This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാക്കോണിയന്‍ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രാക്കോണിയന്‍ നിയമം

Draconian Law

ബി.സി. 7-ാം ശ.-ത്തിലെ ആഥന്‍സില്‍ ഡ്രാക്കോണ്‍ ആവിഷ്കരിച്ച നിയമം. ചെറിയ കുറ്റങ്ങള്‍ക്കു പോലും അതികഠിനമായ ശിക്ഷ വിധിക്കുന്ന കരിനിയമത്തിന്റെ പര്യായമായിട്ടാണ് ഇപ്പോള്‍ ഡ്രാക്കോണിയന്‍ നിയമം എന്ന സംജ്ഞ വിവക്ഷിക്കപ്പെടുന്നത്. ജനാധിപത്യ സമ്പ്രദായം നിലവിലുള്ള സമൂഹത്തില്‍ അത്തരം നിയമങ്ങള്‍ സ്വേഛാധിപത്യമെന്നും അപലപിക്കപ്പെടും. ബി.സി. 610-ല്‍ സൈലോണ്‍ എന്ന പ്രഭുകുമാരന്റെ നേതൃത്വത്തില്‍ ആഥന്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അന്നത്തെ ഭരണാധികാരികള്‍ക്ക് കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ജനങ്ങള്‍ക്കിടയിലെ അസംതൃപ്തി പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, ഈ അസംതൃപ്തി പുതിയ കലാപങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഭരണാധികാരികള്‍ ഭയപ്പെടുകയും ചെയ്തു. അതിനാല്‍, കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ക്കു രൂപം കൊടുക്കാനും അത് ലളിതമായി ക്രോഡീകരിക്കാനും ആഥന്‍സിലെ ഭരണാധികാരികള്‍ തീരുമാനിച്ചു. ഡ്രാക്കോണിനെയാണ് ഈ ചുമതല ഏല്പിച്ചത്. ഡ്രാക്കോണ്‍ ആവിഷ്കരിച്ച നിയമസംഹിത അതികഠിനവും ക്രൂരവുമായിരുന്നു. നിസ്സാര കുറ്റകൃത്യങ്ങള്‍ക്കുപോലും വധശിക്ഷ വിധിക്കുന്ന നിയമങ്ങളാണ് ഡ്രാക്കോണ്‍ ആവിഷ്കരിച്ചത്. തോട്ടത്തില്‍ നിന്ന് ആപ്പിള്‍ മോഷ്ടിക്കുന്ന കുറ്റത്തിനുപോലും വധശിക്ഷ നല്കണമെന്നാണ് ഡ്രാക്കോണ്‍ അനുശാസിച്ചത്. ചെറിയ കുറ്റങ്ങള്‍ ചെയ്താല്‍ പോലും വധിക്കപ്പെടുമെന്ന സ്ഥിതി വന്നാല്‍, ജനങ്ങള്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിയുമെന്ന് ഡ്രാക്കോണ്‍ വിശ്വസിച്ചു. ഡ്രാക്കോണിന്റെ നിയമസംഹിത 'രക്തത്തില്‍ രചിച്ച നിയമങ്ങള്‍'എന്നാണ് അക്കാലത്തുതന്നെ അറിയപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്തതും കര്‍ക്കശവുമായ നിയമ ങ്ങള്‍ പില്ക്കാലത്ത് 'ഡ്രാക്കോണിയന്‍ നിയമം' എന്നു കുപ്രസിദ്ധി നേടി.

ക്രൂരമായ ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കുപോലും ആഥന്‍സിനെ ശാന്തമാക്കാന്‍ കഴിഞ്ഞില്ല. സൈലോണിന്റെ സുഹൃത്തു ക്കള്‍ ഭരണാധികാരികള്‍ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാത്രവുമല്ല, പ്രകൃതിദുരന്തങ്ങളും മെഗാര നഗരവുമായുള്ള യുദ്ധത്തിലെ പരാജയവും ആഥന്‍സിന്റെ പ്രതാപം തകര്‍ത്തെറിഞ്ഞു. ഈ സാഹചര്യത്തിലാണ് ജനസാമാന്യത്തിന്റെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ സൊളോണ്‍ എന്ന നിയമവിദഗ്ധന്‍ നിയോഗിക്കപ്പെട്ടത്.

ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ നിന്ന് സോളോണ്‍ ഉള്‍പ്പെടെയുള്ള പില്ക്കാല നിയമ പരിഷ്കര്‍ത്താക്കള്‍ സ്വീകരിച്ച ഏക നിയമം കൊലപാതകത്തെ സംബന്ധിച്ചള്ളതു മാത്രമാണ്. നാടു കടത്തല്‍, പൗരത്വം എടുത്തുകളയല്‍ എന്നിവയൊക്കെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യുന്ന ശിക്ഷാവിധികളാണ്. കൂടുതല്‍ മാനുഷികവും ഉദാരവുമായ നിയമവ്യവസ്ഥ കള്‍ക്കു രൂപം നല്കുകയെന്ന ഉത്തരവാദിത്വമാണ് സൊളോണില്‍ നിക്ഷിപ്തമായത്. കൂടുതല്‍ ഉദാരമനസ്കതയും മാനുഷികതയും പുലര്‍ത്തുന്ന ഒരു നീതിന്യായസംവിധാനത്തെയാണ് സൊളോണിന്റെ നിയമവ്യവസ്ഥ വിഭാവന ചെയ്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍