This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഛോട്ടാ നാഗ്പൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഛോട്ടാ നാഗ്പൂര്‍
ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തുള്ള ഒരു പീഠഭൂമിയും അതുള്‍ക്കൊള്ളുന്ന പ്രദേശവും. ബിഹാര്‍ സംസ്ഥാനത്തില്പ്പെടുന്നു. 'ഛുട്ടിയ നാഗ്പൂര്‍' എന്നും പേരുണ്ട്. കോയല്‍, സുവര്‍ണരേഖ, ദാമൂദ എന്നീ നദികള്‍ ഈ പ്രദേശത്തു നിന്നും ഉദ്ഭവിക്കുന്നു. ധാതുസമ്പന്നമായ ഈ പ്രദേശം സിന്ധ് ഗൂജഭാഗങ്ങളിലേക്കു വ്യാപിച്ചാണ് 'ഊപര്‍ ഗഢ്' അഥവാ ജസ്പൂര്‍ ഹൈലന്‍ഡ്സ് ഉണ്ടായിരിക്കുന്നത്. അനേകം ചെറുകുന്നുകളാല്‍ ഈ ഭൂവിഭാഗം വിന്ധ്യന്-ഖൈമൂര് മലനിരകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിക്ക് 18,000 ച.കി.മീ. വിസ്തൃതിയുണ്ട്.
ഡക്കാണ് പീഠഭൂമിയിലെ സുവര്ണനദിക്കു കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി പൂര്വഘട്ടമലനിരകളുമായും ഛോട്ടാ നാഗ്പൂര്‍ കുന്നുകള്‍ വഴി പൂര്‍വഘട്ട മലനിരകള്‍ 'സാത്പുര' നിരകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അപരദനപ്രതലങ്ങള് ഈ പീഠഭൂമിയില്‍ സമൃദ്ധമാണ്. പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ് (600 മീറ്ററില്‍ താഴെ). ഉപദ്വീപിന്റെ തന്നെ ഭൌതികപരിണാമത്തിന്റെ വിവിധഘട്ടങ്ങള്ക്കു തെളിവായി വര്‍ത്തിക്കുന്നവയാണ് ഈ പ്രതലങ്ങള്‍.
ബംഗാള്‍ തടത്തിനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയിലെ ഏറ്റവും വലുതും പ്രധാനവുമായ ഭാഗമാണ് റാഞ്ചി പീഠഭൂമി. ഇതിന്റെ ഏറ്റവും ഉയരമേറിയ ഭാഗത്തിന് 700 മീറ്ററാണ് പൊക്കം. ഉരുണ്ടു വലുപ്പമേറിയ കൃഷ്ണശിലാഖണ്ഡങ്ങളും (monad rocks) വെള്ളപ്പൊക്കത്തിന്റെ ഫലമായി നദികളിലുണ്ടാകുന്ന സമതലത്തിട്ടകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയുടെ ചരിവുകളില്‍ കയറിപ്പറ്റുക ദുഷ്കരമാണ്. നിമ്നോന്നതമായ ഇവിടം വനസമ്പത്തുകൊണ്ട് അനുഗൃഹീതമാണ്. ചെറുകുന്നുകളുടെ നിരകള്‍ ധാരാളമുള്ള ഈ ഭൂവിഭാഗത്തിലെ കാലാവസ്ഥ അത്യന്തം ആരോഗ്യപ്രദമാകുന്നു. ഈ ഭാഗത്തു ലഭിക്കുന്ന ഉയര്‍ന്ന തോതിലുള്ള മഴയും അന്തരീക്ഷ ഈര്‍പ്പവുമാണ് ഇലപൊഴിയുന്ന ഉഷ്ണമേഖലാവനങ്ങള്‍ തഴച്ചുവളരാന്‍ സഹായകരമായിരിക്കുന്ന മുഖ്യഘടകങ്ങള്‍. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയുടെ അതിരുകള്‍ ക്രമരഹിതമായതിനാല്‍ കുത്തനെയുള്ള ചരിവുകള്‍ ഏറെയുണ്ട്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്ത് മേശയുടെ ആകൃതിയില്‍ കാണപ്പെടുന്ന പീഠഭൂമികള്‍ മുമ്പുണ്ടായിരുന്ന വിസ്തൃതമായ 'പ്ളീനിപ്ളേനു'കളുടെ (മണ്ണൊലിപ്പുമൂലം പ്രായേണ സമതലമായിത്തീര്ന്ന പ്രദേശങ്ങള്‍) ഭാഗമാണ്.
ഛോട്ടാ നാഗ്പൂര്‍ പ്രദേശത്തെ മണ്ണിന് മുഖ്യമായും ചുവപ്പുനിറമാണ്. ഇവിടെക്കാണുന്ന കായാന്തരശിലകളിലെ ഇരുമ്പിന്റെ സമൃദ്ധമായ സാന്നിധ്യമാണ് ഈ നിറത്തിനു കാരണം. എന്നാല്‍ ഈ മണ്ണിന് എക്കല്‍മണ്ണിനെ അപേക്ഷിച്ച് വളക്കൂറ് കുറവാണ്. മാത്രമല്ല, സ്ഥാനീയസ്വഭാവവ്യത്യാസങ്ങളും ഇതു പ്രകടമാക്കുന്നുണ്ട്. ഡക്കാണ് പീഠഭൂമിയുടെ അതിരുകളിലായി വരുന്ന പ്രദേശങ്ങളില്‍ ഈ ഇനം മണ്ണാണ് കാണപ്പെടുക.
വടക്കു നിന്ന് ആര്യന്മാരുടെ കടന്നുകയറ്റത്തോടെ ആദിവാസികള്‍ സമതലങ്ങളില്‍ നിന്നു പിന്‍വാങ്ങി ഛോട്ടാ നാഗ്പൂര്‍ പ്രദേശത്ത് വാസമുറപ്പിച്ചു. യൂറോപ്യന്മാര് 'കോള്‍' എന്നു വിശേഷിപ്പിച്ചിരുന്ന ഈ ഭൂവിഭാഗങ്ങള്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ മധ്യമമായിരുന്നു.