This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചുനിര്‍മാണശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അച്ചുനിര്‍മാണശാല)
 
വരി 24: വരി 24:
അച്ചുകളുടെ ഉയരം, അളവ്, രൂപം തുടങ്ങി എല്ലാ അംശങ്ങളിലും സാര്‍വലൌകികമായി ഒരേ അളവാണ് പാലിച്ചുകാണുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം നിലവാരപ്പെടുത്തല്‍ (standardisation) നടപ്പായിട്ടുള്ള ഏക വ്യവസായം അച്ചുനിര്‍മാണമാണെന്നു പറയാം.
അച്ചുകളുടെ ഉയരം, അളവ്, രൂപം തുടങ്ങി എല്ലാ അംശങ്ങളിലും സാര്‍വലൌകികമായി ഒരേ അളവാണ് പാലിച്ചുകാണുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം നിലവാരപ്പെടുത്തല്‍ (standardisation) നടപ്പായിട്ടുള്ള ഏക വ്യവസായം അച്ചുനിര്‍മാണമാണെന്നു പറയാം.
 +
[[Category:എന്‍ജിനീയറിങ്-മെക്കാനിക്കല്‍]]

Current revision as of 05:14, 8 ഏപ്രില്‍ 2008

അച്ചുനിര്‍മാണശാല

അച്ചടിക്കുന്നതിനുള്ള അച്ചുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന സ്ഥാപനം. അച്ചുനിര്‍മാണം രണ്ടുവിധമുണ്ട്. കൈകൊണ്ടുനിര്‍മിക്കുന്ന സമ്പ്രദായമാണ് ഏറ്റവും പ്രാചീനമായത്; സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുപയോഗിച്ചുനിര്‍മിക്കുന്നത് ആധുനികം. കൈകൊണ്ടുനിര്‍മിക്കുന്നതുതന്നെ രണ്ടുവിധമുണ്ട്. കൈകൊണ്ടു കൊത്തിയെടുക്കുന്ന പഞ്ചുകളുപയോഗിച്ചുണ്ടാക്കുന്ന മാട്രിക്സി(matrix)ല്‍ ലോഹസങ്കരം ഉരുക്കി ഒഴിച്ച് വാര്‍ത്തെടുക്കുന്ന അര്‍ധയാന്ത്രികപദ്ധതി മധ്യകാലഘട്ടത്തില്‍ രൂപപ്പെട്ടതാണ്. അവികസിത രാജ്യങ്ങളില്‍ ഈ സമ്പ്രദായമാണ് പ്രായേണ നിലനിന്നുവരുന്നത്. എന്നാല്‍ അച്ചടിയുടെ ആരംഭകാലത്ത് തനി ഹസ്തനിര്‍മിത അച്ചുകളായിരുന്നു നിലവിലിരുന്നത്. അടുത്തകാലംവരെ കേരളത്തില്‍ പലയിടത്തും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നു. അക്ഷരം ഉരുക്കുകമ്പിയില്‍ കൊത്തിയെടുത്തിട്ട് അത് ചുട്ടുപഴുപ്പിച്ച് ചെമ്പുകട്ടയിലോ ഈയക്കട്ടയിലോ കുത്തിയിറക്കി കരുവുണ്ടാക്കുകയും ഉരുക്കിയ ലോഹമിശ്രം ആ കരുവില്‍ ഒഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നു. തണുത്തു ഘനീഭവിച്ച ലോഹമിശ്രം കടുപ്പമുള്ളതായിരിക്കും. അതിനെ കരുവില്‍നിന്നും തട്ടി പുറത്തെടുക്കുമ്പോള്‍ ലഭിക്കുന്ന അച്ചിന്റെ ചുവട്ടില്‍ വാലുപോലെ നില്ക്കുന്ന ലോഹസങ്കരാവശിഷ്ടം മുറിച്ചുകളഞ്ഞിട്ട് ഉരച്ച് മിനുസപ്പെടുത്തി തയ്യാറാക്കുന്ന അച്ചുകള്‍ അച്ചുനിര്‍മാണത്തിന്റെ ആദ്യകാലരീതിയെ അനുസ്മരിപ്പിക്കുന്നു. ഈ സമ്പ്രദായത്തില്‍ അച്ചുകള്‍ വാര്‍ത്തെടുക്കുമ്പോള്‍ അക്ഷരങ്ങളുടെ രൂപം ഉള്‍ക്കൊള്ളുന്ന കരു തടികൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയിട്ടുള്ള ഒരു കൈപ്പിടിയില്‍ ഉറപ്പിച്ചിട്ട് അതില്‍ക്കൂടിയാണ് ഉരുകിയ ലോഹസങ്കരം കരുവിലേക്കു പകരുന്നത്.

ലോഹസങ്കരം. പ്രധാനമായും ലെഡ് (lead), ആന്റിമണി (antimony), ടിന്‍ (tin) എന്നീ ലോഹങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ഉരുക്കിയാണ് അച്ചുലോഹം നിര്‍മിക്കുന്നത്. ഈ അനുപാതം മിക്ക നിര്‍മാതാക്കളെയും സംബന്ധിച്ചടത്തോളം ഒരു കച്ചവടരഹസ്യമായി സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് മിക്കപ്പോഴും വ്യത്യസ്തവുമായിരിക്കും. ലെഡാണ് എപ്പോഴും കൂടുതല്‍ ഉണ്ടായിരിക്കുക; ആന്റിമണിയും ടിന്നും അച്ചിന്റെ കടുപ്പം കൂട്ടുവാനും ഉരുകിച്ചേരുന്ന ലോഹമിശ്രം തണുത്തുറയ്ക്കുമ്പോള്‍ ചുരുങ്ങിപ്പോകാതിരിക്കാന്‍ ആന്റിമണി സഹായിക്കും. അതുപോലെ ലോഹമിശ്രം ഉരുകിയ അവസ്ഥയില്‍ തടസ്സംകൂട്ടുവാനും ഒഴുകുന്നതിന് ആന്റിമണിയും ടിന്നും സഹായകമാണ്. ടിന്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള മറ്റൊരു സൌകര്യം ദ്രവണാങ്കം കുറയുമെന്നതാണ്; അതുകൊണ്ട് കൂടുതല്‍ സമയം ചൂടുപിടിപ്പിക്കേണ്ടതില്ല. അക്ഷരവടിവിന്റെ പ്രത്യേകതയും അച്ചിനുവേണ്ട ഈടിന്റെ ആവശ്യകതയും അനുസരിച്ച് ഈ ലോഹസങ്കരത്തില്‍ അല്പം ചെമ്പുകൂടി ചേര്‍ക്കാറുണ്ട്. കനംകുറഞ്ഞ അക്ഷരങ്ങള്‍ക്കും വളഞ്ഞ അഗ്രങ്ങള്‍ വച്ചുള്ള അക്ഷരവടിവുകള്‍ക്കും ഇറ്റാലിക്സ് (italics) പോലെ ചരിഞ്ഞ അക്ഷരമുഖങ്ങള്‍ക്കും അച്ചുകള്‍ നിര്‍മിക്കുമ്പോള്‍ തീര്‍ച്ചയായും ചെമ്പ് ചേര്‍ത്തിരിക്കേണ്ടതാണ്. ചെമ്പുചേര്‍ത്ത അച്ചുകള്‍ക്ക് തേയ്മാനം താരതമ്യേന കുറവായിരിക്കും.

യന്ത്രവത്കരണം. സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ മുഖേനയുള്ള ആധുനിക അച്ചുനിര്‍മാണത്തില്‍ മൌലികമായ മാറ്റമൊന്നുമില്ല; വേഗത വളരെ മടങ്ങു വര്‍ധിച്ചിരിക്കുമെന്നുമാത്രമേയുള്ളു. കൈകൊണ്ടുള്ള നിര്‍മാണം ക്ളേശകരവും മന്ദഗതിയിലുമായിരിക്കും. ഒരുദിവസം ശ.ശ. 2,000 മുതല്‍ 4,000 വരെ അച്ചുകള്‍ കൈകൊണ്ടു നിര്‍മിക്കുമ്പോള്‍ യന്ത്രങ്ങള്‍വഴി ലക്ഷക്കണക്കിന് അച്ചുകള്‍ വാര്‍ക്കുവാന്‍ കഴിയും. 1838-ല്‍ ന്യൂയോര്‍ക്കില്‍ ഡേവിഡ് ബ്രൂസ് ജൂനിയറാണ് അച്ചുനിര്‍മാണത്തില്‍ യന്ത്രവത്കരണം ആവിഷ്കരിച്ചത്. ആ യന്ത്രം കൈകൊണ്ടുതന്നെയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നതെങ്കിലും അച്ചുനിര്‍മാണത്തില്‍ ആദ്യകാലത്തുവേണ്ടിവന്ന ക്ളേശങ്ങള്‍ പാടെ ഒഴിവാക്കിയിരുന്നു. ഉത്പാദനത്തിന് ഗണ്യമായ വേഗവും കൈവന്നു. ഇങ്ങനെ നിര്‍മിച്ചിരുന്ന അച്ചുകള്‍ ഉരച്ചു മിനുസപ്പെടുത്തുന്നതിനും മറ്റും കൈയുടെ സഹായം ആവശ്യമായിരുന്നു. സ്വയം അച്ചുനിരത്തുന്ന യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടുകൂടിയാണ് പൂര്‍ണമായും യന്ത്രവത്കൃതമായ അച്ചുനിര്‍മാണം നടപ്പായത്. പത്രങ്ങളുടെ പ്രചാരം ഇതാവശ്യമാക്കിത്തീര്‍ത്തു. ഇങ്ങനെ നിര്‍മിക്കുന്ന മോണോടൈപ്പ് അച്ചുകളില്‍ ലെഡിന്റെ അളവ് വളരെ കൂടിയിരിക്കും.

വന്‍തോതിലുള്ള ഉത്പാദനം ലോകചരിത്രത്തില്‍ ആദ്യമായി നടപ്പാകുന്നത് അച്ചുനിര്‍മാണത്തിലാണ്. അച്ചടി കണ്ടുപിടിച്ചതിനുള്ള ബഹുമതി യൊഹാന്‍ ഗുട്ടന്‍ബര്‍ഗിന് (1400-68) നല്കപ്പെട്ടിരിക്കുന്നത് വാസ്തവത്തില്‍ വന്‍തോതിലുളള ഉത്പാദനസമ്പ്രദായത്തിന്റെ നാന്ദികുറിക്കല്‍ അച്ചുനിര്‍മാണത്തില്‍ക്കൂടി അദ്ദേഹം സാധിച്ചതുകൊണ്ടുകൂടിയാണ്. അദ്ദേഹം ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ ചീനക്കാരും കൊറിയക്കാരും അച്ചടി നടപ്പാക്കിയിരുന്നു. വേര്‍പിരിക്കാവുന്ന അച്ചുകള്‍ ഈ പ്രാചീനര്‍തന്നെ ഉണ്ടാക്കിയിരുന്നു. എന്നാല്‍ വന്‍തോതിലുള്ള നിര്‍മാണത്തിന്റെ പ്രത്യേകതകളായ നിഷ്കൃഷ്ടതയും മാനകീകരണവും ഗുട്ടന്‍ബര്‍ഗിന്റെ സംഭാവനകളാണ്.

അച്ചിന്റെ അളവുകള്‍. അച്ചുകള്‍ പല വലുപ്പത്തിലും ആകൃതിയിലും നിര്‍മിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് എവിടെയും ഏതു ഭാഷയിലും നിര്‍മിക്കപ്പെടുന്ന അച്ചുകളുടെ ഉയരം ഒരുപോലെയിരിക്കും. അതുപോലെ ഒരേ അളവിലുള്ള അക്ഷരങ്ങളാണെങ്കിലും അവയുടെ ആകൃതിവ്യത്യാസം അനുസരിച്ച് അച്ചുകളുടെ വണ്ണത്തിനു വ്യത്യാസമുണ്ടാകാമെങ്കിലും ഒരളവിലുള്ള അച്ചുകളുടെ ഉടല്‍വീതി എപ്പോഴും തുല്യമായിരിക്കും. ഈ ഉടല്‍വീതി അനുസരിച്ചാണ് അച്ചുകളുടെ തോത് നിര്‍ണയിച്ചിരിക്കുന്നത്. പോയിന്റ് (point) ആണ് അച്ചളവിന്റെ അമേരിക്കന്‍സമ്പ്രദായമനുസരിച്ചുള്ള ഏകകം. എന്നാല്‍ വരികളുടെ വീതി അടിസ്ഥാനമാക്കി 'പൈക്ക' എന്നൊരു ഏകകവ്യവസ്ഥകൂടി ഉണ്ട്. 6 പൈക്ക ഒരിഞ്ചോളം വരും (2.52 സെ.മീ.).

1 പോയിന്റ് 0.0138' = 0.35 മി.മീ.

12 പോയിന്റ് = 1 പൈക്ക.

മറ്റൊരു അളവുസമ്പ്രദായവും അച്ചുകളുടെ കാര്യത്തില്‍ നിലവിലുണ്ട്. ഇംഗ്ളീഷ് ലിപി വിന്യാസത്തില്‍ ഏറ്റവും വീതികുറഞ്ഞത് 'l'-യും ഏറ്റവും വീതികൂടിയത് 'M'-ഉം ആണ്. 12 പോയിന്റ് വലുപ്പമുള്ള ഒരു 'M' അച്ചിന്റെ ഉടല്‍ ഉള്‍ക്കൊള്ളുവാന്‍ അവശ്യംവേണ്ട സ്ഥലത്തിന് ഒരു 'എം' (em) സ്പേസ് (1/6" = 4.23 മി.മീ.) എന്നു പറയും - ഇത് ഒരു സമചതുരമാണ്; അതിന്റെ പകുതിക്ക് 'എന്‍' എന്നും. ഇംഗ്ളീഷില്‍ m'ന്റെ പകുതിയാണല്ലോ n'.

പലതരം അച്ചുകള്‍. അച്ചുകളുടെ വര്‍ഗീകരണത്തില്‍ പ്രധാനമായി രണ്ടു മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകാണുന്നു. വടിവിന്റെ വലിപ്പവ്യത്യാസമനുസരിച്ചും ആകൃതിഭേദമനുസരിച്ചും ബോള്‍ഡ് (bold), ബോള്‍ഡ് കണ്‍ഡന്‍സ്ഡ് (bold condensed), ബോള്‍ഡ് എക്സ്പാന്‍ഡഡ് (bold expanded), ഇറ്റാലിക്സ് (italics), ഷെറിഫ് ലെറ്റേഴ്സ് (sheriff letters), കര്‍സീവ് (cursive), ഓര്‍ണമെന്റല്‍ (ornamental) എന്നിങ്ങനെയുളള ഒരു വര്‍ഗീകരണമുണ്ട്. അച്ചിന്റെ മുഖവടിവ്, ലിപികളുടെ ആകൃതി ഇവ മെച്ചപ്പെടുത്തുന്നതിന് പുതിയ ശൈലിയില്‍ ആവിഷ്കരിച്ചു പ്രചാരത്തില്‍ കൊണ്ടുവന്നിട്ടുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരുമായി ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ വര്‍ഗീകരണം; ക്യാക്സ്റ്റണ്‍, ബാസ്ക്കര്‍വില്ലി, ഗില്‍സാന്‍ഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

മലയാള അച്ചുകള്‍ക്ക് ഇംഗ്ളീഷ്-റോമന്‍ അക്ഷരമാതൃകകള്‍ക്കുള്ള വൈവിധ്യമില്ല. അച്ചുനിര്‍മാണകാര്യത്തില്‍ പ്രാചീനത കേരളത്തിനവകാശപ്പെടാമെങ്കിലും ചരിത്രപരമായി നോക്കുമ്പോള്‍ ഏറ്റവും പഴക്കം ചെന്ന അച്ചുനിര്‍മാതാക്കള്‍ മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിന്റെ ഭാഗമായ അച്ചുനിര്‍മാണശാലയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമുളള സര്‍ക്കാര്‍ അച്ചുകൂടങ്ങളോടുചേര്‍ന്നുള്ള അച്ചുനിര്‍മാണശാലകളും ഏതാനും ചില പ്രമുഖപത്രങ്ങളുടെയും പ്രസിദ്ധീകരണശാലക്കാരുടെയും അച്ചടിശാലകളോടുചേര്‍ന്നുളള ചില അച്ചുനിര്‍മാണവകുപ്പുകളും ഒഴിച്ചാല്‍ എടുത്തുപറയത്തക്കനിലയില്‍ അച്ചുനിര്‍മാണം കേരളത്തില്‍ ഉണ്ടായിരുന്നില്ല.

അച്ചടി അച്ച്

മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളെ അനുകരിച്ച് ഫെയിസ്, ഷോള്‍ഡര്‍, ബോഡി, ഫുട്ട്, ബിയേര്‍ഡ്, ഫ്രണ്ട്, ബാക്ക്, എന്നിങ്ങനെ അച്ചിന്റെ വിവിധ ഭാഗങ്ങള്‍ക്ക് യഥോചിതം പേരുകള്‍ നല്കിയിട്ടുണ്ട്. അച്ചിന്റെ മുന്‍ഭാഗത്ത് ബോഡിയില്‍ പകുതിക്കുതാഴെ ഒരു ചെറിയ പഴുതുണ്ടായിരിക്കും. ഇതിന് 'നിക്ക്' (nick) എന്നാണു പറയുന്നത്. ഇത് അച്ചുനിരത്തുന്നയാളിന് വശംതെറ്റി അച്ചുപിഴ ഉണ്ടാകാതിരിക്കുന്നതിനു സഹായകമായ ഒരു പഴുതാണ്. ഇത് ലോകത്ത് എവിടെയും ഏതു ഭാഷയിലുമുള്ള അച്ചടിഅച്ചുകള്‍ക്കുണ്ടായിരിക്കും.

അച്ചുകളുടെ ഉയരം, അളവ്, രൂപം തുടങ്ങി എല്ലാ അംശങ്ങളിലും സാര്‍വലൌകികമായി ഒരേ അളവാണ് പാലിച്ചുകാണുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം നിലവാരപ്പെടുത്തല്‍ (standardisation) നടപ്പായിട്ടുള്ള ഏക വ്യവസായം അച്ചുനിര്‍മാണമാണെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍