This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുജന്യരോഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജന്തുജന്യരോഗങ്ങള്‍
Zoonoses
ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന രോഗങ്ങള്‍. വളര്‍ത്തുമൃഗങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിലൂടെയും പാല്, മുട്ട, മാംസം തുടങ്ങിയ മൃഗോത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയുമാണ് ജന്തുജന്യരോഗങ്ങള്‍ മനുഷ്യരിലേക്കു സംക്രമിക്കുന്നത്. വന്യമൃഗ സമ്പര്‍ക്കത്തിലൂടെയും അവയെ ആക്രമിക്കുന്ന ഷട്പദങ്ങള്‍, മറ്റു പ്രാണികള്‍ എന്നിവയിലൂടെയും ജന്തുരോഗങ്ങള്‍ മനുഷ്യര്‍ക്കു പകര്‍ന്നു കിട്ടാം. മനുഷ്യനുമായി നിരന്തര സമ്പര്‍ക്കമുള്ള എലി, അണ്ണാന് തുടങ്ങിയ കരണ്ടുതീനികള്‍ വഴിയും അപൂര്‍വമായി ചില ജന്തുരോഗങ്ങള്‍ മനുഷ്യനിലേക്കു പകരുന്നു.
പ്രാചീന കാലം മുതല്ക്കേ ജന്തുജന്യരോഗങ്ങള്‍ മനുഷ്യന്റെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്. ബൈബിള്‍ കാലഘട്ടം മുതല്‍ തന്നെ മനുഷ്യരാശി ഭയന്നിരുന്ന രോഗങ്ങളാണ് ബ്യൂബോണിക് പ്ലേഗും പേവിഷബാധയും. നൂറ്റിയന്പതിലധികം ജന്തുജന്യരോഗങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനിക കാലത്ത് കണ്ടെത്തിയ ജന്തുജന്യരോഗങ്ങളാണ് കെഎഫ്ഡി, മങ്കി പോക്സ് തുടങ്ങിയവ. ജന്തുജന്യരോഗങ്ങള്മൂലം മനുഷ്യനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏറെയാണ്. വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് വികസ്വര രാഷ്ട്രങ്ങള്‍ക്കാണ് ഇതുമൂലം നഷ്ടസാധ്യത കൂടുതല്‍. ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശ.മാ.ത്തിലധികം ഗ്രാമങ്ങളില്‍ വസിക്കുന്നതുകൊണ്ടും അവര്‍ വളര്‍ത്തുമൃഗങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നതുകൊണ്ടും ജന്തുജന്യരോഗങ്ങള്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നം ഇന്ത്യയില്‍ വളരെ രൂക്ഷമായിത്തീര്‍ന്നിട്ടുണ്ട്.
രോഗം സംക്രമിപ്പിക്കുന്ന പരജീവികളുടെ ജീവിതചക്രത്തെ ആധാരമാക്കി ജന്തുജന്യരോഗങ്ങളെ നേര്ജന്തുജന്യരോഗങ്ങള് (direct Zoonoses), ചാക്രിക ജന്തുജന്യരോഗങ്ങള്‍ (cyclo-Zoonoses), ഇതര ജന്യരോഗങ്ങള്‍ (meta Zoonoses), മൃത ജന്തുജന്യരോഗങ്ങള്‍ (sapro-Zoonoses) എന്നിങ്ങനെ നാലായി വര്‍ഗീകരിക്കാം. രോഗം ബാധിച്ച ഒരു കശേരുകിയില് നിന്നും മറ്റൊന്നിലേക്കു നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതാണ് നേര്ജന്തുജന്യരോഗം. ഉദാ. പേവിഷബാധ, ട്രൈക്കിനോസിസ്, ബ്രൂസെല്ലോസിസ്. രോഗഹേതുവിന്റെ ജീവിതചക്രം പൂര്‍ത്തിയാകുന്നതിന് ഒന്നിലധികം ആതിഥേയ കശേരുകികള്‍ ആവശ്യമായിവരുന്ന തരം രോഗങ്ങളാണ് ചാക്രിക ജന്തുജന്യരോഗത്തില് ഉള്‍പ്പെടുന്നത്. ഉദാ. ടേനിയാസിസ്, എക്കിനോകോക്കോസിസ്, പെന്റാസ്റ്റോമിഡ് രോഗബാധകള്‍. ഒരു ആതിഥേയ അകശേരുകിയില് ജീവിതചക്രം പൂര്‍ത്തിയാക്കിയശേഷം മറ്റൊരു ആതിഥേയ കശേരുകിയിലേക്കു പകരുന്നതാണ് ഇതര ജന്തുജന്യരോഗങ്ങള്‍. ഉദാ. പ്ലേഗ്, ഷിസ്റ്റോസോമിയാസിസ്. ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ഒരു ആതിഥേയ കശേരുകിയും ഭക്ഷണപദാര്‍ഥങ്ങള്‍, മണ്ണ്, സസ്യങ്ങള്‍ തുടങ്ങിയ മൃഗേതര വികസ്വര കേന്ദ്രങ്ങളുടെ സാന്നിധ്യവും ആവശ്യമായവയാണ് മൃത ജന്തുജന്യരോഗങ്ങള്‍. ഉദാ. വിവിധ ലാര്‍വാ പ്രവാസികള്‍ (larvamigrants) കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍. ബാക്റ്റീരിയ, വൈറസ്, കവകങ്ങള്‍, പരജീവികള്‍ തുടങ്ങിയവയാണ് രോഗഹേതുക്കള്‍.
പ്രധാന ജന്തുജന്യരോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പേവിഷബാധ (അളര്ക്കവിഷം). റാബീസ്, ഹൈഡ്രോഫോബിയ (ജലഭയം) എന്നീ സംജ്ഞകളിലും അറിയപ്പെടുന്ന മാരകമായ ഈ രോഗത്തിനു ഹേതു ഒരു വൈറസാണ്. റാബ്ഡോവിറിഡേ സെറോടൈപ്പ്-ക കുടുംബത്തില്‍പ്പെട്ട ലൈസാവൈറസ് ടൈപ്പ്-I എന്ന ഈ സൂക്ഷ്മാണു കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലമാണ് മരണം സംഭവിക്കുന്നത്. വൈറസ് ബാധിച്ച കുറുക്കന്, ചെന്നായ്, കഴുതപ്പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ കടിയേറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും അവയുടെ കടിയേറ്റ് മനുഷ്യനും രോഗം പകരുന്നു. മസ്തിഷ്കസുഷുമ്നാശോഥം (encephalomyelitis) ബാധിച്ചാണ് മരണം ഉണ്ടാകുന്നത്.
ലോകത്ത് സു. 90 രാജ്യങ്ങളില്‍ പേവിഷബാധയുണ്ടാകുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ പേവിഷബാധ വിരളമാണ്. ആസ്റ്റ്രേലിയ, ചൈന (തയ്വാന്), സൈപ്രസ്, ഐസ്ലന്ഡ്, അയര്‍ലന്‍ഡ്, ജപ്പാന്, മാള്‍ട്ട, ന്യൂസിലന്‍ഡ്, ഗ്രേറ്റ്ബ്രിട്ടന്‍, ലൈബീരിയന്‍ പെനിന്‍സുല, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന് എന്നിവിടങ്ങള്‍ രോഗവിമുക്തമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിനാളുകള്‍ പേവിഷബാധയേറ്റു മരിക്കുന്നുണ്ട്. ലക്ഷദ്വീപ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ യൂണിയന് ഭരണപ്രദേശങ്ങള്‍ ഒഴികെ ഇന്ത്യ മുഴുവന്‍ പേവിഷബാധയുടെ പിടിയിലാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 50,000 ത്തോളം ആളുകള്‍ പേവിഷം ബാധിച്ചു മരിക്കുന്നുണ്ട്. ഇതില്‍ 99 ശതമാനത്തിനും കാരണം നായ്ക്കളാണ്. ദക്ഷിണാഫ്രിക്കയില്‍ കീരികളാണ് വൈറസ് വാഹകര്‍. കീരികളുടെ കടിയേറ്റ് നായ്ക്കളും അവയുടെ കടിയേറ്റ് മനുഷ്യരും മരിക്കുന്നു. ബ്രസീല്‍, വെനിസ്വേല, മെക്സിക്കോ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും യു.എസ്സിന്റെ ചില ഭാഗങ്ങളിലും കടവാവില് (Vampire bat-Phyllostomar spectrum) ആണ് പേവിഷ വൈറസ് വാഹകര്‍. ഇവയുടെ കടിയേറ്റ് പ്രതിവര്‍ഷം ദശലക്ഷണക്കണക്കിനു കാലികള്‍ മരണമടയുന്നു. ഗൃഹത്തിനു വെളിയില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍ക്കും ഇവയുടെ കടിയേല്‍ക്കാറുണ്ട്.
പേവിഷ വൈറസ് വാഹകരായ മൃഗങ്ങളുടെ ഉമിനീരാണ് രോഗ സ്രോതസ്. ഒരു നായ് രോഗാവസ്ഥക്കാലത്ത് 40 കി.മീ. ചുറ്റളവില്‍ നിരവധി മനുഷ്യരെയും മൃഗങ്ങളെയും കടിക്കാറുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 5-6 ദിവസം മുമ്പു മുതല്‍ മൃഗത്തിന്റെ ഉമിനീരില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നു. രോഗവാഹകരായ നായ്ക്കള്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ 4 വര്‍ഷം വരെ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രോഗബാധിതരായ വളര്‍ത്തു മൃഗങ്ങളുടെ പ്രത്യേകിച്ച്, നായയുടെ കടിയേറ്റാണ് മനുഷ്യനിലേക്കു രോഗം പകരുന്നത്. പൂച്ച, കുരങ്ങ്, കുതിര, ആട് എന്നിവയുടെ കടിയേറ്റും വിരളമായി വിഷബാധയുണ്ടാകാം. മുറിവേറ്റ തൊലിയില്‍ രോഗബാധിതരായ മൃഗങ്ങള്‍ നക്കിയാലും വൈറസ് ബാധിക്കും. പരീക്ഷണശാലകളിലെ ജീവനക്കാര്‍ക്ക് വായുവിലൂടെ രോഗം പകര്‍ന്നു കിട്ടിയതായി തെളിഞ്ഞിട്ടുണ്ട്. പേവിഷം ബാധിച്ച മനുഷ്യന്റെ കടിയേറ്റും രോഗം പകരാം.
വൈറസ് ഉള്ളില്‍ കടന്ന് 3-8 ആഴ്ചയ്ക്കുള്ളില്‍ മനുഷ്യരില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. തലവേദന, തൊണ്ടവേദന, അസ്വസ്ഥത, ചെറിയ പനി എന്നീ ലക്ഷണങ്ങളാണ് ആദ്യം പ്രകടമാവുക. കടികൊണ്ട പ്രദേശത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് ആദ്യത്തെ പ്രത്യക്ഷലക്ഷണം. തുടര്‍ന്ന് രോഗം നാഡീവ്യൂഹത്തെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ശബ്ദം, പ്രകാശം എന്നിവ അസഹനീയമാവും. വായുഭീതി, ജലഭീതി, പേശികളുടെ കോച്ചിവലിക്കല്, കൃഷ്ണമണി വികസിക്കല്‍ (dilatation of the pupils), വര്‍ധിച്ച ഉമിനീര്‍സ്രാവം, കണ്ണീര് വാര്‍ച്ച, മരണഭീതി, ദ്രാവകങ്ങള്‍ ഇറക്കാന്‍ കഴിയായ്ക എന്നിവ ക്രമേണ അനുഭവപ്പെടും. 5-6 ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മരിക്കുംവരെ രോഗി പൂര്‍ണ ബോധവാനായിരിക്കും എന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
പേവിഷത്തിന് നിയതമായ ചികിത്സ ഇല്ല. പ്രകാശവും ശബ്ദവും ശൈത്യവും കടക്കാത്തമുറിയില്‍ രോഗിയെ കിടത്തി ശമനൌഷധങ്ങള്‍ നല്കി വേദനയും അസ്വാസ്ഥ്യവും പരമാവധി കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുക. പേശി കോച്ചിവലിക്കുന്നത് കുറയ്ക്കാനുള്ള ചില ഔഷധങ്ങളും നല്‍കാറുണ്ട്.
കടിയേറ്റയുടന്‍ വാക്സിന് കുത്തിവയ്ക്കുകയാണ് അഭികാമ്യം. നെര്‍വസ് ടിഷ്യു വാക്സിനുകള്‍, സെല്‍ കള്‍ച്ചര്‍ വാക്സിനുകള്‍ എന്നിവ ലഭ്യമാണ്. കടിയേറ്റ ഉടന്‍ തന്നെ ആ ഭാഗം കാര്‍ബോളിക് സോപ്പു കൊണ്ടു കഴുകി വിഷാണുസംഹാരികള് വച്ചുകെട്ടണം. മുറിവില്‍ ആന്റി റാബീസ് സീറം പ്രയോഗിക്കുന്നതും നല്ലതാണ്. കടിച്ചതുമുതല് പത്തുദിവസം നായയെ നിരീക്ഷിക്കുകയും വേണം. പത്തു ദിവസത്തിനുശേഷവും നായ് ജീവിച്ചിരിക്കുന്നുവെങ്കില്‍ വിഷബാധയുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താം. നോ: പേവിഷബാധ
പ്ലേഗ്. യെഴ്സിനിയ പെസ്റ്റിസ് എന്നയിനം ബാക്റ്റീരിയ മൂലമുണ്ടാകുന്ന ഒരു ജന്തുജന്യരോഗമാണിത്. ഭാഗവതപുരാണത്തില്‍ ഈ മഹാമാരിയെപ്പറ്റി പരാമര്‍ശമുണ്ട്. എ.ഡി. 542-ല്‍ ഉണ്ടായ പ്ലേഗ് ബാധയില്‍ (ജസ്റ്റിനിയന്‍ പ്ലേഗ്) 10 കോടി ആളുകള്‍ മരണമടഞ്ഞു. 1346-ല്‍ ആരംഭിച്ച രണ്ടാം പ്ലേഗ് ഏതാണ്ട് മൂന്നു ശതകത്തോളം തുടര്‍ന്നു. 2.5 കോടി ആളുകളാണ് മരണമടഞ്ഞത്. 1894-ല്‍ തുടങ്ങിയ മൂന്നാം പ്ലേഗ് 1930-കള്‍ വരെ നിലനിന്നു. 1031-32 കാലത്ത് സുല്‍ത്താന്‍ മുഹമ്മദിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്ലേഗ് മലബാറിലെത്തി. 1403, 1617, 1812-21, 1836, 1895-96, 1907-18 എന്നീ കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്ലേഗ് ബാധയുണ്ടായി. ഇന്ത്യയില്‍ 1898-നും 1908-നും ഇടയ്ക്ക് പ്രതിവര്‍ഷം 5 ലക്ഷം ആളുകള്‍ ഈ മഹാമാരിമൂലം മരണമടഞ്ഞു എന്നാണ് കണക്ക്. ദേശീയ മലേറിയ നിര്‍മാര്‍ജന പരിപാടി ശക്തമാക്കിയതോടെ മരണത്തോത് ഗണ്യമായി കുറഞ്ഞു. 1959-ആയതോടെ പ്ലേഗുബാധിത സംസ്ഥാനമെന്നു കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശില്‍ മരണസംഖ്യ വളരെ കുറഞ്ഞു. 1968-ല്‍ ഇന്ത്യ പ്ലേഗ് വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ 1994 സെപ്.-ല്‍ മഹാരാഷ്ട്രയിലെ ബീഡ് എന്ന പ്രദേശത്ത് ബ്യൂബോണിക് പ്ലേഗിന്റെ ആക്രമണമുണ്ടായി. ഗുജറാത്തിലെ സൂറത്തിലും നുമോണിക് പ്ലേഗ് കണ്ടെത്തി.
എലിച്ചെള്ളാണ് കരണ്ടുതീനികളെ ബാധിക്കുന്ന പ്ലേഗ് മനുഷ്യരിലേക്കു പകര്‍ത്തുന്നത്. ബ്യൂബോണിക് പ്ലേഗ്, നുമോണിക് പ്ലേഗ്, സെപ്റ്റിസീമിക് പ്ലേഗ് എന്നിങ്ങനെ മൂന്നുതരം പ്ലേഗുണ്ട്. ത്വക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണു ലിംഫ് ഗ്രന്ഥികളില്‍ കടന്നുകൂടുമ്പോള്‍ ഗ്രന്ഥികള്‍ വലുതായി പൊട്ടുന്നു. കരള്‍, ശ്വാസകോശം, വൃക്ക, തലച്ചോറ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടാകുന്നത്. പനി, തലവേദന, ലസികാപര്വശോഥം (lymphadenitis) എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തത്തില്‍ രോഗാണുക്കള്‍ വര്‍ധിക്കുന്നതോടെയുണ്ടാകുന്ന സെപ്റ്റിസീമിയയും നുമോണിയയും മരണത്തിനിടയാക്കും. സ്റ്റ്രെപ്റ്റോമൈസിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഔഷധമായി ഉപയോഗിക്കാം. രോഗനിയന്ത്രണത്തിന് പ്ലേഗ് വാക്സിന് ഫലപ്രദമാണ്.
യെല്ലോ ഫീവര്‍. ഫ്ളാവിവൈറസ് ഫൈബ്രിക്കസ് എന്ന ആര്‍ബോവൈറസ് ആണ് രോഗഹേതു. അമേരിക്ക, ആഫ്രിക്ക എന്നീ വന്കരളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കുരങ്ങുകളെയും മറ്റു കശേരുകികളെയും ബാധിക്കുന്ന ഈ രോഗം കൊതുകുവഴി മനുഷ്യനിലേക്കു പകരുന്നു. യകൃത്, വൃക്ക എന്നീ ശരീരഭാഗങ്ങളെയാണ് ഇത് ആഘാതമേല്പിക്കുന്നത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍; ബൊളീവിയ, പെറു, ബ്രസീല്‍, കൊളംബിയ തുടങ്ങിയ തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ ഈ രോഗം കനത്ത നാശം വിതയ്ക്കുന്നു. ഈ രോഗം ഏഷ്യയില്‍ സംക്രമിച്ചതായി രേഖകളില്ല. യെല്ലോ ഫീവറിനോടു സാദൃശ്യമുള്ള ഡെങുപനിയാണ് ഏഷ്യയില്‍ കണ്ടുവരുന്നത്. ഏഡെസ് ആഫ്രിക്കാനസ്, ഏഡെസ് സിംപ്സോണി എന്നീ കൊതുകിനങ്ങളാണ് യെല്ലോ ഫീവറിന്റെ രോഗവാഹകര്‍. ഈ രോഗം പ്രതിരോധിക്കാന്‍ എന്ന വാക്സിന് ലഭ്യമാണ്.
ജാപ്പനീസ് എന്‍കെഫലൈറ്റിസ് (ജപ്പാന് ജ്വരം). ജപ്പാന്, ചൈന, കൊറിയ, തായ്ലന്ഡ്, ഇന്തോനേഷ്യ, ഇന്ത്യ, മ്യാന്മര്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ഈ ജന്തുജന്യരോഗം അധികമായി സംക്രമിക്കുന്നത്. പന്നിയില്‍ നിന്നും കുലിസിന് കൊതുകുകള്‍ വഴി (കുലിസിന് ട്രൈടേനിയോറൈങ്കസ്, കു. വിഷ്ണുയി, കു. ഗെലിഡസ്) മനുഷ്യനിലേക്കു പകരുന്നു. നെല്‍പ്പാടങ്ങളില്‍ വംശവര്‍ധന നടത്തുന്ന ട്രൈടേനിയോറൈങ്കസ് ആണ് ദക്ഷിണേന്ത്യയിലെ പ്രധാന രോഗവാഹകര്‍. പനി, തലവേദന, അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളോടെ ആരംഭിച്ച് പിടലിപിടിത്തം, കോച്ചല്‍ തുടങ്ങി അബോധാവസ്ഥ വരെ എത്താം. രോഗം തുടങ്ങി 9 ദിവസത്തിനകം മരണം സംഭവിക്കാം.
ക്യാസനൂര്‍ വനരോഗം (Kyasanur Forest Disease). കര്‍ണാടകയിലെ ഷിമോഗാ ജില്ലയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് (1957). കുരങ്ങുരോഗം എന്നാണ് തദ്ദേശീയര്‍ ഇതിനെ സൂചിപ്പിച്ചിരുന്നത്. പിന്നീട് ഇതിന്റെ വൈറസിനെ പൃഥക്കരിച്ച് ക്യാസനൂര്‍ വനത്തോടു ബന്ധപ്പെടുത്തി ക്യാസനൂര്‍ വനരോഗം എന്ന പേരു നല്കി. കുരങ്ങാണ് കെഎഫ്ഡി വൈറസിന്റെ വാഹകര്‍. രോഗബാധിതരായ കുരങ്ങുകള്‍ മരിച്ചുപോകുന്നു. ഇവയുടെ രക്തം ആഹരിക്കുന്ന ചെള്ളുകള്‍ വഴി മനുഷ്യനിലേക്കു രോഗം പകരുന്നു. ഹീമാഫൈസാലിസ് സ്പിനിഗേറാ, ഹീ. ടര്ടുറാ തുടങ്ങിയ ചെള്ളുകളാണ് വാഹകര്‍. പനി, തലവേദന, കടുത്ത പേശിവേദന എന്നിവയോടൊപ്പം ഉദരസംബന്ധമായ വിഷമങ്ങളും മൂക്ക്, മോണ, കുടല് എന്നിവിടങ്ങളില്‍ നിന്നു രക്തസ്രാവവും ഉണ്ടാകും. ചിലരില്‍ 7-21 ദിവസങ്ങള്‍ക്കുശേഷം നേരിയ തോതില്‍ താനികാമസ്തിഷ്കശോഥം (meningoencephalitis) അനുഭവപ്പെടുന്ന ഒരു രണ്ടാം ഘട്ടവും ഉണ്ടാവും.
ബ്രൂസെല്ലോസിസ്. മാള്‍ട്ട ഫീവര്‍, മെഡിറ്ററേനിയന്‍ ഫീവര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗത്തിന്റെ ഹേതു ബാക്റ്റീരിയയാണ്. കന്നുകാലികള്‍, പന്നി, കുതിര, നായ്, ആട് എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്ന ഇടങ്ങളില്‍ ഇതൊരു പകര്‍ച്ചവ്യാധിയായി പ്രത്യക്ഷപ്പെടുന്നു. കൃഷിക്കാര്‍, ഇടയന്മാര്, ഇറച്ചിവെട്ടുകാര്‍, മൃഗസംരക്ഷണ വിദഗ്ധര്‍, പരീക്ഷണശാലാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് മൃഗങ്ങളില്‍ നിന്ന് രോഗം ബാധിക്കുന്നത്. ബ്രൂസെല്ലാ മെലിറ്റെന്‍സിസ്, ബ്രൂ. അബോര്‍ട്ടസ്, ബ്രൂ. സൂയിസ്, ബ്രൂ. കാനിസ് എന്നീ ബാക്റ്റീരിയങ്ങളാണ് മനുഷ്യരെ ആക്രമിക്കുന്നത്. ഇതില്‍ ബ്രൂ. മെലിറ്റെന്‍സിസ് ആണ് അപകടകാരി. മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെ പുറത്തുവരുന്ന ബാക്റ്റീരിയ തൊലിപ്പുറത്തെ മുറിവ്, ശ്ലേഷ്മം, നേത്രശ്ലേഷ്മം എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. രോഗബാധയുള്ള മൃഗങ്ങളുടെ പാല് ചൂടാക്കാതെ കഴിച്ചാലും രോഗബാധിതരായ മൃഗങ്ങള്‍ വ്യവഹരിക്കുന്ന കൃഷിയിടങ്ങളിലെ പച്ചക്കറികള്‍ വേവിക്കാതെ ഭക്ഷിച്ചാലും ഈ രോഗം പകരും. രോഗാണുക്കള്‍ നിറഞ്ഞ തൊഴുത്തില്‍ നിന്ന് വായു വഴിയും രോഗം സംക്രമിക്കാം.
പനി, സന്ധിവേദന, പുറംവേദന, തലവേദന, യകൃത്വൃദ്ധി, പ്ളീഹാതിവൃദ്ധി, ശ്വേതകോശികാല്പത്വം എന്നിവയാണ് രോഗലക്ഷണങ്ങള്‍. 2-3 ആഴ്ചകൊണ്ട് രോഗശമനമുണ്ടാകും. ടെട്രാസൈക്ലിന്‍ ഫലപ്രദമായ ഔഷധമാണ്.
വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കി ടിന്നിലടച്ചു വില്‍ക്കുന്ന മൃഗോത്പന്നങ്ങളില്‍ സാല്‍മോനെല്ലാ (സാല്‍മോനെല്ലാ ടൈഫി, സാ. പാരാടൈഫി എ.സി.; സാ. കോളറാ-സുയിസ്, സാ ഡബ്ളിന്‍) ബാധയുണ്ടാവുകയും അത് ഭക്ഷിക്കുന്ന മനുഷ്യന് സാല്മോനെല്ലോസിസ് എന്ന രോഗമുണ്ടാവുകയും ചെയ്യാറുണ്ട്. ഇതും ജന്തുജന്യരോഗത്തില് പെടുന്നു. ഓക്കാനം, തലവേദന, ഛര്‍ദി, വയറിളക്കം, നേരിയ പനി എന്നിവയാണ് ലക്ഷണങ്ങള്‍. നിര്‍ജലീകരണവും സംഭവിക്കാം.
റിക്കറ്റ്സിയല്‍ ജന്തുജന്യരോഗങ്ങളില്പ്പെട്ടതാണ് സ്ക്രബ്ടൈഫസ് (രോഗഹേതു-റിക്കറ്റ്സിയാത്വത്സു സുഗാമുഷി), മ്യുറൈന്‍ ടൈഫസ് (രോഗഹേതു- റിക്കറ്റ്സിയാ ടൈഫി) ക്യു-ഫിവര്‍ (രോഗഹേതു-കോക്സീല്ലാ ബര്ണെറ്റി) എന്നിവ. പരജീവിജന്യ ജന്തുജന്യരോഗങ്ങളില്‍ പ്രധാനം ടേനിയാസിസ് (രോഗഹേതു-ടേനിയാ സാഗിനാറ്റാ-ടോ. സോളിം), സിസ്റ്റിസെര്‍കോസിസ് (രോഗഹേതു ടേനിയാ സോളിയം), ഹൈഡാറ്റിഡോസിസ് (രോഗഹേതു-എക്കിനോകോക്കസ് ഗ്രാനുലോസസ്) എന്നിവയാണ്.
ക്ഷയരോഗം ബാധിച്ച പശുക്കളുടെ പാല് തിളപ്പിക്കാതെ ഉപയോഗിച്ചാല്‍ കാലിക്ഷയം മനുഷ്യരിലേക്കു പകരും. ക്ഷയരോഗം ബാധിച്ച പശുക്കളെ കൊന്നുകളയാന്‍ നിയമവ്യവസ്ഥയുണ്ട്. പാല് തിളപ്പിക്കാതെ ഭക്ഷിക്കുന്നത് ഇന്ത്യക്കാരുടെ രീതിയല്ലാത്തതിനാല്‍ ഇവിടെ ഇതൊരു ആരോഗ്യ പ്രശ്നമായി മാറിയിട്ടില്ല. നോ: ജപ്പാന്‍ജ്വരം; പേവിഷബാധ; പ്ലേഗ്