This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പു നെടുങ്ങാടി, ടി.എം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പു നെടുങ്ങാടി, ടി.എം. (1862 - 1933)

ടി.എം.അപ്പു നെടുങ്ങാടി
മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലത(1887)യുടെ കര്‍ത്താവ്. കേരളത്തില്‍ ആദ്യം നിലവില്‍വന്ന ബാങ്കായ 'നെടുങ്ങാടി ബാങ്കി'ന്റെയും മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനിയുടെയും സ്ഥാപകനാണ് ഇദ്ദേഹം. കോഴിക്കോട് മാങ്കാവ് പുതിയപറമ്പില്‍ തലക്കൊടിമഠത്തില്‍ കുഞ്ചുക്കുട്ടിയമ്മയുടെയും സാമൂതിരിക്കോവിലകത്തെ മാനവിക്രമന്‍ തമ്പുരാന്റെയും മകനായി 1862-ല്‍ ജനിച്ചു. ബി.എ. ബിരുദം സമ്പാദിച്ചശേഷം അധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവന്‍)യുടെ മകള്‍ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ട്യൂട്ടറായിരിക്കെ ബി.എല്‍. പരീക്ഷ ജയിച്ചു. 1888-ല്‍ കോഴിക്കോട്ട് ബാറില്‍ അഡ്വക്കേറ്റായി ചേര്‍ന്നു. 1897-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളില്‍ ശ്രദ്ധചെലുത്തി. ക്ഷീരവ്യവസായത്തിനുപുറമേ, ജവുളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. വമ്പിച്ച നഷ്ടമാണ് എല്ലാ രംഗങ്ങളിലും സംഭവിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ വ്യവസായഭ്രമം ഈ പരാജയങ്ങളെ നേരിടുവാന്‍ സഹായിച്ചു. 1899-ല്‍ സ്വകാര്യ സ്ഥാപനമായി ആരംഭിച്ച നെടുങ്ങാടി ബാങ്ക് 1913-ല്‍ രജിസ്റ്റേര്‍ഡു കമ്പനിയായുയര്‍ന്നു. 1906 മുതല്‍ തുടര്‍ന്നുവന്ന പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ച് 1915-ല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.

അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തില്‍ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിച്ചു. കേരളപത്രിക, കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂര്‍) എന്നീ പത്രമാസികകള്‍ സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. പ്രഗല്ഭനായ അഭിഭാഷകന്‍, വാഗ്മി, ലേഖകന്‍, നിരൂപകന്‍, നോവലിസ്റ്റ്, വ്യവസായി എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 1933-ല്‍ നിര്യാതനായി. നോ: കുന്ദലത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍