This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഗഫാര്‍ ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ ഗഫാര്‍ ഖാന്‍ (1890 - 1988 )

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്. 'അതിര്‍ത്തിഗാന്ധി' എന്ന പേരിലും അറിയപ്പെടുന്ന അബ്ദുല്‍ ഗഫാര്‍ ഖാന്‍, 1890-ല്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തില്‍ അഷ്ടനഗര്‍ എന്ന സ്ഥലത്ത് ഉസ്മന്‍സായ് ഗ്രാമത്തില്‍ ബഹ്റാംഖാന്റെ നാലാമത്തെ പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മതപുരോഹിതനില്‍ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചു. പെഷവാറിലെ ഒരു മിഷന്‍ സ്കൂളില്‍ ഉപരിവിദ്യാഭ്യാസം നടത്തി. ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്ന പഷ്തൂണ്‍ ജനതയുടെയിടയില്‍ സ്വാതന്ത്ര്യവാഞ്ഛ വളര്‍ത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സലിഞ്ഞ അബ്ദുല്‍ ഗഫാര്‍ ഖാന്‍ സ്വജീവിതം അവരുടെ പുനരുദ്ധാരണത്തിന് നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. 1930 വരെ സാമൂഹികസേവനം നിര്‍വഹിച്ചശേഷമാണ് ഇദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ തത്പരനായത്. സൈനിക ഓഫീസറോ, എന്‍ജിനീയറോ ആയി അബ്ദുല്‍ ഗഫാര്‍ ഖാന്‍ ഉയരണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പിതാവിന്റെ അഭിലാഷം. പക്ഷേ, സുഖപ്രദമായ ഒരു ജീവിതം ഉപേക്ഷിച്ചുകൊണ്ട് രാഷ്ട്രസേവനത്തിന് സ്വജീവിതമര്‍പ്പിക്കാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ തീരുമാനിച്ചു. പഷ്തൂണ്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി 'ദാറൂല്‍ ഉലൂം' എന്ന സംഘടന അബ്ദുല്‍ ഗഫാര്‍ഖാന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ സംശയാലുക്കളായ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇദ്ദേഹത്തെ അറസ്റ്റുചെയ്തു മൂന്നു കൊല്ലം തടവില്‍ പാര്‍പ്പിച്ചു. ജയില്‍വാസകാലത്ത് ഭഗവദ്ഗീത, ബൈബിള്‍, ഗ്രന്ഥ് സാഹിബ് തുടങ്ങിയ ആധ്യാത്മിക കൃതികള്‍ വായിക്കാനും മറ്റു മതങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അബ്ദുല്‍ ഗഫാര്‍ ഖാന് സാധിച്ചു. 1914-ല്‍ ഇദ്ദേഹത്തെ ജയിലില്‍ നിന്നു മോചിപ്പിച്ചു.

അബ്ദുുല്‍ ഗഫാര്‍ ഖാന്‍

ഒന്നാംലോകയുദ്ധകാലത്ത് അബ്ദുല്‍ ഗഫാര്‍ ഖാന് ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫീസറായി നിയമനം നല്കാമെന്ന വാഗ്ദാനം ലഭിച്ചെങ്കിലും ഇദ്ദേഹം അതു നിരാകരിച്ചു. സ്വരാജ് എന്ന ആശയത്തില്‍ ആകൃഷ്ടനായിത്തീര്‍ന്ന ഇദ്ദേഹം രാഷ്ട്രീയ കാര്യങ്ങളില്‍ താത്പര്യം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ ധീരതയിലും സ്വഭാവവൈശിഷ്ട്യത്തിലും ആകൃഷ്ടരായ പഷ്തൂണുകള്‍ ഇദ്ദേഹത്തെ 'ഫക്ക്ര്‍-ഇ-അഫ്ഗാന്‍' (അഫ്ഗാന്‍കാരുടെ അഭിമാനഭാജനം) എന്ന് ബഹുമാനപുരസ്സരം വിശേഷിപ്പിച്ചു. 1926-ല്‍ ഇദ്ദേഹം ഹജ്ജ് തീര്‍ഥയാത്ര നടത്തി. മക്കയില്‍ സൌദി അറേബ്യന്‍ രാജാവായ ഇബിനു സഊദ് (1880-1953) സംഘടിപ്പിച്ച ഇസ്ലാമിക സമ്മേളനത്തില്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ പങ്കെടുത്തു. പലസ്തീന്‍, ലെബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പുരോഗമനം എന്ന ആശയം അംഗീകരിച്ച് പ്രവര്‍ത്തിച്ച കെമാല്‍ അത്താത്തുര്‍ക്ക് തുടങ്ങിയവരുടെ പ്രവര്‍ത്തനമാതൃകകള്‍ അനുകരണീയമെന്ന് ഇദ്ദേഹത്തിന് തോന്നിത്തുടങ്ങി. 1924-ല്‍ അതിര്‍ത്തി പ്രദേശത്തുണ്ടായ വര്‍ഗീയ ലഹളകള്‍ ഇദ്ദേഹത്തെ വേദനിപ്പിച്ചു; ഹിന്ദു-മുസ്ളിം മൈത്രിക്കുവേണ്ടി ഇദ്ദേഹം വാദിച്ചു.

ഇതിനകംതന്നെ വിവിധ മതസാമൂഹികസംഘടനകളില്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ അംഗമായിത്തീര്‍ന്നിരുന്നു. സാധാരണക്കാരുടെ ഇടയില്‍ സഹിഷ്ണുതയോടെ പ്രവര്‍ത്തിച്ച് അവരുടെ നില നന്നാക്കാന്‍ ശ്രമിക്കുകയാണ് കരണീയമായിട്ടുള്ളത് എന്ന് ഇദ്ദേഹത്തിന് ബോധ്യമായി. 1928 മേയ് മാസത്തില്‍ പഷ്തൂണ്‍ എന്ന മാസിക ഇദ്ദേഹം പ്രസിദ്ധീകരിച്ചുതുടങ്ങി. പക്ഷേ, ബ്രിട്ടിഷ് ഗവണ്‍മെന്റും 1947-നുശേഷം പാകിസ്താന്‍ ഗവണ്‍മെന്റും ഈ മാസിക പലതവണ നിരോധിച്ചു. മുസ്ളീംലീഗ്, അലിഗഢ് ലീഗ്, ഖിലാഫത്ത് സമ്മേളനം തുടങ്ങിയവയില്‍ പങ്കെടുത്തിരുന്ന അബ്ദുല്‍ ഗഫാര്‍ ഖാന്‍, 1929-ലെ കോണ്‍ഗ്രസ്സിന്റെ കല്ക്കത്താ സമ്മേളനത്തില്‍ സംബന്ധിക്കുകയും ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്റു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. വര്‍ഗീയലഹളകളുടെ മൂലകാരണം സാമ്പത്തികമാണെന്ന് ഇദ്ദേഹം മനസ്സിലാക്കി. 1929 സെ.-ല്‍ 'ഖുദായ് ഖിദ്മത്ഗാര്‍' എന്ന സംഘടന അബ്ദുല്‍ ഗഫാര്‍ ഖാന്‍ സ്ഥാപിച്ചു. ഈ പേരിന്റെ അര്‍ഥം ദൈവസേവകര്‍ എന്നാണ്. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് സ്നേഹത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിച്ച് ഖുദായ് ഖിദ്മത്ഗാര്‍ ഒരു ശക്തമായ സംഘടനയാക്കി, അബ്ദുല്‍ ഗഫാര്‍ ഖാന്‍ ജനങ്ങളുടെ ഇടയില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. 1931-ല്‍ ഇദ്ദേഹത്തെ അധികാരികള്‍ തടവിലാക്കി. പക്ഷേ, പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ആ പ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. ഇതിലെ അംഗങ്ങള്‍ 'ചെങ്കുപ്പായക്കാര്‍' എന്നറിയപ്പെടുന്നു. 1931-ലെ വര്‍ഗീയലഹളക്കാലത്ത് അബ്ദുല്‍ ഗഫാര്‍ ഖാന്‍ അഹിംസാസന്ദേശം ശക്തിപൂര്‍വം പ്രചരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ജനസമ്മതിയും സ്വാധീനതയും ബ്രിട്ടീഷുകാരെ അമ്പരപ്പിച്ചു. ഇദ്ദേഹത്തെ പല തവണ ജയിലിലാക്കുകയും 1937-ല്‍ വ. പ. അതിര്‍ത്തിപ്രദേശത്ത് ഇദ്ദേഹം പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്തു. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 'ഖുദായ് ഖിദ്മത്ഗാര്‍' സംഘടനയ്ക്ക് വിജയം ലഭിച്ചു. 1938-ല്‍ ഗാന്ധിജി അതിര്‍ത്തിപ്രദേശം സന്ദര്‍ശിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത് മുസ്ളിംലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടുവന്നു. ദ്വിരാഷ്ട്ര സിദ്ധാന്തം ഭൂരിപക്ഷം മുസ്ളീങ്ങളും അംഗീകരിച്ചു. ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ സഹായത്തോടുകൂടി അതിര്‍ത്തി പ്രവിശ്യയില്‍ ഈ ആശയത്തിന് നല്ല പ്രചാരം കൊടുത്തു. 1947-ലെ ജനഹിത പരിശോധനയില്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ അനുയായികള്‍ നിഷ്പക്ഷത പാലിച്ചു. പാകിസ്താന്റെ ആവിര്‍ഭാവത്തിനുശേഷം സ്വതന്ത്ര പഷ്തൂണിസ്താനുവേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം തടവിലാക്കപ്പെട്ടു. 1953-ല്‍ ഇദ്ദേഹം വിമോചിതനായി. പാകിസ്താന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ തന്റെ സ്വതന്ത്ര പഷ്തൂണിസ്താന്‍ വാദം ഇദ്ദേഹം തുടര്‍ന്ന് ഉന്നയിച്ചു. 1956-ല്‍ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. പിന്നീട് പല പ്രാവശ്യവും ഇദ്ദേഹം ജയില്‍വാസം വരിച്ചിട്ടുണ്ട്. 1964 മുതല്‍ ഇദ്ദേഹം പാകിസ്താനു പുറത്ത് കാബൂളില്‍ (അഫ്ഗാനിസ്താന്‍) താമസിച്ച് പഷ്തൂണിസ്താനുവേണ്ടി തുടര്‍ന്ന് പ്രവര്‍ത്തിച്ചു. 1969-ല്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ ഗാന്ധി ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയും 'നെഹ്രു അവാര്‍ഡ്' സ്വീകരിക്കുകയും വര്‍ഗീയ സൌഹാര്‍ദത്തിനുവേണ്ടി 'ഇന്‍സാനി ബിരാദാരി' എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. 1970 ഫെ.-ല്‍ അഫ്ഗാനിസ്താനിലേക്ക് ഇദ്ദേഹം മടങ്ങിപ്പോയി. ഇദ്ദേഹത്തിന്റെ ആത്മകഥ 1969-ല്‍ പ്രസിദ്ധീകരിച്ചു. 1970-നുശേഷം പാകിസ്ഥാനിലെത്തിയ അവസരങ്ങളിലും ഇദ്ദേഹത്തിന് പല തവണ തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്നു. 1987-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. 1988 ജനുവരി 20-ന് ഗഫാര്‍ ഖാന്‍ അന്തരിച്ചു.

(കെ. രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍