This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഞണ്ട്

Crab

ആര്‍ത്രോപോഡ (Arthropod) ഫൈലത്തിലെ ക്രസ്റ്റേഷ്യ (Crustaceae) വിഭാഗത്തിലെ മലാക്കോസ്ട്രാക്കാ (Malacostraca) ഗോത്രത്തില്‍പ്പെടുന്ന അകശേരുകികള്‍. 4500-ലധികം ഇനം ഞണ്ടുകളുണ്ട്. സമുദ്രജലത്തിലും ശുദ്ധജലത്തിലും കരയിലും ജീവിക്കുന്ന ഇനങ്ങളുണ്ട്. കടലില്‍ 3700 മീ. വരെ ആഴത്തില്‍ ഞണ്ടുകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നത് കാര്‍സിനസ് മേയ്നസ് (Carcinus maenas)എന്നയിനമാണ്. 1.6 മി.മീ. മുതല്‍ 3.5 മീ. വരെ പാദവിസ്തൃതിയുള്ള ഞണ്ടുകളുണ്ട്. ജാപ്പനീസ് എട്ടുകാലി ഞണ്ടുകളാണ് (Macrocheira kaempferi) ഏറ്റവും വലുപ്പം കൂടിയത്.

ഞണ്ട്

ശരീരത്തിന്റെ ആകൃതിയിലും നിറത്തിലും ഏറെ വൈവിധ്യം കാണിക്കുന്നവയാണ് ഞണ്ടുകള്‍. അണ്ഡാകൃതിയോ ത്രികോണാകൃതിയോ ഉള്ള ഞണ്ടുകളുടെ പരന്ന ശരീരത്തിനു രണ്ടു ഭാഗങ്ങളാണുള്ളത്. ശിരസ്സും നെഞ്ചും യോജിച്ചുണ്ടാകുന്ന ശിരോവക്ഷവും (Macrocheira kaempferi) ഉദരവും (abdomen). ശിരോവക്ഷം കടുപ്പമുള്ള കൈറ്റിന്‍ നിര്‍മിത ബാഹ്യകവച(carapace)ത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. വളര്‍ച്ചയ്ക്കനുസരിച്ച് ഉറയൂരല്‍ നടത്തുന്നതിനാല്‍ കട്ടിയുള്ള ബാഹ്യകവചം ഈ ജീവിയുടെ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നില്ല. ബാഹ്യകവചത്തില്‍ ലഘു ശൃംഗികളും (antennules) സവൃന്ത കണ്ണുകളും (stalked eyes)കാണപ്പെടുന്നു. ഇവയെ ആവശ്യാനുസരണം ഉള്‍വലിക്കാന്‍ ജീവിക്കു കഴിയും. ഉദരം ഹ്രസ്വവും ശിരോവക്ഷത്തിനടിയില്‍ ചേര്‍ന്ന് മറഞ്ഞിരിക്കുന്നതുമാണ്. ആണ്‍ ഞണ്ടുകളെയപേക്ഷിച്ച് പെണ്‍ ഞണ്ടുകളുടെ ഉദരം വീതി കൂടിയതായിരിക്കും.

ഞണ്ടുകള്‍ക്ക് 19 ജോടി ഉപാംഗങ്ങള്‍ (appendages) അഥവാ ഘടിതപാദങ്ങള്‍ ഉണ്ടായിരിക്കും. തലയില്‍ അഞ്ചും വക്ഷസ്സില്‍ എട്ടും ഉദരത്തില്‍ ആറും. തലയില്‍ ഒരു ജോടി ലഘു ശൃംഗികകളും വദന ഭാഗങ്ങളായി കരുതപ്പെടുന്ന മാന്‍ഡിബിള്‍സും മാക്സിലയും കാണപ്പെടുന്നു. ഒന്നാമത്തെ ലഘു ശൃംഗിക മണമറിയുന്നതിനും രണ്ടാമത്തേത് സംവേദനാവയവമായും ഉപയോഗപ്പെടുന്നു. മാന്‍ഡിബിള്‍സും മാക്സിലയും ഭക്ഷിക്കുന്നതിനും ശ്വസന ഗില്ലുകളെ വൃത്തിയായും ശ്വസനത്തിനനുയോജ്യമായവിധത്തില്‍ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു

വക്ഷസ്സിലെ എട്ടു ജോടിയില്‍ മൂന്നു ജോടി മാക്സിലിപിഡ് (maxillipeds)സും അഞ്ചും ജോടി നടക്കുംകാലുകളും (percopoos)മാണ്. മാക്സിലിപിഡിസ് ഭക്ഷിക്കുന്നതിനും ശ്വസനത്തിനും സഹായിക്കുന്നു. ഒന്നാമത്തെ ജോടി നടക്കുംകാലുകള്‍ (chelipeds)മറ്റുള്ളവയെ അപേക്ഷിച്ചു വലുപ്പം കൂടിയതും അഗ്രഖണ്ഡം രണ്ടായി വിഭജിക്കപ്പെട്ടു കൂര്‍ത്ത നഖംപോലയായിത്തീര്‍ന്നിരിക്കുന്നതുമാണ്. ഉദരത്തിലെ ആറു ജോടി ഉപാംഗങ്ങളില്‍ അഞ്ചു ജോടി പ്ളവപാദങ്ങളും (pleopods)ഒരു ജോടി പൂര്‍ണവളര്‍ച്ചയെത്താത്ത പശ്ചാന്തപാദവും (uropod) ആയിരിക്കും. പ്ലവപാദങ്ങള്‍ മാത്രമേ അധിക ഇനങ്ങളിലും കാണപ്പെടാറുള്ളു. പെണ്‍ ഞണ്ടിലെ നാലു ജോടി പാദങ്ങളിലും മുട്ടകള്‍ ഒട്ടിയിരിക്കും. ആണ്‍ ഞണ്ടില്‍ നാലു ജോടി പാദങ്ങളിലും മുട്ടകള്‍ ഒട്ടിയിരിക്കും. ആണ്‍ ഞണ്ടില്‍ ഇവ സംയുഗ്മനാവയവവും (copulatory organ) ആയിരിക്കും.

ഞണ്ടുകള്‍ക്ക് വളരെ സമയം കരയില്‍ ജീവിക്കാന്‍ കഴിയും. ഇവയുടെ ചെകിളപ്പൂക്കള്‍ (gills) അന്തരീക്ഷവായുവിനെ നേരിട്ട് ആഗിരണം ചെയ്യാനാകുംവിധം രൂപാന്തരപ്പെട്ടിട്ടുള്ളതാണ്. ഇവയുടെ ശ്വാസകോശത്തിന്റെ പ്രതലങ്ങളിലാണ് ഏറ്റവുമധികം രക്തലോമികളുള്ളത്.

ഞണ്ടുകള്‍ 20,000-25,000 മുട്ടകളിടും. മുട്ടകള്‍ ചുവപ്പ്, മഞ്ഞ, നീല, കാവി, പച്ച എന്നീ നിറങ്ങളില്‍ കണ്ടുവരുന്നു. മുട്ടയില്‍ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഉദരപാദങ്ങളില്‍ മുട്ടകളുമായി സഞ്ചരിക്കുന്ന ഞണ്ട് ഉദരഭാഗം ഉയര്‍ത്തി നടക്കുന്നതുമൂലം നടക്കുന്ന പ്രതലത്തില്‍ തട്ടി മുട്ടകള്‍ നഷ്ടമാകുന്നില്ല. മുട്ട വിരിയാറാകുന്ന സമയത്ത് പെണ്‍ ഞണ്ടുകള്‍ മുട്ടകള്‍ ജലത്തില്‍ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്നു. വിവിധതരത്തിലുള്ള ലാര്‍വകള്‍ ഉള്‍പ്പെടുന്ന രൂപാന്തരണ പ്രതിഭാസമുള്ള പ്രത്യുത്പാദന ചരിത്രമാണ് ഞണ്ടുകള്‍ക്കുള്ളത്. മുട്ടയ്ക്കകത്തു വച്ചുതന്നെയാണ് നോപ്ലിയസ് (nauplius), പ്രോട്ടോസോയിയ (protozoea) എന്നീ ലാര്‍വാദശകള്‍ കടന്നുപോകുന്നത്. മുട്ട വിരിഞ്ഞ് രൂപം പ്രാപിക്കുന്നതിനുമുമ്പ് പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യത്തെ സോയിയാദശ(zoea stage)യില്‍ ഉരസ്സില്‍ നിന്ന് രണ്ടു കൂര്‍ത്ത മുള്ളുകള്‍ മുമ്പിലും പിമ്പിലുമായി കാണപ്പെടുന്നു. വലുപ്പം കൂടിയ വൃന്തങ്ങളില്ലാത്ത കണ്ണുകളാണിവയ്ക്ക്. വളര്‍ച്ചയ്ക്കനുസരിച്ച് പല പ്രാവശ്യം ഉറയൂരല്‍ നടക്കുന്നു; പല മാറ്റങ്ങള്‍ക്കുംശേഷം രണ്ടാമത്തെ ദശയായ മെഗലോപ്പ (megalopa) ദശയിലേക്ക് കടക്കുന്നു. ഈ ദശയില്‍ ഇവയ്ക്ക് പത്തു കാലുകളും വൃന്തങ്ങളുള്ള കണ്ണുകളുമുണ്ടായിരിക്കും. സോയിയ ദശയിലുണ്ടായിരുന്ന മുള്ളും ഉദരവും ചുരുങ്ങിച്ചെറുതാകുകയും ചെയ്യുന്നു. ഇതിനുശേഷം ഇവയ്ക്ക് വലുതായി വ്യത്യാസം വരുന്നില്ല. ശുദ്ധജല ഞണ്ടിനങ്ങള്‍ക്ക് സ്വതന്ത്രലാര്‍വാദശകള്‍ കാണപ്പെടുന്നില്ല. മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ പ്രായപൂര്‍ത്തിയെത്തുംവരെ പെണ്‍ ഞണ്ടിന്റെ ഉപാംഗങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കും.

സസ്യാഹാരികള്‍, മാലിന്യഭോജികള്‍, ചെറുജീവികളെ പിടിച്ചു ഭക്ഷിക്കുന്നവ, ജലത്തിലെ പ്ലവകഭോജികള്‍ എന്നിങ്ങനെ ഞണ്ടുകള്‍ വിവിധാഹാരികളാണ്. യൂറോപ്പിലെ കാന്‍സര്‍ പഗ്വാറസ് (Cancer Pagurus), കിഴക്കന്‍ യു.എസ്സിലെ നീല ഞണ്ടുകള്‍ (Callinectes sapidus), 'ഡംഗ്നെസ്സ്' ഞണ്ട് (dungeness) എന്നറിയപ്പെടുന്ന കാന്‍സര്‍ മജിസ്റ്റെര്‍ (Cancer magister) എന്നീ ഇനങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായ ഭാഗം ശിരോവക്ഷത്തിനകത്താണ്. പ്രോട്ടീന്‍, ലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവകൊണ്ട് സമൃദ്ധമാണ് ഞണ്ടിറച്ചി. അതിനാല്‍ ഇവ സാമ്പത്തിക പ്രാധാന്യമുള്ളതാണ്.

മലാക്കോസ്ട്രാക്കാ ഗോത്രത്തിലെ ഡെക്കാപോഡ ഓര്‍ഡറിന്റെ ഉപ ഓര്‍ഡറായ പ്ലിയോ സൈമേറ്റ വിഭാഗത്തിലെ ബ്രാക്കിയൂറയില്‍ യഥാര്‍ഥ ഞണ്ടിനങ്ങളും അനോമുറയില്‍ സന്ന്യാസി ഞണ്ടുകളും ഉള്‍പ്പെടുന്നു. ബ്രാക്കിയൂറയിലെ ജിംനോപ്ലൂറ, ഡ്രോമിയേസി ഇനങ്ങള്‍ക്ക് ആദിമ സ്വഭാവ സവിശേഷതകളാണുള്ളത്.

30 ഇനങ്ങളുള്ള ഡ്രോമിയേസിയന്‍ (dromiaceae) ഇനങ്ങളുടെ നടക്കുംകാലുകളിലെ നാലാമത്തെ ജോടി ചെറുതും അഗ്രം വളഞ്ഞ് കൊളുത്തിപ്പിടിക്കാനുതകുംവിധം കൊളുത്തുപോലെയോ ചവണപോലെയോ രൂപപ്പെട്ടതും ആയിരിക്കും.

500 സ്പീഷീസുള്ള ഓക്സി സ്റ്റൊമേറ്റയിലെ (oxystomata) ഇനങ്ങളധികവും മണ്ണിനടിയല്‍ മാളങ്ങളുണ്ടാക്കുന്നവയാണ്. മാളത്തിനകത്തായിരിക്കുമ്പോള്‍ കണ്ണുകള്‍ വെളിയിലായിരിക്കും. മണ്ണിനടിയിലായിരിക്കുമ്പോള്‍ ശ്വസിക്കത്തക്കവിധം ശ്വസനാവയവങ്ങളും രൂപപ്പെട്ടിരിക്കുന്നു.

ഇന്നു ജീവിച്ചിരിക്കുന്ന ഞണ്ടിനങ്ങളുടെ എണ്‍പതു ശ.മാ.-ത്തോളം വരുന്ന 3700 സ്പീഷീസ് ബ്രാക്കിനാത്ത(Bractignatha)യിലുള്‍പ്പെടുന്നു. ഇവയില്‍ എട്ടുകാലി ഞണ്ടുകളും ഉള്‍ടുന്നു. എട്ടുകാലി ഞണ്ടുകളുടെ ബാഹ്യാവരണം മുള്ളുകളും മുഴകളും ഉള്ളതാണ്. ഇവയുടെ ശരീരം പലപ്പോഴും സ്പോഞ്ചുകളും വിവിധയിനം കടല്‍പ്പായലും കൊണ്ട് പൊതിയപ്പെട്ടിരിക്കും. കക്കാ ജീവികളുടെ ബാഹ്യചര്‍മത്തിന്റെ മടക്കുകളിലും ചിപ്പികളിലും സഹവസിക്കുകയും ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്ന ഇനങ്ങളും (Pinnotheres Oestreum) ഇവയിലുള്‍പ്പെടുന്നു. മണല്‍ ഞണ്ടിനങ്ങള്‍ മണലിനടിയിലിരിക്കുമ്പോള്‍ പുറത്തേക്ക് തള്ളിനില്ക്കുന്ന രണ്ടു ജോടി മുടിനാരുപോലുള്ള ശ്വസന നാളിയിലൂടെയാണ് ശ്വസിക്കുന്നത്. മണല്‍ ഞണ്ടുകള്‍ മാളങ്ങളില്‍ നിന്നു പുറത്തുവന്ന് ഓടി നടക്കുന്നു. വേഗത്തില്‍ നടക്കുന്നതിനുവേണ്ടി ഇവ വശങ്ങളിലേക്ക് ചരിഞ്ഞാണു സഞ്ചരിക്കുക.

കര ഞണ്ടുകള്‍ മാളങ്ങളുണ്ടാക്കിയാണ് ജീവിക്കുക. ജലാശയത്തെ ആശ്രയിക്കാതെ കഴിഞ്ഞുകൂടുന്ന കരഞണ്ടുകള്‍ മുട്ട വിരിഞ്ഞ് സോയിയ ലാര്‍വ ഘട്ടത്തില്‍ ലാര്‍വകളെ വെള്ളത്തിലേക്ക് സ്വതന്ത്രമാക്കി വിടുന്നു. ഇവ ഇടയ്ക്കിടെ ജലത്തിനടുത്തെത്തി ശരീരം നനയ്ക്കുന്നത് ചെകിളപ്പൂക്കള്‍ക്ക് നനവു ലഭിക്കാനാണ്.

ഫിഡില്‍ ഞണ്ടുകളുടെ ആണ്‍ ഇനത്തിന്റെ വലുതും ചെറുതുമായ രണ്ടു ചവണകള്‍ 'ഫിഡിലും ചാപവും' പോലിരിക്കും. അതാണ് ഈ പേരിന് കാരണവും.

സന്ന്യാസി ഞണ്ടുകള്‍ ഒഴിഞ്ഞു കിടക്കുന്ന ഗാസ്ട്രോപോഡു തോടിനുള്ളില്‍ ഉദരം കയറ്റി ശിരോവക്ഷം പുറത്തേക്കിടുന്നു. ഗാസ്ട്രോപോഡു തോടിന്റെ വളവിനനുസരിച്ച് വളയത്തക്കവിധം മൃദുലമായിരിക്കും ഞണ്ടിന്റെ ഉദരം. ഞണ്ട് വളരുന്തോറും വലുപ്പം കൂടിയ തോടിനുള്ളിലേക്ക് മാറുന്നു. തോടിനുള്ളിലും പുറമെയും സ്പോഞ്ചുകളും അനിമണുകളും ഹൈഡ്രോയിഡുകളും വളരുന്നു. ഞണ്ടും ഇത്തരം ജീവികളും പരസ്പരസഹായികളായി കഴിഞ്ഞുകൂടുന്നു. ഇതര ജന്തുക്കള്‍ പലപ്പോഴും സന്ന്യാസി ഞണ്ടുകളുടെ രക്ഷകരായിത്തീരാറുണ്ട്. നോ. ആര്‍ത്രോപ്പോഡ; ക്രസ്റ്റേഷ്യ

(പ്രൊഫ. എ. സ്റ്റീഫന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9E%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍