This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഞാറപ്പക്ഷി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഞാറപ്പക്ഷി
പെലിക്കാനി ഫോമിസ് (Pelecanifomes) പക്ഷി ഗോത്രത്തിലെ പെലിക്കനിഡേ (Pelecanidae) കുടുംബത്തില്‍പ്പെടുന്ന ജലപ്പക്ഷി. പെലിക്കാനസ് ഫിലിപ്പെന്‍സിസ് (Pelecanus philippensis)എന്നയിനം മാത്രമേ ഇന്ത്യയില്‍ കാണപ്പെടുന്നുള്ളൂ. കൊതുമ്പന്നം, പുള്ളിച്ചുണ്ടന്‍ പെലിക്കന്‍ (Spotted billed pelican) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
ഞാറപ്പക്ഷികളെ ശുദ്ധജല തടാകങ്ങളിലും ജലാശയങ്ങളിലും കണ്ടുവരുന്നു. കഴുകനെക്കാള്‍ വലുപ്പം കൂടിയ പക്ഷിയാണിത്. പ്രായപൂര്‍ത്തിയെത്തിയ പക്ഷിക്ക് ചാരനിറം കലര്‍ന്ന വെളുപ്പും പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് തവിട്ടുനിറവുമാണ്. പറക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ചിറകുകളിലെ കറുപ്പുനിറമുള്ള ക്വില്‍ തൂവലുകളും ചാരവും തവിട്ടും നിറം കലര്‍ന്ന വാലും ഈ പക്ഷിയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാലുകള്‍ കുറിയതും തടിച്ചതുമാണ്; വിരലുകള്‍ ചര്മബന്ധിതവും. പരന്നു തടിച്ച് വഞ്ചിയുടെ ആകൃതിയിലുള്ള ചുണ്ട് ഈ പക്ഷിയുടെ പ്രത്യേകതയാണ്. മേല്‍ച്ചുണ്ട് കറുപ്പും നീലയും പുള്ളികളുള്ളതാണ്. കീഴ്ച്ചുണ്ടിനു താഴെ തുങ്ങിക്കിടക്കുന്ന തൊലികൊണ്ടുള്ള മങ്ങിയ ചുവപ്പു നിറമുള്ള സഞ്ചി ഞാറപ്പക്ഷികളുടെ പ്രത്യേകതയാണ്. മത്സ്യങ്ങളെ പിടിച്ചിടുന്നതിനുള്ള ഒരു വല പോലെയാണ് ഈ സഞ്ചി പക്ഷി ഉപയോഗിക്കുന്നത്.
വലുപ്പം കൂടിയ പക്ഷിയാണെങ്കിലും അസ്ഥികള്‍ക്ക് ഭാരം കുറവായതിനാല്‍ ഇവയ്ക്ക് ചിറകുകള് ചലിപ്പിക്കാതെ ഏറെനേരം വട്ടമിട്ടു വളരെ ഉയരത്തില്‍ പറക്കാന്‍ കഴിയും. അത്യാര്‍ത്തിയോടെ വന്‍തോതില്‍ മത്സ്യങ്ങളെ കൊത്തിവിഴുങ്ങുന്ന ഞാറപ്പക്ഷികള്‍ സംഘം ചേര്‍ന്നാണ് ഇരതേടുന്നത്. കുറേ പക്ഷികള്‍ ചേര്‍ന്ന് അര്‍ധവൃത്താകൃതിയില്‍ ചിറകടിച്ചുനീന്തി മത്സ്യങ്ങളെ ആകര്‍ഷിച്ച് ആഴംകുറഞ്ഞ സ്ഥലത്തേക്ക് എത്തിക്കുന്നു. കരയ്ക്കടുത്തെത്തുന്ന മത്സ്യങ്ങളെ തുറന്ന കൊക്കുകളുമായി പറന്നെത്തി കൊത്തിപ്പെറുക്കി കീഴ്ത്താടിയിലെ സഞ്ചിയില്‍ നിറയ്ക്കുന്നു. വെള്ളത്തില്‍ നിന്ന് എളുപ്പത്തില്‍ പറന്നുയരുന്ന പക്ഷി കഴുത്ത് പുറകോട്ട് മുതുകിലേക്കാക്കി ചിറകടിച്ചു പറന്നുയരും. പടര്‍ന്നു പന്തലിക്കുന്ന ഉയരംകൂടിയ വൃക്ഷങ്ങളിലും ഒറ്റത്തടിവൃക്ഷങ്ങളിലും ഞാറപ്പക്ഷികള്‍ കൂടുകെട്ടാറുണ്ട്. ഒരു പ്രദേശത്തു തന്നെ അനേകം പക്ഷികള്‍ കൂടുണ്ടാക്കുന്നു. ഒരേ മരത്തില്‍ത്തന്നെ പക്ഷികള്‍ കൂട്ടം ചേര്‍ന്ന് പരസ്പരം തൊട്ടുതൊട്ട് കൂടുണ്ടാക്കാറുണ്ട്. കടല്‍ക്കളകളും ചുള്ളിക്കമ്പുകളും ഉപയോഗിച്ചുണ്ടാക്കുന്ന കൂട് ഒരു തട്ടുപോലെയാണ്. വെളുപ്പു നിറത്തിലുള്ള മൂന്നോ നാലോ മുട്ടകളിടും. ആണ് പെണ് പക്ഷികള്‍ അടയിരിക്കും. അടയിരിക്കുമ്പോള്‍ മുട്ടകള്‍ തവിട്ടുനിറമാവും. തള്ളപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് പകുതി ദഹിച്ച ആഹാരം നല്കി സംരക്ഷിക്കുന്നു.
(പ്രൊഫ. എം. സ്റ്റീഫന്‍; സ.പ.)