This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനകാര്യക്കമ്മീഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനകാര്യക്കമ്മീഷന്‍

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവ പങ്കുവയ്ക്കല്‍ നിര്‍ദേശിക്കാന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കമ്മീഷന്‍. ഇന്ത്യന്‍ ഭരണഘടനതന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം ധനകാര്യധര്‍മങ്ങളും പ്രവര്‍ത്തന ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ലിസ്റ്റ് 1-ല്‍ കേന്ദ്രത്തിന്റെ അവകാശത്തിലുള്ള നികുതിയിനങ്ങള്‍ ഏതൊക്കെയാണ് എന്ന് വിവരിച്ചിട്ടുണ്ട്. ലിസ്റ്റ് 2-ല്‍ സംസ്ഥാനങ്ങളുടെ അവകാശത്തിലുള്ള നികുതിയിനങ്ങള്‍ വിവരിച്ചിരിക്കുന്നു. മറ്റു ചില നികുതികളുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കണ്‍കറന്റ് അവകാശങ്ങളുണ്ട്. എന്നാല്‍ പ്രവര്‍ത്തന ചുമതലകളും നികുതി വിഭവങ്ങളിലുള്ള അവകാശങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. സംസ്ഥാനങ്ങള്‍ക്കാണ് ചുമതലകള്‍ കൂടുതല്‍. പക്ഷേ, അത് നിര്‍വഹിക്കാനുള്ള നികുതിവിഭവങ്ങള്‍ അവര്‍ക്കില്ല. ഇക്കാര്യം മുന്നില്‍ക്കണ്ട് ഭരണഘടന തയ്യാറാക്കിയവര്‍തന്നെ ധനകാര്യക്കമ്മീഷന്‍ എന്ന സംവിധാനം ഭരണഘടനയുടെ ഭാഗമാക്കി. 280-ാം വകുപ്പിലാണ് ഇതുള്ളത്.

അസന്തുലിതസ്ഥിതി ചുമതലകളിലും നികുതി അവകാശങ്ങളിലും നിലനില്ക്കുന്നത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാന്‍ അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് നിയമിക്കുന്ന ധനകാര്യക്കമ്മീഷന്‍ ബാധ്യസ്ഥമാണ്. ചില കേന്ദ്രനികുതികളുടെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുക, പ്രത്യേക ഗ്രാന്റ്സ്-ഇന്‍-എയ്ഡ് (Grants-in-aid) നല്കുക എന്നീ സമീപനങ്ങളാണ് ധനകാര്യക്കമ്മീഷനുകള്‍ സ്വീകരിച്ചത്. ഗ്രാന്റുകള്‍ ഭരണഘടനയുടെ 275-ാം വകുപ്പനുസരിച്ച് നല്കുന്നു. ഇതിനുപുറമേയാണ് വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം.

ധനകാര്യക്കമ്മീഷന്റെ പ്രധാന ധര്‍മങ്ങള്‍ താഴെപ്പറയുന്നു:

(1) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിശ്ചിത നികുതികളുടെ അറ്റവരുമാനം പങ്കുവയ്ക്കുകയും അങ്ങനെ നീക്കി വയ്ക്കുന്ന പങ്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക.

(2) ഗ്രാന്റ്സ്-ഇന്‍-എയ്ഡ് തുകയുടെ വിതരണം സംബന്ധിച്ച് തത്ത്വങ്ങള്‍ നിര്‍ദേശിക്കുക.

(3) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള എല്ലാ ധനകാര്യബന്ധങ്ങളും അപഗ്രഥിച്ച്, പ്രശ്നങ്ങളുണ്ടെങ്കില്‍, അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുക.

ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റ് പാര്‍ലമെന്റിന് സമര്‍പ്പിക്കും. കമ്മീഷന്‍തന്നെ അര്‍ധ ജൂഡീഷ്യല്‍ സ്വഭാവമുള്ളതാണ്. ഇന്നേവരെ (2007) പന്ത്രണ്ട് ധനകാര്യക്കമ്മീഷനുകളാണ് ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുള്ളത്.

മഹാവീര്‍ ത്യാഗി
ഒന്നാം ധനകാര്യക്കമ്മീഷന്‍ മുതല്‍ പന്ത്രണ്ടാം കമ്മീഷന്‍ വരെ അതിന്റെ പ്രവര്‍ത്തനത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായിത്തന്നെ പല പുതിയ സമീപനങ്ങള്‍ക്കും രൂപം നല്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വരുമാനം, ചെലവുകള്‍ എന്നിവയെക്കുറിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവചനം നടത്തുക, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കു നല്കേണ്ട വിഭവ വിഹിതം നിര്‍ണയിക്കുക, സംസ്ഥാനങ്ങളുടെ പദ്ധതിയിതര ചെലവുകള്‍ എസ്റ്റിമേറ്റ് ചെയ്യുക, സംസ്ഥാനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന വിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയ്ക്ക് പങ്കു വയ്ക്കുന്നതിനുള്ള ഫോര്‍മുല നിര്‍ദേശിക്കുക, വിഭവപങ്കുവയ്ക്കലിനുശേഷവും ഉണ്ടായേക്കാവുന്ന വിഭവ വിടവ് അടയ്ക്കാനുള്ള ഗ്രാന്റുകളുടെ തോത് നിര്‍ണയിക്കുക എന്നിവയാണ് ധനകാര്യക്കമ്മീഷനുകള്‍ ഏറ്റെടുത്തിട്ടുള്ള മുഖ്യ ചുമതലകള്‍. സംസ്ഥാനങ്ങളുടെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, അതനുസരിച്ച് വര്‍ധിക്കാത്ത വരുമാനം, പദ്ധതി ചെലവുകള്‍, പദ്ധതിയിതര ചെലവുകള്‍ എന്നിവ ധനകാര്യക്കമ്മീഷനുകളുടെ മുമ്പില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കുന്നു. അതേസമയത്ത് കേന്ദ്രത്തിന്റെ ധനകാര്യസ്ഥിതിയും കമ്മീഷന്‍ പരിഗണിച്ചേ പറ്റൂ.

വിഭവ പങ്കുവയ്ക്കല്‍. ആദ്യകാലങ്ങളില്‍ ധനകാര്യക്കമ്മീഷനുകളുടെ പരിഗണനയ്ക്കു വന്ന രണ്ട് മുഖ്യ കാര്യങ്ങള്‍ ഇവയാണ്: (1) കേന്ദ്രത്തിന്റെ പ്രത്യക്ഷനികുതിയായ ആദായ നികുതിയുടെ അറ്റവരുമാന(നികുതി പിരിക്കാനുള്ള ചെലവു കഴിച്ചുള്ളത്)ത്തിന്റെ എത്ര ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്കണമെന്നത്. ഇതിനെ 'ലംബ വിതരണം' (vertical division) എന്നു വിളിക്കുന്നു. (2) സംസ്ഥാനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന ആകെയുള്ള നികുതി വരുമാനം അവര്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിനുള്ള തത്ത്വങ്ങള്‍. ഇതിനെ 'തിരശ്ചീന വിതരണം' (horizontal division) എന്നു വിളിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ മാറ്റിവയ്ക്കുന്ന പങ്കിനെ 'വിഭാജ്യ ചെറു ശേഖരം' (divisional pool) എന്നും വിളിക്കുന്നു. ഈ രണ്ട് മുഖ്യ കാര്യങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും നീരസം ഉണ്ടാക്കിയിട്ടുണ്ട്.

ഒന്നാം ധനകാര്യക്കമ്മീഷന്‍ കേന്ദ്രത്തിന്റെ പ്രത്യക്ഷനികുതിയായ ആദായ നികുതിയുടെ അറ്റവരുമാനത്തിന്റെ 55% സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ പിന്നീടു വന്ന കമ്മീഷനുകള്‍ അത് ക്രമമായി ഉയര്‍ത്തി. ഏഴ്, എട്ട്, ഒന്‍പത് എന്നീ ധനകാര്യക്കമ്മീഷനുകള്‍ ഇത് 85 ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ പത്താം കമ്മീഷന്‍ 1995-2000കാലത്തേക്ക്ഇത്77.5ശതമാനമായികുറച്ചു.സംസ്ഥാനങ്ങള്‍ക്കിടയില്‍ ഈ പങ്ക് വിതരണം ചെയ്യുന്നതിനുള്ള ഫോര്‍മുലയില്‍ ആദ്യകാല കമ്മീഷനുകള്‍ ജനസംഖ്യ, നികുതി പിരിവ് എന്നീ രണ്ട് ഘടകങ്ങളാണ് പരിഗണിച്ചത്. ഉദാഹരണത്തിന്, ഒന്നാം ധനകാര്യക്കമ്മീഷന്‍ 80% തുക ജനസംഖ്യയുടെയും ബാക്കി 20% നികുതി പിരിവിന്റെയും അടിസ്ഥാനത്തില്‍ വേണമെന്ന് നിര്‍ദേശിച്ചു. രണ്ടാം കമ്മീഷന്‍ 90 ശതമാനമായിരിക്കണം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നല്കേണ്ടത് എന്ന് നിര്‍ദേശിച്ചു. ഇത് ജനസംഖ്യ കൂടിയ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് സഹായകമായി. മൂന്നും നാലും കമ്മീഷനുകള്‍ മഹാരാഷ്ട്രയ്ക്കും പശ്ചിമബംഗാളിനും അനുകൂലമായി നികുതി പിരിവിന് കൂടുതല്‍ പ്രാധാന്യം നല്കി. അതിന്റെ പങ്ക് 20 ശതമാനമാക്കി. ഈ രണ്ട് സംസ്ഥാനങ്ങളാണ് ആദായനികുതി പിരിവില്‍ മുന്നില്‍ നില്ക്കുന്നത്.

വൈ.ബി.ചവാന്‍
എട്ടാം ധനകാര്യക്കമ്മീഷന്‍ (വൈ. ബി. ചവാന്‍ അധ്യക്ഷനായുള്ള) ആദായനികുതി വരുമാനം പങ്കുവയ്ക്കുന്നതിന് പുതിയ ഒരു ഫോര്‍മുല നിര്‍ദേശിച്ചു. 10% നികുതി പിരിവിന്റെ അടിസ്ഥാനത്തിലും ബാക്കിവരുന്ന 90% താഴെപ്പറയുന്ന അടിസ്ഥാനത്തിലുമായിരിക്കും: (1) 25% ജനസംഖ്യാടിസ്ഥാനത്തില്‍; (2) 25% സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനത്തെ ജനസംഖ്യകൊണ്ട് ഗുണിച്ചുകിട്ടുന്ന സംഖ്യയുടെ വിലോമത്തിന്റെ അടിസ്ഥാനത്തില്‍ (inverse of the percapita income of the state multiplied by population); (3) ബാക്കിവരുന്ന 50% സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനവും സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും തമ്മിലുള്ള അകലത്തിനെ സംസ്ഥാന ജനസംഖ്യകൊണ്ട് ഗുണിച്ചുകിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ (distance of the percapita income of a state from the highest percapita income among the states multiplied by the population of the state ). ഈ മൂന്നിന ഫോര്‍മുല സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നീതിയുറപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ഒന്‍പതാം ധനകാര്യക്കമ്മീഷന്‍ ഇതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി. പുതുതായി സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്ന (എ) പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ, (ബി) 1981-ലെ സെന്‍സസ് അനുസരിച്ചുള്ള കര്‍ഷകത്തൊഴിലാളികളുടെ എണ്ണം എന്നിവ പരിഗണിച്ച് ഒരു വ്യക്തമായ സൂചിക (composite index) കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. ഈ സൂചിക സംസ്ഥാനങ്ങളില്‍ നിലവിലുള്ള ദാരിദ്യ്രത്തിന്റെ തോതും പിന്നോക്കാവസ്ഥയും പ്രതിഫലിപ്പിക്കും. പത്താം ധനകാര്യക്കമ്മീഷന്‍ വീണ്ടും വിഭവ പങ്കുവയ്ക്കലിനുള്ള ഫോര്‍മുലയില്‍ മാറ്റം വരുത്തി. അതനുസരിച്ച്: (1) 20% 1971-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍; (2) 60% പ്രതിശീര്‍ഷ വരുമാനത്തിന്റെ അകലത്തിന്റെ അടിസ്ഥാനത്തില്‍; (3) 5% സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍; (4) 5% അടിസ്ഥാന സൌകര്യങ്ങളുടെ സൂചിക(index of infrastructure)യുടെ അടിസ്ഥാനത്തില്‍; (5) ബാക്കിവരുന്ന 10% നികുതിപിരിവുശ്രമത്തിന്റെ (tax effort) അടിസ്ഥാനത്തില്‍ എന്നിങ്ങനെ ആയിരുന്നു ആ മാറ്റം.

പൊതുവായിപ്പറഞ്ഞാല്‍, എല്ലാ ധനകാര്യക്കമ്മീഷനുകളും കേന്ദ്ര ആദായനികുതിയുടെ അറ്റവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. വിതരണം ചെയ്യാനുദ്ദേശിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിന് ജനസംഖ്യ, പ്രതിശീര്‍ഷ വരുമാനം, ഭൂമിശാസ്ത്രപരമായ വലുപ്പം, പിന്നോക്കാവസ്ഥ, അടിസ്ഥാന സൌകര്യങ്ങളുടെ നിലവാരം, നികുതിപിരിവ്ശ്രമം എന്നീ ഘടകങ്ങള്‍ കണക്കിലെടുക്കുന്നുവെന്ന് പറയാം. ഏതു ഫോര്‍മുല നിര്‍ദേശിച്ചാലും അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അതിനാല്‍ സംസ്ഥാനങ്ങള്‍ അവയുടെ അതൃപ്തി പ്രകടിപ്പിക്കാറുണ്ട്.

കേന്ദ്ര ആദായ നികുതിക്കു പുറമേ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, അധിക എക്സൈസ് ഡ്യൂട്ടി, യാത്രക്കാരുടെമേല്‍ റെയില്‍വേ ചുമത്തുന്ന യാത്രക്കൂലിയിലുള്ള നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി എന്നിവയുടെ വരുമാനവും കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ധനകാര്യക്കമ്മീഷനുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ എക്സൈസ് ഡ്യൂട്ടികളും ഈ പരിധിയില്‍ വരുന്നില്ല. പ്രധാനമായും പുകയില, തീപ്പെട്ടി, കാര്‍ഷിക ചരക്കുകള്‍ എന്നിവയിന്മേലുള്ള എക്സൈസ് ഡ്യൂട്ടികളാണ് ആദ്യകാലക്കമ്മീഷനുകള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനും ജനസംഖ്യ, പിന്നോക്കാവസ്ഥ എന്നീ ഘടകങ്ങള്‍ ചേര്‍ന്ന ഫോര്‍മുല ബാധകമാക്കിയിട്ടുണ്ട്. അവയുടെ താരതമ്യ വിഹിതത്തിനു മാത്രമേ മാറ്റം ഉണ്ടായിട്ടുള്ളൂ. ഒന്നാം കമ്മീഷന്‍ കേന്ദ്ര എക്സൈസ് ഡ്യൂട്ടി വരുമാനത്തിന്റെ 40% മാറ്റിവച്ചപ്പോള്‍ രണ്ടാം കമ്മീഷന്‍ അത് 25 ശതമാനമാക്കി. പക്ഷേ, 8 ഇനം ചരക്കുകളിന്മേലുള്ള ഡ്യൂട്ടി വരുമാനം പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചു. ഏഴാം കമ്മീഷനാണ് കേന്ദ്ര എക്സൈസ് ഡ്യൂട്ടി വരുമാനം പൂര്‍ണമായും കണക്കിലെടുത്ത് അതിന്റെ 40% സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്കണമെന്ന് നിര്‍ദേശിച്ചത്. എട്ടും ഒന്‍പതും പത്തും കമ്മീഷനുകള്‍ ഇത് 45 ശതമാനമാക്കി ഉയര്‍ത്തി. രണ്ടാം ധനകാര്യക്കമ്മീഷനാണ് ആദ്യമായി എസ്റ്റേറ്റ് ഡ്യൂട്ടിയില്‍നിന്നുമുള്ള അറ്റവരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്കാന്‍ നിര്‍ദേശിച്ചത്.

ഗ്രാന്റ്സ്-ഇന്‍-എയ്ഡ് പ്രധാനമായും സംസ്ഥാനങ്ങള്‍ നേരിടുന്ന കറന്റ് റവന്യുക്കമ്മിഭാരം കുറയ്ക്കാനും അന്തര്‍സംസ്ഥാന അസന്തുലിതാവസ്ഥ കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ധനകാര്യക്കമ്മീഷനുകള്‍ നിര്‍ദേശങ്ങള്‍ നല്കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് സ്വയം വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ വിഭവ സമാഹരണം സാധ്യമല്ലായെന്ന് കണ്ടിരിക്കുന്നു. കാരണം, നികുതിഘടനതന്നെ കേന്ദ്രത്തിന് അനുകൂലമായ തരത്തിലാണ് ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നു. രണ്ടുതരം ഗ്രാന്റ്സ്-ഇന്‍-എയ്ഡ് നിലവിലുണ്ട്; പൊതു ഗ്രാന്റുകളും (General grants) പ്രത്യേക ഗ്രാന്റുകളും (Special grants). പൊതുഗ്രാന്റുകള്‍ കറന്റ് റവന്യുക്കമ്മിയും സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന അസന്തുലിതാവസ്ഥയും പരിഹരിക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. പ്രത്യേക ഗ്രാന്റുകള്‍ പിന്നോക്ക സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ നിലവാരം, ഭരണ നിലവാരം എന്നിവ ഉയര്‍ത്താന്‍ വേണ്ടിയാണ്. ഈ ഗ്രാന്റുകള്‍ ഒരു പഞ്ചവത്സര പദ്ധതിക്കാലത്തെ അഞ്ച് വര്‍ഷത്തേക്കാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. പത്താം ധനകാര്യക്കമ്മീഷന്‍ ആകെ 20,300 കോടി രൂപയുടെ ഗ്രാന്റുകളാണ് സംസ്ഥാനങ്ങള്‍ക്കു നല്കിയത്. ഇത്രയും തുക (1) റവന്യുക്കമ്മി നികത്തല്‍ (2) പൊലീസ്, അഗ്നിശമനസേന, ജയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പ്രൈമറി സ്കൂളുകളില്‍ കുടിവെള്ളം എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തല്‍, (3) സംസ്ഥാനങ്ങളുടെ പ്രത്യേക പ്രശ്നങ്ങളുടെ പരിഹാരം, (4) പ്രകൃതിദുരന്ത സഹായം, (5) തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കു നല്കുന്ന സഹായം എന്നിവയ്ക്കുവേണ്ടിയാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്കുന്ന വായ്പകള്‍ ആദ്യം പരിഗണനയ്ക്ക് എടുത്തത് രണ്ടാം ധനകാര്യക്കമ്മീഷനാണ്. നാലാം കമ്മീഷന്‍ ഇക്കാര്യം പരിഗണിക്കാന്‍ പ്രത്യേക സംവിധാനമോ ഏജന്‍സിയോ വേണമെന്ന് നിര്‍ദേശിച്ചു. അഞ്ചാം കമ്മീഷന്റെ സമയമായപ്പോഴേക്കും സംസ്ഥാനങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് പ്രശ്നം ഗുരുതരമായി കഴിഞ്ഞിരുന്നു. ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നത് ഹാനികരമാണ് എന്ന് കമ്മീഷന്‍ വിധിച്ചു. അതിനു പകരം ചെലവ് നിയന്ത്രണത്തിന് സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്കണമെന്ന് നിര്‍ദേശിച്ചു. വേയ്സ് ആന്‍ഡ് മീന്‍സ് (ways and Means) വായ്പകള്‍ ഒരിക്കലും വിഭവ സ്രോതസ്സായി പരിഗണിക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ ഇക്കാര്യത്തിലുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാക്കണമെന്നും നിര്‍ദേശം ഉണ്ടായി. ആറാം കമ്മീഷന്‍ സംസ്ഥാനങ്ങളുടെ കടബാധ്യതയെക്കുറിച്ച് വിശദമായി പഠിച്ചു.
കെ.സി.പാന്ത്
കടത്തിന്റെ തിരിച്ചടവ് 15-30 വര്‍ഷക്കാലത്തേക്ക് മാറ്റണമെന്നും ചില കടങ്ങള്‍ എഴുതിത്തള്ളാവുന്നതാണെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഒന്‍പതാം കമ്മീഷന്‍ ഈ നടപടികളെ എതിര്‍ത്തു.

പത്താം ധനകാര്യക്കമ്മീഷന്‍. പത്താം കമ്മീഷന്‍ ഒരു 'ബദല്‍ പദ്ധതി' (alternative scheme) ആണ് വിഭവ പങ്കുവയ്ക്കലിന് നിര്‍ദേശിച്ചത്. 1991-ലെ നികുതി പരിഷ്കരണത്തെക്കുറിച്ചുള്ള ചെല്ലയ്യാ സമിതി(Chelliah Committee)യുടെ നിര്‍ദേശങ്ങള്‍ ആ കമ്മീഷന്‍ പരിഗണിച്ചു. കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ (gross revenue receipts) 26 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും ആയത് 15 വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിക്കുകയും ചെയ്യണമെന്ന് അത് നിര്‍ദേശിച്ചു. ഇതിന്റെ ഫലമായി കേന്ദ്ര നികുതി വരുമാനത്തിന്റെ വളര്‍ച്ചയുടെ ഗുണഫലം സംസ്ഥാനങ്ങള്‍ക്ക് കിട്ടും. തുടര്‍ന്ന് ഭരണഘടനയുടെ 80-ാം ഭേദഗതി വഴി (2000) 268, 269 വകുപ്പിനു പുറത്തുള്ള എല്ലാ കേന്ദ്ര നികുതി-ഡ്യൂട്ടി ഇനങ്ങളില്‍ നിന്നുള്ള വരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം എന്ന സ്ഥിതിയായി.

പതിനൊന്നാം ധനകാര്യക്കമ്മീഷന്‍. 1998-ല്‍ ഈ കമ്മീഷന്‍ നിയമിക്കപ്പെട്ടപ്പോള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ ആദ്യമായി തദ്ദേശഭരണസ്ഥാപനങ്ങളായ പഞ്ചായത്തുകളെയും മുനിസിപ്പല്‍ നഗരസഭകളെയും പരിഗണിച്ചു. കേന്ദ്രത്തിന്റെ മൊത്തനികുതിവരുമാനത്തിന്റെ 29.5% സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ഈ കമ്മീഷന്‍ നിര്‍ദേശിച്ചത്; ഇതിനുപുറമേ 8% ഗ്രാന്റുകളും. അങ്ങനെ ആകെ 37.5 ശതമാനമായിരിക്കും സംസ്ഥാനങ്ങള്‍ക്ക് കിട്ടുക. ആകെ വിഭവ പങ്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഫോര്‍മുലയില്‍ ജനസംഖ്യ (10%), പ്രതിശീര്‍ഷവരുമാനത്തിലെ അകലം (62.5%), ഭൂമിശാസ്ത്രപരമായ വലുപ്പം (7.5%), അടിസ്ഥാനസൗകര്യ സൂചിക (7.5%), നികുതിപിരിവ്ശ്രമം (5%), ധനകാര്യ അച്ചടക്കം (7.5%) എന്നീ ഘടകങ്ങളാണ് ചേര്‍ത്തത്. ഇതനുസരിച്ച് 2000-05 കാലത്ത് സംസ്ഥാനങ്ങള്‍ക്ക് ആകെ 4,34,905 കോടി രൂപയുടെ വിഭവ സഹായം കിട്ടി. ഇതില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 10,000 കോടി ലഭിച്ചു. സംസ്ഥാനങ്ങള്‍ക്കു കിട്ടിയ നികുതി വിഹിതം 3,76,318 കോടി രൂപയും ഗ്രാന്റുകള്‍ 58,587 കോടി രൂപയുമായിരുന്നു. സംസ്ഥാനങ്ങള്‍ അവയുടെ റവന്യൂ വരുമാനം മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് അവയ്ക്ക് കടാശ്വാസം നല്കാനും പതിനൊന്നാം കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. ആഭ്യന്തര സുരക്ഷയ്ക്കുവേണ്ടി പഞ്ചാബിനും ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിനും പ്രത്യേക ധനസഹായംകൂടിനല്കി.

പതിനൊന്നാം ധനകാര്യക്കമ്മീഷന്റെ മറ്റു ചില സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: (1) പുതുതായി രൂപവത്കരിച്ച ചെലവ് നിയന്ത്രണക്കമ്മീഷന്‍ നിര്‍ദേശിക്കുന്ന ബജറ്റ് നിയന്ത്രണം സംസ്ഥാനങ്ങള്‍ നടപ്പാക്കണം, (2) ജി.ഡി.പി.യുടെ 50% വരുന്ന സേവനങ്ങള്‍ (services) നികുതിവിധേയമാക്കണം, (3) സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നികുതിയടിത്തറ ശക്തിപ്പെടുത്തണം, (4) ഭരണഘടനാ ഭേദഗതി വഴി പ്രൊഫഷണല്‍ ടാക്സിനുള്ള പരിധി പുനര്‍നിര്‍ണയിക്കണം, (5) വമ്പിച്ച നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ശക്തമായ നടപടിയുണ്ടാകണം, (6) ഉത്പാദനത്തിനും വിതരണത്തിനും വേണ്ടിവരുന്ന വര്‍ധിച്ച ചെലവ് നികത്താനായി യൂസര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കണം, (7) ധാതുസമ്പത്തിന്റെ മേലുള്ള റോയല്‍റ്റി നിരക്കുകള്‍ കാലാനുസൃതമായി പരിഷ്കരിക്കണം, (8) പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളക്കമ്മീഷനുകളെ നിയമിക്കുന്ന പതിവ് നിര്‍ത്തലാക്കണം. ശമ്പളക്കമ്മീഷനുകളെ നിയമിക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണം, (9) സര്‍ക്കാര്‍ വകുപ്പിലുള്ള ജീവനക്കാരുടെ സംഖ്യ പുനര്‍നിര്‍ണയിക്കുകയും അധികമുള്ളവരെ പുനര്‍വിന്യസിക്കുകയും വേണം. പതിനൊന്നാം ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായില്ല.

പന്ത്രണ്ടാം ധനകാര്യക്കമ്മീഷന്‍. 2005-10 ലേക്കുള്ള നിര്‍ദേശങ്ങളാണ് ഈ കമ്മീഷന്‍ നല്കിയിട്ടുള്ളത്. ലംബത്തിലുള്ളതുകൂടാതെ തിരശ്ചീനമായ അസന്തുലിതാവസ്ഥകളും സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയിലുണ്ട്. ഇതു പരിഹരിക്കുക എന്ന ലക്ഷ്യംവച്ചുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിച്ചു. കേന്ദ്രത്തിന്റെ മൊത്ത നികുതിവരുമാനത്തിന്റെ 38% സംസ്ഥാനങ്ങള്‍ക്ക് നീക്കിവച്ചു. സംസ്ഥാനങ്ങളുടെയിടയില്‍ ഇതിന്റെ പങ്കുവയ്ക്കല്‍ ജനസംഖ്യ (25%), പ്രതിശീര്‍ഷവരുമാനങ്ങള്‍ തമ്മിലുള്ള അകലം (50%), ഭൂമിശാസ്ത്രപരമായ വലുപ്പം (10%), നികുതിപിരിവ്ശ്രമം (7.5%), ഫിസ്ക്കല്‍ അച്ചടക്കം (7.5%) എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ വിഹിതത്തില്‍ അഞ്ച് സംസ്ഥാനങ്ങളുടെ പങ്ക് ഏതാണ്ട് 51.5% ആണ്. യു.പി. (19.3%), ബിഹാര്‍ (11%), ആന്ധ്രപ്രദേശ് (7.4%), പശ്ചിമബംഗാള്‍ (7.1%), മധ്യപ്രദേശ് (6.7%) എന്ന കണക്കിലാണ് ഇത്. ബാക്കിയുള്ള 23 സംസ്ഥാനങ്ങള്‍ക്ക് അവശേഷിക്കുന്ന 48.5% കിട്ടും. 2005-10 കാലത്ത് 56,856 കോടി രൂപയുടെ പദ്ധതിയിതര റവന്യൂക്കമ്മിയാണ് 15 സംസ്ഥാനങ്ങളുടെ പേരില്‍ കമ്മീഷന്‍ കണക്കാക്കിയത്. പന്ത്രണ്ടാം കമ്മീഷന്‍ ആകെ 7,55,752 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് കൊല്ലത്തേക്ക് (2005-10) നീക്കിവച്ചിരിക്കുന്നത്. അതില്‍ 81% (6,13,112 കോടി രൂപ) നികുതിവരുമാനത്തിന്റെ വിഹിതമായും ബാക്കി 19% (1,42,640 കോടി രൂപ) ഗ്രാന്റ് ഇനത്തിലും സംസ്ഥാനങ്ങള്‍ക്കു കിട്ടും.

സി.രംഗരാജന്‍

കമ്മീഷന്റെ മറ്റു നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: (1) ദേശീയ ദുരിതപരിഹാര ഫണ്ട് (National Calamity Relief Fund) തുടരുകയും അതില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ സംഭാവന 75 : 25 എന്ന അനുപാതത്തില്‍ ആയിരിക്കുകയും വേണം. 2005-10 കാലത്ത് ഫണ്ടിന്റെ ആകെത്തുക 21,333 കോടി രൂപ ആയിരിക്കണമെന്നും പന്ത്രണ്ടാം കമ്മീഷന്‍ നിര്‍ദേശിച്ചു. 16,000 കോടി രൂപ കേന്ദ്രത്തിന്റെയും ബാക്കി 5,333 കോടി രൂപ സംസ്ഥാനങ്ങളുടെയും പങ്കാണ്. (2) സംസ്ഥാനങ്ങളുടെ മൊത്ത പൊതുക്കടം 2004 മാര്‍ച്ച് അവസാനം 7,83,310 കോടി രൂപയാണെന്ന് കമ്മീഷന്‍ എസ്റ്റിമേറ്റ് ചെയ്തു. ഇത് 2010 ആകുമ്പോള്‍ 8,81,350 കോടി രൂപ ആയേക്കും. 2005 മാര്‍ച്ച് അവസാനം ഉള്ള വായ്പാ കടബാധ്യതകള്‍ 20 വര്‍ഷദൈര്‍ഘ്യമുള്ള പുതിയ വായ്പകളായി മാറ്റിയെടുക്കണം. അതിന് 7.5% പലിശ ചുമത്താം. റവന്യൂക്കമ്മി നികത്താനോ കുറയ്ക്കാനോ ശ്രമിക്കുന്ന സംസ്ഥാനങ്ങളുടെ കടബാധ്യതകള്‍എഴുതിത്തള്ളാന്‍ നടപടികളുണ്ടാകണം. (3) കേന്ദ്രത്തിന്റെ ഒരു വരുമാനസ്രോതസ്സ് പെട്രോളിയം ഉത്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇതില്‍നിന്ന് ഉണ്ടാകുന്ന ലാഭം പെട്രോളിയം എന്ന ധാതുശേഖരം ഉള്ള സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നു.

ആര്‍.എസ് സര്‍ക്കാരിയ
പന്ത്രണ്ടാം ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ചില ഉപാധികളുമായി ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കേന്ദ്രം അധികാരം അടിച്ചേല്പിക്കുന്നുവെന്നുള്ളതാണ് മുഖ്യ വിമര്‍ശനം. ശക്തമായ കേന്ദ്രവും ആശ്രിതസ്വഭാവമുള്ള സംസ്ഥാനങ്ങളും ഫെഡറല്‍ സംവിധാനത്തിന് ഉതകുന്നതല്ല. സംസ്ഥാനങ്ങളുടെ ചുമതലകള്‍ താങ്ങാവുന്ന വിധത്തിലല്ല അവയ്ക്കു നല്കിയിട്ടുള്ള നികുതിവരുമാനവിഭവങ്ങള്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്, പ്രത്യേകിച്ചും വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍. കൂടാതെ, നിയമസമാധാനമേഖലയിലും കേന്ദ്രത്തിന്റെ ഇടപെടലുണ്ട്. സി.ആര്‍.പി., ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവ ഉദാഹരണം. കേന്ദ്രത്തിന്റെ വരുമാന സ്രോതസ്സുകള്‍ ഇലാസ്തികതയുള്ളതും സംസ്ഥാനങ്ങളുടേത് ഇലാസ്തികത ഇല്ലാത്തതും ആണ്.

കേരളം ഇതേവരെ സാമൂഹിക-സാമ്പത്തികരംഗത്ത്, പ്രത്യേകിച്ചും സാക്ഷരത, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നീ മേഖലകളില്‍ നേടിയ നേട്ടങ്ങള്‍മൂലം ഇന്ന് രണ്ടാം തലമുറയിലുള്ള പുത്തന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. അതില്‍ പ്രധാനം നേട്ടങ്ങള്‍ സുസ്ഥിരമായി സൂക്ഷിക്കാന്‍വേണ്ടിവരുന്ന പുത്തന്‍ചെലവുകളാണ്. അതിന് സഹായകമായി കൂടുതല്‍ വിഭവസഹായം കേരളം പ്രതീക്ഷിക്കുന്നു. പശ്ചിമബംഗാളും തമിഴ്നാടും ഫെഡറല്‍ ബന്ധങ്ങളില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. 1971-ലെ രാജമന്നാര്‍ സമിതിയും 1988-ലെ സര്‍ക്കാരിയ കമ്മീഷനും ഫെഡറല്‍ ബന്ധങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍