This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂറി

Jury

വ്യവഹാരങ്ങളുടെ വിചാരണയില്‍ തെളിവുകള്‍ കേള്‍ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനും വേണ്ടി ജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന സമിതി.

നോര്‍മന്‍-സാക്സണ്‍ ഭരണകാലത്ത് ഇംഗ്ലണ്ടില്‍ കുറ്റവിചാരണയ്ക്കും വിധി തീര്‍പ്പിനും പല മാര്‍ഗങ്ങള്‍ നിലവിലിരുന്നു. ദുര്‍ഘടപരീക്ഷകള്‍ നടത്തി (ഉദാ. അഗ്നിപരീക്ഷ, തിളച്ച എണ്ണയില്‍ കൈമുക്ക്) ഒരുവന്‍ അപരാധിയോ നിരപരാധിയോ എന്നു നിര്‍ണയിക്കല്‍ (ordeal); കുറ്റാരോപിതനോ അയാള്‍ക്കുവേണ്ടി ഹാജരാകുന്ന ദ്വന്ദ്വയുദ്ധവീരനോ പരാതിക്കാരനുമായി നടത്തുന്ന യുദ്ധത്തി(battle)ന്റെ ജയാപജയങ്ങളുടെ അടിസ്ഥാനത്തില്‍ വിധി കല്പിക്കല്‍; കുറ്റാരോപിതനായ പ്രതിക്കനുകൂലമായി അയാളുടെ അയല്‍ക്കാര്‍ തെളിവു നല്കി അയാളെ കുറ്റവിമുക്തനാക്കല്‍ (compurgation); നിധിദ്രവ്യം, രാജദ്രോഹിയുടെ സ്വത്ത്, വിദേശിയുടെ കൈവശമുള്ള സ്വത്ത്, കര്‍ഷകന്റെ മരണശേഷമുള്ള സ്വത്ത് എന്നിവ കണ്ടുകെട്ടുന്നതിന് രാജാവിന്റെ അവകാശം നിര്‍ണയിക്കാനുള്ള അന്വേഷണ-വിചാരണകള്‍ (inquest) എന്നിവ നിലനിന്നിരുന്നു. അന്ധവിശ്വാസാധിഷ്ഠിതമായ ദുര്‍ഘടപരീക്ഷ, ദ്വന്ദ്വയുദ്ധം എന്നിവയ്ക്ക് ജനസമ്മതി കുറഞ്ഞതോടെ വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്പിക്കുന്നതിന് യുക്തിസഹമായ മാര്‍ഗം എന്ന നിലയില്‍ ജൂറി സമ്പ്രദായം നിലവില്‍ വന്നു. ഇന്‍ക്വസ്റ്റ് എന്ന ആശയമാണ് ഗ്രാന്‍ഡ് ജൂറി വ്യവസ്ഥയ്ക്കു വഴിതെളിച്ചത്. പ്രതിക്കുവേണ്ടി അയല്‍ക്കാര്‍ തെളിവു നല്കുന്ന രീതിയാണ് പെറ്റി ജൂറിക്കു മാതൃകയായത്. 14-ാം ശ.-ത്തില്‍ത്തന്നെ ജൂറി സമ്പ്രദായം പ്രാബല്യത്തില്‍ വന്നു. തുറന്ന കോടതിയില്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂറി വിധി പ്രസ്താവിക്കുന്ന സമ്പ്രദായം 8-ാം ശ.-ത്തോടെ വ്യവസ്ഥാപിതമായി.

പെറ്റി ജൂറി. 12 അംഗങ്ങള്‍ ചേര്‍ന്നതായിരുന്നു ആദ്യകാലങ്ങളിലെ പെറ്റി (ട്രയല്‍) ജൂറി. പിന്നീട് അത് ആറായി വ്യവസ്ഥ ചെയ്തു. ഇവര്‍ തെളിവുകേട്ടു വിധി പ്രസ്താവിക്കുന്നു. ഇംഗ്ലീഷ് നിയമവ്യവസ്ഥ അനുകരിച്ചിട്ടുള്ള യു.എസ്സിലും ജൂറി വിചാരണയ്ക്കു വ്യവസ്ഥയുണ്ട്. ഫെഡറല്‍ കോടതികളിലെ ക്രിമിനല്‍ കേസുകളില്‍ ജൂറി വിചാരണ ആവശ്യപ്പെടാന്‍ പൗരന് അവകാശമുണ്ടെന്ന് യു.എസ്. ഭരണഘടനയുടെ 6-ാം ഭേദഗതിയും കോമണ്‍ ലാ കേസുകളില്‍ ജൂറി വിചാരണ ആവശ്യപ്പെടാന്‍ പൌരന് അവകാശമുണ്ടെന്ന് 7-ാം ഭരണഘടനാ ഭേദഗതിയും വ്യവസ്ഥ ചെയ്തിരിക്കുന്നു. യു.എസ്സിലെ എല്ലാ സ്റ്റേറ്റുകളിലും തത്തുല്യമായ വ്യവസ്ഥകളുണ്ട്.

കോടതിയുടെ ഓരോ ടീമിലേക്കും ഒരു സംഘം പൌരന്മാരെ ജൂറി കൃത്യത്തിന് ക്ഷണിക്കുന്നു. പൌരത്വം, തദ്ദേശവാസം, പ്രായപൂര്‍ത്തി, സ്വഭാവമഹിമ, സാമാന്യബുദ്ധി എന്നിവയാണ് ജൂറി തിരഞ്ഞെടുപ്പിനു പരിഗണിക്കുന്ന ഘടകങ്ങള്‍. ശിക്ഷിക്കപ്പെട്ട ദുരാചാരന്മാരും ബുദ്ധിസ്ഥിരതയില്ലാത്തവരും ജൂറി അംഗമാകാന്‍ അയോഗ്യരാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദൈവ ശാസ്ത്രവിദഗ്ധര്‍, മന്ത്രിമാര്‍, അഭിഭാഷകര്‍ എന്നിവരെയും ചില അവസരങ്ങളില്‍ ദിവസക്കൂലി തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ജൂറി പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പല സ്റ്റേറ്റുകളിലും വനിതകളെ ജൂറി ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

വോട്ടര്‍പ്പട്ടിക, വസ്തു ഉടമകളുടെ പട്ടിക എന്നിവയില്‍ നിന്നാണ് ജൂറി കമ്മിഷന്‍ ജൂറി പട്ടികയുണ്ടാക്കുന്നത്. വര്‍ഗത്തിന്റെയോ സാമ്പത്തിക നിലവാരത്തിന്റെയോ അടിസ്ഥാനത്തില്‍ ജൂറി തെരഞ്ഞെടുപ്പില്‍ വിവേചനം കാണിക്കുന്നതു ഭരണഘടനാവിരുദ്ധമാണ്. ഒരു കേസിന്റെ വിചാരണയ്ക്ക് ഈ ജൂറി പട്ടികയില്‍ നിന്ന് നറുക്കിട്ട് ഒരു ചെറുസംഘത്തെ നിയോഗിക്കുകയാണ് പതിവ്. ജൂറി അംഗത്തിന് നിര്‍ദ്ദിഷ്ട വ്യവഹാരത്തില്‍ വ്യക്തിപരമായ താത്പര്യമുണ്ടോ എന്നും കക്ഷികളോടോ അവരുടെ അഭിഭാഷകരോടോ പരിചയമുണ്ടോയെന്നും കക്ഷികളെയോ വ്യവഹാരവിഷയത്തെയോ സംബന്ധിച്ച് പക്ഷപാതമുണ്ടോയെന്നും ജഡ്ജിയും കക്ഷികളുടെ അഭിഭാഷകരും പരിശോധിക്കാറുണ്ട്. ജൂറിക്കു സമര്‍പ്പിക്കാവുന്ന തെളിവുകള്‍ ഏതൊക്കെയാണെന്നു ജഡ്ജി നിശ്ചയിക്കാറുണ്ട്. വ്യവഹാരത്തിന്റെ വസ്തുതകള്‍ മാത്രമേ ജൂറിയുടെ അധികാരപരിധിയില്‍പ്പെടുന്നുള്ളു; നിയമവശം ജഡ്ജിയുടെ അധികാരസീമയിലുള്ളതാണ്. തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച് തീരുമാനത്തിലെത്തുകയാണ് വേണ്ടത്. തീരുമാനം ഐകകണ്ഠ്യേനയുള്ളതായിരിക്കുകയും വേണം. ജൂറികള്‍ക്ക് അഭിപ്രായൈക്യമില്ലെങ്കില്‍ കേസ് പുതിയ ഒരു ജൂറിയുടെ വിചാരണയ്ക്കു വിടും. ജൂറിയുടെ അവസാന തീരുമാനം മാത്രമേ പരസ്യമാക്കാറുള്ളു.

ജൂറി സമ്പ്രദായത്തിന് ദോഷങ്ങളും ഗുണങ്ങളുമുണ്ട്. ജൂറിയുടെ തിരഞ്ഞെടുപ്പ് അന്യൂനമല്ല എന്നതാണ് ഒരു ദോഷം. ജൂറികളുടെ ലോകപരിജ്ഞാനവും ബൗദ്ധികശേഷിയും സീമിതമാണ്. വികാരത്തിനോ പക്ഷപാതത്തിനോ അടിപ്പെടുമെന്നതുകൊണ്ട് അപ്പീലുകളുടെ വിചാരണയ്ക്ക് ജൂറികള്‍ പ്രാപ്തരല്ല എന്നതാണ് ഒരു നിരൂപണം. എന്നാല്‍ ഒരു ജഡ്ജിയുടെ തീരുമാനം പക്ഷപാതപരമാകുമെന്നും പന്ത്രണ്ട് അംഗ ജൂറിയിലെ ഒന്നോ രണ്ടോ അംഗങ്ങളുടെ പക്ഷപാതം നിഷ്ഫലമാകുമെന്നുമാണ് ജൂറിവ്യവസ്ഥ അനുകൂലിക്കുന്നവരുടെ വാദം. ദീര്‍ഘകാലത്തെ ഔദ്യോഗിക ജീവിതം കൊണ്ട് ജഡ്ജി ഹൃദയശൂന്യനാകുമെന്നും എന്നാല്‍ ജൂറിക്ക് ഓരോ കേസിലും ഒരു പുതിയ വീക്ഷണം ഉണ്ടാകുമെന്നുമാണ് അനുകൂലികളുടെ മറ്റൊരു വാദം. നീതിനിര്‍വഹണത്തില്‍ സാമാന്യജനത്തെ ഉപയോഗിക്കുന്നുവെന്ന മെച്ചം ഈ വ്യവസ്ഥയിലുണ്ട്. തങ്ങളുടെ തീരുമാനങ്ങള്‍ക്കു കാരണം ബോധിപ്പിക്കേണ്ടതില്ല എന്നതുകൊണ്ടും നിയമവ്യവസ്ഥയെപ്പറ്റി അവര്‍ക്കുള്ള അജ്ഞതകൊണ്ടും തീരുമാനം നീതിക്കു നിരക്കാത്തതാകും എന്ന ഒരു വിമര്‍ശനമുണ്ട്. ജൂറി വ്യവസ്ഥ പണച്ചെലവും കാലതാമസവുമുണ്ടാക്കുമെന്നതാണ് മറ്റൊരു വിമര്‍ശനം. ജൂറിസമ്പ്രദായം നീതി നിര്‍വഹണത്തെ സംബന്ധിച്ച് ജനതയെ വിജ്ഞരാക്കുന്നുവെന്നും തന്മൂലം നീതി നിര്‍വഹണത്തില്‍ അവര്‍ക്ക് താത്പര്യം ജനിക്കുന്നുവെന്നുമാണ് അനുകൂലികളുടെ വാദം.

ഗ്രാന്‍ഡ് ജൂറി. ഗ്രാന്‍ഡ് ജൂറിയില്‍ 12 മുതല്‍ 23 വരെ അംഗങ്ങളുണ്ടാകും. യു.എസ്സിലെ ഫെഡറല്‍ കോടതികളില്‍ മരണശിക്ഷ വിധിക്കത്തക്ക കുറ്റങ്ങള്‍ക്ക് ഗ്രാന്‍ഡ് ജൂറി നിര്‍ബന്ധമായും വേണമെന്ന് ഭരണഘടനയുടെ അഞ്ചാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മിക്ക സ്റ്റേറ്റുകളിലും തത്തുല്യമായ നിയമങ്ങളുണ്ട്. പെറ്റി ജൂറിയോടു സാദൃശ്യമുള്ളതാണ് തിരഞ്ഞെടുപ്പുരീതി. സാക്ഷികളെ സമണ്‍ ചെയ്തു വരുത്തുന്നതിനും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ബന്ധിക്കുന്നതിനും ഗ്രാന്‍ഡ് ജൂറിക്ക് അധികാരമുണ്ട്. കോടതിയോ പ്രോസിക്യൂട്ടറോ ആവശ്യപ്പെടുന്ന വ്യവഹാരങ്ങളില്‍ ഗ്രാന്‍ഡ് ജൂറി അന്വേഷണം നടത്തുന്നു. ഭൂരിപക്ഷ വോട്ടോടെ ഒരു വ്യക്തി കുറ്റക്കാരനാണെന്നു ജൂറി തീരുമാനിച്ചാല്‍ അയാള്‍ക്കെതിരായി കുറ്റപത്രം സമര്‍പ്പിക്കും. പ്രോസിക്യൂഷന്റെ നിയന്ത്രണത്തിനു വിധേയമാണ് ജൂറിയെന്നും നീതിനിര്‍വഹണത്തിനു ജൂറി വ്യവസ്ഥ അസമര്‍ഥമാണെന്നും സമയനഷ്ടവും പണച്ചെലവും ഉണ്ടെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയമായ മുതലെടുപ്പു നടത്താന്‍ പ്രോസിക്യൂട്ടര്‍ ഗ്രാന്‍ഡ് ജൂറിയെ ചുമതലപ്പെടുത്താറുണ്ടെന്നും കുറ്റം ചെയ്യാത്തവരെ രാഷ്ട്രീയമായി പീഡിപ്പിക്കുവാന്‍ ഗ്രാന്‍ഡ് ജൂറി വ്യവസ്ഥ ദുരുപയോഗപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ജൂറി സമ്പ്രദായമില്ല. എന്നാല്‍ കലാസാംസ്കാരിക രംഗങ്ങളില്‍ ജൂറി സമ്പ്രദായം സ്വീകരിച്ചു വരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മറ്റും നിശ്ചയിക്കുന്നതിന് ജൂറി സമ്പ്രദായമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില അന്താരാഷ്ട്ര അവാര്‍ഡു തീരുമാനങ്ങള്‍ക്കും ജൂറി രീതി ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%82%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍