This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ്രോസ്, അഗസ്റ്റ് വില്‍ഹം (1816 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബ്രോസ്, അഗസ്റ്റ് വില്‍ഹം (1816 - 76)

Ambros,August Wilhelm


ബൊഹീമിയന്‍ സംഗീതജ്ഞനും ഗാനരചയിതാവും. 1816 ന. 11-നു ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗില്‍ ജനിച്ചു. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ഠിച്ചുവന്ന പിതാവ് വിവിധഭാഷകള്‍ സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു. പിയാനോ വായനയില്‍ വിദഗ്ധയും പേരുകേട്ട ഒരു പാട്ടുകാരിയുമായിരുന്നു മാതാവ്. അംബ്രോസ് 1839-ല്‍ നിയമപഠനത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി ഗവണ്‍മെന്റു സര്‍വീസില്‍ പ്രവേശിച്ചു. എന്നാല്‍ 1850-നുശേഷം ഇദ്ദേഹം മുഴുവന്‍ സമയവും സംഗീതസംബന്ധമായ കാര്യങ്ങളില്‍ മാത്രം മുഴുകിവന്നു. 1869 മുതല്‍ പ്രാഗ് സര്‍വകലാശാലയിലും 1872 മുതല്‍ വിയന്നാ കോണ്‍സര്‍വേറ്ററിയിലും സംഗീതചരിത്ര പ്രൊഫസറായി നിയമിക്കപ്പെട്ടു. 1876 ജൂണ്‍ 28-ന് വിയന്നയില്‍ നിര്യാതനായി.

അഞ്ചു വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുവാന്‍ ആസൂത്രണം ചെയ്യപ്പെട്ടിരുന്ന സംഗീതചരിത്രം എന്ന ഗവേഷണ കൃതിയുടെ നാലു വാല്യങ്ങള്‍ മാത്രമേ പൂര്‍ണമാക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞുള്ളു. എങ്കിലും സംഗീതചരിത്ര സംബന്ധമായ ഒരു ആധികാരിക ഗ്രന്ഥമായാണ് അവ കരുതപ്പെടുന്നത്. ഇതിന്റെ ഒന്നാം വാല്യം 1862-ലും പരിഷ്കരിച്ച വിപുലമായ പതിപ്പ് 1909-ലും പ്രസിദ്ധീകൃതമായി. ഈ ഗ്രന്ഥത്തിന്റെ രചനയ്ക്കായി വിയന്ന, വെനീസ്, ഫ്ളോറന്‍സ്, റോം, ഇറ്റലി, നേപ്പിള്‍സ് എന്നീ സ്ഥലങ്ങളിലെ വിശ്വവിഖ്യാതങ്ങളായ ഗ്രന്ഥശേഖരങ്ങളെല്ലാം ഇദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നു. ആ ഗ്രന്ഥപരമ്പര ഇങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു:

വാല്യം ഒന്ന് : പൗരാണിക സംഗീതം 1862

വാല്യം രണ്ട് : മധ്യകാല സംഗീതം 1864

വാല്യം മൂന്ന് : നവോത്ഥാനകാല സംഗീതം 1866

വാല്യം നാല് : ഇറ്റാലിയന്‍ സംഗീതചരിത്രം 1878

സംഗീതചരിത്രത്തെ 19-ാം ശ.-ത്തിലേക്കു കടത്തിവിട്ട അഞ്ചാം വാല്യം അദ്ദേഹത്തിന്റെ മരണാനന്തരം ഓട്ടോ ഖാഡും വില്യം ലാങ്ഹാന്‍സും പ്രസാധനം ചെയ്ത് 1880-കളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ചു. ചര്‍ച്ച് മ്യൂസിക്, ചേംബര്‍ മ്യൂസിക്ക്, സിംഫണി, വാദ്യസംഗീതം എന്നിവയില്‍ ഇദ്ദേഹം പ്രവീണനായിരുന്നു.

(മാവേലിക്കര രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍