This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്രദേവ് (1888 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരേന്ദ്രദേവ് (1888 - 1971)

ബംഗാളി കവിയും നോവലിസ്റ്റും കഥാകൃത്തും നാടകരചയിതാവും ഉപന്യാസകാരനും. ഉത്തര കൊല്‍ക്കത്തയിലെ ദേവ് എന്ന പ്രഭുകുടുംബത്തില്‍ 1888-ല്‍ ജനിച്ചു. പിതാവ് നാഗേന്ദ്രചന്ദ്ര പുരോഗമന വീക്ഷണമുള്ള വ്യക്തിയായിരുന്നു. പിതൃസഹോദരപുത്രന്‍ രാജേന്ദ്രദേവ് വഴി നരേന്ദ്ര യൗവനാരംഭത്തില്‍ ബംഗാളിലെ വിപ്ളവകാരികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് വളരെ കുറച്ചുകാലമേ നിലനിന്നുള്ളു. മെട്രോപൊളിറ്റന്‍ സ്കൂളില്‍ നിന്ന് വളരെ പ്രശസ്തമായ നിലയില്‍ മെട്രിക്കുലേഷന്‍ പാസ്സായെങ്കിലും അനാരോഗ്യംമൂലം പഠനം തുടരാന്‍ കഴിഞ്ഞില്ല. എങ്കിലും വിവിധ വിഷയങ്ങളെപ്പറ്റി ഉത്സാഹപൂര്‍വം ഇദ്ദേഹം സ്വയം പഠിച്ചു.

രബീന്ദ്രനാഥ ടാഗൂര്‍, ശരച്ചന്ദ്രചതോപാധ്യായ, കാസി നസ്റുള്‍ ഇസ്ലാം, സത്യേന്ദ്രനാഥ് ദത്ത, മൊഹിത്ലാല്‍ മജുംദാര്‍, ശിശിര്‍ കുമാര്‍ ഭാദുരി, സുബ്രഹ്മണ്യഭാരതി തുടങ്ങിയ മഹാന്മാരായ സാഹിത്യ-കലാ പ്രവര്‍ത്തകരുമായും ഇദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. ഷെര്‍വുഡ് ആന്‍ഡേഴ്സന്‍, സ്റ്റീഫന്‍ സ്പെന്‍ഡര്‍, അഗതാ ക്രിസ്റ്റി, എലിയ എഹ്റന്‍ബര്‍ഗ്, മിഖായേല്‍ ഷൊളോഖോഫ് എന്നീ ലോകപ്രശസ്ത സാഹിത്യകാരന്മാരുമായും ഇദ്ദേഹം സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു.

പി.ഇ.എന്‍. പശ്ചിമബംഗാള്‍ ശാഖ, ബാലസാഹിത്യ പരിഷത്, ശരത് സമിതി, സാഹിത്യതീര്‍ഥ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. രണ്ടുതവണ ബംഗീയ സാഹിത്യപരിഷത്തിന്റെ വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ബംഗാളി നാടകവേദിയുടെ പ്രശ്നങ്ങള്‍ക്കും സാധ്യതകള്‍ക്കും പ്രാധാന്യം കൊടുത്തിരുന്ന നാച്ഘര്‍ എന്ന വാരികയുടെയും ബയോസ്കോപ്പ് എന്ന ബംഗാളി സിനിമാ വാരികയുടെയും പാഠശാല എന്ന കുട്ടികളുടെ മാസികയുടെയും പത്രാധിപരായും ഇദ്ദേഹം 15 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1950-ല്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും എഡിന്‍ബര്‍ഗില്‍ വച്ചുനടന്ന അന്താരാഷ്ട്ര പി.ഇ.എന്‍. സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1955-ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതോടൊപ്പം ഹെല്‍സിങ്കിയില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുകയുമുണ്ടായി.

സന്ധ്യ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലായിരുന്നു നരേന്ദ്ര രചിച്ച കവിത ആദ്യം വെളിച്ചം കാണുന്നത്. ഗാര്‍മില്‍ ആണ് ആദ്യനോവല്‍. ചതുര്‍വേദാശ്രം ആദ്യ കഥാസമാഹാരവും, വസുധര ആദ്യകവിതാസമാഹാരവും. മാനവേന്ദ്രസൂര്‍ എന്ന തൂലികാനാമത്തില്‍ ആക്ഷേപഹാസ്യപരമായ തൂലികാചിത്രങ്ങളും കുട്ടികള്‍ക്കു വേണ്ടിയുള്ള നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1934-ല്‍ത്തന്നെ ഒരു കലയെന്ന നിലയില്‍ സിനിമയെ പരിചയപ്പെടുത്തുന്ന സിനിമ എന്ന പുസ്തകം ബംഗാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രാദേശിക ഭാഷകളില്‍ സിനിമകള്‍പോലും വിരളമായിരുന്ന അക്കാലത്ത് ബംഗാളിയില്‍ ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണ്. സിനിമയോടു ബന്ധപ്പെട്ട നിരവധി സാങ്കേതിക പദങ്ങള്‍ ബംഗാളിയില്‍ അന്ന് ഇദ്ദേഹത്തിന് പുതുതായി നിര്‍മിച്ചെടുക്കേണ്ടി വന്നിരുന്നു.

പ്രസിദ്ധീകരിക്കപ്പെട്ട 36 പുസ്തകങ്ങളില്‍ കവിതാവിവര്‍ത്തനങ്ങളാണ് 4 എണ്ണം. മേഘദൂതും ഉമര്‍ഖയ്യാമിന്റെ കൃതികളും അതില്‍പ്പെടുന്നു. മൂന്ന് ചെറുകഥാ സമാഹാരങ്ങള്‍, ഒരു ജീവചരിത്രം (ശരച്ചന്ദ്രനെപ്പറ്റി), മൂന്ന് യാത്രാവിവരണങ്ങള്‍, ഒന്‍പത് നോവലുകള്‍, എട്ടു ബാലസാഹിത്യകൃതികള്‍ തുടങ്ങിയവയും അക്കൂട്ടത്തില്‍ ഉള്‍പ്പെടും.

വിധവാ വിവാഹം ഒരു പാപമായി കരുതിയിരുന്ന 1920-കളുടെ തുടക്കത്തില്‍ നരേന്ദ്ര രാധാറാണിദത്ത എന്ന വിധവയെ വിവാഹം കഴിച്ചത് യാഥാസ്ഥിതികരുടെ ഇടയില്‍ വലിയ ഒച്ചപ്പാടിന് കാരണമായി. എന്നാല്‍ രബീന്ദ്രനാഥ ടാഗൂറും ശരച്ചന്ദ്രയും ദമ്പതികളെ അനുഗ്രഹിച്ച് വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തത് ശ്രദ്ധേയമായി.

1971-ല്‍ നരേന്ദ്രദേവ് അന്തരിച്ചു.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍