This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ്, ഹൗ (1032 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജങ്, ഹൗ (1032 - 85)

Chang, Hao

സുങ് വംശകാലത്തെ പ്രശസ്തനായ ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകന്‍. ജങ് മിങ്താവോ (Chang Mingtao) എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹവും സഹോദരന്‍ ജങ് ഈയും ചേര്‍ന്നാണ് നവ-കണ്‍ഫ്യൂഷ്യന്‍ തത്ത്വശാസ്ത്രശാഖയ്ക്ക് അടിസ്ഥാനമിട്ടത്. 1032-ല്‍ ജങ് ഹൗ ജനിച്ചു. ഭരണതലത്തില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരായിരുന്നു പൂര്‍വികര്‍. ഔദ്യോഗിക കാരണങ്ങളാല്‍ പിതാവിന് പല സ്ഥലങ്ങളില്‍ കഴിയേണ്ടി വന്നതിനാല്‍ ജങ് ഹൗവും സഹോദരന്‍ ജങ് ഈയും പല സ്ഥലങ്ങളിലായിട്ടാണ് ബാല്യകാലം ചെലവഴിച്ചത്. ഇവര്‍ പിന്നീട് ജൌ തൂണ്‍-യി (Chou-Tun-i) യുടെ കീഴില്‍ വിദ്യാഭ്യാസം നടത്തി. അതിനുശേഷം ഇരുവരും തലസ്ഥാനനഗരമായ കൈഫെങ് (Kaifeng) ലുള്ള ദേശീയ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1057-ല്‍ ജങ് ഹൗ ബിരുദം കരസ്ഥമാക്കുകയും സര്‍ക്കാര്‍ സേവനത്തിനുള്ള ഉന്നത പരീക്ഷ പാസ്സാകുകയും ചെയ്തു.

സര്‍ക്കാര്‍ സേവനത്തിനു ചേര്‍ന്ന ജങ് ഹൗ പല സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചതിനുശേഷം തലസ്ഥാന നഗരിയില്‍ എത്തി. അവിടെ ഉന്നത ഭരണാധികാരികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താന്‍ ഇദ്ദേഹത്തിന് അവസരം സിദ്ധിച്ചു. 1070-നു ശേഷം ജങ് ഹൗ ഭരണാധികാരികളുടെ വിരോധത്തിനു വിധേയനായി; വാങ് അന്‍ ഷ് (Wang An Shih)യുടെ ഭരണപരിഷ്കരണ നടപടികളെ അംഗീകരിക്കാന്‍ കഴിയാതിരുന്നതായിരുന്നു കാരണം. 1080-ല്‍ ജങ് ഹൗവിനെ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിട്ടു.

ഔദ്യോഗിക ജീവിതത്തില്‍ നിന്നു പിരിഞ്ഞതിനുശേഷം ജങ് ഹൗ സഹോദരന്‍ ജങ് ഈയുമായി ചേര്‍ന്നു കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ പഠനത്തില്‍ മുഴുകി. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാന തത്ത്വങ്ങളുമായി രണ്ടുപേരും യോജിച്ചിരുന്നെങ്കിലും മറ്റു പലതിലും അവര്‍ തമ്മില്‍ വിയോജിപ്പ് ഉണ്ടായിരുന്നു. ഇതര നവ-കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകന്മാരെപ്പോലെ ജങ് ഹൗ ചെറുപ്പത്തില്‍ ബുദ്ധിസത്തില്‍ താത്പര്യം കാണിച്ചിരുന്നു. പില്ക്കാലത്ത് ഇദ്ദേഹം ബുദ്ധിസത്തെ നിരാകരിക്കുകയാണു ചെയ്തത്.

ജങ് ഹൗ അധികം എഴുതിയിട്ടില്ല; ശിഷ്യന്മാര്‍ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു. ഈ സംഭാഷണങ്ങളില്‍ ജങ് ഹൗവിന്റെ ദര്‍ശനം ഉള്‍ക്കൊള്ളുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ ഏകത്വത്തെപ്പറ്റിയാണ് ജങ് ഹൗ പ്രധാനമായും ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നത്. പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുകയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും തന്റെ തന്നെ ഭാഗമാണ് എന്നു തിരിച്ചറിയുകയാണ് ജീവിതധര്‍മം. പരഗുണകാംക്ഷ (Jen) ഒരു ഗുണം എന്നതിലുപരി ജീവിതത്തിന്റെ അടിസ്ഥാനധര്‍മംകൂടിയാണ്. വാതം പിടിപെട്ടു കൈകാലുകള്‍ തളര്‍ന്ന ഒരു മനുഷ്യനു തന്റെ കൈകാലുകള്‍ ഉള്ളതായി അനുഭവപ്പെടുന്നില്ല. അതുപോലെ പരഗുണകാംക്ഷ ഇല്ലാത്ത ഒരു മനുഷ്യനു ലോകം മുഴുവന്‍ തന്റെ ശരീരത്തിന്റെ ഭാഗമാണെന്ന തോന്നലും ഉണ്ടാകില്ല. ഭാരതത്തിന്റെ സംഭാവനയായ 'അദ്വൈതസിദ്ധാന്ത'ത്തിന്റെ സാരാംശം ജങ് ഹൗവിന്റെ ചിന്തകളിലും കാണാം. 1085-ല്‍ ജങ് ഹൗ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%99%E0%B5%8D,_%E0%B4%B9%E0%B5%97_(1032%C2%A0-%C2%A085)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍