This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്മീര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:25, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അജ്മീര്‍

രാജസ്ഥാനില്‍ താരാഗഢ് മലനിരയുടെ അടിവാരത്തുള്ള ഒരു നഗരവും ജില്ലയും. മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായ അജ്മീര്‍ നഗരം പശ്ചിമ റെയില്‍വേയില്‍ ഡല്‍ഹിയില്‍നിന്നും 600 കി.മീ. തെക്കും ജയ്പ്പൂരില്‍നിന്ന് 22.5 കി.മീ. പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. അഹമ്മദാബാദ്, ഉദയ്‍പൂര്‍ എന്നീ സ്ഥലങ്ങളുമായി അജ്മീര്‍ റെയില്‍മാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയിലും വലുപ്പത്തിലും സംസ്ഥാനത്തെ രണ്ടാമത്തെ പട്ടണമായ അജ്മീര്‍ 'രാജസ്ഥാന്റെ ഹൃദയ'മായി അറിയപ്പെടുന്നു. 900 മീറ്ററിലേറെ ഉയരമുള്ള താരാഗഢ് കോട്ടയുമുണ്ട്. മുസ്ളിം പുണ്യപുരുഷനായ മുഈനുദ്ദീന്‍ ചിശ്തിയെ കബറടക്കം ചെയ്ത മാര്‍ബിള്‍ പള്ളി ദേശമൊട്ടാകെയുള്ള മുസ്ലീങ്ങളെ ആകര്‍ഷിക്കുന്നു.

മനോഹരങ്ങളായ വാസ്തുശില്പങ്ങളുടെ ബാഹുല്യം അജ്മീറിന്റെ സവിശേഷതയാണ്. എ.ഡി. 1200-ല്‍ മുസ്ലീംപള്ളിയായി മാറ്റപ്പെട്ട പുരാതന ജൈനക്ഷേത്രമാണ് ഇവയില്‍ പ്രമുഖം. മുഗള്‍വാസ്തു ശില്പങ്ങളും ധാരാളമായുണ്ട്. നഗരത്തിന്റെ വ.ഭാഗത്തുള്ള പ്രകൃതിരമണീയമായ അനാ-സാഗര്‍ തടാകവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അജ്മീറിന് 11 കി.മീ. പടിഞ്ഞാറുള്ള 'പുഷ്കരതീര്‍ഥം' ഹിന്ദുക്കളുടെ ഒരു പ്രധാന പുണ്യസ്ഥലമാണ്; ഇന്ത്യയില്‍ ബ്രഹ്മാവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏകക്ഷേത്രം ഈ തീര്‍ഥത്തിലാണ്.

പുഷ്കരതീര്‍ത്ഥം(അജ്മീര്‍)
മുഈനുദ്ദീന്‍ ചിശ്തി അന്ത്യവിശ്രമം കൊള്ളുന്ന മാര്‍ബിള്‍ പള്ളി

പുതിയ അജ്മീര്‍ വാണിജ്യപ്രധാനമായ ഒരു നഗരമാണ്. സസ്യ-എണ്ണയും കറിയുപ്പുമാണ് പ്രധാന വിപണനസാധനങ്ങള്‍. തുണിനെയ്ത്തിലും വസ്ത്രങ്ങള്‍ ചായം മുക്കുന്നതിലും ഇവിടം പ്രസിദ്ധി നേടിയിരിക്കുന്നു. പഞ്ചസാര, കാര്‍ഷികോപകരണങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണവും വികസിച്ചിട്ടുണ്ട്. അജ്മീര്‍ ജില്ലയില്‍ ഖനനം ചെയ്യപ്പെടുന്ന അഭ്രം, സ്റ്റീറ്റൈറ്റ്, ആസ്ബസ്റ്റോസ്, ബെറില്‍ എന്നിവയും ധാന്യങ്ങളും ഇവിടെനിന്നു കയറ്റി അയയ്ക്കപ്പെടുന്നു. വിശാലമായ തെരുവുകളും നിരനിരയായ കെട്ടിടങ്ങളും നിറഞ്ഞതാണ് ആധുനിക അജ്മീര്‍. പ്രഭുകുമാരന്‍മാര്‍ക്കായി 1875-ല്‍ പണികഴിപ്പിക്കപ്പെട്ട മേയോ രാജ്കുമാര്‍ കോളജുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.

1956-ല്‍ സംസ്ഥാന പുനഃസംഘടനയോടനുബന്ധിച്ചാണ് അജ്മീര്‍ ജില്ല രൂപവത്കരിക്കപ്പെട്ടത്. എ.ഡി. 7-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ചൌഹാന്‍ വംശജനായ അജയ്ദേവ് രാജാവാണ് അജ്മീര്‍ രാജ്യം സ്ഥാപിച്ചത്. 'ഇന്ത്യയിലെ ജിബ്രാള്‍ട്ടര്‍' എന്നറിയപ്പെടുന്ന താരാഗഢ് ദുര്‍ഗം നിര്‍മിച്ചതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ പൃഥ്വീരാജ് ചൗഹാന്റെ കാലത്ത് അജ്മീര്‍ രജപുത്താനായിലെ ശക്തിയേറിയ രാജ്യമായിത്തീര്‍ന്നു. 1191-ല്‍ മുഹമ്മദ് ഗോറിയുടെ ആക്രമണം തടയാന്‍ മുന്‍കൈയെടുത്തതും അജ്മീറായിരുന്നു. എന്നാല്‍ അതിനടുത്ത കൊല്ലം ഗോറി രണ്ടാമതു നടത്തിയ ആക്രമണത്തില്‍ പൃഥ്വീരാജ് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രന്‍ ഗോറിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. കുറേക്കാലം ഡല്‍ഹി സുല്‍ത്താന്‍മാരുടെ അധീനതയിലായിരുന്ന അജ്മീര്‍ 1365-ല്‍ മേവാറിലെ രാജാവ് വീണ്ടെടുത്തു. 1556-ല്‍ അക്ബര്‍ ഈ രാജ്യത്തെ വീണ്ടും ഡല്‍ഹിയുടെ ആധിപത്യത്തില്‍ കൊണ്ടുവന്നു. രാജ്യപദവി അതോടെ അജ്മീറിന് നഷ്ടപ്പെടുകയും ചെയ്തു. മുഗള്‍സാമ്രാജ്യത്തിന്റെ പതനത്തെ തുടര്‍ന്ന് മാര്‍വാഡ്, മേവാര്‍, എന്നിവിടങ്ങളിലെ രാജാക്കന്‍മാരും മറാഠികളും അജ്മീറിനെ അധീനമാക്കാന്‍ മാറിമാറി ശ്രമിച്ചുവന്നു. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും രംഗമായി തുടര്‍ന്ന ഈ പ്രദേശം പിന്നീട് ബ്രിട്ടിഷ് ഭരണത്തിലായി. 1935-ല്‍ മേര്‍വാഡാ പ്രദേശവുമായി യോജിച്ച് 'അജ്മീര്‍-മേര്‍വാഡാ' എന്ന പേരില്‍ പ്രവിശ്യയായി മാറി. ബ്രിട്ടീഷുകാരനായ ചീഫ് കമ്മീഷണറായിരുന്നു ഭരണാധികാരി. സ്വാതന്ത്യപ്രാപ്തിയെ തുടര്‍ന്ന് 1950-ല്‍ ഇന്ത്യന്‍ യൂണിയനിലെ 'സി' വിഭാഗത്തില്‍പെട്ട സംസ്ഥാനമായി. 1956-ല്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു.

സു. 8,503 ച.കി.മീ. വിസ്തീര്‍ണമുള്ള അജ്മീര്‍ ജില്ലയ്ക്കു കുറുകെ ആരവല്ലിനിരകള്‍ നീണ്ടുകിടക്കുന്നു. മലകളും പാറക്കെട്ടുകളും നിറഞ്ഞ നിമ്നോന്നതപ്രദേശമാണ് ഈ ജില്ല. ഇവിടെ മഴ കുറവുള്ള ശുഷ്കമായ കാലാവസ്ഥയാണ്; അത്യുഗ്രമായ ചൂടും അതികഠിനമായ ശൈത്യവും അനുഭവപ്പെടുന്നു. പൊതുവേ വളക്കൂറില്ലാത്ത ചൊരിമണല്‍പ്രദേശമാണ്; ജലദൗര്‍ലഭ്യവും വളരെയുണ്ട്. ജലസേചനസൌകര്യമുള്ളിടത്തുമാത്രമായി കൃഷിയും ജനവാസവും കേന്ദ്രീകരിച്ചിരിക്കുന്നു. ഗോതമ്പും പരുത്തിയും അല്പാല്പം കൃഷി ചെയ്യപ്പെടുന്നു. മുഖ്യവിളകള്‍ ബജ്രയും ചോളവുമാണ്. കന്നുകാലി വളര്‍ത്തലും സാമാന്യമായി വികസിച്ചിട്ടുണ്ട്.

ജനങ്ങളില്‍ ഭൂരിപക്ഷവും രജപുത്രവിഭാഗത്തില്‍പെട്ട ഹിന്ദുക്കളാണ്. മതപരിവര്‍ത്തനത്തിനു വിധേയരായ മുസ്ലീങ്ങളും കുറവല്ല. ഹിന്ദുക്കള്‍, വിശിഷ്യ ജാട്ട് വര്‍ഗക്കാര്‍, പൊതുവേ കൃഷിക്കാരാണ്. വ്യാപാരികളും പണമിടപാടുകാരുമായ ധാരാളം ജൈനരും ഇവിടെ നിവസിക്കുന്നുണ്ട്. വ്യവഹാരഭാഷ രാജസ്ഥാനിയും ഹിന്ദിയുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍