This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നബാര്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നബാര്‍ഡ്
NABARD
ദേശീയ കാര്‍ഷിക, ഗ്രാമ വികസന ബാങ്ക്. കാര്‍ഷിക-ഗ്രാമീണ വികസനം ലക്ഷ്യമാക്കി ചെറുകിട വ്യവസായങ്ങള്‍ക്കും ഗ്രാമീണ, കുടില്‍, കരകൗശല വ്യവസായങ്ങള്‍ക്കും സാമ്പത്തിക വായ്പാ സഹായങ്ങള്‍ നല്കുന്നതിനുള്ള ദേശീയ സാമ്പത്തിക സ്ഥാപനമാണിത്. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല വായ്പകളാണ് നബാര്‍ഡ് അനുവദിക്കുന്നത്. സമഗ്രവും സുസ്ഥിരവുമായ ഗ്രാമവികസനം നടപ്പിലാക്കുക, ഗ്രാമീണ സാമ്പത്തിക സ്രോതസ്സുകളെ ഉത്തേജിപ്പിക്കുക, ഗ്രാമീണ മേഖലയിലെ സാമ്പത്തിക വായ്പാദാതാക്കള്‍ക്കു ധനസഹായം നല്കുക, ഗ്രാമീണ സാമ്പത്തിക സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിന് സഹായങ്ങള്‍ നല്കുക, നബാര്‍ഡുമായി ബന്ധപ്പെട്ട ഗ്രാമീണ ബാങ്കുകളുടെ മൂല്യനിര്‍ണയവും നിയന്ത്രണവും ഫലപ്രദമായി നിര്‍വഹിക്കുക, ഗ്രാമീണ വായ്പാസ്ഥാപനങ്ങളെ ഏകോപിപ്പിക്കുക, ഗ്രാമവികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും സഹായിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് നിര്‍വഹിക്കുന്നുണ്ട്.
ഗ്രാമവികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാനപങ്ങളെയും ബാങ്കുകളെയും ഇതര സ്ഥാപനങ്ങളെയും പരിശീലന, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തന ലക്ഷ്യം നേടുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുക, സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കുക, ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിന് ധനസഹായം നല്കുക, നീര്‍ത്തട വികസനത്തിന് സഹായിക്കുക തുടങ്ങിയവയും നബാര്‍ഡിന്റെ പ്രവര്‍ത്തനമേഖലയാണ്.