This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഭവവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:14, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുഭവവാദം

Empiricism

ജ്ഞാനസമ്പാദനത്തിന് നിദാനം ഇന്ദ്രിയാനുഭവമാണ് എന്ന സിദ്ധാന്തം. ഏതൊരു ആശയത്തിന്റെയും പ്രസ്താവനയുടെയും വാസ്തവികത നിര്‍ണയിക്കുന്നതിനുള്ള അന്ത്യപരീക്ഷണം മനുഷ്യന്റെ അനുഭവം തന്നെയാണെന്ന സിദ്ധാന്തം അനുഭവവാദത്തിന്റെ മറ്റൊരു രൂപമാണ്.


അനുഭവത്തിന്റെ മൂശയിലിട്ടു പരിശോധിച്ചാല്‍ മാത്രമേ മനുഷ്യന്റെ ആശയങ്ങളും പ്രസ്താവനകളും എത്രമാത്രം ശരിയാണെന്ന് നിര്‍ണയിക്കാന്‍ സാധിക്കൂ എന്ന ഈ സിദ്ധാന്തത്തിന്റെ പ്രഖ്യാതവക്താക്കള്‍ ബ്രിട്ടിഷുകാരായ ബേക്കണ്‍, ബെര്‍ക്കിലി, ഡേവിഡ് ഹ്യൂം എന്നിവരും അമേരിക്കക്കാരനായ വില്യം ജയിംസുമാണ്. ഇവരുടെ അഭിപ്രായത്തില്‍ അനുഭവഗോചരമല്ലാത്തതൊന്നും വാസ്തവമല്ല; തത്ത്വദര്‍ശനം, അതിഭൌതികവാദം എന്നിവയെല്ലാം ചിന്താഭാസങ്ങളാണ്.


അനുഭവവാദത്തെ (1) ആപേക്ഷികം (relative), (2) അതിഭൌതികം (metaphysical), (3) ശാസ്ത്രീയം (scientific), (4) യുക്ത്യാത്മകം (logical) എന്ന് നാലായി തിരിച്ചിരിക്കുന്നു. ഇന്ദ്രിയാനുഭവത്തില്‍ അധിഷ്ഠിതമല്ലാത്ത യാതൊരറിവും അറിവ് എന്ന പേരിന് അര്‍ഹമല്ല. ബോധേന്ദ്രിയത്തോടു ബന്ധപ്പെടാതെ ജ്ഞാനം സമ്പാദിക്കുവാന്‍ മനസ്സ് അഥവാ ബുദ്ധി അശക്തമാണ് എന്നെല്ലാം ആപേക്ഷികതാവാദികള്‍ സമര്‍ഥിക്കുന്നു. അതിഭൌതികവാദികള്‍, മേല്പറഞ്ഞ ആശയങ്ങളോടു മിക്കവാറും യോജിക്കുന്നു. ഇന്ദ്രിയാധിഷ്ഠിതമെങ്കിലും ഇന്ദ്രിയാതിശായിയായ സാമാന്യാശയ (universals) സാധുത ഇവര്‍ അംഗീകരിക്കുന്നു. എങ്കിലും പരിമിതവും കാലബദ്ധവുമായ പദാര്‍ഥങ്ങളെ (അനുഭവഗോചരവിഷയങ്ങളെ) ക്കുറിച്ചു മാത്രമേ സംശയരഹിതമായ വിജ്ഞാനം ആര്‍ജിക്കുവാന്‍ മനുഷ്യബുദ്ധിക്കു കഴിവുള്ളു എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഹ്യൂമിന്റെ സന്ദേഹവാദവും കാന്റിന്റെ ആശയവാദവും ഇവര്‍ക്കു അംഗീകാരയോഗ്യമായിരുന്നില്ല. ഇന്ദ്രിയങ്ങളെ അതിക്രമിച്ച് അപരിമേയവും കാലാതീതവുമായ വിഷയങ്ങളിലേക്ക് ഉയരാനുള്ള മനുഷ്യമനസ്സിന്റെ ശക്തിയെ ഇവര്‍ പാടേ നിഷേധിക്കുന്നുമില്ല. സംശയരഹിതമായ അറിവ് പ്രദാനം ചെയ്യുവാന്‍ ഭൌതിക ശാസ്ത്രങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വിശ്വസിക്കുന്നവരാണ് ശാസ്ത്രീയാനുഭവവാദികള്‍. വിവിധ ശാസ്ത്രതത്ത്വങ്ങളെ തമ്മില്‍ സമന്വയിപ്പിച്ചു ചില പൊതുതത്ത്വങ്ങള്‍ രൂപവത്കരിക്കാനാണ് ഇവരുടെ ശ്രമം. യുക്ത്യാത്മക അനുഭവവാദികള്‍, യുക്തിയുക്തമായ ചിന്തയില്‍ അധിഷ്ഠിതവും, അനുഭവവാദത്തെയും യുക്തിവാദത്തെയും തമ്മില്‍ അനുരഞ്ജിപ്പിക്കുന്നതും ആയ ഒരു ചിന്താപദ്ധതി ആവിഷ്കരിച്ചു. ഇതിന് സഹായകമായ ഒരു വാഗര്‍ഥശാസ്ത്ര(semantics)വും മനോവൃത്തിശാസ്ത്ര (theories of meaning and knowledge)വും കരുപ്പിടിപ്പിക്കാന്‍ 'വിയന്നാവലയം' (Vienna Circle) എന്നറിയപ്പെടുന്ന സംഘത്തിന്റെ നേതാക്കള്‍ യത്നിച്ചു.


വളര്‍ച്ച. ആഥന്‍സിലെ എപ്പിക്കൂറസ് (ബി.സി. 341-270), സിഷ്യത്തിലെ (ഗ്രീസ്) സെനോ (ബി.സി. 336-264) എന്നിവരാണ് അനുഭവവാദത്തിന്റെ ആദ്യകാലപ്രയോക്താക്കള്‍. ഇവര്‍ക്കു ശേഷം ബ്രിട്ടണിലെ റോജര്‍ ബേക്കണ്‍ (1214-94) എന്ന പ്രതിഭാശാലി അനുഭവവാദത്തിനു മതപരമായ ഒരു ഛായ നല്കി. സ്വന്തം അനുഭവത്തിലൂടെയല്ലാതെ ഒരു വസ്തുവിനെയും ശരിയായി അറിയുക സാധ്യമല്ല. ഭൌതികവിഷയങ്ങളെക്കുറിച്ച് ഭൌതികാനുഭൂതിയും അതിഭൌതികവിഷയങ്ങളെക്കുറിച്ച് അതിഭൌതികാനുഭൂതി (mystic experience) യും ലഭ്യമാണ് എന്നെല്ലാം റോജര്‍ ബേക്കണ്‍ അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിനു മൂന്നു ശതാബ്ദങ്ങള്‍ക്കുശേഷം ജീവിച്ചിരുന്ന മറ്റൊരു ബ്രിട്ടിഷുകാരനായ ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) അനുഭവവാദത്തിനു പ്രചാരം നല്കി. ശുഷ്കവും വിരസവുമായ യുക്തിവാദത്തിന്റെയും സ്കൊളാസ്റ്റിക്കു തത്ത്വചിന്ത (അരിസ്റ്റോട്ടലിന്റെ തത്ത്വചിന്ത അക്വിനാസ് തോമസ് പുനരാവിഷ്കരിച്ചത്) യുടെയും നേര്‍ക്കു വെറുപ്പും അവജ്ഞയും തോന്നിയ ഫ്രാന്‍സിസ് ബേക്കണ്‍, പരീക്ഷണനിരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയുള്ളതും ശാസ്ത്രീയ വീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കണമെന്നു നിര്‍ദേശിച്ചു. യഥാര്‍ഥമായ അറിവിന്റെ ഉറവിടം ഇന്ദ്രിയാനുഭവമാണെന്ന് ഇദ്ദേഹം തറപ്പിച്ചു പറഞ്ഞു.


ജോണ്‍ ലോക്ക് (1561-1626). മനുഷ്യന്റെ മനോവ്യാപാരങ്ങളുടെ അപഗ്രഥനത്തില്‍നിന്ന് വിജ്ഞാനത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാന്‍ മറ്റൊരു ബ്രിട്ടിഷുകാരനായ ജോണ്‍ ലോക്ക് പരിശ്രമിച്ചു. സ്വതഃസിദ്ധമായി, നൈസര്‍ഗികമായി, സംശയ രഹിതമായി ഓരോ മനുഷ്യനും അറിയാന്‍ കഴിയുന്നത് സ്വന്തം അസ്തിത്വവും ദൈവത്തിന്റെ അസ്തിത്വവും മാത്രമാണെന്ന് ലോക്ക് വാദിച്ചു. മനുഷ്യന് അറിയാന്‍ കഴിയുന്നത് 'ആശയങ്ങള്‍' (ideas) മാത്രമാണെന്നും ഈ ആന്തരികാശയങ്ങള്‍ക്ക് അനുഗുണമായി മനുഷ്യമനസ്സിന് വെളിയിലായി യഥാര്‍ഥത്തില്‍ എന്തെങ്കിലും പദാര്‍ഥം സ്ഥിതിചെയ്യുന്നുണ്ടോ എന്ന് ഉറപ്പിച്ചു പറയുക സാധ്യമല്ലെന്നും ലോക്ക് ശഠിച്ചു. ഇങ്ങനെ ബാഹ്യപദാര്‍ഥങ്ങളുടെ അസ്തിത്വത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ആശയവാദത്തിന് ലോക്ക് അടിസ്ഥാനമിട്ടു. ലോക്കിന്റെ അനന്തരഗാമികള്‍ ആ അടിസ്ഥാനത്തില്‍ പല സിദ്ധാന്തങ്ങളും പടുത്തുയര്‍ത്തി.


ജോര്‍ജ് ബെര്‍ക്കിലി (1685-1753). ലോക്കിന്റെ സിദ്ധാന്തത്തില്‍ ദൂരവ്യാപകഫലങ്ങളുള്ളവയെ ബെര്‍ക്കിലി നിരീക്ഷണ വിധേയമാക്കി പദാര്‍ഥങ്ങളെ യഥാതഥം ഗ്രഹിക്കുന്നതിന് മനുഷ്യമനസ്സ് അശക്തമാണെന്നു മാത്രമല്ല, മാനസികാശയങ്ങള്‍ക്കു പുറമേ യാതൊരു പദാര്‍ഥവും യഥാര്‍ഥത്തില്‍ സ്ഥിതിചെയ്യുന്നില്ല എന്നതാണ് പരമാര്‍ഥം എന്ന് ബെര്‍ക്കിലി സിദ്ധാന്തിച്ചു. മനുഷ്യമനസ്സിന് വെളിയില്‍ പദാര്‍ഥങ്ങള്‍ യഥാര്‍ഥത്തില്‍ സ്ഥിതിചെയ്യുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനസ്സില്‍ ബാഹ്യപദാര്‍ഥങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപംകൊള്ളുന്നത്? ഈ ചോദ്യത്തിന് ബെര്‍ക്കിലിയുടെ മറുപടി ലളിതവും ഋജുവുമാണ്: നമ്മുടെ മനസ്സിലെ ആശയങ്ങള്‍ക്ക് അനുഗുണമായ പദാര്‍ഥങ്ങള്‍ മനസ്സിന് വെളിയില്‍ സൃഷ്ടിക്കുന്നതിനുപകരം ഈ ആശയങ്ങളെ തന്നെ ദൈവം നമ്മുടെ മനസ്സില്‍ നേരിട്ടു സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ മാനസികാശയങ്ങള്‍ക്ക് അനുരൂപമായ ബാഹ്യപദാര്‍ഥങ്ങള്‍ ഒന്നും ഇല്ല. ഇങ്ങനെ ബെര്‍ക്കിലി അസ്സല്‍ ആശയവാദത്തില്‍ വന്നെത്തി.


ഡേവിഡ് ഹ്യൂം (1711-76). ലോക്കിനെയും ബെര്‍ക്കിലിയെയും അനുഗമിച്ച ഹ്യൂം തികഞ്ഞ ഒരു ആശയവാദിയായിത്തീര്‍ന്നു. പദാര്‍ഥങ്ങളുടെ സാരാംശത്തെ അഥവാ അന്തസ്സത്തയെ ഗ്രഹിക്കാന്‍ മനുഷ്യമനസ്സ്് അശക്തമാകയാല്‍ ആശയങ്ങള്‍ (Ideas) ഉണ്ടെന്നു പറയുകയല്ലാതെ ആ ആശയങ്ങള്‍ക്ക് ആധാരമായി ബാഹ്യപദാര്‍ഥങ്ങള്‍ ഉണ്ടെന്നു പറയുക വയ്യാ എന്ന് ഹ്യൂം വാദിച്ചു. ഒന്നിനു പിറകെ മറ്റൊന്നായി വരുന്ന ഒരു ആശയപരമ്പര മാത്രമാണ് നമ്മുടെ 'മനസ്സ്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്യൂമിന്റെ ഈ ചിന്താഗതി അദ്ദേഹത്തെ ഒരു 'സമൂലസന്ദേഹവാദത്തില്‍' (radical scepticism) എത്തിച്ചു.


വില്യം ജെയിംസ് (1842-1910). അമേരിക്കക്കാരനായ ജെയിംസ് അനുഭവവാദത്തിന് അമേരിക്കയില്‍ പ്രചാരം നല്കി. പ്രയോജനവാദ (pragmatism) ത്തിന്റെ പിതാവ് എന്ന അഭിധാനത്തിനും ജെയിംസ് അര്‍ഹനായി. ഏതൊരു സിദ്ധാന്തത്തിന്റെയും വാസ്തവികതയും മൂല്യവും നിര്‍ണയിക്കുന്നതിന് പ്രായോഗികമണ്ഡലത്തില്‍ പ്രസ്തുത സിദ്ധാന്തം ചെലുത്തുന്ന സ്വാധീനം കണക്കിലെടുക്കണമെന്ന് ജെയിംസ് വാദിച്ചു. ഒരു പ്രസ്താവനയെ അര്‍ഥവത്തും വിലയുള്ളതും വാസ്തവവും ആക്കിത്തീര്‍ക്കുന്നത് അത് ഉത്പാദിപ്പിക്കുന്ന പ്രായോഗികഫലങ്ങളാണ്. അതിനാല്‍ പ്രവര്‍ത്തനമണ്ഡലവുമായി അഥവാ പ്രായോഗികജീവിതവുമായി ബന്ധമില്ലാത്ത പ്രസ്താവനകളും സിദ്ധാന്തങ്ങളും തത്ത്വചിന്തകളുമൊക്കെ നിരര്‍ഥവും അബദ്ധജടിലവുമായി പരിഗണിക്കേണ്ടതാണെന്നും ജെയിംസ് സമര്‍ഥിച്ചു. ഇങ്ങനെ ജ്ഞാനവും ജ്ഞാനവിഷയമായ പദാര്‍ഥങ്ങളുമൊക്കെ ജെയിംസിന്റെ ദൃഷ്ടിയില്‍ ക്രിയാത്മകജീവിതത്തിലെ അനുഭൂതിപ്രവാഹത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ്.


മനുഷ്യജ്ഞാനത്തെ മുഴുവന്‍ ഇന്ദ്രിയമണ്ഡലത്തില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമത്തില്‍ അനുഭവവാദികള്‍ പരാജയപ്പെട്ടു. ഇന്ദ്രിയഗോചരമോ അനുഭവവേദ്യമോ അല്ലാത്തതെല്ലാം പല അനുഭവവാദികളും നിഷേധിക്കയാല്‍ തെറ്റായ അനവധി നിഗമനങ്ങളിലും അവര്‍ എത്തിച്ചേര്‍ന്നു. ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ശരിയായ വിജ്ഞാനം സമ്പാദിക്കാനുള്ള മനുഷ്യമനസ്സിന്റെ (അഥവാ ബുദ്ധിശക്തിയുടെ) കഴിവിനെ നിരാകരിക്കയാല്‍ ബ്രിട്ടിഷ് അനുഭവവാദികള്‍ സന്ദേഹവാദത്തിലും ആശയവാദത്തിലും ചെന്നകപ്പെട്ടു. അസ്ഥിത്വചിന്തയുടെ ആഗമനത്തോടുകൂടി നിഷ്കൃഷ്ടമായ അനുഭവവാദത്തിന് ആധുനികചിന്തകരുടെയിടയില്‍ വലിയ മതിപ്പില്ലാതായി.

(ഡോ. ജെ. കട്ടയ്ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍