This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുബൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുബൈ

Dubai

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ.) ഒരു അമീറത്തും അതിന്റെ ആസ്ഥാന നഗരവും. മുന്‍ ട്രൂഷ്യല്‍ സ്റ്റേറ്റുകളില്‍ ഒന്നായിരുന്ന ദുബൈ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍, ദുബൈ കടലിടുക്കിന്റെ പടിഞ്ഞാറന്‍തീരത്തായി സ്ഥിതിചെയ്യുന്നു. 3,890 ച.കി.മീ. ആണ് അമീറത്തിന്റെ വിസ്തീര്‍ണം.

1833 വരെ അബുദാബിയുടെ സാമന്ത രാജ്യമായിരുന്ന ദുബൈ 1954 മുതല്‍ 1971 വരെ നിലനിന്ന ട്രൂഷ്യല്‍ സ്റ്റേറ്റുകളുടെ ബ്രിട്ടിഷ് പൊളിറ്റിക്കല്‍ ഏജന്റിന്റെ ആസ്ഥാനമായിരുന്നു. മുത്തുശേഖരണം, മത്സ്യബന്ധനം, ഒട്ടകപരിപാലനം തുടങ്ങിയ പരമ്പരാഗത ധനാഗമ മാര്‍ഗങ്ങളില്‍ കേന്ദ്രീകൃതമായിരുന്ന ദുബൈയുടെ സമ്പദ്വ്യവവസ്ഥയില്‍ ഇന്ന് എണ്ണയുത്പാദനത്തിനാണ് മുന്‍തൂക്കം. പണിയായുധങ്ങള്‍, വസ്ത്രം, സ്റ്റീല്‍, പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്. വജ്രവ്യാപാരമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന വ്യവസായം.

ഗള്‍ഫ് മേഖലയിലെ ഒരു പ്രധാന വാണിജ്യ-വ്യാപാര-വിനോദസഞ്ചാര കേന്ദ്രമാണ് ദുബൈ. 1930-ല്‍ ദയ്റ, ദുബൈ എന്നീ ഗ്രാമങ്ങള്‍ സംയോജിതമായി വികസിപ്പിച്ചാണ് ദുബൈ എന്ന വാണിജ്യനഗരത്തിന് രൂപംനല്കിയത്. നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ ദയ്റ (ദയ്റാന്‍) എന്നറിയപ്പെടുന്നു. പഴമയും പുതുമയും, പാശ്ചാത്യ-പൌരസ്ത്യ ശൈലികളും സമ്മേളിക്കുന്ന നഗരത്തെ 'ഗള്‍ഫിന്റെ വെനീസ്' എന്നു വിശേഷിപ്പിക്കാറുണ്ട്.

മിതോഷ്ണ കാലാവസ്ഥയാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. ജനു.-ല്‍ 23.4ബ്ബഇ-ഉം ജൂലായില്‍ 42.3ബ്ബഇ-ഉം ശരാശരി താപനില രേഖപ്പെടുത്തുന്ന ഇവിടെ പ്രതിവര്‍ഷം ശരാശരി 60 മീ.മീ. മഴ ലഭിക്കുന്നു. ജനു. മുതല്‍ സെപ്. വരെയുള്ള വേനല്‍മാസങ്ങളില്‍ ചൂട് അസഹനീയമാകാറുണ്ട്. ശൈത്യകാലത്താണ് സാധാരണയായി മഴ ലഭിക്കുന്നത്.

ദുബൈയിലെ ജനങ്ങളില്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ്. മതങ്ങളില്‍ പ്രമുഖ സ്ഥാനം ഇസ്ലാമിനാണെങ്കിലും എല്ലാ മതസ്ഥര്‍ക്കും ഇവിടെ ആരാധനാ സ്വാതന്ത്യ്രമുണ്ട്. ജനങ്ങളില്‍ 96%-ഉം മുസ്ലിങ്ങളാണ്. അറബിയാണ് ഔദ്യോഗിക ഭാഷ; നയതന്ത്ര-വ്യാപാര മേഖലകളില്‍ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്. ഉയര്‍ന്ന സാക്ഷരതയുള്ള ദുബൈയില്‍ ഉന്നത വിദ്യാഭ്യാസസൗകര്യങ്ങളും ലഭ്യമാണ്. കോസ്മോപൊലിറ്റന്‍ സ്വഭാവമുള്ള നഗരമാണ് ദുബൈ. ജനസംഖ്യയുടെ 80 ശതമാനത്തോളം വിദേശികളാണ്. മറ്റ് അറബിനാടുകളില്‍നിന്നുള്ളവരും ഏഷ്യക്കാരും യൂറോപ്യന്മാരുമാണ് ഇതില്‍ മുഖ്യം.

ദുബൈ നഗരം

മികച്ച വാര്‍ത്താവിനിമയ-ഗതാഗത സൗകര്യങ്ങളുള്ള ദുബൈയെ ഏറെ ആകര്‍ഷകമാക്കുന്നത് ഇവിടത്തെ ഷോപ്പിങ് സൗകര്യങ്ങളാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന 'ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍' ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള വിപണനമേളയാണ്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ഒട്ടകപ്പന്തയം, മരുഭൂമിയിലൂടെയുള്ള സാഹസികയാത്രകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍. ഒരു പ്രത്യേക മേഖലയില്‍പ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് അവയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇതിന്റെ പരിധിക്കുള്ളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കപ്പെട്ട നിരവധി സ്വാശ്രയ ഗ്രാമങ്ങള്‍ ദുബൈയിലുണ്ട്. ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

യു.എ.ഇ.യിലെ ഒരു പ്രധാന തുറമുഖമാണ് ദുബൈ. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം യു.എ.ഇ.യിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്. യു.എ.ഇ.യിലെ വാണിജ്യ തുറമുഖ ശൃംഖലകളില്‍ ഉള്‍പ്പെട്ട റഷീദ്, ജെബല്‍ അലി എന്നീ തുറമുഖങ്ങള്‍ ദുബൈയിലാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ റഷീദ് തുറമുഖം പ്രധാന കണ്ടെയ്നര്‍ ടെര്‍മിനല്‍ കൂടിയാണ്. ജെബെല്‍ അലി ഒരു 'സ്വതന്ത്ര വാണിജ്യ മേഖല' (Free Trade Zone) ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ചരിത്രം. പുരാതനകാലത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു ദുബൈ എന്നാണ് അനുമാനം. 1830-കളില്‍ ലിവാ മരുപ്പച്ചയില്‍ നിന്നുള്ള ബാനിയാസ് ഗോത്രക്കാരുടെ വരവോടെയാണ് ആധുനിക ദുബൈയുടെ ചരിത്രം ആരംഭിക്കുന്നത്. ബാനിയാസ് ഗോത്രക്കാരുടെ കുടിയേറ്റത്തിനു നേതൃത്വം നല്കിയ മക്തും (Maktoum) കുടുംബത്തിനാണ് ഇന്നും ദുബൈയുടെ ഭരണാധികാരം. ഈ രാജവംശത്തിലെ നാലാമത്തെ ഭരണാധികാരിയായ റഷീദ് ബിന്‍ മക്തും ബ്രിട്ടനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 1892-ല്‍ ദുബൈ ബ്രിട്ടിഷ് സംരക്ഷണത്തിലായി. 19-ാം ശ.-ത്തില്‍ ബ്രിട്ടിഷ് സംരക്ഷണം സ്വീകരിച്ച ട്രൂഷല്‍ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ദുബൈ. 1965-ല്‍ ബ്രിട്ടനുമായുള്ള സഖ്യം റദ്ദ് ചെയ്ത ട്രൂഷല്‍ സംസ്ഥാനങ്ങള്‍ യു.എ.ഇ. എന്ന ഫെഡറേഷനു രൂപംനല്കി. ഫെഡറേഷന്റെ രൂപവത്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ദുബൈ ആയിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%81%E0%B4%AC%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍