This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന്നര്‍, എഡ്വേഡ് (1749 - 1823)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന്നര്‍, എഡ്വേഡ് (1749 - 1823)

Jenner, Edward

ബ്രിട്ടീഷ് ഭിഷഗ്വരന്‍. വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ച ഇദ്ദേഹം ആധുനിക പ്രതിരക്ഷാശാസ്ത്രത്തിന്റെ മാര്‍ഗദര്‍ശകനായി കരുതപ്പെടുന്നു. 1749 മേയ് 17-ന് ഗ്ലൗസെസ്റ്റര്‍ ഷയറിലെ ബെര്‍ക്ലിയില്‍ ജനിച്ചു.

എഡ്വേഡ് ജെന്നര്‍

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1761 മുതല്‍ 70 വരെ ഇദ്ദേഹം സോഡ്ബറിയിലെ ഡാനിയല്‍ ലഡ്ലോ എന്ന ഭിഷഗ്വരന്റെ കീഴിലും തുടര്‍ന്നു രണ്ടു കൊല്ലക്കാലം ലണ്ടനിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഡോക്ടര്‍ ജോണ്‍ ഹണ്ടറുടെ കീഴില്‍ അനാറ്റമിയിലും ശസ്ത്രക്രിയയിലും പരിശീലനം നേടി.

1773-ല്‍ ജെന്നര്‍ ബെര്‍ക്ലിയില്‍ മടങ്ങിയെത്തി പ്രാക്ടീസ് തുടങ്ങി. വസൂരിക്കെതിരെ 18-ാം ശ.-ത്തിന്റെ ആദ്യകാലത്ത് ഇംഗ്ലണ്ടില്‍ പ്രചാരത്തിലിരുന്നതും റോബര്‍ട്ട്സണ്‍ വികസിപ്പിച്ചെടുത്തതുമായ (1768) പ്രതിരക്ഷാരീതി ജെന്നറും ആദ്യനാളുകളില്‍ സ്വീകരിച്ചിരുന്നു. വസൂരി പരുക്കളില്‍ നിന്നെടുത്ത ചലത്തിന്റെ ഒരു അംശം രോഗമില്ലാത്തവരില്‍ കുത്തിവയ്ക്കുകയായിരുന്നു ആ രീതി. ഇതുമൂലം ചെറിയ തോതില്‍ വസൂരി ബാധിക്കുമെങ്കിലും പിന്നീട് രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ ഗോവസൂരി ബാധിച്ചവര്‍ക്ക് മാരകമായ വസൂരി രോഗം ഉണ്ടാകുന്നില്ല എന്ന സംഗതി ജെന്നറെ ആ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചു. ഒരു പ്രത്യേക ജനുസ്സില്‍പ്പെട്ട ഗോവസൂരി അണുക്കള്‍ക്കു മാത്രമാണ് ഇതിനു കഴിവുള്ളതെന്നും ഇദ്ദേഹം കണ്ടെത്തി. കൂമ്പി വരുന്ന പരുക്കളിലെ അണുക്കളാണ് വാക്സിന്‍ നിര്‍മിക്കാന്‍ അനുയോജ്യമെന്നും ജെന്നര്‍ മനസ്സിലാക്കി.

1796-ല്‍ തന്റെ ഗവേഷണഫലം ഇദ്ദേഹം പ്രാവര്‍ത്തികമാക്കി. എട്ടു വയസ്സുള്ള ജെയിംസ് ഫിപ്പില്‍ ഈ വാക്സിന്‍ ജെന്നര്‍ കുത്തിവച്ചു. ചെറിയ തോതില്‍ കുട്ടിക്ക് ഗോവസൂരി ബാധിച്ചുവെങ്കിലും അവന്‍ പെട്ടെന്നു രോഗവിമുക്തി നേടി. പിന്നീട് മാരകമായ വസൂരിയുടെ അണുക്കള്‍ തന്നെ ജെന്നര്‍ കുട്ടിക്കു നല്കി. അതിശയകരമെന്നു പറയട്ടെ മാരകമായ വസൂരി അവനെ ബാധിച്ചില്ല.

തന്റെ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആന്‍ എന്‍ക്വയറി ഇന്‍ടു ദ് കോസസ് ആന്‍ഡ് ഇഫക്ട്സ് ഒഫ് ദ് വാറിയോളെ വാക്സിന്‍ എന്ന ഗ്രന്ഥം 1798-ല്‍ ജെന്നര്‍ പ്രകാശനം ചെയ്തു. ഈ ഗ്രന്ഥത്തിലാണ് വൈറസ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഈ ഗ്രന്ഥത്തിന്റെ പ്രസാധനത്തോടെ വാക്സിനേഷന്‍ പ്രക്രിയയ്ക്കു വമ്പിച്ച പ്രചാരം സിദ്ധിച്ചു.

1792-ല്‍ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ നിന്നും ജെന്നര്‍ക്ക് എം.ഡി. ബിരുദം ലഭിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും എം.ഡി. ബിരുദം നല്കി ജെന്നറെ ആദരിച്ചു (1813). തുടര്‍ ഗവേഷണത്തിന് പാര്‍ലമെന്റ് ഒരു വന്‍തുക ജെന്നര്‍ക്ക് അനുവദിക്കുകയും ചെയ്തു. 1823 ജനു. 26-ന് ബെര്‍കിലിയില്‍ ഇദ്ദേഹം നിര്യാതനായി. നോ. വസൂരി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍