This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജേസിലോസ് II (ബി.സി. 444 - 360)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അജേസിലോസ് II (ബി.സി. 444 - 360)
Agesilaus II
പുരാതന സ്പാര്‍ട്ടയിലെ രാജാവ്. യൂറിപോണ്ടിദ് വംശത്തിലെ ആര്ക്കഡാമസ് II-ന്റെയും യൂപ്പോലിയയുടെയും മകനായി ബി.സി. 444-നോടടുത്തു ജനിച്ചു. അജിസ് II-നെ തുടര്‍ന്നു ബി.സി. 401-ല്‍ ലൈസാന്ഡറുടെ സഹായത്തോടെ സ്പാര്‍ട്ടയിലെ രാജാവായി. അയോണിയരുടെ അഭ്യര്‍ഥനപ്രകാരം ഏഷ്യാമൈനറിലെ പേര്‍ഷ്യക്കാര്‍ക്കെതിരായി ദീര്‍ഘകാലം യുദ്ധംചെയ്തു. ഇതിനിടയില്‍ ഗ്രീക് നഗരരാഷ്ട്രങ്ങളെല്ലാംകൂടി സ്പാര്‍ട്ടയ്ക്കെതിരായി നീങ്ങി. അതിനാല്‍ പേര്‍ഷ്യന്‍ ആക്രമണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരിച്ചുവന്ന് കോറിന്തില്വച്ചു ഗ്രീക്കുസഖ്യകക്ഷികളോട് ഏറ്റുമുട്ടി. 394-ല്‍ കൊറോണിയയില്വച്ച് നടന്ന യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തു. ഗ്രീക്കുകാരെ കോറിന്ത് യുദ്ധത്തില്‍ തോല്പിച്ചു ലെക്കയം പിടിച്ചടക്കി; അവരെക്കൊണ്ടു സ്പാര്ട്ടയ്ക്കനുകൂലമായ സന്ധിയിലൊപ്പുവയ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഇദ്ദേഹം സ്പാര്ട്ടയ്ക്കെതിരായുണ്ടായ സകല ആക്രമണങ്ങളെയും കൂട്ടുകെട്ടുകളെയും തകര്‍ത്തു. തീബന്‍ യുദ്ധകാലത്തും ഇദ്ദേഹം സ്പാര്ട്ടയെ രക്ഷിച്ചു. 370-ല്‍ അജേസിലോസ് മാന്റീനിയന്പ്രദേശം ആക്രമിച്ച് സ്പാര്‍ട്ടയുടെ പ്രശസ്തി വര്‍ധിപ്പിച്ചു. ബി.സി. 361-ല്‍ പേര്‍ഷ്യയ്ക്കെതിരേ ഈജിപ്തിലെ രാജാവായിരുന്ന ടാക്കോസിനെ സഹായിക്കാന്‍ അജേസിലോസ് ഈജിപ്തിലെത്തി; തിരിച്ചുവരും വഴി മെനിലോസ് തുറമുഖത്ത് കപ്പലില്‍വച്ച് 84-ാമത്തെ വയസ്സില്‍ (ബി.സി. 360) അന്തരിച്ചു. പൊക്കംകുറഞ്ഞ് മുടന്തനായ ഈ രാജാവ് പുരാതനകാലത്തെ പ്രശസ്തയോദ്ധാക്കളിലൊരാളും ഒളിപ്പോര് വിദഗ്ധനുമായിരുന്നു.