഈ ജില്ലയില്‍ ഉടനീളം പഞ്ഞി കടയുന്ന ഫാക്ടറികള്‍ കാണാം. ജനങ്ങള്‍ സിക്കുകാരും ഹിന്ദുക്കളുമാണ്. പഞ്ചാബിയാണ് പ്രധാനഭാഷ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍