This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍
National Industrial Development Corporation
കേന്ദ്രഗവണ്‍മെന്റിന്റെ വ്യവസായ-വാണിജ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം. ഒരു ധനകാര്യസ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ച കോര്‍പ്പറേഷന്‍, ക്രമേണ വ്യവസായിക കാര്യങ്ങള്‍ക്കാവശ്യമായ സാമ്പത്തികശാസ്ത്ര-സാങ്കേതിക-മാനേജ്മെന്റ് വൈദഗ്ധ്യം പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്കുമാറുകയുണ്ടായി. ലോകബാങ്ക്, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് വിദഗ്ധോപദേശം നല്‍കുന്ന ഒരു സ്ഥാപനമായി കോര്‍പ്പറേഷന്‍ വികസിച്ചിട്ടുണ്ട്.
കഴിഞ്ഞ 50 വര്‍ഷക്കാലത്തെ പൊതുമേഖലയുടെ വളര്‍ച്ചയില്‍ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. പൊതുമേഖലകള്‍ക്കാവശ്യമായ ആന്തരികഘടനാസൗകര്യങ്ങള്‍, ഉയര്‍ന്ന സാങ്കേതിക വിദ്യ, ലോകനിലവാരത്തിലുള്ള മാനേജ്മെന്റ് തുടങ്ങിയ രംഗങ്ങളിലെ സേവനത്തിനു പുറമേ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പിന്നോക്ക പ്രദേശവികസനം തുടങ്ങിയവയ്ക്കും കോര്‍പ്പറേഷന്‍ സഹായം നല്‍കുന്നുണ്ട്. 1990-കളില്‍ പുതിയ സാമ്പത്തിക നയത്തിനു തുടക്കം കുറിച്ചതോടെയാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ മൗലികമായ മാറ്റങ്ങള്‍ക്കു വഴി തുറന്നത്. ആഗോളവത്കൃതമായിക്കൊണ്ടിരിക്കുന്ന ലോകസമ്പദ്ഘടനയിലെ പരിവര്‍ത്തനങ്ങള്‍ക്കനുസൃതമായി, ഇന്ത്യന്‍ സമ്പദ്ഘടനയെ നവീകരിക്കുന്നതില്‍ കോര്‍പ്പറേഷന് വലിയ സ്ഥാനമാണുള്ളത്. ഇന്ത്യന്‍ പൊതുമേഖലയുടെ പ്രതിച്ഛായയും ശക്തിയും ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി, ഇന്ത്യാ പബ്ലിക്സെക്ടര്‍.കോം എന്ന പേരില്‍ ഒരു വെബ്സൈറ്റ് തുറന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വവിശേഷണങ്ങള്‍, സേവനങ്ങളുടെ പരിധി, പ്രധാന നാഴികക്കല്ലുകള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, നിര്‍ണായകവിജയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ നിന്നു ലഭ്യമാണ്. പുതിയ സഹസ്രാബ്ദത്തില്‍, ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും അഭിരുചിക്കും സംതൃപ്തിക്കും മുന്‍തൂക്കം നല്‍കുന്ന നയമാണ് പൊതുമേഖലാ സംരംഭങ്ങള്‍ പിന്തുടരേണ്ടത്. ഇതിനാവശ്യമായ പരിശീലനവും വിദഗ്ധോപദേശവും നല്‍കുന്നതില്‍ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ശ്രദ്ധിക്കുന്നു.
കോര്‍പ്പറേഷന്‍ നല്‍കുന്ന സേവനങ്ങള്‍ പ്രധാനമായും താഴെപ്പറയുന്ന മേഖലകളിലാണ്.
1.വ്യവസായാസൂത്രണവും മാനേജ്മെന്റും
2.പ്രോജക്ട് എന്‍ജിനീയറിങ്
3.പ്രോജക്ട്/കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്
4.സംഭരണം, പരിശോധന
5.ഗുണനിലവാരമുള്ളതും സാങ്കേതികശാസ്ത്രപരവുമായ ഓഡിറ്റ്
6.സാമൂഹ്യവും വ്യാവസായികവുമായ ആന്തരികഘടന
7.മനുഷ്യവിഭവ മാനേജ്മെന്റ്
8.പാരിസ്ഥിതിക എന്‍ജിനീയറിങ്
9.സോഫ്ട്വെയര്‍ വികസനവും വിവരസാങ്കേതികവിദ്യയും.
ഇന്ത്യയിലെ പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണ്. ഇതിനുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ താഴെപ്പറുയുന്നു.
1.ലാഭകരമായ പൊതുമേഖലാസംരംഭങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുക
2.പുനരുദ്ധരിക്കാനാവാത്ത പൊതുമേഖലാ സംരംഭങ്ങള്‍ അടച്ചുപൂട്ടുക
3.തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സംരംഭങ്ങളിലെ ഗവണ്‍മെന്റ് നിക്ഷേപം 26 ശതമാനമോ അതില്‍ താഴെയോ ആയി ചുരുക്കുക
4.തൊഴിലാളി താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുക
5.പൊതുമേഖലാ സംരംഭങ്ങളുടെ ആസ്തിയുടെ ജാമ്യത്തില്‍, വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കുന്നതിന് സഹായിക്കുക
6.സ്വകാര്യവത്കരണത്തിനും ഡിസ്ഇന്‍വെസ്റ്റ്മെന്റിനും അനുയോജ്യമായ ഒരു സമഗ്രനയം ആവിഷ്കരിക്കുക
7.ഡിസ്ഇന്‍വെസ്റ്റ്മെന്റ് മുഖേന ലഭിക്കുന്ന പണം സാമൂഹിക സുരക്ഷാമാര്‍ഗങ്ങള്‍, പൊതുമേഖലാ സംരംഭങ്ങളുടെ പുനഃസംഘടന എന്നീ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക.