This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗേല്‍ പാട്രിക് (1945 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഗേല്‍ പാട്രിക് (1945 - 1984)

Nagel Patrik

Image:patrick_nagel.png

അമേരിക്കന്‍ ചിത്രകാരന്‍. ഇല്ലസ്ട്രേറ്റര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റ്, ഫാഷന്‍ ഫോട്ടോഗ്രാഫിരംഗത്തെ പ്രമുഖന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. കേവലം 39 വയസ്സുവരെ ജീവിച്ച ഇദ്ദേഹം അതിനകംതന്നെ വിശ്വപ്രസിദ്ധനായി എന്നതാണ് എടുത്തുപറയേണ്ടത്.

1945-ല്‍ ഡേറ്റണില്‍ ജനിച്ചു. ലോസ് ഏഞ്ചല്‍സിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചൗനാഡ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കലാപഠനം നടത്തി. ഫുള്ളെര്‍ട്ടണിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് 1969-ല്‍ ഫൈന്‍ ആര്‍ട്സ് ബിരുദം നേടി.

Image:nagel woman.png

രണ്ടുവര്‍ഷം ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി തുടര്‍ന്നശേഷം 1971-ല്‍ എബിസി ടിവിയില്‍ ചേര്‍ന്നു. അതില്‍ ഇദ്ദേഹം ചെയ്ത ടെലിവിഷന്‍ ഗ്രാഫിക്സുകള്‍ വളരെ പ്രശസ്തമാണ്. ഒരു വര്‍ഷത്തിനകം ആ ജോലി ഉപേക്ഷിച്ച് വീണ്ടും സ്വതന്ത്രചിത്രകാരനായി. തുടര്‍ന്ന് ഐ.ബി.എം., ഐ.റ്റി.റ്റി., യുണൈറ്റഡ് ആര്‍ട്ടിസ്റ്റ്സ്, എം.ജി.എം., യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുവേണ്ടി നിരവധി ചിത്ര-ഗ്രാഫിക് രചനകള്‍ നടത്തി. ആര്‍ക്കിടെക്ചര്‍ ഡൈജസ്റ്റ്, റോളിങ് സ്റ്റോണ്‍, പ്ലേബോയ് എന്നിവയില്‍ ഇദ്ദേഹം ചെയ്ത കോളങ്ങള്‍ ജനപ്രിയങ്ങളാണ്. എങ്കിലും ഇദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത് നാഗേല്‍ വുമണ്‍ എന്ന രചനയാണ്. 70-കളിലെ പുതിയ ഗ്രാഫിക് യുഗത്തിനും ഫാഷന്‍ വിപ്ലവത്തിനും പ്രചോദകമായ ഈ രചന, പരസ്യങ്ങളില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാഗേല്‍ ഇതിലവലംബിച്ച ശൈലി അക്കാലത്തെ പോസ്റ്റര്‍ രചനാശൈലിയെയും ഗണ്യമായി തിരുത്തി. 1980-ല്‍ കാലത്തിന്റെ മാറ്റങ്ങള്‍ ഉയിര്‍ക്കൊണ്ട മറ്റൊരു 'നാഗേല്‍ വുമണി'നുകൂടി ഇദ്ദേഹം ജന്മം നല്കി. അതും പ്രശസ്തമായി. തുടര്‍ന്ന് ഇദ്ദേഹം ഒരു ഏകാംഗപ്രദര്‍ശനം നടത്തി. 15 മിനിട്ടിനുള്ളില്‍ ചിത്രങ്ങളെല്ലാം വിറ്റുതീര്‍ന്നത്, ഒരു ചരിത്രംതന്നെയായി.

വിശ്വപ്രസിദ്ധമായ നിരവധി ആല്‍ബങ്ങളുടെ കവര്‍ച്ചിത്രമൊരുക്കിയിട്ടുള്ളത് ഇദ്ദേഹമാണ്. ജോണ്‍ കോളിന്‍സ് പോലുള്ള പ്രശസ്ത മോഡലുകള്‍ ഇദ്ദേഹത്തിനുവേണ്ടി പോസ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അകാലചരമത്തെത്തുടര്‍ന്ന് പ്ലേബോയ് മാസിക നാഗേല്‍-കലയും ചിത്രകാരനും എന്ന പ്രത്യേക പതിപ്പിറക്കിയിട്ടുണ്ട്. 1984-ലാണ് പ്രായോഗിക ചിത്രകലാരംഗത്തെ 21-ാം ശ.-ത്തിന്റെ മാര്‍ഗദര്‍ശി എന്നുപോലും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ജനപ്രിയ ചിത്രകാരന്‍ അന്തരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍