This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചൊവ്വ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചൊവ്വ
Mars
സൗരയൂഥത്തിലെ ഒരു ഗ്രഹം. സൂര്യനില്‍ നിന്ന് നാലാമതായി കാണപ്പെടുന്നു. ചില കാലങ്ങളില്‍ സൂര്യനും ചൊവ്വയും അടുത്തടുത്ത് ആകാശത്ത് ദൃശ്യമാകാറുണ്ട്. സൂര്യനോട് അടുത്തു നില്ക്കുന്ന കാലങ്ങളിലൊഴിച്ച് ചൊവ്വ നഗ്നനേത്രങ്ങളാല്‍ ദൃശ്യമാണ്. തിളങ്ങുന്ന ചുവന്ന നിറത്തിലാണ് ഇതു കാണപ്പെടുന്നത്. ഭൂമിയില്‍ നിന്നുള്ള ദൂരത്തെ ആശ്രയിച്ച് ചൊവ്വയുടെ കോണികവ്യാസം സു. 3.5 കോണിക സെക്കന്‍ഡ് (arc second) മുതല്‍ 25.1 കോണിക സെക്കന്‍ഡ് വരെ ആകാം. (ചന്ദ്രന്റെയും സൂര്യന്റെയും കോണികവ്യാസം സു. 30 കോണിക മിനിറ്റാണ്.) സു. പതിനഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ചൊവ്വ ഭൂമിയോടടുത്തുവരും. ഈ സമയത്ത് ചൊവ്വയെ സൗകര്യമായി നിരീക്ഷിക്കാന്‍ കഴിയും. 20-ാം ശതകത്തില്‍ 1909, '24, '39, '56, '71, '86 എന്നീ വര്‍ഷങ്ങളിലാണ് ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്തെത്തിയത്. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമിയോട് ഏറ്റവും സാമ്യമുള്ളതാണ് ചൊവ്വ. അതുകൊണ്ട് ജീവനുണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹമായി ഇതു കരുതപ്പെടുന്നു. എന്നാല്‍ അവിടെ ജീവനുള്ളതിന്റെ യാതൊരു ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫോബോസ് (Phobos), ഡൈമോസ് (Deimos) എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങളും ചൊവ്വയ്ക്കുണ്ട്.
ചലനങ്ങള്‍. ഭൂമിയെപ്പോലെ ദീര്‍ഘവൃത്തീയമായ പഥത്തിലൂടെ ചൊവ്വ സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നു. എന്നാല്‍ ഭൂമിയുടേതിനെക്കാള്‍ ദീര്‍ഘവൃത്തീയത (ellipticity) കൂടിയ പഥമാണ് ചൊവ്വയുടേത്. (സൗരയൂഥത്തില്‍ ബുധന് ഇതിലധികം ദീര്‍ഘവൃത്തീയതയുണ്ട്.) ഇതിന്റെ ഫലമായി സൂര്യനില്‍ നിന്ന് ചൊവ്വയിലേക്കുള്ള ദൂരത്തില്‍ 20 ശതമാനത്തോളം വ്യത്യാസം ഒരു പ്രദക്ഷിണം ചെയ്യുന്നതിനിടയില്‍ ഉണ്ടാകുന്നു. ഭൂമിയുടെ കാര്യത്തില്‍ ഇത് 4 ശ.മാ.-ല്‍ താഴെയാണ്. എന്നാല്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങാന്‍ എടുക്കുന്ന സമയം ഭൂമിയുടേതിനോടു മിക്കവാറും തുല്യമാണ്. സു. 40 മി.-ന്റെ വ്യത്യാസം മാത്രം. പ്രദക്ഷിണപഥം ഉള്‍ക്കൊള്ളുന്ന സമതലപ്രതലത്തില്‍ (plane of the orbit) നിന്ന് അക്ഷത്തിനുള്ള ചരിവും ഏതാണ്ട് ഭൂമിയുടേതുപോലെയാണ്.
ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെയുള്ള ചൊവ്വയുടെ യാത്ര വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ കാര്യത്തിലെന്നതുപോലെ, പ്രത്യേക തരത്തിലാണ്. കുറേക്കാലം ഒരു ദിശയിലേക്കു നീങ്ങുന്ന ചൊവ്വ, ക്രമേണ വേഗത കുറഞ്ഞ് നിശ്ചലമാകും. പിന്നീട് എതിര്‍ ദിശയിലേക്ക് യാത്ര തുടങ്ങുകയായി. അധികനാള്‍ കഴിയുന്നതിനു മുമ്പ് വീണ്ടും നിശ്ചലമായിട്ട് തിരിച്ച് ആദ്യം നീങ്ങിക്കൊണ്ടിരുന്ന ദിശയിലേക്കു തന്നെ യാത്ര തുടരുന്നു. പ്രദക്ഷിണപഥങ്ങളിലൂടെയുള്ള യാത്രയ്ക്കിടയില്‍ ചൊവ്വയോട് ഭൂമി ഏറ്റവും അടുത്തെത്തുന്ന സമയത്താണ് വിശേഷരീതിയിലുള്ള ഈ ചലനം ദൃശ്യമാകുന്നത്. ഇതിന് വക്രഗതിചലനം (Retrograde motion) എന്നു പറയുന്നു.
ഉപരിതലം. ചൊവ്വയുടെ ഉപരിതലം ഓരോ അര്‍ധ ഗോളത്തിലും ഓരോ തരത്തിലാണ് കാണപ്പെടുന്നത്. ഉത്തരാര്‍ധത്തില്‍ ലാവ പൊട്ടിയൊഴുകിയ സമതലങ്ങളാണ് കൂടുതലും ഉള്ളത്. എന്നാല്‍ ദക്ഷിണാര്‍ധത്തില്‍ കുറേക്കൂടി പഴക്കം ചെന്ന, ധാരാളം ക്രേറ്ററുകളുള്ള ഉപരിതലമാണ്.
ചൊവ്വയിലെ ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ് കൂറ്റന്‍ അഗ്നിപര്‍വതങ്ങള്‍. 'ഒളിമ്പസ് മോണ്‍സ്' എന്ന പേരില്‍ അറിയപ്പെടുന്നതാണ് ഏറ്റവും വലുത്. ഇതിന്റെ ചുവടുഭാഗത്തിന് സു. 600 കി.മീ. വ്യാസമുണ്ട്; പരിസരപ്രദേശത്തുനിന്നുള്ള ഉയരം 26 കി.മീറ്ററും. ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങള്‍ ഹവായിലെ മോന ലോഅ (Mouna loa), മോന കീ (Mauna kea) എന്നിവയാണ്. രണ്ടും കൂടി സു. 200 കി.മീറ്ററേ വ്യാസം വരൂ. പൊക്കം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് സു. 9 കി.മീറ്ററും. ഒളിമ്പസ് മോണ്‍സില്‍ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന മൂന്ന് അഗ്നിപര്‍വതങ്ങള്‍ക്ക് സു. 400 കി.മീ. വ്യാസവും 20 കി.മീ. ഉയരവുമുണ്ട്. കട്ടികുറഞ്ഞ ലാവ ഒഴുകിയുണ്ടാകുന്ന, വ്യാസത്തെ അപേക്ഷിച്ച് ഉയരം കുറഞ്ഞ, ഷീല്‍ഡ് അഗ്നിപര്‍വതങ്ങള്‍ (shield volcano) എന്ന വര്‍ഗത്തില്‍പ്പെട്ടതാണിവയെല്ലാം. ചൊവ്വയിലെ അഗ്നിപര്‍വതങ്ങളൊന്നും ഇപ്പോള്‍ ജ്വലിക്കുന്നവയല്ല.
ചൊവ്വയുടെ പുറന്തോട് (Crust) പുറത്തേക്ക് ഉന്തി നില്ക്കുന്ന രണ്ടു പ്രത്യേക പ്രദേശങ്ങളിലാണ് അഗ്നിപര്‍വതങ്ങള്‍ മിക്കവയും കാണപ്പെടുന്നത്. ഏറ്റവും വലിയ നാല് അഗ്നിപര്‍വതങ്ങള്‍ നില്ക്കുന്ന ഭാഗത്തിന് അടുത്തായി കൂറ്റന്‍ മലയിടുക്കുകള്‍ (canyons) കാണപ്പെടുന്നു. 'വാലസ് മാരിനറിസ്' (Valles Marineris) എന്നറിയപ്പെടുന്ന ഈ മലയിടുക്കുകള്‍ 5,000 കി.മീറ്ററോളം നീണ്ടു കിടക്കുന്നു. ചിലയിടങ്ങളില്‍ ഇതിനു 500 കി.മീ. വരെ വീതിയും 6 കി.മീ. വരെ ആഴവും ഉണ്ട്. യു.എസ്സില്‍ കൊളറാഡോ നദി സൃഷ്ടിച്ച 'ഗ്രാന്‍ഡ് കാന്‍യണു'മായി രൂപസാദൃശ്യമുണ്ടെങ്കിലും ചൊവ്വയിലെ കാന്‍യണ്‍ ശൃംഖല അതിനെക്കാള്‍ അനേകം മടങ്ങ് വലുതാണ്. ഇത് ചൊവ്വയിലെ പുറംതോടിലെ ഒരു വിള്ളലാണെന്നുതന്നെ പറയാം.
നിരീക്ഷകരെ ഒരുപക്ഷേ ഏറ്റവും അദ്ഭുതപ്പെടുത്തിയത് ചൊവ്വയിലെ തോടുകളായിരിക്കും. വറ്റിവരണ്ടുപോയ നദീതടങ്ങളെപ്പോലെ കാണപ്പെടുന്ന ഇവ, ഒരു കാലത്ത് ഭൂമിയില്‍ നിന്ന് ദൂരദര്‍ശിനിയിലൂടെ ചിലര്‍ കണ്ടതായി അവകാശപ്പെട്ട തോടുകളല്ല, വെള്ളമൊഴുകി ഉണ്ടായതാണെന്ന് ബലമായി സംശയം തോന്നിക്കുന്ന രൂപമാണിവയ്ക്കുള്ളത്. അതിനാല്‍ ഒരു കാലത്ത് ചൊവ്വയില്‍ ധാരാളം വെള്ളമുണ്ടായിരുന്നോ എന്ന് സ്വാഭാവികമായി സംശയിച്ചുപോകുന്നു. അങ്ങനെയൊരവസ്ഥ തീര്‍ത്തും അസാധ്യമാണെന്നു കരുതാനും വേണ്ട തെളിവുകളില്ല. ഈ തോടുകള്‍ ഇന്നുമൊരു പ്രഹേളികയായിത്തുടരുന്നു.
ചൊവ്വയിലെ മറ്റൊരു പ്രത്യേകത, ധ്രുവങ്ങളിലെ 'ഹിമത്തൊപ്പികള്‍' (Polar Ice Caps) ആണ്. രണ്ടു ധ്രുവങ്ങളിലും കാണുന്ന വെളുത്ത തൊപ്പികള്‍ വെള്ളം ഉറഞ്ഞ് മഞ്ഞായി കിടക്കുന്നതാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബഹിരാകാശപേടകങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അവിടെയുള്ളതില്‍ കൂടുതല്‍ ഭാഗവും ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡാണെന്നാണ്. ശൈത്യകാലത്ത് ഈ തൊപ്പി ഉത്തരാര്‍ധഗോളത്തില്‍ അക്ഷാംശം 70° വരെയും ദക്ഷിണാര്‍ധഗോളത്തില്‍ 60° വരെയും 10 ലക്ഷം മുതല്‍ 45 ലക്ഷം വരെ ച.കി.മീ. വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. വസന്ത-ഗ്രീഷ്മകാലങ്ങളില്‍ ഈ തൊപ്പി ചുരുങ്ങുന്നു; പക്ഷേ, പൂര്‍ണമായി അപ്രത്യക്ഷമാകുന്നില്ല. ഖര കാര്‍ബണ്‍ ഡൈ ഓക്സൈഡ് നേരെ ആവിയായി പോകുന്നു. അവശേഷിക്കുന്നത് കൂടുതലും ഖരാവസ്ഥയിലുള്ള ജലം (മഞ്ഞുകട്ട) ആയിരിക്കും എന്നു കരുതപ്പെടുന്നു.
ചൊവ്വയിലെ പാറകള്‍ ബേസാള്‍ട്ടിക് ലാവ(basaltic lava)യോട് സാമ്യമുള്ളതാണ്. പക്ഷേ ഭൂമിയിലേതിനെക്കാള്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലും അലുമിനിയം താരതമ്യേന കുറവുമാണ്. പാറകളിലെ ഇരുമ്പ് അത്യധികം ഓക്സീകരണം ചെയ്യപ്പെട്ടതാണ്. ഇരുമ്പിന്റെ സൂപ്പര്‍ ഓക്സൈഡ്, പെറോക്സൈഡ്, ഓസോണൈഡ് തുടങ്ങിയവ പാറകളില്‍ ധാരാളമുണ്ട്. പാറകള്‍ക്ക് ഇതുമൂലം ചുവപ്പുകലര്‍ന്ന നിറമാണുള്ളത്. ചൊവ്വയ്ക്കു മൊത്തത്തില്‍ ചെന്നിറം ഉണ്ടാകാനുള്ള കാരണവും ഇതുതന്നെ.
അന്തരീക്ഷം. ചൊവ്വയ്ക്കു നേരിയ അന്തരീക്ഷമുണ്ട്. ഉപരിതലമര്‍ദം ഭൂമിയുടേതിന്റെ സു. 0.6 ശ.മാ. മാത്രമേയുള്ളു. അന്തരീക്ഷത്തിന്റെ മുഖ്യഘടകം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ചെറിയ തോതില്‍ നൈട്രജന്‍, ആര്‍ഗണ്‍ തുടങ്ങിയവയും നേരിയ തോതില്‍ കാര്‍ബണ്‍ മോണോക്സൈഡ്, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവയും കാണാം. അവസാനത്തെ മൂന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി എന്നിവയില്‍ നിന്ന് പ്രകാശിക വിയോജനം (Photo-dissociation) വഴി ഉണ്ടാകുന്നതാണ്. അന്തരീക്ഷത്തിലെ ജലാംശം സ്ഥലവും കാലവുമനുസരിച്ച് മാറുന്നതാണെങ്കിലും ശരാശരി 0.01 ശ.മാ. വരും. വളരെ നേരിയ തോതില്‍ ഓസോണും ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ട്. ഇത് ധ്രുവപ്രദേശങ്ങളിലാണ് താരതമ്യേന കൂടുതല്‍ കാണുന്നത്. സൗര അള്‍ട്രാ വയലറ്റ് രശ്മികള്‍ ഓക്സിജന്‍ തന്മാത്രകളെ വിഘടിപ്പിച്ച് ഉണ്ടാക്കുന്ന അണുക്കള്‍ മറ്റ് ഓക്സിജന്‍ തന്മാത്രകളുമായി ചേര്‍ന്നാണ് ഓസോണ്‍ ഉണ്ടാകുന്നത്. ഭൂമിയിലും ഇതേ രീതിയിലുണ്ടാകുന്ന ഓസോണ്‍ തന്മാത്രകള്‍ ജീവന് ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപരിതലത്തില്‍ എത്താതെ തടഞ്ഞു നിര്‍ത്തുന്നു.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ രണ്ടുതരം മേഘങ്ങള്‍ കാണാറുണ്ട്. ഭൂമിയിലുള്ളതുപോലെ ഹിമകണങ്ങളടങ്ങിയതാണ് ഒന്ന്. മധ്യരേഖ മുതല്‍ 40-50o അക്ഷാംശം വരെയുള്ള പ്രദേശത്താണ് ഇവ കാണപ്പെടുന്നത്. ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഖര കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടങ്ങിയ മേഘങ്ങളാണ് മറ്റൊന്ന്. ശരത്-ഹേമന്തകാലങ്ങളിലുണ്ടാകുന്ന ഈ മേഘങ്ങളില്‍ മഞ്ഞുകണങ്ങളുമുണ്ടാകാം. ഉപരിതലം മുതല്‍ സു. 50 കി.മീ. ഉയരം വരെ ഈ മേഘങ്ങള്‍ കാണപ്പെടാറുണ്ട്. നീരാവി തണുത്തുണ്ടാകുന്ന മേഘങ്ങള്‍ രണ്ടു തരത്തിലുണ്ട്. അഗ്നിപര്‍വതങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ഒന്ന്. അഗ്നിപര്‍വതങ്ങളുടെ ചരിവിലൂടെ കാറ്റടിച്ചുയരുന്ന വായു തണുത്ത് അതിലെ നീരാവി ഉറഞ്ഞ് മഞ്ഞുകണങ്ങളായി തീരുന്നതോ, അഗ്നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കു വരുന്ന നീരാവി തന്നെ തണുത്തുറയുന്നതോ ആകാം ഈ മേഘങ്ങള്‍. ക്രേറ്ററുകളുടെ വക്ക്, മറ്റു പര്‍വതങ്ങള്‍ തുടങ്ങിയവയുടെ മുകളിലേക്ക് കാറ്റടിച്ചു കയറി തണുത്തുണ്ടാകുന്ന മേഘങ്ങളാണ് മറ്റൊന്ന്. ഭൂമിയില്‍ കാണുന്ന ഇത്തരം മേഘങ്ങള്‍ക്ക് ലീ വേവ് (lee-wave) മേഘങ്ങള്‍ എന്നാണ് പറയുക. പര്‍വതങ്ങള്‍ക്കു നേരെ കാറ്റടിക്കുമ്പോള്‍ അവയുടെ മറുവശത്ത് ഇടവിട്ട് വരിവരിയായി തരംഗങ്ങളുടെ പ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ കാണുന്നതിനാലാണ് ഈ പേരു വന്നത്. കാറ്റിന്റെ വേഗത ഉപരിതലത്തിനടുത്ത് മണിക്കൂറില്‍ സു. 30 കി.മീ. മുതല്‍ 10 കി.മീ. ഉയരത്തില്‍ സു. 200 കി.മീ. വരെ ഉണ്ടെന്ന് ഈ മേഘങ്ങളില്‍ നിന്ന് അനുമാനിക്കാം.
മണല്‍ക്കാറ്റുകളാണ് ചൊവ്വയുടെ അന്തരീക്ഷത്തിലെ മറ്റൊരു പ്രതിഭാസം. ചൊവ്വയുടെ ഉപരിതലത്തില്‍ വായു വളരെ നേര്‍ത്തതായതിനാല്‍ (ഭൂമിയുടെ അന്തരീക്ഷത്തില്‍ മുപ്പതോ നാല്പതോ കി.മീ. ഉയരത്തിലെ വായുവിന്റെ സാന്ദ്രതയേ ചൊവ്വയുടെ ഉപരിതലത്തിലുള്ളൂ) മണിക്കൂറില്‍ 150 കി.മീറ്ററെങ്കിലും വേഗതയുള്ള കാറ്റിനേ മണല്‍ത്തരികളെ ഇളക്കിവിടാന്‍ കഴിയൂ. എങ്കിലും വായുവിലുയര്‍ന്ന മണല്‍ത്തരികളെ ഇത്രതന്നെ വേഗതയില്ലാത്ത കാറ്റിനും വളരെ ഉയരത്തിലേക്കു പറത്തിക്കൊണ്ടുപോകാന്‍ കഴിയും. ഏറ്റവും ചെറിയ മണല്‍ത്തരികള്‍ 50 കി.മീറ്ററോളം ഉയരം വരെ പൊങ്ങുന്നുണ്ടാകും. സു. 10 മൈക്രോ മീ. വ്യാസമുള്ള തരികളാണ് (സു. ടാല്ക്കം പൗഡറിലെ തരികളുടെ വലുപ്പം) മണല്‍ക്കാറ്റുകളില്‍ കൂടുതലും കാണുന്നത്. ഈ മണല്‍ക്കാറ്റുകള്‍ സാധാരണ ആരംഭിക്കുന്നത് ദക്ഷിണാര്‍ധഗോളത്തിലെ നൊആക്കിസ് (Noachis), ഹെല്ലാസ് (Hellas) എന്നറിയപ്പെടുന്ന സ്ഥലങ്ങളിലാണ് (30 oS, 40oE). വസന്തത്തിന്റെ ആരംഭകാലങ്ങളില്‍ സൂര്യനോട് ചൊവ്വ ഏറ്റവും അടുത്തെത്തുന്ന സമയത്താണ് ഇതിനു തുടക്കം കുറിക്കുന്നത്. മണല്‍ത്തരികള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുതുടങ്ങിക്കഴിഞ്ഞാല്‍ അവ സൂര്യതാപം കൊണ്ടു ചൂടാകുകയും അങ്ങനെ കാറ്റിന്റെ ശക്തി കൂടാന്‍ സഹായിക്കുകയും ചെയ്യുന്നു. മണല്‍ക്കാറ്റിന്റെ വളര്‍ച്ച ക്രമേണ ത്വരിതഗതിയിലാകുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് ഗ്രഹത്തിന്റെ ചുറ്റുമെത്തും. കുറച്ചു നാളുകള്‍ക്കുള്ളില്‍ കാറ്റ് ദക്ഷിണാര്‍ധഗോളം മുഴുവന്‍ പടരാം. ചില സമയങ്ങളില്‍ കാറ്റ് പടര്‍ന്ന് ഗ്രഹത്തെ ഒട്ടാകെ പൊതിയും. യു.എസ്സിന്റെ മാരിനര്‍-9 പേടകം 1971-ല്‍ ചൊവ്വയിലെത്തിയപ്പോള്‍ ഇത്തരം അവസ്ഥയായിരുന്നു. ആ കാറ്റ് സു. 5 മാസക്കാലം നീണ്ടുനിന്നു. ഇത്തരം കാറ്റ് ക്രേറ്ററുകളെയും മറ്റും പൊടികൊണ്ടു മൂടുകയും പാറകള്‍, ചെറിയ പര്‍വതങ്ങള്‍ മുതലായവയെ ഉരച്ച് മിനുസപ്പെടുത്തുകയും ചെയ്യുന്നു.
ഉദ്ഭവവും പരിണാമവും. സൂര്യനും ഗ്രഹങ്ങളും മറ്റും ഉദ്ഭവിച്ചത് വാതകങ്ങളും ധൂളീകണങ്ങളുമടങ്ങിയ ഒരു വലിയ മേഘത്തില്‍നിന്നായിരിക്കണം. മേഘത്തിന്റെ ഓരോ ഭാഗത്തും ഉറഞ്ഞുകൂടിയ ഗ്രഹങ്ങള്‍ക്ക് ആ ഭാഗത്തെ ഊഷ്മാവ്, രാസഘടന തുടങ്ങിയവയനുസരിച്ച് വ്യത്യസ്തമായ സ്വഭാവങ്ങളുണ്ടായി. ഭൂമിയെ അപേക്ഷിച്ച് മേഘത്തിന്റെ കുറേക്കൂടി തണുത്ത ഭാഗത്താണ് ചൊവ്വ ഉദ്ഭവിച്ചത്. ഇക്കാരണത്താല്‍ ഭൂമിയുടെ ഘടനയില്‍ നിന്ന് ചൊവ്വയുടെ ഘടനയ്ക്കു വ്യത്യാസമുണ്ട്. ഉദാഹരണമായി, ഭൂമിയുടേതിനെക്കാള്‍ കൂടുതല്‍ ശതമാനം ഇരുമ്പ് ചൊവ്വയില്‍ മറ്റ് മൂലകങ്ങളുമായിച്ചേര്‍ന്ന് സംയുക്തങ്ങള്‍ (compounds) ഉണ്ടാക്കിയിരിക്കുന്നു. ജലാംശം കലര്‍ന്ന സിലിക്കേറ്റ് ധാതുക്കള്‍ ചൊവ്വയില്‍ രൂപംകൊള്ളാനും അവിടത്തെ താപനില സഹായകമായി.
ഭൂമിയും ചന്ദ്രനും പോലെ ചൊവ്വയും ഉറഞ്ഞുകൂടിയത്, സൗരയൂഥോദ്ഭവത്തിന്റെ കാലയളവുകളെ അപേക്ഷിച്ച് വളരെ വേഗത്തിലായിരിക്കും എന്ന് കരുതപ്പെടുന്നു. ഇതിന് സു. ഒരു ലക്ഷം വര്‍ഷം എടുത്തുകാണണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ രൂപംകൊള്ളുന്ന ഗ്രഹത്തിന്റെ താപനില വളരെ ഉയര്‍ന്നിരിക്കും. സംയോജനം (accretion) പൂര്‍ത്തിയായപ്പോള്‍ ഗ്രഹത്തിന്റെ എല്ലാ ഭാഗത്തും രാസഘടന ഒരുപോലെ ആയിരുന്നിരിക്കണം. കൂടാതെ പുറംഭാഗം മുഴുവനും ഉരുകിയിട്ടുമുണ്ടാകണം. കൂടിച്ചേരുന്ന പാറക്കഷണങ്ങള്‍ മോചിപ്പിക്കുന്ന ഗുരുത്വാകര്‍ഷക സ്ഥാനീയോര്‍ജ(gravitational potential energy)മാണ് പുറംതോടിനെ ഉരുക്കുന്നത്. പലതരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ഈ ദ്രാവകത്തിലെ ഘനത്വം കുറഞ്ഞവ, പ്രധാനമായും സിലിക്കോണും അലൂമിനിയവും അടങ്ങിയവ, മുകളിലേക്കുയര്‍ന്നു. പിന്നീട് തണുത്തുറഞ്ഞ് ഗ്രഹത്തിന്റെ പുറംതോടായിത്തീര്‍ന്ന ഈ ഭാഗത്തിന് സു. 50 കി.മീ. കട്ടിയുണ്ട്. ഗ്രഹം ഉണ്ടായിക്കഴിഞ്ഞുള്ള രണ്ടാമത്തെ പ്രധാന സംഭവം അതിന്റെ ഉള്‍ഭാഗം ഉരുകിയതാണ്. അകത്തുള്ള യുറേനിയം, തോറിയം തുടങ്ങിയ റേഡിയോ ആക്റ്റീവ് മൂലകങ്ങള്‍ ഒരു ന്യൂക്ളിയര്‍ റിയാക്ടറില്‍ നിന്ന് എന്ന പോലെ ഉത്പാദിപ്പിച്ച ചൂടാണ് ഗ്രഹാന്തര്‍ഭാഗം ഇങ്ങനെ ഉരുകാന്‍ കാരണമായത്. പുറംഭാഗത്തു സംഭവിച്ചതുപോലെ ഉരുകിക്കഴിഞ്ഞപ്പോള്‍ ഉള്ളിലെ ധാതുക്കളും ഘനത്വമനുസരിച്ച് വേര്‍തിരിഞ്ഞു. മാത്രമല്ല, തിളച്ച് വാതകരൂപത്തിലായ വസ്തുക്കള്‍ പുറംതോടിനിടയില്‍ക്കൂടി പുറത്തുചാടി. ചൊവ്വയുടെ ആദ്യത്തെ അന്തരീക്ഷമുണ്ടായത് ഇങ്ങനെയാണ്.
ചൊവ്വയ്ക്കുള്ളിലെ പ്രധാനപ്പെട്ട ഒരു വേര്‍തിരിയല്‍ സംഭവിച്ചത് ഇരുമ്പും ഇരുമ്പടങ്ങിയ ചില ധാതുക്കളും (പ്രധാനമായി ട്രോയ്ലൈറ്റ് (troilite) അഥവാ ഫെറസ് സള്‍ഫൈഡ്) ഉരുകാന്‍ തുടങ്ങിയപ്പോഴാണ്. താരതമ്യേന ഭാരം കൂടിയ വസ്തുക്കളായതിനാല്‍ ഇവ എല്ലാ ഭാഗത്തു നിന്നും ഗ്രഹത്തിന്റെ മധ്യത്തിലേക്കു താഴ്ന്നു. അങ്ങനെ മധ്യഭാഗത്ത് ഭാരംകൂടിയ ഒരു കേന്ദ്രം ഉണ്ടായി. അതിന്റെ പുറമെ പ്രധാനമായും ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെ സിലിക്കേറ്റുകള്‍ അടങ്ങിയ ബഹിരാവരണം (mantle) രൂപംകൊണ്ടു. ഇതിന്റെയും പുറമെയാണ് പ്രധാനമായും അലൂമിനിയവും സിലിക്കോണും അടങ്ങിയ പുറംതോട് കാണപ്പെടുന്നത്. ഉള്ളിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ഗ്രഹം അല്പം വികസിക്കുകയും തത്ഫലമായി അന്നു നിലനിന്നിരുന്ന ഉപരിതലം പാടേ തകര്‍ന്നു പോകുകയും ചെയ്തു.
സു. നൂറു കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള ചൂട് പുറത്തേക്കുവന്ന ബഹിരാവരണത്തെ ഉരുക്കിത്തുടങ്ങി. തത്ഫലമായി ബഹിരാവരണത്തിനുള്ളില്‍ തന്നെ ഒരു വേര്‍തിരിയല്‍ (differentiation) സംഭവിച്ചു. അവിടെയുണ്ടായിരുന്ന അലൂമിനിയവും സിലിക്കോണും അടങ്ങിയ ഘനത്വം കുറഞ്ഞ ധാതുക്കള്‍ മുകളിലേക്കുയരുകയും ഈ മൂലകങ്ങള്‍ കുറവുള്ള ധാതുക്കള്‍ ഉള്ളിലേക്കു താഴുകയും ചെയ്തു. മുകളിലേക്കുയര്‍ന്ന ദ്രാവകം പുറംതോട് പൊട്ടിച്ച് പുറത്തേക്കൊഴുകി പുതിയ സമതലങ്ങള്‍ സൃഷ്ടിച്ചു. ആദ്യത്തെ അഗ്നിപര്‍വതങ്ങള്‍ ഇങ്ങനെയാണുണ്ടായത്.
ഉല്ക്കകള്‍ വന്നിടിച്ച് ക്രേറ്ററുകള്‍ ഉണ്ടാകുന്നത് സു. നൂറുകോടി വര്‍ഷക്കാലം തുടര്‍ന്നിട്ടുണ്ടാകണം. ഗ്രഹങ്ങളും മറ്റും ഉറഞ്ഞുകൂടിക്കഴിഞ്ഞ് അവശേഷിച്ച പാറക്കഷണങ്ങളാണ് ഉല്ക്കകള്‍. മേല്പറഞ്ഞ കാലയളവുകൊണ്ട് അവയില്‍ ഭൂരിഭാഗവും എതെങ്കിലും ഗ്രഹത്തില്‍ പതിച്ചിട്ടുണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ചൊവ്വയുടെ ദക്ഷിണാര്‍ധഗോളത്തില്‍ ധാരാളം ക്രേറ്ററുകള്‍ കാണാം. എന്നാല്‍ ഉത്തരാര്‍ധഗോളത്തില്‍ അഗ്നിപര്‍വതങ്ങള്‍ ധാരാളമുള്ളതിനാല്‍ അവയില്‍നിന്നൊഴുകിയ ലാവ ക്രേറ്ററുകളില്‍ മിക്കവയെയും മൂടിയിരിക്കുന്നു. ഉല്ക്കകളുടെ വരവ് അപൂര്‍വമായതിനുശേഷം അഗ്നിപര്‍വതങ്ങള്‍ ജ്വലിച്ചിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ചൊവ്വയുടെ പരിണാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ ടെക്റ്റോണിക് പ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ സൂചനകളുണ്ട്. അഗ്നിപര്‍വതങ്ങളെ സൃഷ്ടിക്കുന്നതില്‍ ഇവയ്ക്ക് (5oS 100oW) പ്രധാന പങ്കുണ്ട്. കൂടാതെ ചൊവ്വയുടെ ഒരു ഭാഗത്ത് ഉപരിതലത്തെ സു. 10 കി.മീ. ഉയര്‍ത്തിയതും ടെക്റ്റോണിക് പ്രവര്‍ത്തനമായിരിക്കണം. ലാബിരിന്‍തസ് നോക്ടിസ് (Labyrinthus Noctis) എന്നറിയപ്പെടുന്ന ഈ പ്രദേശത്തിനടുത്താണ് നേരത്തേ വിവരിച്ച കൂറ്റന്‍ അഗ്നിപര്‍വതങ്ങള്‍ സ്ഥിതിചെയ്യുന്നത്.
ഉപഗ്രഹങ്ങള്‍. ചൊവ്വയ്ക്ക് ഫോബോസ്, ഡൈമോസ് എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങളുണ്ട്. ഇവയ്ക്ക് ഗോളീയരൂപമില്ല. ഗുരുത്വാകര്‍ഷണബലം കാരണമാണ് ഗ്രഹങ്ങള്‍ക്കും മറ്റും ഗോളീയാകൃതി ഉണ്ടാകുന്നത്. ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ വളരെ ചെറുതായതുകൊണ്ട് ഇതിനാവശ്യമായ ഗുരുത്വാകര്‍ഷണബലം ഇല്ലാതെപോയി. ഫോബോസിന്റെ വലുപ്പം സു. 28 x 23 x 20 കി.മീ. മാത്രമാണ്; ഡൈമോസിന്റേത് വെറും 16 x 12 x 10 കി.മീറ്ററും. ചൊവ്വയുടെ മധ്യത്തില്‍ നിന്ന് ഇവയിലേക്കുള്ള ശരാശരി ദൂരം യഥാക്രമം 9,350 കി.മീറ്ററും 23,500 കി.മീറ്ററും ആണ്. ചൊവ്വയെ ഒരുവട്ടം പ്രദക്ഷിണം വയ്ക്കാന്‍ ഡൈമോസ് സു. 30 മണിക്കൂറെടുക്കും. ഇത് ചൊവ്വ സ്വന്തം അക്ഷത്തില്‍ കറങ്ങാനെടുക്കുന്ന സമയത്തെക്കാള്‍ അല്പം കൂടുതലാണ്. തത്ഫലമായി ചൊവ്വയുടെ ഉപരിതലത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഡൈമോസിന്റെ പ്രദക്ഷിണ സമയം സു. 132 മണിക്കൂര്‍ ആയിട്ടാണ് അനുഭവപ്പെടുക. ഫോബോസ് വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ചൊവ്വയെ ഒരുവട്ടം ചുറ്റാന്‍ അതിന് എട്ടുമണിക്കൂറില്‍ താഴെ സമയം മതി. ഇത് ചൊവ്വയിലെ ഒരു ദിവസത്തിന്റെ സു. മൂന്നിലൊന്നാണ്. ഇക്കാരണത്താല്‍ ചൊവ്വയില്‍ നില്ക്കുന്ന ഒരു നിരീക്ഷകന് ഫോബോസ് പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്തമിക്കുകയും ചെയ്യുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. 11 മണിക്കൂറില്‍ ഒരു പ്രാവശ്യം ഫോബോസ് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. അങ്ങനെ ഒരു ദിവസം രണ്ടു പ്രാവശ്യം വീതം ഫോബോസിന്റെ ഉദയവും അസ്തമയവും കാണാം. ചൊവ്വയില്‍ നിന്നു നിരീക്ഷിക്കുമ്പോള്‍ ഫോബോസിന് ചന്ദ്രബിംബത്തിന്റെ ഏതാണ്ട് പകുതി വലുപ്പമേ കാണൂ. ഡൈമോസാണെങ്കില്‍ കഷ്ടിച്ച് തിരിച്ചറിയാന്‍ പറ്റുന്ന ഒരു ചെറിയ വൃത്തവും. ഇവയുടെ വലുപ്പം, പ്രദക്ഷിണപഥത്തിന്റെ സ്വഭാവം തുടങ്ങിയ പ്രത്യേകതകളില്‍ നിന്ന് ഇവയുടെ ഉദ്ഭവത്തെക്കുറിച്ച് മനസ്സിലാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ആസ്റ്ററോയിഡുകളില്‍ രണ്ടെണ്ണത്തിനെ ഗുരുത്വാകര്‍ഷണബലം വഴി ചൊവ്വ പിടിച്ചെടുത്തതാവാം എന്നാണ് ഒരു സിദ്ധാന്തം. അങ്ങനെയല്ല, പൂര്‍ണമായി കൂടിച്ചേരാന്‍ കഴിയാഞ്ഞതോ അല്ലെങ്കില്‍ പിന്നീട് പൊട്ടിത്തകര്‍ന്നതോ ആയ ഒരൊറ്റ ഉപഗ്രഹത്തിന്റെ രണ്ടു ഭാഗങ്ങളാണിവ എന്നതാണ് മറ്റൊരു സിദ്ധാന്തം.
പഠനങ്ങളുടെ ചരിത്രം. പ്രാചീനകാലം മുതല്ക്കേ അറിയപ്പെട്ടിരുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ഒരുപക്ഷേ, ചുവന്ന നിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാവണം പലയിടത്തും ഈ ഗ്രഹത്തെ മരണം, യുദ്ധം, നാശനഷ്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയിരുന്നത്. ബാബിലോണിയയിലെ ജനങ്ങള്‍ അവരുടെ മരണദേവനായ നെര്‍ഗലിന്റെ (Nergal) പേരാണ് ചൊവ്വയ്ക്കു നല്കിയത്. ഗ്രീക്കുകാരും റോമാക്കാരും അവരവരുടെ യുദ്ധദേവന്റെ പേരിട്ടു (ഏരീസ്, മാഴ്സ്). പിന്നീട് ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ക്കു നല്കിയത് ഏരീസിന്റെയും അഫ്രൊഡൈറ്റിന്റെയും മക്കളുടെ പേരുകളാണ്. ഗ്രീക്ക് ഭാഷയില്‍ ഫോബോസ് എന്നാല്‍ ഭയം എന്നും ഡൈമോസ് എന്നാല്‍ മരണം എന്നുമാണ് അര്‍ഥം.
ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് ദൂരദര്‍ശിനി ആദ്യമായി ഉപയോഗിച്ച ഗലീലിയോ ഗലീലി തന്നെയാണ് ചൊവ്വയെ നഗ്നനേത്രങ്ങളാലല്ലാതെ ആദ്യമായി നിരീക്ഷിച്ചത്. 1610-ല്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വയുടെ ബിംബം കൃത്യമായ വൃത്താകൃതിയല്ല പ്രദര്‍ശിപ്പിക്കുന്നത് എന്നിദ്ദേഹം പ്രഖ്യാപിച്ചു. ചൊവ്വയുടെ ഉപരിതലത്തിലെ അടയാളങ്ങള്‍ ആദ്യമായി രേഖപ്പെടുത്തിയത് ഫ്രാന്‍സെസ്കോ ഫൊണ്ടാന (Fransesco Fontana)ആണ് (1636). പക്ഷേ, ഇവയ്ക്ക് ഇന്നറിയപ്പെടുന്ന ഉപരിതല പ്രത്യേകതകളുമായി യാതൊരു ബന്ധവുമില്ല. 1650-ല്‍ ഭൌതികശാസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈജന്‍സ് ചൊവ്വയുടെ കുറേക്കൂടി ഭേദപ്പെട്ട ചിത്രങ്ങളുണ്ടാക്കി. 1659-ല്‍ ഇദ്ദേഹം ചൊവ്വയുടെ ഭ്രമണം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഭ്രമണത്തിനെടുക്കുന്ന സമയം ആദ്യമായി തിട്ടപ്പെടുത്തിയത് ജിയോവാനി ഡൊമനിക്കോ കാസ്സിനിയാണ് (1666); ധ്രുവങ്ങളിലുള്ള മഞ്ഞുതൊപ്പികളും ഇദ്ദേഹമാണ് കണ്ടുപിടിച്ചത്. ചൊവ്വയുടെ ഉപഗ്രഹങ്ങളെ ആദ്യമായി നിരീക്ഷിച്ചത് (1877) അസഫ് ഹാള്‍ ആണ്.
ചൊവ്വയുടെ അറിയപ്പെടുന്ന ആദ്യത്തെ മാനചിത്രം (map) നിര്‍മിച്ചത് 1830-ല്‍ ജര്‍മന്‍കാരനായ വില്‍ഹെം ബീര്‍, യൊഹാന്‍ ഫൊണ്‍ മേഡ്ലര്‍ എന്നിവരാണ്. ചന്ദ്രന്റെ ഉയര്‍ന്ന നിലവാരമുള്ള മാനചിത്രങ്ങള്‍ നിര്‍മിച്ച ഇവര്‍ തന്നെയാണ് ചൊവ്വയ്ക്ക് ആദ്യമായി അക്ഷാംശവും രേഖാംശവും നിശ്ചയിച്ചത്. ഇതേരീതിയിലുള്ള ഒരു സമ്പ്രദായം തന്നെയാണ് ഇന്നും സ്വീകരിച്ചിരിക്കുന്നത്. പിന്നീട് കുറേക്കൂടി മെച്ചപ്പെട്ട മാനചിത്രങ്ങള്‍ നിര്‍മിച്ച് ഓരോ ഫീച്ചറിനും ചിട്ടയായി നാമകരണം ചെയ്തവരുടെ കൂട്ടത്തില്‍ റിച്ചാഡ് എ. പ്രോക്ടര്‍ (1867), നഥാനിയെല്‍ ഇ. ഗ്രീന്‍ (Nathaniel E. Green - 1877) കാമില്‍ ഫ്ളാമാറിയന്‍ (Camille Flamma-1877) എന്നിവരുടെ പേരുകള്‍ എടുത്തു പറയാവുന്നതാണ്. എന്നാല്‍ ആധുനിക രീതിയിലുള്ള ആദ്യത്തെ ചിത്രം നിര്‍മിച്ചത് പ്രശസ്ത ഇറ്റാലിയന്‍ നിരീക്ഷകനായ ജിയോവാനി വിര്‍ജിനിയോ ഷിയാപരെല്ലി(Giovanni Virginio Schiaparelli)യാണ് (1877).
ചൊവ്വയിലെ ചില നീര്‍ച്ചാലുകള്‍ കണ്ടതായി ആദ്യം രേഖപ്പെടുത്തിയത് ഇറ്റാലിയന്‍ പുരോഹിതനായിരുന്ന പിയെത്രൊ സെച്ചി(Pietro Secchi)യാണ് (1876). 1877-മുതല്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഇത്തരം നൂറ് ചാലുകള്‍ കണ്ടതായി ഷിയാപരെല്ലി പ്രഖ്യാപിച്ചു. ഇവയ്ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ കാനാലൈ (Canali) എന്നിദ്ദേഹം പേരിട്ടു. വെള്ളമൊഴുകുന്ന ചാലുകള്‍ (Channels) എന്നേ ഈ പദത്തിനര്‍ഥമുള്ളൂ. പക്ഷേ, പിന്നീടെങ്ങനെയോ കൃത്രിമമായി നിര്‍മിക്കപ്പെട്ടത് എന്നര്‍ഥം വരുന്ന കനാല്‍ (Canal) എന്ന ഇംഗ്ളീഷ് പദം ഉപയോഗിക്കപ്പെട്ടുതുടങ്ങി. ചൊവ്വയില്‍ ജീവനുണ്ടെന്നും ഒരുപക്ഷേ, വികസിത സാങ്കേതിക വിദ്യ കൈവശമുള്ള സംസ്കാരങ്ങള്‍ തന്നെയുണ്ടാകാമെന്നും ഉള്ള വിശ്വാസം പ്രചാരത്തിലാവാന്‍ ഒരു പ്രധാന കാരണം ഈ തെറ്റായ വിവര്‍ത്തനമാണ്. സര്‍ പെഴ്സിവല്‍ ലോവെല്‍ എന്ന വിശ്വവിഖ്യാതനായ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ചൊവ്വയിലെ തോടുകള്‍, തടാകങ്ങള്‍, ജീവജാലങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചത്. കനാലുകളായി അറിയപ്പെട്ടവ ജലസേചനത്തിനായി നിര്‍മിക്കപ്പെട്ട തോടുകളാണെന്നും വേനല്‍ക്കാലത്ത് ധ്രുവങ്ങളിലെ മഞ്ഞ് ഉരുകുമ്പോള്‍ മറ്റു ദിക്കുകളിലേക്ക് വെള്ളം കൊണ്ടുപോകാന്‍ നിര്‍മിക്കപ്പെട്ടവയാണെന്നും അദ്ദേഹം വാദിച്ചു. മിക്ക നിരീക്ഷകര്‍ക്കും യാതൊരു തോടും ദൃശ്യമായില്ലെങ്കിലും കനാലുകളും അവ കൂട്ടിമുട്ടുന്നയിടങ്ങളില്‍ മരുപ്പച്ചകളും കാണാമെന്ന് സര്‍ ലോവെല്‍ പ്രഖ്യാപിച്ചു. 1969-ല്‍ മാരിനെര്‍ 6-ഉം 7-ഉം ചൊവ്വയ്ക്കടുത്തുകൂടി കടന്നുപോകവേ എടുത്ത ചിത്രങ്ങളാണ് ഒടുവില്‍ ഈ വിവാദത്തിന് അന്ത്യം കുറിച്ചത്.
ചൊവ്വയെക്കുറിച്ചുള്ള വിജ്ഞാനത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായത് ബഹിരാകാശയാനങ്ങളുടെ ആവിര്‍ഭാവത്തോടെയാണ്. മുന്‍ സോവിയറ്റ് യൂണിയനാണ് ആദ്യമായി ചൊവ്വയിലേക്ക് ഒരു ഉപഗ്രഹത്തെ (മാഴ്സ് I) വിക്ഷേപിച്ചത് (1962). തുടര്‍ന്ന് മുന്‍ സോവിയറ്റ് യൂണിയനും യു.എസ്സും ചൊവ്വയിലേക്ക് അനേകം പേടകങ്ങള്‍ അയയ്ക്കുകയുണ്ടായി. ആദ്യകാലത്തെ പല സംരംഭങ്ങളും ഫലപ്രദമായില്ല. എങ്കിലും ചൊവ്വയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്താന്‍ സാധ്യമായത് ഇവയുടെ സഹായത്താലാണ്. 1965-ല്‍ മാരിനര്‍-4 ഈ ഗ്രഹത്തിനടുത്തുകൂടി കടന്നുപോയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. 1971-ല്‍ മാരിനര്‍-9 ആണ് നാലു വലിയ അഗ്നിപര്‍വതങ്ങള്‍ കണ്ടുപിടിച്ചത്. അതേവര്‍ഷം മുന്‍ സോവിയറ്റ് യൂണിയന്റെ മാഴ്സ്-3 ചൊവ്വയില്‍ സാവധാനം ഇറങ്ങുന്ന ആദ്യത്തെ പേടകമായി. ഒരു വലിയ മണല്‍ക്കാറ്റിനിടയില്‍ ഇറങ്ങിയ ഈ പേടകം 20 സെക്കന്‍ഡ് മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. 1976-ല്‍ യു.എസ്സിന്റെ വൈക്കിങ് 1-ഉം 2-ഉം ചൊവ്വയിലിറങ്ങി. അന്തരീക്ഷത്തിന്റെയും പാറകളുടെയും ഘടനയും മറ്റും പഠിക്കുകയും ജീവനുണ്ടായിരിക്കാന്‍ സാധ്യതയുണ്ടോ എന്നു പരിശോധിക്കുകയും ചെയ്തു.
ആധുനിക ഗവേഷണങ്ങളും ഭാവിപദ്ധതികളും. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെക്കുറിച്ചു പഠിക്കാന്‍ മുന്‍ സോവിയറ്റ് യൂണിയന്‍ 1988-ല്‍ 'ഫോബോസ് 1', 'ഫോബോസ് 2' എന്നിവ വിക്ഷേപിച്ചു. എന്നാല്‍ സാങ്കേതികത്തകരാറുമൂലം രണ്ടു ദൗത്യങ്ങളും പരാജയപ്പെട്ടു.
യു.എസ്. 1993-ല്‍ 'മാഴ്സ് ഒബ്സെര്‍വര്‍' വിക്ഷേപിച്ചെങ്കിലും വാര്‍ത്താവിനിമയത്തകരാറുകാരണം അത് ചൊവ്വയുടെ ഭ്രമണപഥത്തില്‍ കടക്കുന്നതിനു തൊട്ടുമുമ്പ് നിയന്ത്രണംവിട്ടു. ചൊവ്വയുടെ വ്യക്തമായ ചിത്രങ്ങള്‍ എടുത്ത് ഉപരിതല പ്രത്യേകതകള്‍, കാലാവസ്ഥ എന്നിവ പഠിക്കാനായിരുന്നു സു. 100 കോടി ഡോളര്‍ മുടക്കി ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഈ വന്‍ നഷ്ടത്തോടെ നാസാ ചെലവുകുറഞ്ഞ ചെറിയ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തു. അപ്രകാരം രൂപകല്പന ചെയ്ത പര്യവേക്ഷണ വാഹനമായിരുന്നു 'മാഴ്സ് പാത്ത്ഫൈന്‍ഡര്‍'. 1996 ഡിസംബറില്‍ വിക്ഷേപിച്ച ഈ വാഹനം 97 ജൂല. 4-ന് ചൊവ്വയിലെ അരസ് വാലിസ് (Ares Vallis) എന്ന പേരിലറിയപ്പെടുന്ന പ്രദേശത്ത് ഇറങ്ങി. മുന്‍ ദൗത്യങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് പണ്ടെന്നോ പ്രളയജലമൊഴുകിയ പ്രദേശമാണ് ഇതെന്നു തോന്നിയതിനാലാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. ഊഹം ശരിയാണെങ്കില്‍, ചുറ്റുപാടുമുള്ള ഉയര്‍ന്ന പലയിടങ്ങളില്‍ നിന്നും ഒഴുകിയെത്തിയ പാറകള്‍ ഇവിടെ നിന്നു ലഭിക്കുമെന്നും അവ പഠനവിധേയമാക്കാമെന്നും ശാസ്ത്രജ്ഞര്‍ കരുതി.
പാത്ത്ഫൈന്‍ഡറില്‍ ഘടിപ്പിച്ചിരുന്ന പ്രധാന ഭാഗമായിരുന്നു സ്വയം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 'സൊജേര്‍ണര്‍ റോവര്‍' എന്ന റോബോട്ട് വാഹനം. ഇത് മാതൃവാഹനത്തില്‍നിന്ന് വേറിട്ട് സ്വതന്ത്രമായി ചലിച്ച് വേണ്ട സാമ്പിളുകള്‍ ശേഖരിച്ചു. 'ബാര്‍ണക്കിള്‍ ബില്‍', 'യോഗി', 'കാസ്പര്‍', 'ഫ്ളാറ്റ്ടോപ്പ്' എന്നിങ്ങനെ ചൊവ്വയിലെ ചില പാറകള്‍ക്കു നാമകരണം ചെയ്തിട്ടുണ്ട്. പാറകളില്‍നിന്നെടുത്ത സാമ്പിളുകളുടെ രാസപരിശോധനയില്‍ അവയ്ക്ക് ഭൂമിയിലെ പാറകളോടു സാമ്യമുള്ളതായാണ് തെളിഞ്ഞത്. എന്നാല്‍ ചന്ദ്രനിലെ പാറകളോട് ഇവയ്ക്കു സാമ്യം കണ്ടില്ല. ശാസ്ത്രജ്ഞര്‍ക്കുപോലും അപ്രതീക്ഷിതമായിരുന്നു ഈ പരീക്ഷണഫലങ്ങള്‍. പൊതുവേ ഇരുമ്പിന്റെ അംശം കൂടിയ ചൊവ്വയുടെ ചുവന്ന മണ്ണിലും പാറയിലും സിലിക്ക, ക്വാര്‍ട്ട്സ്, ഫെല്‍ഡ്സ്പാര്‍, ഓര്‍ത്തോപൈറോക്സിന്‍ എന്നീ ധാതുക്കള്‍ ഉള്ളതായി നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. 'ആല്‍ഫാ പ്രോട്ടോണ്‍ എക്സ്റേ സ്പെക്ട്രോമീറ്റര്‍' (APXS) എന്ന ശാസ്ത്രീയോപകരണം ഉപയോഗിച്ച് വിശകലനം ചെയ്താണ് പാറകളില്‍ അടങ്ങിയ മൂലകങ്ങള്‍ നിര്‍ണയിച്ചത്.
പാത്ത്ഫൈന്‍ഡറിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ചൊവ്വയില്‍ അതിപുരാതനകാലത്ത് ജലമുണ്ടായിരുന്നതിന്റെ അടയാളങ്ങള്‍ തെളിഞ്ഞുകണ്ടു. എന്നാല്‍ ജീവന്റെ സാന്നിധ്യം കണ്ടില്ല. ഒരു കാലത്ത് ജലമൊഴുകി രൂപംകൊണ്ട ഭൂപ്രകൃതി ചുറ്റും കാണുന്നുണ്ടെങ്കിലും ഇപ്പോള്‍ ദ്രവവരൂപത്തിലുള്ള ജലം അവിടെ കാണുന്നില്ല. മണ്ണിനടിയിലോ ധ്രുവപ്രദേശങ്ങളിലോ ഈ ജലം ഉറഞ്ഞുകൂടിയ മഞ്ഞായി കണ്ടേക്കാം. വലിയ പാറകളുടെ ചരിവും ചെറിയ പാറക്കല്ലുകളുടെ പ്രത്യേകരീതിയിലുള്ള അടിഞ്ഞുകൂടലും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കുപടിഞ്ഞാറു നിന്ന് ഉണ്ടായ ഒരു വന്‍ പ്രളയത്തിന്റെ സൂചന നല്കുന്നു. എന്നാല്‍ ഇത്രയധികം ജലത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല. ധ്രുവങ്ങളിലെ ഹിമത്തൊപ്പികള്‍ക്കു കീഴിലും മണ്ണിനടിയിലുമായി കുറേ ജലം ഉണ്ടായിരിക്കാം എന്നു സംശയിക്കുന്നു.
വിവിധ തരംഗദൈര്‍ഘ്യങ്ങളില്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു സ്റ്റീരിയോസ്കോപിക് ക്യാമറ പാത്ത്ഫൈന്‍ഡറില്‍ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറ എടുത്ത ചൊവ്വയുടെ ഉപരിതലദൃശ്യങ്ങളില്‍ വളരെയകലെയുള്ള പാറക്കെട്ടുകളും അടുത്തുള്ള വലിയ ഗര്‍ത്തവും അര കി.മീ. അകലെയുള്ള ഇരട്ടക്കുന്നുകളും ചക്രവാളത്തില്‍ അവ്യക്തമായ ഒരു പര്‍വതശിഖരവും മറ്റും കാണുന്നുണ്ട്.
പാത്ത്ഫൈന്‍ഡര്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്ന് ചൊവ്വയുടെ ഭ്രമണം, കാലാവസ്ഥ, ഉപരിതലത്തിന്റെ പ്രത്യേകതകള്‍, പാറകളുടെയും മണ്ണിന്റെയും രാസഘടന, അവയിലടങ്ങിയ ധാതുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആ ഗ്രഹത്തിന്റെ പൂര്‍വസ്ഥിതിയും അവയ്ക്കു സംഭവിച്ച പരിണാമങ്ങളും അറിയാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. പാത്ത്ഫൈന്‍ഡറിനെ തിരിച്ചുവരുത്താതെ ചൊവ്വയില്‍ ഇറങ്ങിയ ഇടത്തുതന്നെ 'കാള്‍ സാഗര്‍ മെമ്മോറിയല്‍ സ്റ്റേഷന്‍' എന്ന പേരില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. താരതമ്യേന കുറഞ്ഞ ചെലവില്‍ (28 കോടി ഡോളര്‍) പൂര്‍ത്തീകരിച്ച പാത്ത്ഫൈന്‍ഡര്‍ ദൗത്യത്തിന്റെ വിജയം ചൊവ്വയെക്കുറിച്ചു കൂടുതല്‍ പര്യവേക്ഷണങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ക്കു പ്രചോദനം നല്കിക്കഴിഞ്ഞു. ചൊവ്വയെക്കുറിച്ചുള്ള തുടര്‍ ഗവേഷണങ്ങള്‍ക്കായി യു.എസ്., റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ 2010 വരെയുള്ള വിവിധ പദ്ധതികള്‍ക്കു രൂപം നല്കി. ഇതിന്റെ ആദ്യപടിയായി 'മാഴ്സ് ഗ്ലോബല്‍ സര്‍വെയര്‍' എന്ന പര്യവേക്ഷണവാഹനം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ യു.എസ്. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി (1997 സെപ്.). 2000-വരെ ചൊവ്വയ്ക്കു ചുറ്റും നിരീക്ഷണങ്ങളുമായി സര്‍വെയര്‍ കറങ്ങി ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. നാസായുടെ ഭാവിപദ്ധതികളിലെ വാഹനങ്ങള്‍ക്ക് സന്ദേശം എത്തിക്കാനും സ്വീകരിക്കാനുമുള്ള ഡേറ്റാ റിലേ ഓര്‍ബിറ്റര്‍ ആയി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക എന്ന ഉദ്ദേശ്യവും ഇതിനുണ്ടായിരുന്നു.
ചൊവ്വയുടെ അന്തരീക്ഷതാപനില, കാലാവസ്ഥ, സൗരവാതം മൂലം ഉയര്‍ന്ന ആകാശവിതാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, കാറ്റ്, മഞ്ഞുപാളികള്‍, ഉഷ്ണപ്രവാഹാവശിഷ്ടങ്ങള്‍, മണ്ണിലെ രാസചേരുവകള്‍ എന്നിവയെക്കുറിച്ചെല്ലാം വിവിധ ദൗത്യങ്ങള്‍ പഠനം നടത്തുമെന്നും അവ ഭാവിയില്‍ അവിടെ മനുഷ്യനിറങ്ങി പഠനം നടത്താനുള്ള അടിസ്ഥാനവിവരശേഖരണമാകുമെന്നും പ്രതീക്ഷിക്കുന്നു. റോബോട്ടുകളെ ഉപയോഗിച്ച് സാമ്പിള്‍ ശേഖരിച്ച് തിരിച്ചു പറക്കുന്നതില്‍ വിജയിച്ചാല്‍ ചൊവ്വയിലേക്കുള്ള മനുഷ്യയാത്ര സാധ്യമാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഇതിലേക്കായി 'മാഴ്സ് സര്‍വെയര്‍ മിഷന്‍' എന്ന പേരില്‍ 5 ഘട്ട പദ്ധതി നാസാ ആസൂത്രണം ചെയ്തു.
(വി. ശശികുമാര്‍; സ.പ.)