This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം (ഡിബിഎംഎസ്)

Database Management System (DBMS)

അനുയോജ്യമായ ഒരു സിസ്റ്റത്തിലെ ഡേറ്റാബേസില്‍ വിവര ശേഖരണം, ക്രമീകരണം പുനരുപയോഗക്ഷമത തുടങ്ങിയവ നിര്‍വഹണ ക്ഷമമാക്കുന്ന പ്രത്യേക സോഫ്റ്റ് വയര്‍ പാക്കേജ് (പ്രോഗ്രാമുകളുടെ കൂട്ടം). മിക്കപ്പോഴും ഈ പ്രോഗ്രാമിന്റെ ഭാഗമായി താദൃശങ്ങളായ ഇതര സിസ്റ്റങ്ങളിലെ ഡേറ്റാബേസുകളിലേക്കും തിരിച്ചും ഉള്ള ഡേറ്റാ പരിശോധനാ-കൈമാറ്റ സൗകര്യവും ഒരുക്കിയിട്ടുണ്ടായിരിക്കും.

വളരെയധികം ഡേറ്റ എളുപ്പത്തില്‍ സ്വീകരിക്കുവാനും വ്യത്യസ്ത ഡേറ്റകളെ തുല്യകാലികമായി സംപോഷിപ്പിച്ചു സൂക്ഷിക്കുവാനും ഡേറ്റയുടെ സ്വകാര്യത സംരക്ഷിക്കുവാനും ഡിബിഎം എസിന് കഴിവുണ്ടാകണം. ഡേറ്റയുടെ പരിശോധനയ്ക്കു വേണ്ടുന്ന ഓഡിറ്റ് ലോഗിങ്ങിനുള്ള സൗകര്യം, ഡേറ്റ നഷ്ടപ്പെടാതിരി ക്കാനും വളരെക്കൂടുതല്‍ ഡേറ്റ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ക്രമീകരണങ്ങള്‍ എന്നിവയും ആവശ്യമാണ്. ഡേറ്റാബേസ് ഘടനയെ പുനഃസംവിധാനം ചെയ്യുക, അതിന്റെ വികസനത്തിനു സഹായിക്കുന്ന ഡേറ്റാ ഡിക്ഷണറി ലഭ്യമാക്കുക, സമാകലിത വേഡ് പ്രോസസിങ്, സ് പ്രെഡ്ഷീറ്റ് സൗകര്യങ്ങള്‍, 4 ജിഎല്‍ (4 GL) എന്നിവ ഉള്‍പ്പെടുത്താനാവുക മുതലായ ഗുണമേന്മകളും ഡിബിഎംഎസ്സിന് ഉണ്ടായിരിക്കണം. എല്ലായിനം ഡേറ്റകളേയും ഡിബിഎംഎസ് പ്രോഗ്രാമിലൂടെ കൈകാര്യം ചെയ്യാനാവില്ല; പക്ഷേ, താഴെ വിവരിക്കുന്ന മേഖലകളിലുള്ളവയ്ക്ക് ഡിബിഎംഎസ് തികച്ചും അനുയോജ്യവുമാണ്.


1. ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ.

2. അതിസ്ഥൂലമായ ഡേറ്റാ ശേഖരണവും വിശ്ലേഷണവും വേണ്ടിവരുന്ന ശാസ്ത്ര ഗവേഷണങ്ങള്‍ (ഉദാ. തന്മാത്രാ ഘടനയിലെ ഗവേഷണം).

3. സ്റ്റോക് നിയന്ത്രണവും പ്രൊഡക്ഷന്‍ ഷെഡ്യൂളിങ്ങും ഉള്‍ പ്പെടുന്ന വന്‍കിട നിര്‍മാണ പ്രവര്‍ത്തനം.

4. വിഭവ വിശ്ലേഷണം, സാമ്പത്തിക ആസൂത്രണം തുടങ്ങിയ മേഖലകള്‍.

5. ഗ്രന്ഥശാല, യാത്രാ ഏജന്‍സികള്‍ തുടങ്ങിയവയിലെ വിവര വിനിമയ ക്രമീകരണങ്ങള്‍.


I. ഘടന. ഡിബിഎംഎസ്സിന്റെ അടിസ്ഥാന ഘടനയുടെ ഒരു ബ്ളോക്ക് ആരേഖം ചിത്രത്തില്‍ കൊടുക്കുന്നു.

ക്വറി പ്രോസസര്‍, ട്രാന്‍സാക്ഷന്‍ മാനേജര്‍, ടൂള്‍ സെറ്റ് എന്നിവയാണ് ഡിബിഎംഎസ്സിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍. ഉപയോക്താവിന്റെ നിര്‍ദേശങ്ങളെ സിസ്റ്റത്തിനു കൈകാര്യം ചെയ്യാനാവുന്ന ഭാഷയിലേക്കു പരിവര്‍ത്തനം ചെയ്യുന്ന ക്വറി പ്രോസസറെ ഡിബി എംഎസ്സിന്റെ 'ഫ്രന്റ്-എന്‍ഡ്' ആയി കണക്കാക്കുന്നു. ഡേറ്റാബേസിലെ ഡേറ്റയെ നിര്‍ദിഷ്ട രീതിയില്‍ വിശകലനം ചെയ്യുന്നത് ട്രാന്‍സാക്ഷന്‍ മാനേജര്‍ ആണ്. സഞ്ചിതമായ ഡേറ്റയില്‍ പരസ്പരവൈരുധ്യം ഉണ്ടാവാതെ നോക്കുക, ഏതെങ്കിലും തരത്തിലുള്ള പിശകുകള്‍ ഡേറ്റാബേസിന്റെ സമഗ്രതയ്ക്കു കോട്ടം വരുത്തുന്നതു തടയുക തുടങ്ങിയ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ട്രാന്‍സാക്ഷന്‍ മാനേജറെ ഡിബിഎംഎസ്സിന്റെ 'ബാക്ക്-എന്‍ഡ്' ആയി കരുതുന്നു. ഡേറ്റാ വിവേചനം, ഡേറ്റാബേസിന്റെ ആവശ്യാധിഷ്ഠിത രൂപകല്പന, ഡേറ്റാബേസ് ഘടനയുടെ പുനരാവിഷ്കാരം, പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, നടപടികളെ ട്യൂണ്‍ ചെയ്യല്‍, വ്യത്യസ്ത 'ആപ്ളിക്കേഷനുകള്‍' തയ്യാറാക്കല്‍ എന്നിവയ്ക്കുള്ള സോഫ്റ്റ്വെയര്‍ സൗകര്യം ലഭ്യമാക്കേണ്ടത് ടൂള്‍ സെറ്റാണ്.

ഫയല്‍ മാനേജ്മെന്റ് ഇന്‍പുട്ട്-ഔട്ട്പുട്ട് മാനേജ്മെന്റ് എന്നിവയ്ക്ക് ഡിബിഎംഎസ് മിക്കപ്പോഴും ഓപ്പറേറ്റിങ് സിസ്റ്റം കെര്‍ണലിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നു. ഇതിലെ അധിക സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രോഗ്രാമിങ്, ടെക്സ്റ്റ് എഡിറ്റിങ്, ഫയല്‍ സംരക്ഷണം എന്നിവയും നിര്‍വഹിക്കാം.

സിസ്റ്റത്തിലെ അനുവദനീയമായ ഇന്റര്‍ഫേസുകള്‍ ചിത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏതു വിഭാഗത്തില്‍പ്പെട്ട ഉപയോക്താവിനും ഡിബിഎംഎസ്സിലേയും ഓപ്പറേറ്റിങ് സിസ്റ്റത്തിലേയും ടൂള്‍ സെറ്റു കളുമായി പ്രതിക്രിയാരീതിയില്‍ ഇടപെടാന്‍ സാധിക്കും (1). ക്വറി പ്രോസസറുകളോട് അയാള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാനായി ആവശ്യപ്പെടാം (2). ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ക്ക് ക്വറി പ്രോസസറിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം (3). ഡേറ്റാബേസ് ഒരു ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ത്തന്നെ ഓപ്പറേറ്റിങ് സിസ്റ്റത്തി ലെ കെര്‍ണലിനെ ട്രാന്‍സാക്ഷന്‍ മാനേജര്‍ക്ക് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ട്രാന്‍സാക്ഷന്റെ ഭാഗമായി മാനേജര്‍ക്ക് വിദൂരസ്ഥ ഡേറ്റ ആവശ്യമെന്നുകണ്ടാല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ വാര്‍ത്താവിനിമയ ലൈനുകള്‍ ഉപയോഗിക്കാം (4). ആവശ്യമെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സൗകര്യങ്ങള്‍ സ്വീകരിക്കാതെ ഡേറ്റാബേസ് തലത്തില്‍ത്തന്നെ ട്രാന്‍സാക്ഷന്‍ മാനേജര്‍ക്ക് പ്രവര്‍ത്തിക്കാം (5). ഓപ്പറേറ്റിങ് സിസ്റ്റം കെര്‍ണലിലെ ഫയല്‍ മാനേജ്മെന്റ് സിസ്റ്റത്തെ സംഗൃഹീത ഡേറ്റയുമായി ഇടപെടുന്ന ഒരു ഉന്നത-തല ഇന്റര്‍ഫേസായി കരുതാം (6). ഫയലുകളായിട്ടായിരിക്കും ഡേറ്റാബേസില്‍ ഡേറ്റ സംഭരിക്കുന്നത്. ഓരോ ഫയലിലും റെക്കാഡുകള്‍ കാണും. ഒരു നിശ്ചിത ഡേറ്റയെ സംബന്ധിക്കുന്ന പൂര്‍ണ വിവരം അടങ്ങിയതാണ് ഒരു റെക്കാഡ്. റെക്കാഡില്‍ ഉള്‍പ്പെടുത്തുന്ന വിവിധ വസ്തുക്കളെ വെവ്വേറെ ഫീല്‍ഡുകളായി ക്രമീകരിക്കുന്നു. ഉദാഹരണത്തിന്, ഒരു ഫാക്റ്ററിയിലെ തൊഴിലാളികളെ സംബന്ധിച്ച ഡേറ്റാബേസ് പരിഗണിക്കാം. ഓരോ തൊഴിലാളിക്കും അയാളുടെ പേര്, കോഡ് നമ്പര്‍, ഉദ്യോഗപ്പേര്, അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, ശമ്പളത്തില്‍ നിന്നുള്ള കിഴിവുകള്‍ തുടങ്ങി തനതായ വിവരങ്ങളുണ്ടായിരിക്കും. ഇവ ഓരോന്നും ഓരോ ഫീല്‍ഡാണ്. എല്ലാ ഫീല്‍ഡും ഉള്‍പ്പെടുന്നതാണ് ഒരു റെക്കാഡ്. ഓരോ തൊഴിലാളിക്കും ഡേറ്റാബേസില്‍ വെവ്വേറെ റെക്കാഡ് കാണും. റെക്കാഡുകളുടെ സമാഹാരമാണ് ഫയല്‍. ചിലപ്പോള്‍ ഒന്നിലധികം ഫയലുകള്‍ വേണ്ടി വരാം. അങ്ങനെ വരുമ്പോള്‍ അവ തമ്മിലുള്ള അന്യോന്യ ബന്ധം ഡേറ്റാ മോഡലുകള്‍ ഉപയോഗപ്പെടുത്തി നിര്‍വചിക്കുകയാണു പതിവ്. ഡേറ്റാ മോഡലുകളുടെ പെരുപ്പം ഡിബിഎംഎസ്സിന്റെ ദക്ഷതയെ സ്വാധീനിക്കുന്നു.

II. ഡേറ്റാ മോഡലുകള്‍. ഓരോ ഡിബിഎംഎസ്സും വ്യത്യസ്ത മാതൃകകളിലാണ് ഡേറ്റയെ പ്രതിനിധാനം ചെയ്യുന്നത്. പ്രസ്തുത മാതൃകകളെ ബഹുതല, നെറ്റ വര്‍ക്, റിലേഷണല്‍ എന്നിങ്ങനെ വര്‍ഗീകരിക്കാം.

1. നാവിഗേഷണല്‍ രീതി. ബഹുതല/നെറ്റ് വര്‍ക് മാതൃകകള്‍ തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുള്ളതിനാല്‍ അവയെ കൂട്ടായി നാവിഗേഷണല്‍ മോഡല്‍ എന്നും സൂചിപ്പിക്കാറുണ്ട്. ഡേറ്റയുടെ സ്വഭാവസവിശേഷതകളേയും വ്യത്യസ്ത ഡേറ്റകള്‍ തമ്മിലുള്ള ബന്ധത്തേയും വെവ്വേറെ തലങ്ങളോ അനുക്രമങ്ങളോ നിര്‍വചിച്ചു പ്രതിനിധാനം ചെയ്യുന്നതാണ് നാവിഗേഷണല്‍ മാതൃക.

ഇവയില്‍ ഡേറ്റാബേസില്‍ നിന്ന് ഒരു നിശ്ചിത റെക്കാഡിനെ മൂന്നു രീതിയില്‍ കണ്ടെത്താം: (i) ഡേറ്റാബേസ് കീയുടെ മൂല്യത്തില്‍ നിന്ന് ഡേറ്റയെ നേരിട്ടു കണ്ടെത്തുന്നു. (ii) ഒരു തിരിച്ചറിയല്‍ കീ മുന്‍കൂട്ടി നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഡേറ്റയെ 'ഡയറക്റ്റ്-അക്സെസ്' ഓപ്പറേറ്ററിലൂടെ കണ്ടുപിടിക്കുന്നു. (iii) പരിശോധിക്കപ്പെട്ട റെക്കാഡിന്റെ തൊട്ടടുത്തുള്ള റെക്കാഡിനെ ആപേക്ഷിക രീതിയില്‍ കണ്ടെത്തുന്നു. ഡേറ്റാബേസിലെ വിവരങ്ങളെ നാലു തരത്തില്‍ പുതുക്കാനാകും: റെക്കാഡുകള്‍ കൂട്ടിച്ചേര്‍ക്കുക, നീക്കം ചെയ്യുക, അവയുടെ പരസ്പര ബന്ധം നിര്‍വചിക്കുക, നിലവിലുള്ള ബന്ധം വിച്ഛേദിക്കുക. ഈയിനം ഡേറ്റാബേസില്‍ എല്ലാ ക്രിയകളും റെക്കാഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു സമയത്ത് ഒരു റെക്കാഡിനെ മാത്രമേ കൈകാര്യം ചെയ്യാനാകൂ. ഓരോ റെക്കാഡിനും ഒരു മാസ്റ്റര്‍ റെക്കാഡേ പാടുള്ളു എന്ന നിബന്ധനയിലൂടെയാണ് ഇതില്‍ ഡേറ്റയുടെ സമഗ്രത ഉറപ്പാക്കുന്നത്.

2. റിലേഷണല്‍ മാതൃക. വിവിധ പട്ടികകളായി ഡേറ്റയെ പ്രതിനിധാനം ചെയ്യുന്ന രീതിയാണിത്.

ഓരോ റെക്കാഡിനും ഉള്ള നിശ്ചിത തിരിച്ചറിയല്‍ കീ (ഉദാഹരണത്തിന്, കോഡ് നമ്പര്‍) ഉപയോഗിച്ചാണ് വ്യത്യസ്ത പട്ടികകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. കോഡിന്റെ മൂല്യം 101 ആയ വ്യക്തി യുടെ വിദ്യാഭ്യാസ യോഗ്യതകളെ തിരിച്ചറിയുന്നത് പ്രസക്ത പട്ടികയിലെ 101-ാം നമ്പര്‍ നോക്കിയാണ് എന്നത് ഉദാഹരണമായി സൂചിപ്പിക്കാം. മാസ്റ്റര്‍ പട്ടികയില്‍ (ഉദാഹരണമായി വ്യക്തി) റെക്കാഡിന്റെ ഫീല്‍ഡുകള്‍ക്ക് ഒരു മൂല്യം മാത്രമേ സ്വീകരിക്കാന്‍ പറ്റുകയുള്ളു. ഉദാഹരണത്തിന് കോഡ് 101-ന്റെ ഉടമയ്ക്ക് ഒന്നിലധികം ജനന തീയതി/ശമ്പളം എന്നിവ പാടില്ല. എന്നാല്‍ ഇതിനോടു ബന്ധപ്പെട്ട 'വിദ്യാഭ്യാസം' പട്ടികയില്‍ പ്രസക്ത കോഡിന്റെ ഫീല്‍ഡിന് ഒന്നിലധികം മൂല്യങ്ങള്‍ ഉണ്ടാകാം. (ഉദാ. M.Sc.,Ph.D. തുടങ്ങി ഒന്നിലേറെ ബിരുദങ്ങള്‍). ഇത്തരത്തിലുള്ള ഡിബിഎംഎസ്സുകളില്‍ പ്രധാനമായി രണ്ടു തരം 'കീ'കള്‍ നിര്‍വചിക്കപ്പെടാറുണ്ട്: പ്രൈമറി കീ, ഫോറിന്‍ കീ. ഒരു പട്ടികയുടെ അടിസ്ഥാന കീയാണ് അതിന്റെ പ്രൈമറി കീ (ഉദാ. 'വ്യക്തി'യിലെ 'കോഡ്'). രണ്ടു പട്ടികകളെ തമ്മില്‍ പ്രത്യേക നിര്‍വചനത്തിലൂടെ ബന്ധപ്പെടുത്താനുപയോഗിക്കുന്ന കീയാണ് ഫോറിന്‍ കീ. ഉദാഹരണത്തിന് 'വിദ്യാഭ്യാസ'ത്തിലെ കോഡ്. Image:31..png

റിലേഷണല്‍ ഡിബിഎംഎസ്സില്‍ വിവരാന്വേഷണത്തിനായി രണ്ടു തരത്തിലുള്ള ഭാഷകള്‍ ഉപയോഗിക്കാറുണ്ട്: ബീജഗണിതാധിഷ്ഠിതവും, കലനാധിഷ്ഠിതവും. ആദ്യത്തേത് പ്രവര്‍ത്തന ക്രമം പാലിക്കുമ്പോള്‍ രണ്ടാമത്തേത് ക്രമം പാലിക്കുന്നതാകണമെന്നില്ല. റെക്കാഡുകള്‍ തമ്മിലുള്ള ബന്ധം നിര്‍വചിക്കാന്‍ വിവിധ തരം ഓപ്പറേറ്ററുകളെ ഉപയോഗിക്കുന്നു. ഇന്റര്‍സെക്ഷന്‍/ജോയിന്‍/ഡിഫറന്‍സ്/ഡിവൈഡ്/പ്രൊജക്റ്റ്/പ്രോഡക്റ്റ്/യൂണിയന്‍/ റെസ്ട്രിക്റ്റ് മുതലായവ ഇതിനുദാഹരണങ്ങളാണ്. റിലേഷണല്‍ ഡിബിഎംഎസ്സുകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് സ്ട്രക്ചേഡ് ക്വറി ഭാഷയാണ് (SQL). മറ്റു ഹൈ-ലെവല്‍ ഭാഷകളുടെ സഹായിയായും ഇതിനെ പ്രയോജനപ്പെടുത്താം.

ക്വറികള്‍, ബന്ധ നിര്‍വചനം എന്നിവയിലൂടെ ഡേറ്റാബേസിനെ പുതുക്കാന്‍ കഴിയും. ഒരേസമയം ഒന്നിലേറെ റെക്കാഡുകളെ ഒരു കീയുടെ സ്വഭാവവിശേഷത്തെ ആസ്പദമാക്കി കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് റിലേഷണല്‍ ഡിബിഎംഎസ്സിന്റെ ഏറ്റവും വലിയ ഗുണമേന്മ. നാവിഗേഷണല്‍ മാതൃകയ്ക്ക് ഈ ഗുണം ഇല്ല.

ഏതു ബന്ധ നിര്‍വചനവും ഒരു പ്രൈമറി കീ ഉപയോഗിച്ചാകണം; പരസ്പര വിരുദ്ധങ്ങളായ ബന്ധ നിര്‍വചനം പാടില്ല; എന്നീ നിബന്ധനകള്‍ പാലിക്കപ്പെടുന്നതിലൂടെ റിലേഷണല്‍ ഡിബിഎംഎസ്സില്‍ ഡേറ്റയുടെ സമഗ്രത ഉറപ്പാക്കുന്നു.

റിലേഷണല്‍ ഡേറ്റാബേസുകളെ വിഘടിച്ച് ചില പ്രത്യേക സമഗ്രതയിലും കാര്യക്ഷമമായ വലുപ്പത്തിലും എത്തിക്കുന്ന പ്രക്രിയയാണ് നോര്‍മലൈസേഷന്‍. ഇത് 1, 2, 3 എന്നീ തലങ്ങളി ലുണ്ട്. ഉദാഹരണമായി വ്യക്തിയുടെ പേര്, രാഷ്ട്രപതിയുടെ പേര് എന്നിവ പട്ടികയാക്കിയാല്‍ ഇതില്‍ ഒരേ രാജ്യത്തിന്റെ പേര് ഒന്നിലധികം പ്രാവശ്യം വന്നാല്‍, രാഷ്ട്രപതിയുടെ പേര് ആവര്‍ത്തിച്ചു നല്കേണ്ടിവരും. ഈ പട്ടിക നോര്‍മലൈസേഷന്‍ ശാസ്ത്രപ്രകാരം വിഘടിച്ച് രണ്ട് പട്ടികകളായി മാറ്റണം. വ്യക്തിയുടെ പേര്, രാജ്യത്തിന്റെ പേര് എന്നൊരു പട്ടികയും രാജ്യത്തിന്റെ പേര്, രാഷ്ട്രപതിയുടെ പേര് എന്നു മറ്റൊരു പട്ടികയും.

III. ഡേറ്റാ സുരക്ഷയും സമഗ്രതയും. സുപ്രധാന ഡേറ്റയെ കൈകാര്യം ചെയ്യാനുള്ള അധികാരം നിശ്ചിത ഉപയോക്താക്കള്‍ക്കു മാത്രം നല്കുക, രഹസ്യമായി വയ്ക്കേണ്ട ഡേറ്റയെ സാധാരണ ഉപയോക്താവിന് അപ്രാപ്യമാക്കുക, ഓരോ ഉപയോക്താവിനും പാസ്വേഡ് നല്കുക, അവരവരുടെ പ്രവര്‍ത്തന മേഖല നിര്‍വചിക്കുക, ഒരു ഉപയോക്താവിന് മറ്റൊരാളുടെ മേഖലയിലേക്ക് പ്രവേശനം നിരോധിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഡേറ്റാ സുരക്ഷ ഉറപ്പാക്കുന്നു. ഡേറ്റയുടെ രഹസ്യ സ്വഭാവം പരിരക്ഷിക്കുകയാണ് ഡേറ്റാ സുരക്ഷാ സംവിധാനം ലക്ഷ്യമാക്കുന്നത്.

സിസ്റ്റത്തിലെ ഡേറ്റ പല വിധത്തിലും നഷ്ടപ്പെടാം. ഉപയോക്താവിന്റെ അശ്രദ്ധ, സിസ്റ്റം പ്രോഗ്രാമുകളുടെ തെറ്റായപ്രവര്‍ത്തനം എന്നിവയിലൂടെ ഡേറ്റ നഷ്ടപ്പെടുക, ഡേറ്റ സംഭരിച്ചു വച്ചിട്ടുള്ള ഡിസ്ക് പ്രവര്‍ത്തനരഹിതമാവുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള ഡേറ്റാ നഷ്ടം സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിനുതന്നെ തടസ്സമായി തീരാം. ഇങ്ങനെ സംഭവിക്കാ തിരിക്കാനുള്ള നടപടികളാണ് ഡേറ്റാ സമഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. നിശ്ചിത ഇടവേളകളില്‍ മുഴുവന്‍ ഡേറ്റയുടേയും പകര്‍പ്പ് (ഡേറ്റാ ഡംപ്) എടുക്കുക, ഡേറ്റയുടെ ഒന്നിലധികം പകര്‍പ്പുകള്‍ സിസ്റ്റത്തിലെ നിയത ഭാഗങ്ങളില്‍ സംഭരിച്ചു വയ്ക്കുക, ബാക്കപ്പ് കോപ്പികള്‍ എല്ലായ്പ്പോഴും തയ്യാറാക്കി സൂക്ഷിക്കുക എന്നിവയിലൂടെയാണ് സമഗ്രത ഉറപ്പാക്കുന്നത്. ഡേറ്റാ സംഭരണം, സംരക്ഷണം, തുടങ്ങിയവയുടെ ചുമതല ഡേറ്റാ അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. ഉപയോക്താക്കള്‍ ഡേറ്റ കൈകാര്യം ചെയ്യുന്ന രീതി, ഡേറ്റാ വിശകലന പ്രക്രിയ എന്നിവയെ നിരീക്ഷിക്കുന്നതും ഈ ചുമതലകളില്‍പ്പെടുന്നു. ഇവയെ ആസ്പദമാക്കി സിസ്റ്റത്തിന് അനുയോജ്യമായ ഒരു ഡേറ്റാ സ്ട്രക്ചറിനു രൂപം നല്കേണ്ടിവരും. ഡേറ്റാ അഡ്മിനിസ്ട്രേറ്ററെ സഹായിക്കുന്നത് ഡേറ്റാ ഡിക്ഷണറി അഡ്മിനിസ്ട്രേറ്റര്‍ ആണ്. ഡേറ്റാ നിര്‍വചനം, ഏകസമാന രീതിയിലുള്ള ഡേറ്റാ വര്‍ഗീകരണം, സംഭരണം, സമീക്ഷാ വിശകലനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന 'കീവേഡുകളുടെ' നിര്‍വചനം; ഡേറ്റാ എലിമെന്റുകള്‍ തമ്മിലുള്ള അംഗവിധാന ബന്ധം (structural relation) മുതലായവ ഡേറ്റാ ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തുന്നു. ഇവ കൂടാതെ ഡിബിഎംഎസ്സിന്റെ പൊതുവിലുള്ള സ്വഭാവ സവിശേഷത, അതിലെ സ്കീമകള്‍, സിസ്റ്റത്തിലെ സോഫ്റ്റ്വെയര്‍/ഹാര്‍ഡ്വെയര്‍ ക്രമീകരണം, ഡേറ്റാ വിശകലനത്തിനാവശ്യമുള്ള ഫലനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡേറ്റാ വെയര്‍ഹൗസിങ് രീതികള്‍ നിര്‍വഹിക്കുക തുടങ്ങിയ സാങ്കേതിക പ്രവൃത്തികളുടെ നിര്‍വഹണച്ചുമതലയും ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടേതാണ്.

IV. സ്കീമകള്‍. ഒരു ഡേറ്റാബേസിന്റെ സമ്പൂര്‍ണ വിവരണത്തെയാണ് 'സ്കീമ' എന്നു വിശേഷിപ്പിക്കുന്നത്. ഒരു ഡിബിഎം എസ്സിന്റെ സ്കീമയ്ക്ക് ത്രിതല ഘടനയാണുള്ളത്. ഒന്നാമത്തെ തലമായ ആന്തരിക സ്കീമയില്‍ വ്യത്യസ്ത ഡേറ്റാ മോഡലുകളിലൂടെ ഡേറ്റാ ഓബ്ജക്റ്റുകളുടെ ക്രമീകരണം നിര്‍വചിക്കപ്പെടുന്നു. സിസ്റ്റത്തിന്റെ ദക്ഷത, ആന്തരിക സ്കീമയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനെ ഹാര്‍ഡ് വയര്‍ തലത്തില്‍ പുനഃ സ്ഥാപിക്കാന്‍ സിസ്റ്റത്തിലെ ലോക്കല്‍ ഭാഷ ഉപയോഗിക്കുന്നു. ഡേറ്റാബേസിന്റെ മൊത്തം ഉപയോഗം, പൂര്‍ണ നിയന്ത്രണം എന്നിവ നിര്‍വചിക്കുന്നതും ആന്തരിക-ബാഹ്യ സ്കീമകള്‍ തമ്മിലുള്ള ഇന്റര്‍ഫേസായി പ്രവര്‍ത്തിക്കുന്നതുമായ 'കണ്‍സെപ്ച്വല്‍' സ്കീമയാണ് രണ്ടാമത്തെ തലം. ഡേറ്റാബേസിലെ വിവിധ 'ആപ്ലിക്കേഷനുകള്‍' അതിലെ ഓബ്ജക്റ്റുകളെ വീക്ഷിക്കുന്ന രീതി വിശദമാക്കുന്നതാണ് മൂന്നാമത്തെ തലമായ ബാഹ്യ സ്കീമ. പുതിയ 'ആപ്ലിക്കേഷനുകള്‍' സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതും ഈ സ്കീമയിലൂടെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍