This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജേ ഉടമ്പടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജേ ഉടമ്പടി
Jay's Treaty
1794 ന. 19-നു യു.എസ്സും ബ്രിട്ടനും നിയന്ത്രിത വാണിജ്യബന്ധങ്ങള്‍ക്കായി ഒപ്പുവച്ച ഉടമ്പടി. ഇതനുസരിച്ച് വ. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ കോട്ടകള്‍ വിട്ടുകൊടുക്കാന്‍ ഇംഗ്ലണ്ട് സമ്മതിച്ചതോടൊപ്പം അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ഒരു സംയുക്ത കമ്മിഷനെ രൂപീകരിക്കുകയും ചെയ്തു. യു.എസ്. ചീഫ്ജസ്റ്റിസായിരുന്ന ജോണ്‍ ജേയും ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരുന്ന ദ്രെന്‍വിലുമായിരുന്നു യഥാക്രമം ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവച്ചത്. യു.എസ്. പ്രതിനിധിയായിരുന്ന ജോണ്‍ ജേയുടെ പേരിനോടു ചേര്‍ത്ത് പില്ക്കാലത്ത് ഇതു ജേ ഉടമ്പടി എന്നറിയപ്പെട്ടു.
അമേരിക്കന്‍ വിപ്ളവത്തെത്തുടര്‍ന്ന് 1783-ല്‍ രൂപംകൊണ്ട സമാധാന ഉടമ്പടിയിലൂടെ പരിഹരിക്കുവാന്‍ കഴിയാതെപോയ പല പ്രശ്നങ്ങള്‍ക്കും ജേ ഉടമ്പടിമൂലം പരിഹരം കണ്ടെത്താനായി. വാണിജ്യവിഷയങ്ങള്‍, അതിര്‍ത്തികളും അതിര്‍ത്തികളിലെ താവളങ്ങളും, ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍, ബ്രിട്ടീഷുകാര്‍ക്ക് യുദ്ധത്തിനു മുമ്പു കൊടുത്തിരുന്ന കടങ്ങള്‍, മാതൃരാജ്യത്തേക്കു തിരികെ വരുന്ന ബ്രിട്ടീഷ് പൗരന്മാരുടെ ചികിത്സ എന്നിവയെ സംയോജിപ്പിക്കുന്നതായിരുന്നു ഈ ഉടമ്പടി. പക്ഷേ, ഇതിന് യു.എസ്. പിന്‍ബലം കിട്ടുകയുണ്ടായില്ല. മാത്രവുമല്ല സംയുക്ത ഭരണത്തെ എതിര്‍ക്കുന്നവര്‍ (anti-federalists) ഇതിനെ 'കീഴടങ്ങല്‍' എന്നു പരിഹസിക്കുകയും ചെയ്തു.
വളരെ നാളുകളായി യു.എസ്സില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് വിരുദ്ധ പ്രവണത 1794-ല്‍ രൂക്ഷമായതാണ് ജേ ഉടമ്പടി ജന്മമെടുക്കുന്നതിനുള്ള പ്രധാന കാരണം. ഈ വിഷമഘട്ടത്തെ തുടര്‍ന്ന് അന്നത്തെ യു.എസ്. പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിങ്ടണ്‍ കാര്യപ്രാപ്തിയും പരിചയസമ്പത്തുമുള്ള ഒരു നയതന്ത്രജ്ഞനായിരുന്ന ജേയെ ലണ്ടനിലേക്കയച്ചു. അവിടെ വച്ച് ജേ ഈ ഉടമ്പടി പ്രാവര്‍ത്തികമാക്കി.
അക്കാലത്ത് ബ്രിട്ടനും റവല്യൂഷണറി ഫ്രാന്‍സും യുദ്ധത്തിലായിരുന്നു. അമേരിക്കന്‍വിപ്ളവം മുതല്ക്കുതന്നെ ഫ്രാന്‍സുമായി സഖ്യമുണ്ടായിരുന്നെങ്കിലും യു.എസ്. ഈ പ്രശ്നത്തില്‍ നിഷ്പക്ഷമായ നിലപാടാണെടുത്തത്. ഇതു കാരണം ജെഫേഴ്സന്റെ അനുഭാവികളായിരുന്ന റിപ്പബ്ളിക്കന്‍ വിശ്വാസികള്‍ ഈ ഉടമ്പടി ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ തെറ്റിക്കുന്നതായി അവലപിച്ചു. ഇതിനെത്തുടര്‍ന്നു നടന്ന രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സെനറ്റ് ജേ ഉടമ്പടി നാമമാത്ര ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.
ചരിത്രകാരന്മാര്‍ ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ മാതൃകാപരമായി കരുതിയില്ലെങ്കിലും ഏറ്റവും പ്രായോഗികമായവയാണെന്നു വിശ്വസിക്കുന്നു. ബ്രിട്ടനുമായുള്ള ഒരു യുദ്ധം തടഞ്ഞ ജേ ഉടമ്പടി കച്ചവടക്കാര്‍ക്ക് അഭിവൃദ്ധി കൈവരുത്തി. മിസിസിപ്പിയില്‍ സൌജന്യയാത്ര നടത്താനുള്ള അവകാശവും, യു.എസ്സും യു.കെയും തമ്മിലുള്ള വാണിജ്യ ബന്ധവും ഇതു ക്രമപ്പെടുത്തി. ഈ നയങ്ങളൊക്കെയും വിവേചനപരമായിരുന്നു എന്നത് ജേ ഉടമ്പടിയുടെ സ്ഥാനത്തെ ഒന്നുകൂടി ഉയര്‍ത്തുന്നു. എന്നാല്‍ യു.എസ്സും ബ്രിട്ടനുമിടയിലുള്ള സമാധാനം പരിരക്ഷിക്കാന്‍ സഹായകമായ ജേ ഉടമ്പടി യു.എസ്സും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് ഉതകിയത്.