This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജ്യോതിസ്വരൂപിണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജ്യോതിസ്വരൂപിണി
68-ാമത്തെ മേളകര്‍ത്താരാഗം. സ, പ എന്നീ സ്വരാക്ഷരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍, ഷ:രി, അ:ഗ, പ്ര:മ, ശു:ധ, കൈ:നി എന്നിവയാണ്. അധികം കൃതികള്‍ ഈ രാഗത്തില്‍ ഇല്ല. ത്രിമൂര്‍ത്തികളില്‍ മുത്തുസ്വാമിദീക്ഷിതര്‍ മാത്രമാണ് ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുള്ളത്. 'രാമേഭരതപാലിത', 'പരം ജ്യോതിഷ്മതി' എന്നീ രണ്ടു കൃതികള്‍. ത്യാഗരാജസ്വാമികളുടെ പ്രഥമശിഷ്യനായ വെങ്കടരമണഭാഗവതസ്വാമികള് ഈ രാഗത്തില്‍ 'ആനന്ദമയമനവേ' എന്ന ഒരു കൃതി തെലുഗു ഭാഷയില്‍ രചിച്ചിട്ടുണ്ട്. ദീക്ഷിതര്‍ സമ്പ്രദായത്തില്‍ ഈ രാഗം ജ്യോതി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു സാര്‍വകാലിക രാഗമാണിത്. വെങ്കടമഖിയുടെ രാഗലക്ഷണശ്ലോകമനുസരിച്ച് 'ജ്യോതിരാഗശ്ചാവരോഹേ രിവര്ജസാര്വകാലിക' എന്നാണ് കാണുന്നത്. അസംപൂര്ണമേള പദ്ധതിപ്രകാരമുള്ള രാഗലക്ഷണമാണ് ദീക്ഷിതര്‍ സ്വീകരിച്ചിട്ടുള്ളത്.അതനുസരിച്ച് ജ്യോതി രാഗത്തിന്റെ ആരോഹണ-അവരോഹണങ്ങള്‍:
സരിഗമപധനിസ
സനിധപമഗരിസ
കോടീശ്വര അയ്യരും ഡോ. ബാലമുരളീകൃഷ്ണയും ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. ഈ മേളകര്‍ത്താരാഗത്തിന്റെ ശുദ്ധമധ്യമമേളം 32-ാമത്തെ മേളമായ രാഗവര്ധിനിയാണ്. മേളകര്ത്താചക്രത്തിലെ 12-ാമമത്തെ ചക്രമായ ആദിത്യചക്രത്തിലെ രണ്ടാമത്തെ മേളമാണ് ജ്യോതിസ്വരൂപിണി. രി. ജീവസ്വരം
(പ്രൊഫ. എം.കെ. മോഹനചന്ദ്രന് നായര്‍)