This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈലങ്കോയ്ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൈലങ്കോയ്ഡിയ

Tylenchoidea


നെമറ്റോഡ (Nematoda) ജന്തു വര്‍ഗത്തിലെ ഒരു അതികുടുംബം (super family). കുമിളുകളിലും, ചിലയിനം സസ്യങ്ങളിലും, ജന്തുക്കളിലും പരാദങ്ങളായി ജീവിക്കുന്ന വിരകളെയാണ് ഈ കുടുംബത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ ആഗോളവ്യാപകമായി കാര്‍ഷിക വിളകള്‍ക്ക് വന്‍തോതില്‍ നാശം വരുത്തുന്നു. ഏകദേശം രണ്ടായിരത്തിലധികം സസ്യയിനങ്ങളെ ഇത്തരം വിരകള്‍ ബാധിക്കാറുണ്ട്. വിരകള്‍ക്ക് 0.25-2.5 മി.മീ. വലുപ്പമേയുള്ളു. നൂലുപോലെ ലോലമായി രണ്ടറ്റവും കൂര്‍ത്ത നീളമേറിയ ശരീരമുള്ള സൂക്ഷ്മ ജീവികളാണിവ. ഇവയുടെ ആസ്യരന്ധ്രത്തിന്റെ അകം പൊള്ളയായ സൂചിമുന പോലെ കൂര്‍ത്ത ഭാഗം ജീവനുള്ള കോശങ്ങളില്‍ ചൂഴ്ന്നിറങ്ങി ദ്രവപദാര്‍ഥങ്ങള്‍ ഊറ്റിക്കുടിക്കുന്നു. ഗ്രസികയ്ക്ക് സിലിണ്ടറാകൃതിയിലുള്ള പ്രോകോര്‍പസ്, വാല്‍വ് ഉള്ളതോ ഇല്ലാത്തതോ ആയ മെറ്റാകോര്‍പസ്, ഇടുങ്ങിയ ഇസ്ത്മസ്, അഗ്ര ആന്ത്രത്തെ അതിവ്യാപിക്കത്തക്ക വിധത്തില്‍ വികസിച്ചിരിക്കുന്ന ഗ്രന്ഥിഭാഗം എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. പെണ്‍ജീവിക്ക് ഒന്നോ രണ്ടോ അണ്ഡാശയങ്ങളുണ്ടായിരിക്കും. ചിലയിനങ്ങളില്‍ ആണ്‍ ജീവിക്ക് വാലറ്റം വരെയെത്താത്ത ചിറകോ, വാലറ്റം വരെയെത്തുന്ന വാല്‍ച്ചിറകുകളോ രൂപപ്പെട്ടിരിക്കും. ഹെറ്റിറോഡിറിഡേ കുടുംബത്തില്‍പ്പെടുന്ന ഇനങ്ങളില്‍ ഇത്തരം വാല്‍ച്ചിറകുകള്‍ കാണപ്പെടുന്നുമില്ല.

ടൈലങ്കോയ്ഡിയയ്ക്ക് രണ്ടു പരിണാമസരണികളുണ്ട്. സസ്യങ്ങളുടെ മണ്ണിനടിയിലുള്ള ഭാഗങ്ങളില്‍ പരാദങ്ങളായിരിക്കുന്നവ, മണ്ണിനു മുകളിലുള്ള ഭാഗങ്ങളില്‍ പരാദങ്ങളായിരിക്കുന്നവ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. മണ്ണിനു മുകളിലുള്ള സസ്യഭാഗങ്ങളില്‍ ഏറ്റവുമധികം നാശകാരികളായിട്ടുള്ളത് ഡൈടൈലങ്കസ് (Ditylenchus) ആന്‍ഗ്വിന (Anguina) എന്നിവയാണ്. ഡൈടൈലങ്കസ് ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, വിവിധയിനം അലങ്കാര സസ്യങ്ങള്‍ തുടങ്ങിയവയില്‍ പരാദങ്ങളായി നാശമുണ്ടാക്കുന്നു. ചൈനയിലും മറ്റും ഗോതമ്പുവിളയ്ക്ക് ഏറെ നാശനഷ്ടങ്ങളുണ്ടാക്കുന്നത് ആന്‍ഗ്വിന ട്രിറ്റിസി (Anguina tritici) എന്നയിനമാണ്. ഏറ്റവുമധികം വ്യാപനമുള്ളതും നാശകാരികളുമായ സസ്യനെമറ്റോഡുകള്‍ പ്രാടൈലെങ്കിഡേ, ഹെറ്റിറോഡിറിഡേ എന്നീ കുടുംബങ്ങളില്‍പ്പെടുന്നവയാണ്. പ്രാടൈലങ്കസ് (Pratylenchus) സാധാരണ മണ്ണില്‍ കാണുന്നയിനമാണ്. കരിമ്പ്, പച്ചക്കറി വര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് കാര്യമായ നഷ്ടമുണ്ടാക്കുന്നു. വേരില്‍ ചെറു മുറിവുകളുണ്ടാക്കി ഉള്ളില്‍ പ്രവേശിച്ച് ഇവ കോശങ്ങള്‍ തിന്നു നശിപ്പിക്കുന്നു. കലകള്‍ നശിക്കും തോറും പുതിയ ജീവകോശങ്ങളിലേക്ക് ഇവ പ്രവേശിക്കുന്നു. തന്മൂലം തുടര്‍ച്ചയായ ക്ഷതങ്ങള്‍ (lesions) രൂപപ്പെടുകയും വേര് മുഴുവനായിത്തന്നെ നശിച്ചുപോവുകയും ചെയ്യുന്നു. ഹെറ്റിറോഡെറിഡുകളില്‍പ്പെടുന്നവ വേരുകളില്‍ മുഴകളും ഗാളുകളും ഉണ്ടാക്കുന്ന നെമറ്റോഡുകളാണ്. മുഴകളും ഗാളുകളും ഉണ്ടാക്കുന്നവ ഘടനയില്‍ സാദൃശ്യമുള്ളവയാണെങ്കിലും ജീവിത ചക്രത്തിലും വേരുകളെ ആക്രമിക്കുന്ന രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. സസ്യങ്ങളുടെ വേരില്‍ തുളച്ചുകയറുന്ന ലാര്‍വ, കോശങ്ങള്‍ ഭക്ഷിക്കുകയും പടം പൊഴിക്കുകയും ചെയ്യുന്നു. ആണ്‍ ജീവികളും ലാര്‍വകളും ഒഴികെ ബാക്കി അവസ്ഥകളെല്ലാം തന്നെ ചലനരഹിതമായിരിക്കും. പെണ്‍ ജീവിയുടെ ഉള്‍ഭാഗം മുഴുവന്‍ മുട്ടകള്‍ നിറഞ്ഞിരിക്കും. പെണ്‍ജീവികള്‍ നശിച്ചുപോകുമ്പോള്‍ മുട്ടകള്‍ സിസ്റ്റ് രൂപത്തിലായിത്തീരുകയും അനുകൂലാവസ്ഥയില്‍ മുട്ടകള്‍ വിരിഞ്ഞ് അടുത്ത തലമുറയ്ക്കു രൂപം നല്‍കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍