This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്യുതമാരാര്‍, അന്നമനട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അച്യുതമാരാര്‍, അന്നമനട (1901 - 87)
പഞ്ചവാദ്യവിദഗ്ധന്‍. തൃശൂര്‍ ജില്ലയിലെ അന്നമനട എന്ന ഗ്രാമത്തില്‍ 1901-ല്‍ ജനിച്ചു. ചെറുപ്പത്തിലേ കുലവിദ്യയായ ക്ഷേത്രവാദ്യപ്രയോഗത്തില്‍ പരിശീലനം നേടി.
കേരളത്തില്‍ നല്ല പ്രചാരം ലഭിക്കാതിരുന്ന 'തിമില' എന്ന വാദ്യവിശേഷത്തെ പ്രയോഗക്ഷമമാക്കുന്നതില്‍ മാരാരുടെ ശ്രദ്ധപതിഞ്ഞു. അതില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. പഞ്ചവാദ്യം (നോ: പഞ്ചവാദ്യം) എന്ന കേരളീയമേളം ചിട്ടപ്പെടുത്തുന്നതിനു പരിശ്രമിച്ച തിരുവില്വാമല വെങ്കിച്ചയ്യരുടെ സഹകാരിയായി അച്യുതമാരാര്‍ പ്രവര്‍ത്തിച്ചിരുന്നു.
പഞ്ചവാദ്യത്തിലെ പ്രധാന വാദ്യവിശേഷമായ തിമില കൈകാര്യം ചെയ്യുന്നതില്‍ അച്യുതമാരാര്‍ വിദഗ്ധനാണ്. ഉപാത്തമായ ഒരുതാളക്രമത്തെ വികസിപ്പിച്ചുകൊണ്ടുള്ളതാണ് ഏതു താളമേളവും; പഞ്ചവാദ്യവും അത്തരത്തില്‍പെടുന്നു. താളക്രമത്തെ നിര്‍ണിയിച്ചു നേതൃത്വം നല്കേണ്ടത് തിമിലക്കാരില്‍ പ്രമാണിയുടെ ചുമതലയാണ്. ധാരാളം വികസിപ്പിക്കാവുന്നവയും വികസിപ്പിച്ചാല്‍ കേള്‍ക്കാന്‍ കൊള്ളാവുന്നവയുമായ താളങ്ങള്‍ ഇട്ടുകൊടുക്കുന്നതില്‍ അച്യുതമാരാര്‍ക്കു പ്രത്യേക സാമര്‍ഥ്യം ഉണ്ട്. പ്രാമാണികനായ ഒരു തിമിലവാദകന്‍ മാത്രമല്ല, പഞ്ചവാദ്യമേളത്തിന്റെ ഒരു പ്രമുഖ സംവിധായകന്‍ കൂടിയാണ് മാരാര്‍. ഇദ്ദേഹം കേരള സംഗീതനാടകഅക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
(വി.എസ്. നമ്പൂതിരിപ്പാട്)