This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയവിജയന്മാര് (1934 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയവിജയന്മാര് (1934 - )
സംഗീതജ്ഞരായ ഇരട്ട സഹോദരന്മാര്. വൈദികാചാര്യ കെ. ഗോപാലന് തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മക്കളായി 1934-ല്‍ കോട്ടയത്തു ജനിച്ചു. രാമന് ഭാഗവതര്‍, മാവേലിക്കര രാധാകൃഷ്ണയ്യര്‍ എന്നിവരുടെ കീഴില്‍ പ്രാഥമിക പഠനത്തിനുശേഷം തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ചേര്‍ന്ന് ഇരുവരും ഗാനഭൂഷണം ബിരുദമെടുത്തു. അതിനുശേഷം ആലത്തൂര്‍ സഹോദരന്മാര്, ബാലമുരളീകൃഷ്ണ, ചെമ്പൈ വൈദ്യനാഥഭാഗവതര്‍ എന്നിവരുടെ ശിഷ്യത്വം നേടി. ചെമ്പൈയോടൊപ്പം കച്ചേരികളില്‍ പാടിക്കൊണ്ടാണ് ഇവര്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ഭക്തിഗാനങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വു നല്കാന് ജയവിജയന്മാര്ക്കു കഴിഞ്ഞു. അയ്യപ്പഭക്തിഗാനങ്ങള്‍ ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. ആകാശവാണിയിലൂടെയായിരുന്നു ഇവരുടെ ഭക്തിഗാനങ്ങളധികവും പുറത്തുവന്നത്. പിന്നീട് അവ കാസറ്റുകളിലായി സമാഹരിക്കപ്പെട്ടു. ഇവരുടെ കച്ചേരികളും ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ കച്ചേരി നടത്തിയിട്ടുണ്ട്.
ചലച്ചിത്ര സംഗീത സംവിധായകര്‍ എന്ന നിലയിലും ഇവര്‍ മികവു കാട്ടിയിട്ടുണ്ട്. 'ഭൂമിയിലെ മാലാഖ' എന്ന ചിത്രത്തിലെ 'മുണ്ടോപ്പാടത്ത്' എന്നു തുടങ്ങുന്ന ഗാനമാണ് ഇവര്‍ ആദ്യമായി ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് 'കുരുതിക്കളം', 'ഉത്രാടരാത്രി', 'നിറകുടം', 'സ്നേഹം' തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും തമിഴ് സിനിമാ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 'എനിക്കു വിശക്കുന്നു' എന്നൊരു ചിത്രം ഇവര്‍ നിര്‍മിക്കുകയും ചെയ്തു.
വിജയന് ഹൃദയസ്തംഭനം മൂലം 1989 ജനു.-യില്‍ നിര്യാതനായി. ഇപ്പോള്‍ ജയന് ഒറ്റയ്ക്ക് സംഗീത പരിപാടികള്‍ നടത്തുന്നു. ജയന്റെ മകനാണ് മലയാള സിനിമയിലെ നടനായ മനോജ് കെ. ജയന്.