This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നര്മദാശങ്കര് (1833 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നര്മദാശങ്കര് (1833 - 86)
ഗുജറാത്തി കവി. നര്മദാശങ്കര് ലാല്ശങ്കര് ദാവെ എന്നാണ് പൂര്‍ണമായ പേര്. കവി നര്‍മദ് എന്ന പേരിലാണ് അറിയപ്പെട്ടത്.
1833 ആഗ. 24-ന് സൂറത്തില്‍ ജനിച്ചു. അച്ഛന് ലാല്ശങ്കര് ദാവെ. സൂറത്തില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും മുംബൈയില്‍ നിന്ന് കോളജ് വിദ്യാഭ്യാസവും നേടി. അന്ധവിശ്വാസ ജടിലമായിരുന്ന സാമൂഹികാന്തരീക്ഷത്തോട് കലഹിച്ച് നര്മദാശങ്കറും കൂട്ടുകാരും 'ബുദ്ധിവര്ധകസഭ' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ആ സംഘടനയില്‍ അവതരിപ്പിച്ച, സംഘടനകള്‍ രൂപീകരിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്ന പ്രബന്ധമാണ് ഗുജറാത്തിയിലെ ആദ്യത്തെ ഉപന്യാസമായി അംഗീകരിക്കപ്പെടുന്നത്. അക്കാലത്ത് ഗുജറാത്തിയില്‍ ഗദ്യത്തിന് പ്രാധാന്യം ലഭിച്ചിരുന്നില്ല.
ആധുനിക ഗുജറാത്തി കവിതയുടെ തുടക്കക്കാരനുമാണ് ഇദ്ദേഹം. ഗുജറാത്തിയില്‍ ആത്മനിഷ്ഠകവിതയുടെ ഉച്ചാവസ്ഥയ്ക്കും ഇദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഇംഗ്ളീഷ് സാഹിത്യത്തിന്റെ സമ്പന്നതയില്‍ നിന്നാണ് നര്‍മദ് കരുത്താര്‍ജിച്ചത്. പാശ്ചാത്യ ചിന്താധാരകളുമായി പുലര്‍ത്തിയ സമ്പര്‍ക്കം ഇദ്ദേഹത്തെ ആധുനിക ഭാവുകത്വത്തിന്റെ അഗ്രദൂതനെന്ന പദവിക്ക് അര്‍ഹനാക്കുകയും ചെയ്തു. ഗുജറാത്തിയിലെ പ്രശസ്ത പുരോഗമന കവിയായിരുന്ന ധീരാഭഗത്തിന്റെ കവിതകളില്‍ ആകൃഷ്ടനായി അത്തരത്തിലുള്ള ചില കവിതകള്‍ രചിക്കുകയും ചെയ്തതോടെ നര്മദിന്റെ കവിതയ്ക്ക് മറ്റൊരു തലംകൂടി ലഭിച്ചു.
നര്മദിന്റെ കവിതകള്‍ നര്മകവിത എന്ന പേരില്‍ 10 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നുവരെ നിലനിന്നിരുന്ന രാധാകൃഷ്ണ പ്രണയത്തിന്റെ സ്ഥാനത്ത് ഇദ്ദേഹം ഭൌതിക പ്രേമത്തെക്കുറിച്ച് പാടി. സ്ത്രീ-പുരുഷ കാല്പനിക പ്രേമത്തെക്കുറിച്ചാണ് പൊതുവേ പരാമര്‍ശിച്ചതെങ്കിലും പ്രണയത്തിന്റെ വിഷാദഭാവം കൂടി ഇദ്ദേഹം ചിത്രീകരിച്ചു. പ്രേമവും ശൗര്യവും: ഇതായിരുന്നു നര്മദിന്റെ ജീവിതസൂക്തം.
നര്മദിന്റെ ദേശഭക്തി ഗാനങ്ങളും വീരകാവ്യങ്ങളും ശ്രദ്ധേയമാണ്. ഇന്നും അനശ്വരമായ 'ജയജയഗര്വീ ഗുജറാത്തി' എന്ന ദേശീയഗാനം അദ്ദേഹത്തിന്റെ രചനയാണ്. സൂറത്തിനെക്കുറിച്ച് രചിച്ച കവിതകളും ശ്രദ്ധേയങ്ങളാണ്.
ഗദ്യകൃതികളുടെ കാര്യത്തിലും നര്മദിന്റെ സംഭാവന ഗണനീയമാണ്. പിംഗളശാസ്ത്ര എന്ന ആധികാരിക ഛന്ദഃശാസ്ത്ര ഗ്രന്ഥവും അലങ്കാര്‍ പ്രവേശ് രാസ എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥവും നര്‍മദ് രചിച്ചിട്ടുണ്ട്. നര്‍മദ് വ്യാകരണ് എന്ന പേരില്‍ ഗദ്യരചനകള്‍ രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചു. ലോകചരിത്രം ഇദ്ദേഹം രണ്ടു ഭാഗങ്ങളിലായി ക്രോഡീകരിച്ചു. രാമായണം, മഹാഭാരതം, ഇലിയഡ് എന്നീ ഗ്രന്ഥങ്ങളെ അധികരിച്ച് നര്മദാശങ്കര് ആധികാരികമായ പഠനങ്ങള്‍ നടത്തുകയും മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിഹാസ കഥാപാത്രങ്ങളെ അധികരിച്ച് രചിച്ച ദ് ലൈവ്സ് ഒഫ് ഗ്രേറ്റ് മെന്‍ (1870) എന്ന കൃതിയും പ്രസിദ്ധിയാര്‍ജിച്ചു.
നാടകരചനയിലും നര്‍മദ് കൃതഹസ്തനായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യത്തെ നാടകം രാം ജാനകീ ദര്ശന് ആണ്. 1876 മുതല്‍ 1883 വരെ ഇദ്ദേഹം നാടകരചനയ്ക്കും സമയം കണ്ടെത്തിയിരുന്നു. 1883-ല്‍ പ്രസിദ്ധീകരിച്ച ബാല്‍കൃഷ്ണ വിജയ് എന്ന നാടകത്തോടെ ആ രംഗത്തുനിന്ന് പിന്മാറി. നര്മദാശങ്കറിന്റെ ആത്മകഥ മേരീ ഹകീകത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തന്റെ കവിതയുടെ മര്‍മം മനസ്സിലാക്കുന്നതിനായി നര്മഘോഷ് എന്ന പേരില്‍ മൂന്നു ഭാഗങ്ങളിലായി ഒരു നിഘണ്ടുവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1886-ല്‍ നര്‍മദ് അന്തരിച്ചു.