This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടൂറിന്‍

Turin

വടക്കു പടിഞ്ഞാറന്‍ ഇറ്റലിയിലെ ഒരു നഗരവും, ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. പീഡ്മോണ്‍ട് രാഷ്ട്രീയ മണ്ഡലത്തിന്റെ ആസ്ഥാനം കൂടിയാണിത്. ഉത്തര പശ്ചിമ ഭാഗങ്ങളില്‍ ആല്‍പ്സ് അതിരായുള്ള ഈ നഗരം മിലാനിന് 140 കി.മീ. അകലെ പോ (Po) നദിക്കരയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 229 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ടോറിനോ (Torino) എന്നാണ് ഇറ്റാലിയന്‍ നാമധേയം. ഇറ്റലിയുടെ വ്യാവസായിക ത്രികോണം' എന്നു വിശേഷിക്കപ്പെടുന്ന, ടൂറിന്‍, മിലാന്‍, ജനോവ നഗരത്രയത്തിലെ പശ്ചിമനഗരമാണ് ടൂറിന്‍. ടൂറിന് വ. പ. 175 കി.മീ. അകലെയാണ് ജനോവ നഗരം സ്ഥിതിചെയ്യുന്നത്. നഗരജനസംഖ്യ 991870 (90 ഡി.); പ്രവിശ്യാ ജനസംഖ്യ: 952736 ('92).

മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണമാണ് ടൂറിനിലെ മുഖ്യ വ്യവസായം. വസ്ത്രങ്ങള്‍, സംസ്ക്കരിച്ച ഭക്ഷ്യസാധനങ്ങള്‍, തുകലുത്പന്നങ്ങള്‍ തുടങ്ങിയവയും ഇവിടത്തെ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. ഇറ്റലിയിലെ രാസസംസ്ക്കരണത്തിന്റെ 85 ശ. മാ. വും കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെത്തന്നെ. ഇറ്റലിയിലെ പ്രധാന പുസ്തക പ്രസിദ്ധീകരണകേന്ദ്രം എന്ന പേരിലും ടൂറിന്‍ പ്രസിദ്ധമായിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വ്യോമ-റെയില്‍ ഗതാഗതാസ്ഥാനംകൂടിയാണ് ഈ നഗരം. സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും ഈ നഗരം വന്‍ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. ഒരു മുഖ്യ സാംസ്ക്കാരിക, കലാകേന്ദ്രവുമാണ് ടൂറിന്‍. ആധുനിക ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ നഗരത്തെ ഇറ്റലിയിലെ മറ്റു നഗരങ്ങളുമായും പ്രധാന ലോക നഗരങ്ങളുമായും ബന്ധിപ്പിക്കുന്നു.

ദക്ഷിണ ഇറ്റലിയിലെ മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് ടൂറിന്‍. വീതിയേറിയ ചോലമരപ്പാതകളും, ഉദ്യാനങ്ങളും, തുറസ്സായ മൈതാനങ്ങളും, 17-18 ശ.-ത്തിലെ പുരാതന കെട്ടിടങ്ങളും നഗരത്തിലുടനീളം കാണാം. സമചതുരാകൃതിയിലുള്ള കെട്ടിട സമുച്ചയങ്ങളും, വീതിയേറിയ ചതുരാങ്കണങ്ങളും, ഉദ്യാനങ്ങളും നഗരത്തിന് ഒരു ആധുനിക ഭാവം പ്രദാനം ചെയ്തിരിക്കുന്നു. കാറിഗ്നാനോ, വാലന്റീനോ മുതലായ കൊട്ടാരങ്ങള്‍ സാവോയ് ഡ്യൂക്കുമാരുടെ വസതികളായിരുന്നു. തുടക്കത്തില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റ് കാറിഗ്നാനോ കൊട്ടാരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഉത്തര പാലറ്റീന, കിഴക്കന്‍ പ്രട്ടോറിയ എന്നീ കവാടങ്ങള്‍ റോമന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇറ്റാലിയന്‍ ഏകീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് 1961-ല്‍ പീയര്‍ ല്വിഗി നെര്‍വി (Pier Luigi Nervi) രൂപകല്പന ചെയ്തതാണ് ടൂറിനിലെ വിശാലമായ പാലസോ ദെല്‍ ലാവോറോ എക്സിബിഷന്‍ ഹാള്‍ (Palazzo del Lavoro Exhibition Hall). 154 മീ. ഉയരമുള്ള ആന്റോനെലിയാന ടവര്‍ (Antonelliana Tower) നഗരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

ഈജിപ്ഷ്യന്‍ മ്യൂസിയം, മ്യൂസിയം ഒഫ് ആന്റിക്വിറ്റീസ്; ഫ്ളമിഷ്, ഡച്ച്, ഇറ്റാലിയന്‍ പ്രതിഭകളുടെ കരവിരുതു പ്രകടമാക്കുന്ന കലാവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന സബവ്ദ ഗാലറി (Sabauda Gallery) അക്കാദമിയ ആല്‍ബര്‍ട്ടിനാ ദി ബെല്ലി ആര്‍ട്ടി (Academia Albertina di Bella Arti), ഗാലറിയദ് ആര്‍ട് മോഡേണ (Galeriad Arte Moderna) തുടങ്ങിയവ ട്യൂറിനിലെ പ്രധാന മ്യൂസിയങ്ങളാണ്.

ടൂറിനിലെ ചാപല്‍ ഒഫ് ദ് ഹോളി ഷ്റൗഡ് (Chapel of the Holy Shroud) ലോക പ്രശസ്തമാണ്. ക്രിസ്തുദേവന്റെ ശരീരം മൂടിപ്പൊതിഞ്ഞിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പുരാതന മണിമാളികയോടുകൂടിയ കണ്‍സൊലാറ്റ, ഗോഥിക് സാന്‍ഡൊമിനികോ, നവോത്ഥാന കാലത്ത് പ്രഥമ സ്ഥാനത്തായിരുന്ന സാന്‍ ഗിയോവനി ബാറ്റിസ്ത, സാന്‍ മാസീനോ, ഗ്രാന്‍ മാഡ്രെ ദി ദിയോ, സാവോയ് വംശജരെ അടക്കം ചെയ്തിരുന്ന ബസിലിക്ക ഓഫ് സുപര്‍ഗ എന്നിവയാണ് ഇവിടത്തെ പ്രധാന ക്രിസ്തീയ ദേവാലയങ്ങള്‍.

ടൂറിന്‍ സര്‍വകലാശാല (1404)യുടെ ആസ്ഥാനമാണ് ടൂറിന്‍. ബിബ്ലിയോടെക്ക നാസിയോണേലും (Biblioteca Naziionale 1720) ബിബ്ലിയോടെക്ക സിവിക്കയും (Biblioteca Civica 1869) ആണ് മറ്റു പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പിയാസ കാസ്റ്റെലോ (Piazza Castello), പിയാസ സാന്‍ കാര്‍ലോ (Lungo Po). ലൂങോ പോ (Parco del Valentino), പാര്‍സോ ദല്‍ വാലന്റിനോ (Parco del Valentino) മോണ്‍ട് ദെ കപ്പൂസിനി (Cappucini) തുടങ്ങിയവ ഇവിടെത്തെ പ്രധാന പാര്‍ക്കുകളാണ്. ഓരോ വര്‍ഷവും ധാരാളം മേളകള്‍ ടൂറിനില്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ അന്താരാഷ്ട്ര മോട്ടോര്‍ പ്രദര്‍ശനത്തിനാണ് പ്രഥമ സ്ഥാനം. ഇറ്റലിയിലെ 4 സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒന്ന് ടൂറിനില്‍ പ്രവര്‍ത്തിക്കുന്നു. ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെയുണ്ട്. നഗരത്തിലെ ട്രാംറെയില്‍ ശൃംഖലയ്ക്ക് 119 കി.മീ.ദൈര്‍ഘ്യമുണ്ട്.

ചരിത്രം. പ്രാചീനകാലത്ത് ടൂറിന്‍ ലിഗൂറിയന്‍ വംശജരുടെ ആവാസകേന്ദ്രമായിരുന്നു. എ.ഡി. 1-ാം ശ. -ത്തോടെ ഇത് ഒരു റോമന്‍ കോളനി ആയിത്തീര്‍ന്നു. പിന്നീട് ഒരു പ്രധാന റോമന്‍ നഗരമായി വികാസം പ്രാപിച്ച ടൂറിന്‍ അക്കാലത്ത് അഗസ്റ്റാ ടൂറിനോറം (Augusta Taurinorum) എന്നാണ് അറിയപ്പെട്ടിരുന്നത്. 7-ാം ശ.-ത്തില്‍ ലൊംബാര്‍ഡുകളുടെ അധീനതയിലുള്ള ഒരു ഡച്ചി (പ്രഭുഭരണ പ്രദേശം) ആയി ടൂറിന്‍ മാറി. പിന്നീട് കുറച്ചുകാലം ഫ്രാങ്കുകളാണ് ഇവിടം ഭരിച്ചിരുന്നത്. സാവോയ് ഭരണകുടുംബം ഈ പ്രദേശത്തിനായി അവകാശമുന്നയിച്ചിരുന്നെങ്കിലും 12-ഉം 13-ഉം നൂറ്റാണ്ടുകളില്‍ ഇതൊരു സ്വതന്ത്ര കമ്യൂണ്‍ ആയി നിലനിന്നു. എന്നാല്‍ 1280-ഓടെ സാവോയ് കുടുംബം ടൂറിന്റെ ഭരണം പിടിച്ചടക്കി. 1536 മുതല്‍ 62 വരെ ഫ്രഞ്ചുകാര്‍ ടൂറിന്‍ കൈവശപ്പെടുത്തിയിരുന്നുവെങ്കിലും സാവോയ് പ്രഭുക്കള്‍ ഇവിടം തിരിച്ചുപിടിച്ച് ഒരു ഡച്ചിയുടെ ആസ്ഥാനമാക്കിയിരുന്നു. 1800 മുതല്‍ 14 വരെ വീണ്ടും ഇത് ഫ്രഞ്ച് ഭരണത്തിന്‍കീഴിലായി. പിന്നീട് 1860 വരെ ടൂറിന്‍ സാര്‍ഡീനിയ രാജ്യത്തിന്റെ തലസ്ഥാനമായിത്തീര്‍ന്നു. ടൂറിന്‍ കേന്ദ്രീകരിച്ചാണ് ഇറ്റാലിയന്‍ ദേശീയ ചിന്താഗതി (Risorgimento) വികാസം പ്രാപിച്ചത്. ഇറ്റലിയുടെ ഏകീകരണവുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും ടൂറിന്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു. 1861 മുതല്‍ 65 വരെ ഏകീകൃത ഇറ്റലിയുടെ തലസ്ഥാനമായി വര്‍ത്തിച്ചതും ടൂറിന്‍ ആണ്. 20-ാം നൂറ്റാണ്ടില്‍ ടൂറിന്‍ ഒരു പ്രധാന വ്യാവസായിക-വാണിജ്യ നഗരമായി വളര്‍ന്നു. രണ്ടാം ലോകയുദ്ധത്തില്‍ നഗരത്തിന് വളരെ നാശനഷ്ടമുണ്ടായി. 1950-കളിലും 60-കളിലും കാര്‍ നിര്‍മ്മാണവ്യവസായം പുഷ്ടിപ്പെട്ടതോടെ ടൂറിന്‍ അഭിവൃദ്ധി പ്രാപിച്ചു. ഇതോടെ തെക്കന്‍ ഇറ്റലിയില്‍നിന്നും മറ്റുമായി ധാരാളം ആളുകള്‍ ഇവിടേക്കെത്തുകയുണ്ടായി. തന്മൂലം നഗരജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകാനിടയായി. ഗതകാല പ്രൗഢി വിളിച്ചോതുന്ന പല കൊട്ടാരങ്ങളും ഇന്നിവിടെയുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍