This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഹമീദ് I (1725 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ ഹമീദ് I (1725 - 89)

Abdul Hamid I

തുര്‍ക്കിയിലെ ഒട്ടോമന്‍ സുല്‍ത്താന്‍. 1725 മാ. 20-ന് ജനിച്ചു. തുര്‍ക്കി സുല്‍ത്താനായിരുന്ന മുസ്തഫ III-ാമനെ പിന്തുടര്‍ന്ന് 1774 ജനു. 21-ന് സുല്‍ത്താനായി. ഈ ഘട്ടത്തില്‍ തുര്‍ക്കി റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കയായിരുന്നു. പുതിയ സുല്‍ത്താന്‍ 1774 ജൂല. 21-ന് കുച്ചുക്ക്-കൈനര്‍ജി സന്ധിയോടെ യുദ്ധം അവസാനിപ്പിച്ചു. സന്ധിപ്രകാരം ക്രിമിയ സ്വതന്ത്ര സ്റ്റേറ്റ് ആയിത്തീരുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അസോവ് കടല്‍ത്തീരത്തെ കോട്ടകൊത്തളങ്ങള്‍ റഷ്യയ്ക്ക് ലഭിച്ചു. ഇതുമൂലം തുര്‍ക്കിയിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ സംരക്ഷണാധികാരം റഷ്യയ്ക്ക് കിട്ടി. ഇതേവര്‍ഷത്തില്‍ പേര്‍ഷ്യാക്കാര്‍ കുര്‍ദിസ്താന്‍ ആക്രമിച്ചത് തുര്‍ക്കി-പേര്‍ഷ്യാ യുദ്ധത്തിനു വഴിതെളിച്ചു. പക്ഷേ, ഈ യുദ്ധഫലമായി തുര്‍ക്കിയുടെ ആധിപത്യത്തിന്‍കീഴിലായിരുന്ന ഇറാക്കിലെ ചില പ്രദേശങ്ങള്‍ പേര്‍ഷ്യയ്ക്ക് ലഭിക്കുകയാണുണ്ടായത്. 1779 മാ. 10-ന് റഷ്യ കുച്ചുക്ക്-കൈനര്‍ജി സന്ധി അവര്‍ക്കു കൂടുതല്‍ അനുകൂലമാകുംവിധം ഭേദഗതി ചെയ്തു. റഷ്യയിലെ കാതറൈന്‍ II (1729-96) ആസ്റ്റ്രിയന്‍ രാജാവായ ജോസഫ് II (1741-90)-നെ കൂട്ടുപിടിച്ച് ക്രിമിയയില്‍ കുഴപ്പങ്ങളുണ്ടാക്കിയെങ്കിലും തുര്‍ക്കിയുടെ ബലഹീനത മനസ്സിലാക്കിയ അബ്ദുല്‍ ഹമീദ് ക യുദ്ധത്തിനൊരുങ്ങിയില്ല. പക്ഷേ, റഷ്യയുടെ തുടര്‍ച്ചയായ പ്രകോപനംമൂലം 1787-ല്‍ വീണ്ടും തുര്‍ക്കിക്ക് യുദ്ധത്തില്‍ ഇടപെടേണ്ടിവന്നു. ഈ യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടു. 1789 ഏ. 7-ന് സുല്‍ത്താന്‍ അന്തരിച്ചു. തുര്‍ക്കിയിലെ ഇംപീരിയല്‍ നേവല്‍ എന്‍ജിനീയറിങ് സ്കൂള്‍, അച്ചുകൂടം, ബേയിലര്‍ബെയി, മിര്‍ഗൂന്‍ എന്നീ പള്ളികള്‍, നിരവധി സ്കൂളുകള്‍, വായനശാലകള്‍ തുടങ്ങിയവ സ്ഥാപിച്ചത് അബ്ദുല്‍ ഹമീദ് ആണ്. നോ: ഒട്ടോമന്‍ സാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍