This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ മജീദ് I (1823 - 61)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്ദുല്‍ മജീദ് I (1823 - 61)
Abdul Mejid I
തുര്‍ക്കിയിലെ ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താന്‍. സുല്‍ത്താന്‍ മഹ്മൂദ് IIന്റെയും ബിസ്മി ആലത്തിന്റെയും പുത്രനായി 1823 ഏ. 25-ന് ഇസ്താംബൂളില്‍ ജനിച്ചു. ഫ്രഞ്ചുഭാഷയിലും പാശ്ചാത്യദര്‍ശനങ്ങളിലും അബ്ദുല്‍ മജീദ് തത്പരനായിരുന്നു. പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് 1839 ജൂല. 1-ന് 16-ാമത്തെ വയസ്സില്‍ സുല്‍ത്താനായി. പിതാവിന്റെ പുരോഗമനപരിഷ്കാരങ്ങള്‍ പുതിയ സുല്‍ത്താനും പിന്തുടര്‍ന്നു. 1839 ന. 30-ന് ഇദ്ദേഹം പുറപ്പെടുവിച്ച 'ഖത്ത്-ഇ-ഷെരിഫ്' (ഖത്ത്-ഇ-ഹുമായൂണ്‍) എന്ന ശാസനം, മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്കി. പുതിയൊരു 'താന്‍സിമത്' യുഗം (പുരോഗമനയുഗം) ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. 1849-ലെ കലാപത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ അഭയം പ്രാപിച്ച ഹങ്കറിക്കാരെ അബ്ദുല്‍ മജീദ് രക്ഷപ്പെടുത്തി. സുല്‍ത്താന്റെ പുരോഗമനനടപടികളുടെ അംഗീകാരമായി ക്രിമിയന്‍ യുദ്ധകാലത്ത് (1853-56) ഇംഗ്ളണ്ട്, ഫ്രാന്‍സ്, സാര്‍ഡീനിയ എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയെ സഹായിച്ചു. തുര്‍ക്കിയിലെ ക്രിസ്ത്യന്‍ പ്രജകള്‍ക്കു കൂടി രാഷ്ട്രീയാവകാശം നല്കിയത് അബ്ദുല്‍ മജീദാണ്. കുര്‍ദിസ്താനില്‍ 1847-ല്‍ ചില കലാപങ്ങള്‍ ഉണ്ടായെങ്കിലും സുല്‍ത്താന്‍ അവ അടിച്ചമര്‍ത്തി. ഭരണം, സൈന്യം, വിദ്യാഭ്യാസം, നാണയനിര്‍മാണം എന്നീ രംഗങ്ങളില്‍ സുല്‍ത്താന്‍ ദൂരവ്യാപകങ്ങളായ പരിഷ്കാരങ്ങള്‍ നടപ്പില്‍വരുത്തി. പള്ളികള്‍, ആശുപത്രികള്‍ എന്നിവ ധാരാളം നിര്‍മിച്ചു. ചരിത്രപ്രസിദ്ധമായ അയാസോഫിയ പള്ളി ഇദ്ദേഹം പുതുക്കിപ്പണിതു. ഫ്രഞ്ചുഭാഷ ആദ്യമായി സംസാരിച്ചുതുടങ്ങിയ ഒട്ടോമന്‍ സുല്‍ത്താന്‍ ഇദ്ദേഹം ആയിരുന്നു. തുര്‍ക്കിയുടെ രാഷ്ട്രീയചരിത്രത്തില്‍ മാനുഷികവികാരങ്ങള്‍ക്ക് ഇത്രത്തോളം പ്രാധാന്യം കൊടുത്ത സംസ്കാരസമ്പന്നനായ വേറൊരു സുല്‍ത്താന്‍ ഉണ്ടായിട്ടില്ലെന്നാണ് കുച്ചുക്ക് എഫന്‍ദി (Kutchuk Efendi) എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലൂയി പെറ്റിറ്റിന്റെ അഭിപ്രായം. 1861 ജൂണ്‍ 25-നു ഇസ്താംബൂളില്‍വച്ച് 38-ാമത്തെ വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. 'സുല്‍ത്താന്‍ സലിം പള്ളി'യില്‍ വളരെ ലളിതമായ ചടങ്ങുകളോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. നോ: ഒട്ടോമന്‍ സാമ്രാജ്യം