This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ് (1905 - 82) = ഇന്ത്യന്‍ ദേശീയ നേതാവും മുന്‍ ജമ്മു-ക...)
അടുത്ത വ്യത്യാസം →

04:35, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ് (1905 - 82)

ഇന്ത്യന്‍ ദേശീയ നേതാവും മുന്‍ ജമ്മു-കാശ്മീര്‍ പ്രധാനമന്ത്രിയും. 1905 ഡി. 5-ന് ശ്രീനഗറിനടുത്തുള്ള സൌറായില്‍ ജനിച്ചു. ലാഹോര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം എടുത്തശേഷം അലിഗഢില്‍നിന്ന് എം.എസ്സ്.സി. പരീക്ഷയില്‍ വിജയം നേടി. അക്കാലത്തെ മുസ്ളീങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ അസ്വസ്ഥനായി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കുറച്ചു കാലം ശ്രീനഗറിലെ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. താമസിയാതെ ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു.

ഇക്കാലത്ത് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ശക്തിപ്പെട്ടുവന്ന ഉത്തരവാദഭരണ പ്രക്ഷോഭണത്തിന് ഇദ്ദേഹം കാശ്മീരില്‍ നേതൃത്വം നല്കി. 1932-ല്‍ ആള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സിനു രൂപം നല്കി. 1938-ല്‍ മുസ്ലിം കോണ്‍ഫറന്‍സിനെ നാഷനല്‍ കോണ്‍ഫറന്‍സ് എന്ന പേരോടുകൂടി ഒരു ദേശീയ സംഘടനയാക്കി മാറ്റി. ഷെയ്ഖ് ഈ സംഘടനയുടെ അധ്യക്ഷനായിരുന്നു. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതു മുതല്‍ പലതവണ ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചു. 1940-ല്‍ ജവഹര്‍ലാല്‍ നെഹ്രുവും അബ്ദുല്‍ ഗഫാര്‍ ഖാനും കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുമായി നടത്തിയ കൂടിക്കാഴ്ച ഷെയ്ഖിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന സംഭവമായിരുന്നു. തുടര്‍ന്നു അബ്ദുല്ലയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സുമായി കൂടുതല്‍ അടുക്കുകയും 1942-ലെ 'ക്വിറ്റിന്ത്യാസമര'ത്തില്‍ കാശ്മീരികള്‍ സഹകരിക്കുകയും ചെയ്തു. 1944-ല്‍ കാശ്മീര്‍ സന്ദര്‍ശിച്ച മുഹമ്മദലി ജിന്ന, ഷെയ്ഖിനെ ലീഗുമായി അടുപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. 1946-ല്‍ ഷെയ്ഖ് കാശ്മീര്‍ രാജാവിനെതിരെ 'കാശ്മീര്‍ വിടുക' എന്ന പ്രസ്ഥാനം ആരംഭിച്ചു. തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യന്‍ ദേശീയ നേതാക്കള്‍ ഷെയ്ഖിന്റെ പ്രസ്ഥാനത്തോട് അനുഭാവം കാണിച്ചിരുന്നു.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ അബ്ദുല്ല തടവില്‍ ആയിരുന്നു. 1947 സെപ്.-ല്‍ ഇദ്ദേഹം ജയില്‍ വിമുക്തനായി. പിന്നീട് ഇദ്ദേഹം അഖിലേന്ത്യാ നാട്ടുരാജ്യ പ്രജാസമ്മേളനത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ സഹായത്തോടെ ഗോത്രവര്‍ഗക്കാര്‍ കാശ്മീരിന് നേരെ ആക്രമണം ആരംഭിച്ചപ്പോള്‍ അവിടെ സ്ഥാപിക്കപ്പെട്ട എമര്‍ജന്‍സി അഡ്മിനിസ്ട്രേഷന്റെ തലവനായി നിയോഗിച്ചത് ഷെയ്ഖിനെ ആയിരുന്നു. 1948-ല്‍ ഇന്ത്യയില്‍നിന്നും ഐക്യരാഷ്ട്ര സംഘടനയിലേക്ക് പോയ കാശ്മീര്‍ ദൌത്യസംഘത്തില്‍ ഇദ്ദേഹം അംഗമായിരുന്നു. 1952 വരെ കാശ്മീരില്‍നിന്നുളള പാര്‍ലമെന്റ് അംഗംകൂടിയായിരുന്നു.

1947 ഒ. 27-ന് നിലവില്‍വന്ന ലയനക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പദവിയോടുകൂടിയ ജമ്മു-കാശ്മീരിന്റെ പ്രധാനമന്ത്രിയായി 1948-ല്‍ ഷെയ്ഖ് അബ്ദുള്ള നിയമിതനായി. 1948 മുതല്‍ 1953 വരെ ഇദ്ദേഹം ജമ്മു-കാശ്മീരില്‍ പ്രധാനമന്ത്രിയായിരുന്നു. കാശ്മീരില്‍ 'ജനഹിതപരിശോധന' നടത്താമെന്ന് 1948-ല്‍ ഇന്ത്യാഗവണ്‍മെന്റും ഐക്യരാഷ്ട്ര രക്ഷാസമിതിക്കു ഉറപ്പുനല്‍കി. കാശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുന്ന 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. 1951-52-ല്‍ ഇന്ത്യാ ഗവണ്‍മെന്റും ഷെയ്ഖ് അബ്ദുള്ളയും തമ്മില്‍ ഉടമ്പടി ഉണ്ടാക്കുകയും കാശ്മീരിന്റെ പ്രത്യേക പദവി പരിരക്ഷിക്കുന്ന ഒരു ഇടക്കാല ഭരണഘടന നിലവില്‍ വരുകയും ചെയ്തു. എന്നാല്‍, ഈ ഉടമ്പടിക്കും ഐക്യരാഷ്ട്രസഭയ്ക്കു നല്‍കിയ വാഗ്ദാനത്തിനും വിരുദ്ധമായി ഇന്ത്യാ ഗവണ്‍മെന്റ് കാശ്മീരില്‍ ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയതോടെ നിരാശനായ ഷെയ്ഖ് അബ്ദുള്ള ഈ നടപടികളെ പരസ്യമായി വിമര്‍ശിച്ചു. 1953 ഒ. 9-ന് കാശ്മീര്‍ ഗവണ്‍മെന്റിനെ പിരിച്ചുവിടുകയും ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. 1958-ല്‍ ജയില്‍ മോചിതനായ ഇദ്ദേഹത്തെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം കാശ്മീര്‍ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കുകയും വീണ്ടും ജയിലിലടക്കുകയും ചെയ്തു. 1964-ല്‍ ജയില്‍ മോചിതനായി.

ആയിടയ്ക്ക് 'കാശ്മീര്‍ പ്രശ്ന'ത്തെക്കുറിച്ചു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാകിസ്താന്‍ പ്രസിഡന്റ് അയൂബ്ഖാനുമായി സംഭാഷണം നടന്നു. 1965-ല്‍ ഷെയ്ഖ് ഹജ്ജ് തീര്‍ഥാടനം ചെയ്തു തിരിച്ചുവരുംവഴി ചൈനാ പ്രധാനമന്ത്രി ചൌ എന്‍ലായുമായി പാകിസ്താനില്‍വച്ച് സംഭാഷണം നടത്തുകയും സ്വതന്ത്രകാശ്മീര്‍ ആശയം പ്രചരിപ്പിക്കുന്നത് തുടരുകയും ചെയ്തതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഷെയ്ഖിനെ കൊടൈക്കനാലില്‍ വീട്ടുതടവില്‍ താമസിപ്പിച്ചു. 1968 ജനു.-ല്‍ മോചിതനായി. അബ്ദുല്ലയും അനുയായികളും കാശ്മീരില്‍ പ്രവേശിക്കുന്നതും നാഷനല്‍ കോണ്‍ഫറന്‍സ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും നിരോധിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 1971 ജനു.-ല്‍ വീണ്ടും ഷെയ്ഖിനെ വീട്ടുതടങ്കലിലാക്കി. 1972-ല്‍ തടവില്‍നിന്ന് മോചിപ്പിച്ചു. ഇദ്ദേഹം കാശ്മീരില്‍ പ്രവേശിക്കരുതെന്ന നിരോധനവും റദ്ദാക്കപ്പെട്ടു.

1975-ല്‍ ഷെയ്ഖ് അബ്ദുല്ല വീണ്ടും കാശ്മീര്‍ മുഖ്യമന്ത്രിയായി. 1977-ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജിവച്ചു. ഷെയ്ഖ് അബ്ദുല്ല ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെ ഗൌരവമായി എടുക്കുന്നതില്‍ ഇന്ത്യാഗവണ്‍മെന്റിന് ഉണ്ടായ പരാജയമാണ് കാശ്മീര്‍ പ്രശ്നത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 1982 സെപ്. 8-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. കെ. കുഞ്ഞിപ്പക്കി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍