This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നടരാജഗുരു (1895 - 1973)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നടരാജഗുരു (1895 - 1973)
ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളും സാഹിത്യകാരനും. പണ്ഡിതനും വിദ്യാഭ്യാസചിന്തകനും ആധ്യാത്മികാചാര്യനുമായിരുന്നു ഇദ്ദേഹം. സാമൂഹ്യപരിഷ്കര്‍ത്താവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ശില്പികളില് പ്രധാനിയുമായ ഡോ. പല്പുവിന്റെ പുത്രനായ ഇദ്ദേഹം 1895 ഫെ.-ല്‍ ബാംഗ്ലൂരിലാണ് ജനിച്ചത്. ഭഗവതിയമ്മ ആണ് മാതാവ്. ബാംഗ്ലൂരിലെ ടിപ്പുസുല്‍ത്താന്‍ കോട്ടയ്ക്കകത്തുള്ള വിദ്യാലയത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഒരു ട്യൂഷന് മാസ്റ്ററുടെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. ബാംഗ്ളൂര്‍, തിരുവനന്തപുരം, ശ്രീലങ്കയിലെ കാണ്ടി, മദിരാശി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. കന്നഡ, മലയാളം, സിംഹളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ബോധനമാധ്യമമായി മാറിമാറി സ്വീകരിക്കേണ്ടിവന്നതും, സഹപാഠികളുടെ സൗഹൃദരാഹിത്യവും, വ്യാകരണവും കണക്കും വഴങ്ങാതെ വന്നതും ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാര്‍ഥിജീവിതം ദുരിതപൂര്‍ണമാക്കി എന്ന് നടരാജഗുരു ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസശാസ്ത്രത്തില്‍ ബിരുദവും നേടി.
വിദ്യാര്‍ഥിയായിരുന്ന കാലത്ത് നടരാജനില്‍ ആത്മീയചിന്തഉദിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗൂറിന്റെയും വ്യക്തിമഹത്ത്വം ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ വീരപുരുഷന് സ്വാമിവിവേകാനന്ദന് ആയിരുന്നു. ചെന്നൈ പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്ത് ജാതിമതഭേദമെന്യേ എല്ലാ വിദ്യാര്‍ഥികള്‍ക്കും താമസിച്ചു പഠിക്കാന്‍ പാകത്തിലുള്ള ഒരു കോസ്മോപോളിറ്റന്‍ ഹോസ്റ്റല്‍ ചെന്നൈയില്‍ ആരംഭിക്കാന്‍ കാരണക്കാരന്‍ നടരാജഗുരുവായിരുന്നു. സെയ്ദാപ്പേട്ടയിലെ ടീച്ചേഴ്സ് കോളജില്‍ പഠിക്കുന്നകാലത്ത് ചിന്താദ്രിപ്പേട്ടയില്‍ പട്ടികജാതിക്കാര്‍ക്കായി ഒരു ഹോസ്റ്റലും ഒരു നിശാപാഠശാലയും സ്ഥാപിക്കാന്‍ നടരാജഗുരു വളരെ ഉത്സാഹിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്യ്രസമരത്തെ വളരെ അനുഭാവത്തോടെയാണ് ഇദ്ദേഹം വീക്ഷിച്ചിരുന്നത്. വെയില്‍സ് രാജകുമാരന്റെ സ്വീകരണത്തില്‍ സഹകരിക്കാന്‍ കോളജ് അധികൃതരും, ബഹിഷ്കരിക്കാന്‍ സ്വാതന്ത്ര്യസമരസേനാനികളും നിര്‍ബന്ധിച്ചപ്പോള്‍, ഇദ്ദേഹം നിഷ്പക്ഷത പാലിക്കുകയാണു ചെയ്തത്.
നടരാജന് കുട്ടിക്കാലം മുതല്‍ തന്നെ ബാംഗ്ലൂരുള്ള സ്വഭവനത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു. സാധാരണ വിദ്യാഭ്യാസത്തിലൂടെ ലഭിക്കാന്‍ കഴിയാത്ത ഒരറിവിലേക്ക് നടരാജന്റെ ശ്രദ്ധയെ തിരിക്കാന്‍ ഗുരു ശ്രദ്ധിച്ചു.
ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം നടരാജഗുരു ആലുവാ അദ്വൈതാശ്രമത്തില്‍ ചേര്‍ന്നു. അവിടത്തെ സാഹചര്യങ്ങളുമായി ഇദ്ദേഹത്തിന് പൊരുത്തപ്പെടാനായില്ല. 'കുടുംബ ബന്ധവും ഗുരുഭക്തിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം രണ്ടില്‍നിന്നും രക്ഷനേടുവാനായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് 1923-ല്‍ നീലഗിരി മലകളിലേക്ക് ഒളിച്ചോടിപ്പോയി അദ്ദേഹം' എന്നാണ് മുനിനാരായണപ്രസാദ് രേഖപ്പെടുത്തിയിട്ടുള്ളത്. നീലഗിരിയിലെത്തിയ നടരാജഗുരു, ഊട്ടിക്കടുത്തു കൂനൂരിലുള്ള ബോധാനന്ദസ്വാമികളുടെ ആശ്രമത്തില്‍ അന്തേവാസിയായി. അനാഥശിശുക്കളെ പാര്‍പ്പിക്കുന്നതിന് ഒരിടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവിടെ ഇദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. ക്ളിപ്ലാന്‍ഡ് ടീ എസ്റ്റേറ്റിലുള്ള ഒരു ഫാക്റ്ററിമന്ദിരം ഒഴിവായിക്കിട്ടിയതില്‍ ഗുരുകുലം എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം, ഇദ്ദേഹം ആരംഭിച്ചു. ദാരിദ്യ്രവും രോഗങ്ങളും ദുഷ്പേരും സഹിച്ചുകൊണ്ട് മൂന്നുവര്‍ഷക്കാലം ഇദ്ദേഹം ഗുരുകുലം നടത്തിക്കൊണ്ടു പോയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടര്‍ന്ന് വര്‍ക്കലയിലെത്തിയ നടരാജഗുരു, ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം ശിവഗിരി ഇംഗ്ളീഷ് മിഡില്‍ സ്കൂളില്‍ താത്കാലിക ഒഴിവില്‍ പ്രധാനാധ്യാപകനായി. ഇവിടെയും ഇദ്ദേഹം അധികനാള്‍ തങ്ങിയില്ല. ഇക്കാലത്ത് സിലോണിലായിരുന്ന ശ്രീനാരായണഗുരു നടരാജഗുരുവിനെ അങ്ങോട്ടേക്കു വിളിച്ചു.
ജനീവയിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദ് സയന്‍സ് ഒഫ് എഡ്യൂക്കേഷ'നില് ചേര്‍ന്നു പഠിച്ചതിനുശേഷം 'ലേ എക്കോല് ലേ രായന്‍സ്' എന്ന വിദ്യാലയത്തിലെ അധ്യാപകനായി ചേര്‍ന്നു. 'അധ്യാപനപ്രക്രിയയിലെ വ്യക്തിപരമായ ഘടകം' (The Personal Factor in Educative process) എന്ന വിഷയത്തെ ആധാരമാക്കി ഇദ്ദേഹം തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിന് പാരിസിലുള്ള സെര്‍ബോണ്‍ സര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്കി. യൂറോപ്പിലെ വാസക്കാലത്തിനിടയില്‍ ലണ്ടന്‍, പാരിസ്, ഗ്രീസ്, വെനീസ്, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 1933-ല്‍ നടരാജഗുരു നാട്ടില്‍ തിരിച്ചെത്തി. പിന്നീട് നീലഗിരിയിലെ ഫേണ്‍ ഹില്ലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
നെടുങ്കണ്ട ഹൈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കാലത്ത്, 1938-ല്‍ വര്‍ക്കലയില്‍ നടരാജഗുരു ആരംഭിച്ച ഗുരുകുലമാണ് ഗുരുകുലപ്രസ്ഥാനത്തിന്റെ കേന്ദ്രം. വര്‍ക്കലയ്ക്കു പുറമേ ആയാറ്റില്‍, എങ്ങണ്ടിയൂര്‍, എരിമയൂര്‍, ഏഴിമല, കോടക്കാട്, ചെറുവത്തൂര്‍, തോല്‍പ്പെട്ടി, മാനന്തവാടി, വിഴുമല, വെള്ളമുണ്ട, വൈത്തിരി, ശ്രീനിവാസപുരം എന്നിവിടങ്ങളിലും കേരളത്തിനുപുറത്ത് നീലഗിരി (ഊട്ടിക്കു സമീപം കൂനൂരുള്ള ഫേണ്‍ ഹില്ലില്‍), ഈറോഡ്, ബാംഗ്ലൂര്‍ (കഗ്ഗാളിപുരത്ത് 1923- ലും സോമന്‍ഹള്ളിയില്‍ 1950-ലും), സിംഗപ്പൂര്‍ (1966), ബെല്‍ജിയം (1950), സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ട്ട്ലന്‍ഡ്, ന്യൂജഴ്സി, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, സ്പ്രിങ്ഡെയില്‍, ഫിജി, കൊലാലംപൂര്‍, മലാക്ക എന്നീ സ്ഥലങ്ങളിലും ഗുരുകുലങ്ങളുണ്ട്.
ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് നടരാജഗുരു ലോകമെങ്ങും പ്രചരിപ്പിച്ചു. മൂന്നുഭാഗങ്ങളുള്ള ദ് വേഡ് ഒഫ് ദ് ഗുരു ശ്രദ്ധേയമായി. ('ദ് വേ ഒഫ് ദ് ഗുരു' എന്ന ഒന്നാംഭാഗവും 'ദ് വേഡ് ഒഫ് ദ് ഗുരു' എന്ന രണ്ടാംഭാഗവും ജാതിമീമാംസ, പിണ്ഡനദി, ജീവകാരുണ്യപഞ്ചകം, കുണ്ഡലിനിപ്പാട്ട്, ചിജ്ജഡചിന്തനം, അനുകമ്പാദശകം, ബ്രഹ്മവിദ്യാപഞ്ചകം എന്നീ ഗുരുദേവകൃതികളുടെ വിവര്‍ത്തനങ്ങള്‍ ചേര്‍ത്തിട്ടുള്ള മൂന്നാംഭാഗവും ചേര്‍ന്നതാണ് ഈ കൃതി.) ശ്രീനാരായണഗുരുവിനെക്കുറിച്ച് നടരാജഗുരു എഴുതിയിട്ടുള്ള ലേഖനങ്ങള്‍ നടരാജഗുരുവിന്റെ ശിഷ്യനായ ഹാരി ജേക്കബ്സന്‍ 1952-ല്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. നടരാജഗുരുവിന്റെ ഈ ശിഷ്യനാണ് ന്യൂജഴ്സിയില്‍ ഗുരുകുലം തുടങ്ങിയത്. നടരാജഗുരു എഴുതുന്ന ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ജോണ്‍ സ്പിയേഴ്സ് ആരംഭിച്ച മാസികയാണ് വാല്യൂസ്.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാല എന്ന സംസ്കൃത കൃതിയെ ആധാരമാക്കി നടരാജഗുരു രചിച്ച ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഒഫ് ദി അബ്സൊല്യൂട്ട്, പ്രതിരൂപാത്മക ഭാഷയെക്കുറിച്ചെഴുതിയ എ സ്കീം ഒഫ് ഇന്റഗ്രേഷന്‍ ഒഫ് എലമെന്റ്സ് ഒഫ് തോട്ട് ഇന്‍ വ്യൂ ഒഫ് എ ലാംഗ്വേജ് ഒഫ് യൂണിഫൈഡ് സയന്‍സ്, ശങ്കരാചാര്യരുടെ സൌന്ദര്യലഹരിക്ക് എഴുതിയ വ്യാഖ്യാനം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു രചനകള്‍. ഇംഗ്ളീഷിലെഴുതിയ രണ്ടുഭാഗങ്ങളുള്ള ആത്മകഥ മംഗലാനന്ദസ്വാമിയാണ് മൊഴിമാറ്റം നടത്തിയത്. വര്‍ക്കല ശ്രീനാരായണഗുരുകുലത്തില്‍വച്ച് 1973 മാ. 19-ന് നടരാജഗുരു അന്തരിച്ചു.
(ഡോ. ഇ. സര്‍ദാര്‍കുട്ടി)