This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധ്യാപകദിനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധ്യാപകദിനം

അധ്യാപകരെ ആദരിക്കുന്ന ദിനം. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

വിവിധരാജ്യങ്ങളില്‍ ഈ ദിനം കൊണ്ടാടപ്പെടുന്നു. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്. 5 ആണ് അധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 1962-ല്‍ ഒരു ദേശീയ അധ്യാപകക്ഷേമനിധി ഏര്‍പ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികള്‍, സിനിമാപ്രദര്‍ശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അധ്യാപകദിനത്തില്‍ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തികസഹായം നല്കുക, ആത്മാര്‍ത്ഥവും സ്തുത്യര്‍ഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകര്‍ക്ക് പെന്‍ഷന്‍ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാകുന്നു. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങള്‍.

സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉടലെടുത്ത ഈ നിര്‍ദേശത്തിന് ഇന്ത്യയിലെ എല്ലാ അധ്യാപകരുടെയും ബഹുജനങ്ങളുടെയും പിന്‍തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉല്‍കൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അധ്യാപകദിനം, അധ്യാപകരെ കര്‍ത്തവ്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുവാന്‍ സഹായകമാണ്. നോ: അധ്യാപകന്‍

(ഡോ. പി. പദ്മനാഭന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍