This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലയിലെഴുത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തലയിലെഴുത്ത്

കവികല്പനപ്രകാരമുള്ള ശിരോരേഖ. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ജനിക്കുന്നതിനു മുന്‍പു തന്നെ തലയോട്ടിയില്‍ എഴുതിവച്ചിട്ടുണ്ടായിരിക്കും എന്ന സങ്കല്പവും വിശ്വാസവും സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്നു. പൂര്‍വ ജന്മങ്ങളിലെ കര്‍മങ്ങള്‍ അനുസരിച്ചായിരിക്കും ഈ രേഖകളുടെ സ്ഥാനവും സ്വഭാവവും എന്നും കരുതിവരുന്നുണ്ട്. തലേലെഴുത്ത്, തലയെഴുത്ത്, തലവിധി എന്നിങ്ങനെയും ഇതിനെ പറയാറുണ്ട്. വിധി എന്ന സങ്കല്പമാണ് തലയിലെഴുത്തെന്ന വിശ്വാസത്തിനാധാരം.

തലയോട്ടിയിലെ എല്ലുകള്‍ തമ്മില്‍ ബന്ധിച്ചിരിക്കുന്ന ഭാഗം അനേകം മടക്കുകളുള്ള രേഖകളുടെ മാതൃകയില്‍ കാണുന്നതു കൊണ്ടാകാം ഇത്തരമൊരു രേഖയെപ്പറ്റി വിഭാവന ചെയ്യാന്‍ സാധിച്ചത്. തലയിലെഴുത്ത് മാറ്റാനോ തിരുത്താനോ ആര്‍ക്കും കഴിയില്ല എന്ന നിലയിലും സന്തോഷകരമോ ദുഃഖകരമോ ആയ സംഭവത്തെ ഒരു വ്യക്തിയുടെ തലയിലെഴുത്ത് എന്നു കരുതുന്ന നിലയിലും ഈ ഭാവനയ്ക്ക് ഭാഗ്യം അഥവാ ദൗര്‍ഭാഗ്യം, വിധി തുടങ്ങിയ അര്‍ഥങ്ങളും കാണാം.

ശിരോലിഖിതം, ലലാടലിഖിതം എന്നീ പേരുകളില്‍ സംസ്കൃത സാഹിത്യത്തിലും ഈ ഭാവന സ്ഥാനം നേടിയിട്ടുണ്ട്. ലലാടം എന്നാല്‍ നെറ്റിത്തടം എന്നാണര്‍ഥം. ശിരോലിഖിതം മാറ്റാന്‍ കഴിയില്ല എന്നു പ്രസ്താവിക്കുന്ന ഒരു പ്രസിദ്ധ പദ്യം ഉദാഹരണാര്‍ഥം ഇവിടെ കൊടുക്കുന്നു.

'ഹരിണാപി ഹരേണാപി

ബ്രഹ്മണാപി കദാചന

ലലാടലിഖിതാരേഖാ

പരിമാര്‍ഷ്ടും ന ശക്യതേ'

(മഹാവിഷ്ണുവിനും പരമശിവനും ബ്രഹ്മദേവനും പോലും ഒരിക്കലും തലയിലെഴുത്തു മായ്ക്കുന്നതിനു സാധിക്കുകയില്ല).

ഭര്‍തൃഹരിയുടെ നീതിശതകത്തിലേതെന്നു പ്രസിദ്ധമായ ഒരു പദ്യത്തില്‍ ലലാടലിഖിതത്തിന്റെ പ്രഭാവത്തെ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്:

'യദ് ധാത്രാനിജഫാലപട്ടലിഖിതം സ്തോകം മഹദ് വാധനം

തത്പ്രാപ്നോതിമരുസ്ഥലേപി നിയതം മേരൌചനാതോധികം

തദ്ധീരോ ഭവ വിത്തവത്സു കൃപണാം വൃത്തിം വൃഥാമാകൃഥാഃ

കൂപേപശ്യപയോനിധാവപിഘടോ ഗൃഹ്ണാതി തുല്യം ജലം'.

(ഫാലം=നെറ്റിത്തടം. പദ്യത്തിന്റെ സാരം - ഒരുവന് എത്രത്തോളം ധനം ലഭിക്കും എന്ന് ബ്രഹ്മാവ് നെറ്റിത്തടത്തിലെഴുതിയിട്ടുണ്ടോ അത്രയും ധനം ആ ആള്‍ക്ക് മരുഭൂമിയില്‍ ജീവിക്കേണ്ടി വന്നാലും ലഭിക്കും. സ്വര്‍ണമയമായ മേരുപര്‍വതത്തിലാണു നിവസിക്കുന്നതെങ്കിലും അത്രയും ധനം മാത്രമേ ലഭിക്കുകയുമുള്ളൂ. അതിനാല്‍ എപ്പോഴും മനസ്സാന്നിധ്യത്തോടു കൂടിയും ധനസമ്പാദനത്തിനു വേണ്ടി അന്യായമാര്‍ഗം സ്വീകരിക്കാതെയും ജീവിക്കണം. ഒരു കുടത്തില്‍ ജലം നിറയ്ക്കുമ്പോള്‍ കിണറ്റില്‍ നിന്നും എടുത്താലും സമുദ്രത്തില്‍ നിന്നെടുത്താലും ആ കുടം നിറയെ വെള്ളം മാത്രമേ അതില്‍ ഒരു തവണ എടുക്കുവാന്‍ കഴിയുകയുള്ളൂ.

'തലയിലെഴുത്തിനു പിടലിയില്‍ ചൊറിഞ്ഞാലോ, തലയിലെഴുത്തു തലോടിയാല്‍ പോകുമോ' തുടങ്ങിയ ചില ശൈലികളും ഈ വിശ്വാസത്തില്‍നിന്നും രൂപംപൂണ്ടു പ്രാചാരത്തിലെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍