This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താജ്മഹല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താജ്മഹല്‍
മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്ന സ്മാരക മന്ദിരം. തീവ്രാനുരാഗത്തിന്റെ പ്രതീകമായ ഇത് ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. 'അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളി' എന്ന് ടാഗൂര്‍ വിശേഷിപ്പിച്ച ഈ വെണ്ണക്കല്‍ ശില്പം ആഗ്രയില്‍ സ്ഥിതിചെയ്യുന്നു. പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിനു വേണ്ടി ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഈ മന്ദിരം പണികഴിപ്പിച്ചത്. താജ്മഹല്‍ എന്ന പേരിന് 'സൗധങ്ങളുടെ മകുടം' എന്നാണ് അര്‍ഥം. പ്രസവത്തെത്തുടര്‍ന്ന് 1629-ല്‍ മുംതാസ് മഹല്‍ മരിച്ചു. പ്രിയതമയുടെ അകാല നിര്യാണത്തില്‍ അതീവ ദുഃഖിതനായ ഷാജഹാന്‍, അനശ്വര പ്രേമത്തിന്റെ പ്രതീകമായി, ലോകത്തില്‍ ഇതുവരെ ആരും നിര്‍മിച്ചിട്ടില്ലാത്തത്ര മനോഹരമായ മന്ദിരം നിര്‍മിക്കാന്‍ ഉത്തരവിട്ടു. ലോകത്തിലെ പ്രശസ്തരായ വാസ്തു ശില്പികള്‍ താജ്മഹലിന്റെ രൂപകല്പനയില്‍ പങ്കാളികളായി. ദക്ഷിണേന്ത്യ, ബര്‍മ (മ്യാന്‍മര്‍), ഈജിപ്ത്, സിലോണ്‍, പേര്‍ഷ്യ തുടങ്ങിയ ദേശങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതിന്റെ രൂപകല്പനയില്‍ പങ്കെടുത്തു.
മുഗള്‍ സാമ്രാജ്യത്തിലുണ്ടായിരുന്ന ഇറ്റലിക്കാരനായ ജെറോനിമോ വെറോണിയോ ആണ് താജ്മഹലിന്റെ രൂപകല്പന ചെയ്തതെന്ന് ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം ചരിത്രകാരന്മാരും ഉസ്താദ് ഇഷ ഖാന്‍ എഫെന്‍ഡി എന്ന പേര്‍ഷ്യന്‍ വാസ്തുശില്പിയുടെ മാതൃകയാണ് ഷാജഹാന്‍ സ്വീകരിച്ചതെന്ന അഭിപ്രായക്കാരാണ്. ഇഷ തന്റെ പ്രധാന ശിഷ്യനായ ഉസ്താദ് അഹമ്മദിനെ നിര്‍മാണച്ചുമതല ഏല്പിച്ചു. 1630-ന്റെ തുടക്കത്തില്‍ താജ്മഹലിന്റെ നിര്‍മാണം ആരംഭിച്ചു. ആയിരക്കണക്കിന് വാസ്തുശില്പികളും കൊത്തുപണിക്കാരും കൈയെഴുത്തു വിദഗ്ധരും ഇതിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തു. ഇസ്മയില്‍ ഖാന്‍ എന്ന വാസ്തുശില്പിയാണ് കുംഭഗോപുരം രൂപകല്പന ചെയ്തത്. ഇരുപതിനായിരം പേര്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്താണ് താജ്മഹല്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചുമരുകള്‍ നിറയെ ചിത്രപ്പണികളുണ്ട്. അതിനായി പലതരം ലോഹങ്ങളും രത്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മക്രാണയില്‍ നിന്നാണ് നിര്‍മിതിക്കാവശ്യമായ വെള്ളമാര്‍ബിള്‍ ഖനനം ചെയ്തത്. രത്നം, വൈഡൂര്യം, ഇന്ദ്രനീലം തുടങ്ങിയ അമൂല്യരത്നങ്ങള്‍ ചൈന, തിബത്ത്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, യെമന്‍, ശ്രീലങ്ക, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വരുത്തി. നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിക്കാന്‍ 2 മൈല്‍ ദൈര്‍ഘ്യമുള്ള ഒരു പാത നിര്‍മിച്ചു. ഈ പാതയുടെ ചരിവ് വര്‍ധിപ്പിച്ച് സാമഗ്രികള്‍ കുംഭഗോപുരത്തിന്റെ തലത്തിലെത്തിച്ചു.
പണി പൂര്‍ത്തിയായപ്പോള്‍ മനോഹരമായ താജ് മഹലിന്റെ ഭംഗിയില്‍ ചക്രവര്‍ത്തിയുടെ മനം കുളിര്‍ത്തു. അതുപോലൊരു മന്ദിരം മറ്റാരും നിര്‍മിക്കരുതെന്ന ഉദ്ദേശ്യത്തോടെ ചക്രവര്‍ത്തി അതിന്റെ മുഖ്യശില്പിയുടെ വലംകൈ മുറിച്ചുകളഞ്ഞു എന്നൊരു കഥയുണ്ട്.
മുംതാസ് മഹലിന്റെ മൃതശരീരം ബര്‍ഹന്‍പൂറിലെ സൈനാബാദ് തോട്ടത്തിലാണ് ആദ്യം സംസ്കരിച്ചത്. ആറ് മാസത്തിനു ശേഷം യമുനാതീരത്തുള്ള തോട്ടത്തിലേക്ക് ഭൗതികാവശിഷ്ടം മാറ്റി. തുടര്‍ന്നായിരുന്നു താജിന്റെ നിര്‍മാണം. കുംഭകുടീരം പൂര്‍ത്തിയായതിനുശേഷം അവിടെ സ്ഥാപിച്ചിരിക്കുന്ന മുംതാസിന്റെ ശവമഞ്ചത്തിനു മുകളില്‍ പവിഴങ്ങള്‍ നിരത്തിയ ഒരു ഫലകം സ്ഥാപിക്കുകയും അതിന് സ്വര്‍ണാവരണം നല്‍കുകയും ചെയ്തു. ചക്രവര്‍ത്തി സ്വയം തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ അതില്‍ നിക്ഷേപിച്ചിരുന്നു. മതപുരോഹിതരെ അവിടെ കൊണ്ടുവന്ന് പ്രാര്‍ഥന നടത്തുക പതിവായിരുന്നു. രണ്ടായിരം സൈനികരെയാണ് താജിന്റെ രക്ഷയ്ക്കായി ചക്രവര്‍ത്തി നിയമിച്ചത്. അകത്തളത്തില്‍ വിലയേറിയ പേര്‍ഷ്യന്‍ പരവതാനികള്‍ വിരിച്ചു. ചുവരുകളില്‍ വെള്ളി മെഴുകുതിരി സ്റ്റാന്റുകളും സ്വര്‍ണ വിളക്കുകളും ഘടിപ്പിച്ചു. മുന്‍വശത്തെ വാതിലുകള്‍ വെള്ളിയില്‍ തീര്‍ത്തതായിരുന്നു. ഇവയില്‍ പലതും ഇന്നവശേഷിക്കുന്നില്ല. താജിലെ സമ്പത്ത് പല പ്രാവശ്യം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. "ദൈവ കൃപയാല്‍ ഹിജറ 1057-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി കവാടത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഷാജഹാന്റെ സഭയിലുണ്ടായിരുന്ന അലി മര്‍ഡാന്‍ ഖാന്‍ ആണ് താജ് പൂന്തോട്ടം രൂപകല്പന ചെയ്തത്. ജലവാഹിയായ കനാലുകള്‍ നിര്‍മാണ കാലഘട്ടത്തിലേതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു. മുഖ്യ ജല കനാലിനിരുവശവും സൈപ്രസ് മരങ്ങള്‍ വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനരികിലുള്ള മാര്‍ബിള്‍ ബഞ്ചുകളിലിരുന്നാല്‍ കനാലിലെ വെള്ളത്തില്‍ താജ്മഹല്‍ പ്രതിബിംബിക്കുന്നതു കാണാം.
പ്രധാനമായും അഞ്ച് ഘടകങ്ങളാണ് താജ് കോംപ്ളക്സിനുള്ളത് - 'ദര്‍വാസാ' എന്നറിയപ്പെടുന്ന മുഖ്യകവാടം, 'ബഗീച' അഥവാ തോട്ടം, 'മസ്ജിദ്' അഥവാ മോസ്ക്, 'നാക്കര്‍ ഖാന' അഥവാ വിശ്രമകേന്ദ്രം, 'റൌസ' അഥവാ താജ്മഹല്‍ മുസോളിയം. പേര്‍ഷ്യന്‍, മധ്യേഷ്യന്‍, ഇസ്ളാമിക് വാസ്തുവിദ്യയുടെ മിശ്രണമാണ് സ്മാരക മന്ദിരം. താജിന്റെ മുഖ്യ പ്രവേശനം പടിഞ്ഞാറേക്കാണ്. രണ്ട് പ്രവേശന കവാടങ്ങള്‍ കൂടി താജിനുണ്ട്.
ചുവന്ന സാന്‍ഡ്സ്റ്റോണില്‍ നിര്‍മിച്ചതാണ് മൂന്ന് നിലകളുള്ള മുഖ്യ കവാടം. ഉയരം 30 മീ. ഇതിലുള്ള അഷ്ടഭുജസംരചനയ്ക്കിരുവശത്തും ചെറിയ മുറികളുണ്ട്. ഭിത്തിയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. അക്ഷരങ്ങള്‍ക്ക് ഒരേ വലിപ്പമാണെന്ന് നിരീക്ഷകനു തോന്നുംവിധമാണ് സൂക്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുകളില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ക്ക് തറയോടടുത്ത അക്ഷരങ്ങളെക്കാള്‍ ഒന്നേകാല്‍ ഇരട്ടി വലുപ്പക്കൂടുതലുണ്ട്. അബ്ദുള്‍ ഹക്ക് ഷിറാസി എന്ന കൈയെഴുത്തു വിദഗ്ധനാണ് ഇത് രൂപകല്പന ചെയ്തത്. താജ്മഹല്‍ സ്ഥിതിചെയ്യുന്ന തോട്ടത്തിന് 580 മീ. നീളവും 300 മീ. വീതിയുമുണ്ട്.
സമചതുര പ്ലാറ്റ്ഫോമിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. പ്ലാറ്റ്ഫോമിന്റെ ഓരോ മൂലയ്ക്കും മിനാരറ്റ് അഥവാ പ്രാസാദശിഖരങ്ങളുണ്ട്. ഇതിന്റെ ഉയരം 55 മീ. ആണ്. താജിന്റെ ആകെ ഉയരം 75 മീ. ആണ്. കുത്തബ്മീനാറിനെക്കാള്‍ രണ്ടില്‍ കൂടുതല്‍ മീറ്റര്‍ ഉയരം താജ്മഹലിനുണ്ട്. താജിന്റെ ഭിത്തികള്‍ ചതുരശ്ര അടിക്ക് 7.9 ടണ്‍ ഭാരം വഹിക്കുന്നുണ്ട്. കുംഭഗോപുരത്തിന്റെ ഭാരം 12,000 ടണ്‍ ആണ്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. മൃതശരീരം താഴെയുള്ള ശവകുടീരത്തിലാണ്. മുകളില്‍ ഒരു വെറും ശവക്കല്ലറ പണിതിട്ടുണ്ട്. ഇത് ഭംഗി വര്‍ധിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്. മുകളിലെ ശവക്കല്ലറയ്ക്കു ചുറ്റും എട്ട് ശൂന്യ അറകളുണ്ട്. നാലെണ്ണം അഷ്ടഭുജാകൃതിയിലുള്ളതും നാലെണ്ണം ദീര്‍ഘ ചതുരാകൃതിയിലുള്ളതുമാണ്.
താജ്മഹലിന്റെ നിര്‍മിതി, എന്‍ജിനീയറിങ് ദൃഷ്ടിയില്‍ അനുപാതമൊപ്പിച്ചതും സമമിതവുമാണ്. അസമമിതമായ ഏകനിര്‍മിതി ഷാജഹാന്റെ ശവക്കല്ലറയാണ്. ഷാജഹാന്റെ ശവക്കല്ലറ, മുംതാസിന്റേതിനെക്കാള്‍ വലുതാണ്. ഖുര്‍-ആന്‍ സൂക്തങ്ങളൊന്നും അതില്‍ ആലേഖനം ചെയ്തിട്ടില്ല. ഷാജഹാന്റെ മരണ വര്‍ഷവും അദ്ദേഹത്തിന്റെ ബിരുദങ്ങളും അതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
മുഖ്യനിര്‍മിതിക്കിരുവശവും സാന്‍ഡ്സ്റ്റോണില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടം സമ്മിതിയിലൂടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. അവ രണ്ടും ഒരുപോലുള്ളതാണ്.
പ്ലാറ്റ്ഫോമിന്റെ ഉയരം 5.5 മീ. ആണ്. ഈ മാര്‍ബിള്‍ പ്ലാറ്റ്ഫോമിന്റെ വിസ്തീര്‍ണം 95 ച.മീ. പ്ലാറ്റ്ഫോമിന് കറുപ്പും വെളുപ്പും ഇടകലര്‍ന്ന ചെസ് ബോര്‍ഡ് ഡിസൈന്‍ ആണ്. പ്ലാറ്റ്ഫോമിന്റെ നാലു മൂലയ്ക്കുമുള്ള മൂന്നുനില മിനാരറ്റ് അല്പം പുറത്തേക്കു ചരിച്ചാണു നിര്‍മിച്ചിട്ടുള്ളത്. എന്തെങ്കിലും കാരണത്താല്‍ മിനാരറ്റ് തകര്‍ന്നാല്‍ താജ്മഹലില്‍ പതിക്കരുത് എന്നതാണ് ഉദ്ദേശ്യം.
മാര്‍ബിള്‍ ഫലകത്തില്‍ അതിസൂക്ഷ്മമായ കൊത്തുപണിക ളുണ്ട്. മുഖ്യ കുംഭഗോപുരത്തിന് 23 മീ. ഉയരമുണ്ട്. നാല് ചെറുകുംഭഗോപുരങ്ങളുമുണ്ട്.
താജ്മഹലില്‍ മുംതാസിന്റെ ശവകുടീരം മാത്രമേ ഷാജഹാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. തന്റെ അന്ത്യവിശ്രമത്തിനായി യമുനയുടെ മറുകരയില്‍ കറുത്ത മാര്‍ബിളില്‍ സമാനാകൃതിയില്‍ ഒരു സ്മാരകം നിര്‍മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന്റെ നിര്‍മിതി ആരംഭിച്ചതിനു തെളിവൊന്നുമില്ല. എന്നാല്‍ മരണത്തിന് മുമ്പ് ഷാജഹാന്‍ ഇതിന്റെ അടിസ്ഥാനമിട്ടിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന സാക്ഷാത്കാരത്തിനു മുമ്പുതന്നെ ഷാജഹാന്‍ തടവിലായി. ഔറംഗസേബ് പിതാവിന്റെ ധാരാളിത്തത്തിനു കൂട്ടുനില്‍ക്കാന്‍ തയ്യാറായില്ല. മുംതാസിന്റെ ഭൗതികാവശിഷ്ടത്തിനരികില്‍ തന്നെ ഷാജഹാന്റെ മൃതശരീരം അടക്കി. അങ്ങനെ മരണത്തിനും ഷാജഹാനേയും മുംതാസിനേയും വേര്‍പിരിക്കാനായില്ല.
ചന്ദ്രപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന താജിന്റെ സ്വര്‍ഗീയ സൗന്ദര്യം വര്‍ണനാതീതമാണ്. ഈ കാഴ്ച കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഞ്ചാരികളെത്താറുണ്ട്. സുരക്ഷാകാരണങ്ങളാല്‍ ദീര്‍ഘകാലം രാത്രിയില്‍ ഈ സ്മാരകത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആ നിബന്ധന പില്ക്കാലത്ത് നീക്കം ചെയ്തിട്ടുണ്ട്. വാസ്തുവിദ്യാരംഗത്തെ അത്ഭുതമായ താജ്മഹല്‍ അടുത്ത കാലത്ത് വന്‍ ഭീഷണി നേരിടുന്നു. അവയില്‍ പ്രമുഖം സമീപത്തുള്ള ഫാക്ടറികളില്‍ നിന്നുയരുന്ന രാസവസ്തുക്കളടങ്ങിയ പുകയാണ്. വാഹനങ്ങളില്‍ നിന്നും അടുക്കളകളില്‍ നിന്നുമുള്ള പുകയും താജിനു ഭീഷണിയാണ്. ഇതു നേരിടാന്‍ ഇപ്പോള്‍ വിപുലമായ സന്നാഹങ്ങളൊരുക്കിയിട്ടുണ്ട്. കോടതി ഉത്തരവു മൂലം ചില ഫാക്റ്ററികള്‍ അടച്ചു പൂട്ടുകയും ചിലത് ദൂരേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. വിഷപ്പുക താജിന്റെ മാര്‍ബിള്‍ ഗോപുരത്തിന്റെ നിറം കെടുത്തുകയും നശിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കി പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവും ഈ പ്രശ്നത്തെ ഗൗരവമായി കാണുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. താജിന്റെ സംരക്ഷണത്തിനായി ഗവണ്‍മെന്റ് വന്‍തുക ചെലവഴിക്കുന്നുണ്ട്.
ഇന്ത്യാ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന സൗധം, വാസ്തുവിദ്യയുടെ പൂര്‍ണതയോടടുത്ത കലാസൃഷ്ടി, വെണ്ണക്കല്ലില്‍ വിരചിതമായ പ്രേമകാവ്യം എന്നീ നിലകളില്‍ ലക്ഷക്കണക്കിനു സഞ്ചാരികളെ താജ്മഹല്‍ ആകര്‍ഷിക്കുന്നു. നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ഈ സ്മാരക മന്ദിരം ലോകാത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുപോരുന്നു.
(എം.ആര്‍. വിജയനാഥന്‍ പിള്ള)