This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍ഷ്യറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെര്‍ഷ്യറി

Tertiary

സീനോസോയിക് മഹാകല്പത്തിലെ പ്രഥമ കല്പം. ഏകദേശം 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച് 1.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനിച്ച കല്പമാണിത്. മീസോയോസിക് ശിലാസഞ്ചയങ്ങള്‍ക്കുമേല്‍ കാണപ്പെടുന്ന താരതമ്യേന പ്രായംകുറഞ്ഞ ശിലാസമൂഹത്തെയും 'ടെര്‍ഷ്യറി' എന്ന സംജ്ഞയില്‍ വിവക്ഷിക്കാറുണ്ട്. ടെര്‍ഷ്യറി കല്പത്തെ പാലിയോസീന്‍, ഇയോസീന്‍, ഒലിഗോസീന്‍, മയോസീന്‍, പ്ലിയോസീന്‍ എന്നിങ്ങനെ 5 യുഗങ്ങളായും ഓരോ യുഗത്തേയും നിരവധി ഘട്ടങ്ങളായും (stages) വിഭജിച്ചിരിക്കുന്നു. പാലിയോസീന്‍, ഇയോസീന്‍, ഒലിഗോസീന്‍ യുഗങ്ങളെ പൊതുവേ പാലിയോജീന്‍ എന്നും മയോസീന്‍, പ്ലിയോസീന്‍ യുഗങ്ങളെ പൊതുവേ നിയോജീന്‍ എന്നും വര്‍ഗീകരിക്കാറുണ്ട്.

പൊതുവേ ഉപരിതല സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതാണ് ടെര്‍ഷ്യറി ശിലാസമൂഹങ്ങള്‍ അഥവാ നിക്ഷേപങ്ങള്‍. കനംകൂടിയ ഉപരിതല സമുദ്ര-വന്‍കര നിക്ഷേപങ്ങള്‍ ടെര്‍ഷ്യറി നിക്ഷേപങ്ങള്‍ക്ക് ഉദാഹരണമാണ്. വ. അമേരിക്കയില്‍ ടെര്‍ഷ്യറി സമുദ്രനിക്ഷേപങ്ങള്‍ അത്ലാന്തിക്, പസിഫിക്, ഗള്‍ഫ് തീരപ്രദേശങ്ങളില്‍ ഇടുങ്ങിയ വലയംപോലെ കാണപ്പെടുന്നു. പശ്ചിമ യു.എസ്സിലും മഹാസമതലത്തിലുമാണ് ടെര്‍ഷ്യറി വന്‍കരനിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. വ. അമേരിക്കയുടെ പ., വ. പടിഞ്ഞാറന്‍ മേഖലകളില്‍ 'ടെര്‍ഷ്യറി' ആഗ്നേയശിലകള്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പര്‍വത രൂപീകരണ പ്രക്രിയയും, ഭൂവല്ക്ക ചലനങ്ങളും അഗ്നിപര്‍വതവിസ്ഫോടനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ടെര്‍ഷ്യറിയിലാണ്. വന്‍കരവിസ്ഥാപനം ഇന്നത്തെ നിലയില്‍ ക്രമീകരിക്കപ്പെട്ടതും ടെര്‍ഷ്യറിയില്‍ തന്നെ. അന്ത്യക്രിട്ടേഷ്യസില്‍ അരങ്ങേറിയ 'ലറാമിഡെ' (laramide) പര്‍വതനം ഇയോസീനിലും തുടര്‍ന്നു. ബ്രിട്ടീഷ് കൊളംബിയയിലെ 'കോസ്റ്റ്നിര'കളിലും സിയറനെവൊദയിലും ജുറാസിക്കിന്റെ അന്ത്യത്തില്‍ ആരംഭിച്ച പര്‍വതരൂപീകരണപ്രക്രിയയും ടെര്‍ഷ്യറിയിലും ആവര്‍ത്തിച്ചു. ടെര്‍ഷ്യറി പര്‍വതന പ്രക്രിയയുടെ ഫലമായി ആല്‍പ്സ്, ആന്‍ഡിസ്, ഹിമാലയം എന്നീ പര്‍വതങ്ങള്‍ രൂപംകൊണ്ടു. മധ്യമയോസീനോടെ ഹിമാലയന്‍ പര്‍വതനം അതിന്റെ പാരമ്യതയിലെത്തി. എന്നാല്‍ ഹിമാലയന്‍ പര്‍വതരൂപീകരണത്തിന് നിദാനമായ ടെക്ടോണിക് പ്രവര്‍ത്തനങ്ങള്‍ ക്വാട്ടെര്‍നറി കല്പത്തിലെ പ്ളിസ്റ്റോസീന്‍ ഹിമയുഗംവരെ സജീവമായി നിലനിന്നു.

ഭൂമി അതിന്റെ ഇന്നത്തെ ബാഹ്യരൂപം, പ്രത്യേകിച്ചും വന്‍കരകളുടെ ആകൃതി, സ്ഥാനം എന്നിവ ക്രമീകരിച്ചത് ടെര്‍ഷ്യറിയിലാണ്. ടെഥിസിന്റെ തിരോധാനവും ഹിമാലയത്തിന്റെ രൂപീകരണവുമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ സ്വാധീനിച്ച നിര്‍ണായക ടെര്‍ഷ്യറി പ്രതിഭാസങ്ങള്‍. ഇന്ത്യന്‍ഫലകത്തിന്റെ വടക്കോട്ടുള്ള സ്ഥാനചലനവും ഏഷ്യന്‍ഫലകവുമായുണ്ടായ കൂട്ടിമുട്ടലുമാണ് ഹിമാലയന്‍ പര്‍വതരൂപീകരണത്തിനു നിദാനമായത്. മയോസീന്റെ അന്ത്യംവരെ 'ബെറിംഗ് സ്ട്രയ്റ്റ്' മേഖലവഴി ആര്‍ട്ടിക്മേഖലയെ ബന്ധിപ്പിച്ചിരുന്ന കടല്‍ഭാഗം രൂപപ്പെട്ടിരുന്നില്ല. മയോസീനിനുശേഷം ലഘുവായിമാത്രം രൂപപ്പെട്ട കടല്‍ പ്ലിയോസീനിന്റെ അന്ത്യത്തോടെ അപ്രത്യക്ഷമായി. പാലിയോസീനിലെയും ഇയോസീനിലെയും മൃദുവായ കാലാവസ്ഥ ഒലിഗോസീനോടെ തണുത്ത കാലാവസ്ഥയ്ക്കു വഴിമാറി. മധ്യമയോസീനിലെ ക്ഷണികമായ മിതോഷ്ണ കാലാവസ്ഥയ്ക്കുശേഷം പ്ളിസ്റ്റോസീനിലെ ഹിമാനീകരണത്തിന്റെ പ്രാരംഭംവരെ തണുപ്പ് വര്‍ധിച്ചുകൊണ്ടേയിരുന്നു. മയോസീനിന്റെ ആരംഭത്തിനുമുമ്പുതന്നെ അന്റാര്‍ട്ടിക്കയില്‍ ഹിമാനീകരണം ആരംഭിച്ചുകഴിഞ്ഞിരുന്നു.

സീനോസോയിക് മഹാകല്പത്തിലാണ് ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ബാഹ്യാകാരസവിശേഷതകള്‍ ക്രമീകരിക്കപ്പെട്ടത്. വ്യാപകമായ ലാവാ പ്രവാഹം, വ. പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കടല്‍കയറ്റം, ഹിമാലയന്‍ നൗകാശയത്തിലെ അസ്ഥിരത എന്നിവ ഉപഭൂഖണ്ഡത്തിന്റെ ടെര്‍ഷ്യറി ടെക്ടോണിക ചരിത്രത്തിന്റെ സവിശേഷതകളാണ്. അറേബ്യന്‍കടലിനെയും ബംഗാള്‍ ഉള്‍ക്കടലിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലിയോസീന്‍ കടല്‍ഭാഗം ഇയോസീനിന്റെ ആരംഭത്തോടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും പിന്‍വാങ്ങി. ടെര്‍ഷ്യറിയുടെ അന്ത്യംവരെ ഈ കടല്‍ പിന്മാറ്റം സജീവമായി തുടര്‍ന്നു. ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇയോസീനിലുടനീളം ഭാഗികമായി കടല്‍കയറ്റം തുടരുകയും പ്ലിയോസീനോടെ കടല്‍ പിന്‍വാങ്ങാനാരംഭിക്കുകയും ചെയ്തു.

ടെര്ഷ്യറി ജന്തുലോകം

ടെര്‍ഷ്യറിയിലെ പ്രധാന പര്‍വതരൂപീകരണങ്ങളില്‍ ഒന്നാണ് ഹിമാലയന്‍ പര്‍വതനം. തുടര്‍ച്ചയായ അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഹിമാലയപര്‍വതനം അതിന്റെ പരിപൂര്‍ണതയില്‍ എത്തിയത്. നിരവധി ഭൂവല്ക്കചലനങ്ങളും ഉത്ഥാനങ്ങളും ഉള്‍പ്പെടുന്നതാണ് ഹിമാലയന്‍ പര്‍വതനപ്രക്രിയ, അന്ത്യക്രിട്ടേഷ്യസ്-പൂര്‍വ ഇയോസീന്‍ യുഗങ്ങളിലാണ് ആദ്യഘട്ടചലനങ്ങള്‍ അരങ്ങേറിയത്. പ്രഥമചലനങ്ങളെ അനുഗമിച്ചുണ്ടായ അഗ്നിപര്‍വതവിസ്ഫോടനം സൃഷ്ടിച്ച 'ഇന്‍ഡസ് ഒഫിയോലൈറ്റ്സ്' നിക്ഷേപങ്ങള്‍ ഹിമാലയത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉപസ്ഥിതമായിരിക്കുന്നു. ആദ്യഘട്ട ഉത്ഥാനത്തിന്റെ ഫലമായി ടെഥിസ് സമുദ്രം ഇടുങ്ങിയ തിട്ടകളും നൗകാശയങ്ങളുമായി ചുരുങ്ങുകയും നൗകാശയങ്ങളില്‍ അവസാദനിക്ഷേപണം ആരംഭിക്കുകയും ചെയ്തു. പാലിയോസീനിലെ അവസാദശിലാസ്തരങ്ങള്‍ ലഡാക്കിലും തെക്കന്‍ ഹിമാലയത്തിലും കാണപ്പെടുന്നു. പാലിയോസീന്‍-പൂര്‍വ ഇയോസീന്‍ കാലഘട്ടത്തില്‍ ട്രാന്‍സ്ഹിമാലയന്‍ മേഖലയിലുണ്ടായ 'ബാതൊലിഥിക്' പ്രവേശം ട്രാന്‍സ്ഹിമാലയന്‍ നിരകളുടെ ഉത്ഥാനത്തിന് കാരണമായിത്തീര്‍ന്നു.

അന്ത്യ ഇയോസീനിലാണ് രണ്ടാംഘട്ട ഹിമാലയന്‍ ഉത്ഥാനപ്രക്രിയ അരങ്ങേറിയത്. ഈ ഘട്ടത്തില്‍ ടെഥിയന്‍ ഹിമാലയന്‍മേഖല ഒരു ഭൂഭാഗമായി ഉയര്‍ത്തപ്പെട്ടു. കടലിന്റെ പിന്‍വാങ്ങല്‍ ലെസര്‍ ഹിമാലയന്‍ മേഖലയുടെ ആഴം കുറച്ചുകൊണ്ടിരുന്നു. മധ്യമയോസീനിലാണ് ഹിമാലയന്‍ പര്‍വതനത്തിലെ ഏറ്റവും പ്രകടവും ശക്തവുമായ ഉത്ഥാനം ഉണ്ടായത്. ഹിമാലയന്‍ പര്‍വതനിരകള്‍ക്കു സമാന്തരമായി ലെസര്‍ ഹിമാലയന്‍ മേഖലയിലെ ശിലകള്‍ വലനപ്രക്രിയയ്ക്കു വിധേയമായി ഉയര്‍ത്തപ്പെട്ടു. മധ്യമയോസീനിലുണ്ടായ മൂന്നാംഘട്ട ഉത്ഥാനം, ഉയര്‍ന്നുകൊണ്ടിരുന്ന ഹിമാലയത്തിനും ഉപഭൂഖണ്ഡത്തിന്റെ വടക്കേ അഗ്രത്തിനും മധ്യേ ഒരു 'ഫോര്‍ഡീപ്' (Foredeep) സൃഷ്ടിക്കാന്‍ കാരണമായി. പ്ലിയോസീന്‍-പ്ലിസ്റ്റോസീന്‍ യുഗങ്ങളിലാണ് ഹിമാലയപര്‍വതനത്തിന്റെ നാലാംഘട്ട ഉത്ഥാനം സംജാതമായത്. പ്ലിസ്റ്റോസീന്‍ ഹിമയുഗത്തില്‍ പുറംഹിമാലയ പ്രദേശം ഉയര്‍ത്തപ്പെട്ടു. പ്ലിസ്റ്റോസീന്‍ ഹിമാനികള്‍ ഉന്നത ഹിമാലയന്‍ മേഖലയിലേക്ക് പിന്‍വാങ്ങിയതിനുശേഷമാണ് അവസാനഘട്ട ഉത്ഥാനം അരങ്ങേറിയത്.

'പ്ളേറ്റ് ടെക്ടോണിക്' സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, ഹിമാലയപര്‍വതനം ഇന്‍ഡ്യന്‍ ഫലകത്തിന്റെ വടക്കോട്ടുള്ള വിസ്ഥാപനത്തിന്റെയും, ഏഷ്യന്‍ഫലകവുമായുണ്ടായ സമാഘാതത്തിന്റെയും പരിണിതഫലമാണ്. ഗോണ്ട്വാന വന്‍കരയ്ക്ക് ജുറാസിക്കിലുണ്ടായ ശിഥിലീകരണവും പ്രോട്ടോ ഇന്ത്യന്‍ സമുദ്രത്തിന്റെ ആവിര്‍ഭാവവുമാണ് ഇന്ത്യന്‍ ഫലകത്തിന്റെ വിസ്ഥാപനത്തിനു തുടക്കം കുറിച്ചത്. പാലിയോസീനില്‍ ഇത് ഏറ്റവും ദ്രുതഗതിയിലായിരുന്നെന്ന് ഇന്ത്യന്‍ സമുദ്രാടിത്തട്ടിലെ പുരാകാന്തതാപഠനങ്ങള്‍ സമര്‍ഥിക്കുന്നു. ഈ ഘട്ടത്തിലാണ് അഗ്നിപര്‍വത വിസ്ഫോടനം ഉപഭൂഖണ്ഡത്തിലുടനീളം ലാവാപ്രവാഹം സന്നിവേശിപ്പിച്ചത്. അന്ത്യ ഇയോസീനില്‍ ഇന്ത്യന്‍-ഏഷ്യന്‍ ഫലകങ്ങളുടെ കൂട്ടിമുട്ടല്‍ സംജാതമായി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, ഹിമാലയന്‍, അറാകന്‍ പര്‍വതങ്ങള്‍, കച്ച്-സൗരാഷ്ട്രാഭാഗങ്ങളുടെ നൗകാശയതട്ടുകള്‍, പശ്ചിമരാജസ്ഥാന്‍, തിരുച്ചിറപ്പള്ളി-പോണ്ടിച്ചേരി മേഖലകള്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശം എന്നിവിടങ്ങളിലാണ് ടെര്‍ഷ്യറി നിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. ഹിമാലയന്‍ ശ്രേണി രണ്ടു സമാന്തരവലയങ്ങളായാണ് അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ളത്.

മീസോസോയിക് മഹാകല്പത്തിന്റെ പരിസമാപ്തിയില്‍ ജീവിവര്‍ഗങ്ങള്‍ മറ്റൊരു പ്രധാന പരിവര്‍ത്തനഘട്ടത്തിന് വിധേയമായി. കരയിലെ ഉരഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജന്തുവര്‍ഗങ്ങളില്‍ ഭൂരിഭാഗവും മീസോസോയിക്-സീനോസോയിക് പരിവര്‍ത്തനഘട്ടത്തില്‍ ഉണ്ടായ പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കാനാവാതെ വംശനാശത്തിലേക്ക് കൂപ്പുകുത്തി. മീസോസോയിക്കിലെ ഉരഗങ്ങളുടെ സ്ഥാനം സീനോസോയിക്കില്‍ സസ്തനികള്‍, പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവ കൈയടക്കി. ടെര്‍ഷ്യറിയില്‍ നിരവധി സസ്തനിവര്‍ഗങ്ങള്‍ പരിണമിക്കുകയും വ്യാപിക്കുകയും ചെയ്തു. ചില ജീവിവര്‍ഗങ്ങള്‍ പരിണാമത്തിന്റെ പാരമ്യതയിലെത്തുകയും മയോസീന്‍-പ്ലിയോസീന്‍ യുഗാന്ത്യത്തോടെ വംശനാശം പ്രാപിക്കുകയും ചെയ്തു.

മീസോസോയിക്സമുദ്രത്തിലെ പ്രധാനപ്പെട്ട ചില അകശേരുകിവര്‍ഗങ്ങള്‍ പാലിയോസീനിന്റെ ആരംഭത്തിനു മുന്‍പുതന്നെ തിരോഭവിക്കപ്പെട്ടിരുന്നു. ചില പാലിയോസീന്‍ അകശേരുകികള്‍ വന്‍കരകളിലുടനീളം വ്യാപിക്കപ്പെട്ടപ്പോള്‍ ചിലത് പരിമിത പരിതസ്ഥിതികളെ മാത്രം അതിജീവിച്ചു. ഫൊറാമിനിഫെറുകളും മൊളസ്ക്കകളുമായിരുന്നു ടെര്‍ഷ്യറിയിലെ സമുദ്ര അകശേരുകികളില്‍ പ്രധാനം. ഫൊറാമിനിഫെറുകള്‍ വിവിധ ദിശകളിലൂടെ പരിണാമത്തിന്റെ അത്യുന്നതിയിലെത്തി. ധാരാളം ജീവിവര്‍ഗങ്ങള്‍ക്ക് വലുപ്പവര്‍ധനവുണ്ടായി. (ഉദാ: നുമ്മുലൈറ്റ്സ്, 2.5 മുല്‍ 5 സെ.മീ.) നുമ്മുലൈറ്റ്സും ഡിസ്കോസൈക്ലി നയുമായിരുന്ന പാലിയോസീന്‍, ഇയോസീന്‍ യുഗങ്ങളിലെ വലുപ്പംകൂടിയ ഫെറാമിനിഫെറകള്‍. ഡിസ്കോ സൈക്ലിനിയകള്‍ അന്ത്യ ഇയോസീനില്‍ ലെപിഡോസൈക്ലിനകളാല്‍ പുനഃ സ്ഥാപിക്കപ്പെട്ടു. പൂര്‍വമയോസീനില്‍ സമ്പുഷ്ടമായിരുന്ന ലെപിഡോസൈക്ലിന ഇയോസീന്റെ അന്ത്യംവരെ നിലനിന്നു. ചെറിയവയില്‍ ഗ്ലോബിജെറിന ഗണത്തിനായിരുന്നു പ്രാമുഖ്യം.

സമുദ്ര അകശേരുകികളായ ഗാസ്ട്രൊപോഡുകള്‍, പെലിസി പോഡുകള്‍ എന്നിവയ്ക്കും ടെര്‍ഷ്യറിയില്‍ നിര്‍ണായകമാംവിധം പരിണാമം സംഭവിച്ചു. പെലിസിപോഡുകളില്‍ വമ്പന്‍ വെനെറികാര്‍ഡ്, ഓയിസ്റ്റര്‍, പെക്റ്റണ്‍ എന്നിവ ടെര്‍ഷ്യറിയില്‍ പ്രാമുഖ്യം നേടിയെടുത്തു. പാലിയോസീന്‍, ഇയോസീന്‍ യുഗങ്ങളില്‍ സമ്പുഷ്ടമായിരുന്ന നോട്ടിലോയിഡുകള്‍ (Nautiloids) മയോസീന്‍, പ്ലിയോസീന്‍ യുഗങ്ങളില്‍ അപ്രത്യക്ഷമായി. ക്രമ, ക്രമരഹിത എക്കനോയ്ഡുകള്‍ ടെര്‍ഷ്യറിയിലാണ് ആവിര്‍ഭവിക്കപ്പെട്ടത്. ബ്രയോസോവകളുടേയും പവിഴങ്ങളുടേയും ഫോസിലുകള്‍ ടെര്‍ഷ്യറിനിക്ഷേപങ്ങളില്‍ പരിമിതമാണ്.

ആധുനിക ഗണത്തില്‍പ്പെട്ട പക്ഷികള്‍, ലിമറുകള്‍ എന്നിവ പാലിയോസീന്‍ കശേരുകി റിക്കാര്‍ഡിന്റെ സവിശേഷതയാണ്. പാലിയോസീനില്‍ ഉരഗങ്ങള്‍ വിരളമായിരുന്നു. ചീങ്കണ്ണികള്‍, കടലാമകള്‍ എന്നിവയാണ് പാലിയോസീനില്‍ ഉരഗങ്ങളെ പ്രതിനിധാനം ചെയ്തത്. കുരങ്ങിന്റെ പൂര്‍വികന്‍, വളഞ്ഞ വാളാകൃതിയിലുള്ള പല്ലുകളോടുകൂടിയ പൂച്ച, സാധാരണ പൂച്ച, പട്ടി എന്നിവ ഒലിഗോസീനില്‍ പ്രത്യക്ഷപ്പെട്ടു. മയോസീനില്‍ സസ്യഭോജികളായ സസ്തനികള്‍ക്ക് ദ്രുതഗതിയിലുള്ള പരിണാമം സംഭവിച്ചു. പ്ലിയോസീനില്‍ എത്തിയപ്പോഴേക്കും സസ്തനികള്‍ പരിണാമത്തിന്റെ ഉന്നതിയിലെത്തി. പ്ലിയോസീനിലെ മനുഷ്യപൂര്‍വികജീവി പ്ലിസ്റ്റോസീനില്‍ ഹോമോ സാപിയന്‍സ് ആയി പരിണമിച്ചെന്നു കരുതപ്പെടുന്നു. അസ്ഥിമത്സ്യങ്ങള്‍, സ്രാവ്, ആഴക്കടല്‍ തിമിംഗലം എന്നിവയാണ് ടെര്‍ഷ്യറിയിലെ മുഖ്യ സമുദ്രകശേരുകികള്‍.

സസ്യഗണത്തില്‍ ആവൃതബീജികള്‍ക്കും കോണിഫെറുകള്‍ക്കുമായിരുന്നു ടെര്‍ഷ്യറിയില്‍ പ്രാമുഖ്യം. കോണിഫെറുകളില്‍ പൈന്‍, ഫെര്‍, സിഡാര്‍, സൈപ്രസ് മുതലായവ ഉള്‍പ്പെടുന്നു. മീസോസോയിക്കില്‍ അജ്ഞാതമായിരുന്ന പച്ചപ്പുല്‍ വര്‍ഗങ്ങള്‍ ടെര്‍ഷ്യറിയില്‍ ക്രമേണ വളര്‍ന്നുവരികയും മൃഗങ്ങളുടെ ഭക്ഷണമായിത്തീരുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍