This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിശിഖിബ്രാഹ്മണോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിശിഖിബ്രാഹ്മണോപനിഷത്ത്

യോഗസാധനയെ വിശദമായി പ്രതിപാദിക്കുന്ന ഉപനിഷത്ത്. ത്രിശിഖിബ്രാഹ്മണന്‍ ആദിത്യലോകത്തു ചെന്ന് ഭഗവാന്‍ ആദിത്യനോട് ശരീരം, പ്രാണന്‍, ആത്മാവ് തുടങ്ങിയവയുടെ സ്വരൂപത്തെപ്പറ്റി വിശദമാക്കണം എന്നഭ്യര്‍ഥിച്ചതനുസരിച്ച് ആദിത്യദേവന്‍ ഉപദേശിക്കുന്നതാണ് ഈ ഉപനിഷത്ത്.

'ഓം പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമുദച്യതേ. പൂര്‍ണസ്യപൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ' (അത് പൂര്‍ണമാണ്. ഇത് പൂര്‍ണമാണ്. പൂര്‍ണത്തില്‍നിന്ന് പൂര്‍ണം ഉണ്ടാകുന്നു. പൂര്‍ണത്തില്‍നിന്ന് പൂര്‍ണത്തെ എടുത്താലും പൂര്‍ണംതന്നെ അവശേഷിക്കുന്നു. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ) എന്ന ശാന്തിമന്ത്രത്തോടെയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്.

പ്രപഞ്ചം ശിവസ്വരൂപമാണെന്നും ബ്രഹ്മസ്വരൂപമായ ശിവന്‍ ഏകമെങ്കിലും ശരീരം, ജീവന്‍, ആത്മാവ് എന്നിങ്ങനെ വ്യത്യസ്തമായി വ്യവഹരിക്കപ്പെടുക മാത്രമാണെന്നും നിരീക്ഷിച്ചുകൊണ്ട് പ്രപഞ്ചവസ്തുക്കളുടെയും യോഗസാധനയുടെയും വിശദമായ പ്രതിപാദനം ആരംഭിക്കുന്നു. 'ബ്രഹ്മണോ അവ്യക്തം, അവ്യക്താത് മഹത്, മഹതോളഹംകാരഃ, അഹങ്കാരാത് പഞ്ചതന്മാത്രാണി, പഞ്ചതന്മാത്രേഭ്യഃ പഞ്ചമഹാഭൂതാനി, പഞ്ചമഹാഭൂതേഭ്യഃ അഖിലം ജഗത്' (ബ്രഹ്മത്തില്‍നിന്ന് അവ്യക്തം എന്ന തത്ത്വം, അവ്യക്തത്തില്‍നിന്ന് മഹത്തത്ത്വം, മഹത്തില്‍നിന്ന് അഹംകാരതത്ത്വം, അഹംകാരത്തില്‍നിന്ന് പഞ്ചതന്മാത്രകള്‍, തന്മാത്രകളില്‍നിന്ന് പഞ്ചമഹാഭൂതങ്ങള്‍, മഹാഭൂതങ്ങളുടെ സംയോഗത്താല്‍ പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം) എന്ന് പ്രപഞ്ചോത്പത്തിയുടെ ക്രമം വിശദീകരിക്കുന്നു.

ശരീരം, ബുദ്ധി, മനസ്സ് തുടങ്ങിയവയുടെ സംയമനത്തിലൂടെ അനുശീലിക്കുന്ന യോഗത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയെപ്പറ്റി വിശദീകരിച്ചശേഷം വിവിധ യോഗചര്യകളെ പരിചയപ്പെടുത്തുന്നു. സ്വസ്തികാസനം, ഗോമുഖാസനം, വീരാസനം, യോഗാസനം, പദ്മാസനം, ബദ്ധപദ്മാസനം, കുക്കുടാസനം, ഉത്താനകൂര്‍മാസനം, ധനുരാസനം, സിംഹാസനം, ഭദ്രാസനം, മുക്താസനം, മയൂരാസനം, മത്സ്യേന്ദ്രാസനം, സിദ്ധാസനം, പശ്ചിമോത്താസനം, സുഖാസനം എന്നിവയുടെ വിവരണം നല്കുന്നു. പ്രാണായാമത്തിലൂടെയും കുണ്ഡലിനീ സിദ്ധിയിലൂടെയും പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ ഘട്ടങ്ങളിലൂടെ മോക്ഷസിദ്ധി നേടുന്ന മാര്‍ഗമാണ് തുടര്‍ന്ന് വിശദമായി പ്രതിപാദിക്കുന്നത്. ഈ സിദ്ധിയില്‍ ജീവാത്മാവിനും പരമാത്മാവിനും തമ്മില്‍ ഭേദമില്ലെന്ന ഭാവം കൈവരുന്നതായും അങ്ങനെ 'അഹം ബ്രഹ്മാസ്മി'തത്ത്വം സാക്ഷാത്കരിച്ച യോഗി സമാധി നേടുന്നതായും ബ്രഹ്മാത്മൈക്യം കാരണം പിന്നീട് ഒരു ജന്മം ഉണ്ടാകാത്തതായും വിശദീകരിക്കുന്നു.

('ജീവാത്മനഃപരസ്യാപി യദ്യേവമുഭയോരപി

അഹമേവ പരം ബ്രഹ്മ ബ്രഹ്മാഹമിതി സംസ്ഥിതിഃ

സമാധിഃ സ തു വിജ്ഞേയഃ സര്‍വവൃത്തിവിവര്‍ജിതഃ

ബ്രഹ്മ സംപദ്യതേ യോഗീ ന ഭൂയഃ സംസൃതിം വ്രജേത്')

ലോകം ഒരു സ്വപ്നമെന്നപോലെ മോഹജാലത്തില്‍ കുടുങ്ങിയ ഒന്നു മാത്രമാണെന്ന അറിവും സാക്ഷാത്കാരവും ലഭിക്കുന്നതോടെ യോഗി ജീവന്മുക്തിയും കൈവല്യവും നേടുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍