This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡുല്ലാമൈറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഡുല്ലാമൈറ്റുകള്‍

Adullamites

ബ്രിട്ടിഷ് ലിബറല്‍ കക്ഷിയില്‍ അതിന്റെ പൊതുനയങ്ങളെ എതിര്‍ത്തിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്കപ്പെട്ട പരിഹാസനാമം. ലിബറല്‍ കക്ഷിയുടെ പരിപാടിയിലുള്ള പാര്‍ലമെന്റ് പരിഷ്കാരങ്ങളെ ശക്തിയുക്തം അവര്‍ എതിര്‍ത്തു. ഈ വിഭാഗത്തിന്റെ നേതാവ് റോബര്‍ട്ട് ലോവ് (1811-92) ആയിരുന്നു. 1866-ല്‍ ഇംഗ്ളണ്ടിലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ഭരണപരിഷ്കാരനിയമം' അവരുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടു. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്കുകൂടി വോട്ടവകാശം നല്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലിനെ ലിബറല്‍ കക്ഷിയില്‍തന്നെയുള്ള ഒരു വിഭാഗം എതിര്‍ത്തു. ആ വിഭാഗക്കാരെ എതിരാളികളുടെ നേതാവായ ജോണ്‍ ബ്രൈറ്റ് (1811-89) 'അഡുല്ലാമിലെ രാഷ്ട്രീയ ഗുഹാവാസികള്‍' എന്നു വിശേഷിപ്പിച്ചു. ഇതില്‍നിന്നാണ് അഡുല്ലാമൈറ്റുകള്‍ എന്ന പ്രയോഗം ഉണ്ടായത്. ജോണ്‍ റസ്സല്‍ പ്രഭുവിന്റെ (1792-1878) നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ് അഡുല്ലാമൈറ്റുകളുടെ എതിര്‍പ്പുമൂലം തകരുകയും തുടര്‍ന്നു ഡെര്‍ബിപ്രഭുവിന്റെ (1799-1869) നേതൃത്വത്തില്‍ യാഥാസ്ഥിതികകക്ഷിയുടെ ഗവണ്‍മെന്റ് നിലവില്‍ വരികയും ചെയ്തു. ഭരണപരിഷ്കാരബില്ലിനെ പരാജയപ്പെടുത്തുവാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയ അഡുല്ലാമൈറ്റുകളുടെ നേതാവായ റോബര്‍ട്ട് ലോവ് ജനാധിപത്യം കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന് ഉതകുകയില്ലെന്നു വിശ്വസിച്ചിരുന്നു. ഗ്ളാഡ്സ്റ്റന്റെയും (1809-98) ജോണ്‍ ബ്രൈറ്റിന്റെയും രാഷ്ട്രീയ പ്രതിയോഗികളായിരുന്നു റോബര്‍ട്ട് ലോവും സഹപ്രവര്‍ത്തകരുമടങ്ങിയ അഡുല്ലാമൈറ്റുകള്‍. അവര്‍ താത്കാലികവിജയം നേടിയെങ്കിലും പിന്നീടു ബലഹീനരായി.

ബൈബിളിലെ പഴയനിയമത്തില്‍ (1 ശാ.xxii) കനാന്‍നാട്ടിലെ കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട ഒരു നഗരമായ അഡുല്ലാമിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ശൌല്‍രാജാവിനെ ഭയന്ന് ദാവീദ് അഡുല്ലാംഗുഹയില്‍ അഭയം തേടി. നിസ്സഹായരായവരെ എല്ലാം ദാവീദ് അവിടേക്കു ക്ഷണിച്ചിരുന്നു. അഡുല്ലാം ഗുഹയല്ല, നഗരമായിരുന്നു എന്നും അഭിപ്രായമുണ്ട്. ദാവീദിന്റെ 'ഗുഹ'യില്‍ അഭയം തേടിയ അതൃപ്തരോടും കടക്കാരോടും നിസ്സഹായരോടും ലിബറല്‍ കക്ഷിയില്‍നിന്നു കാലുമാറിയവരെ ഉപമിക്കുകയായിരുന്നു അഡുല്ലാമൈറ്റുകള്‍ എന്ന പ്രയോഗത്തിലൂടെ ജോണ്‍ ബ്രൈറ്റ് ചെയ്തത്. ഇതുപോലെയുള്ള രാഷ്ട്രീയ കാലുമാറ്റക്കാരെ അഡുല്ലാമൈറ്റുകള്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും (1809-65) ഒരിക്കല്‍ (1864) വിശേഷിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍