This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്രാലയങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്രാലയങ്ങള്‍

ചിത്രങ്ങള്‍, ശില്പങ്ങള്‍, സ്മാരക വസ്തുക്കള്‍, ഇതര കലാവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ വിവിധ സംസ്കാരങ്ങളുടെ കലാപൈതൃകത്തിന്റെ പ്രതീകങ്ങളായ അമൂല്യസൃഷ്ടികള്‍ ശേഖരിക്കുകയും 'മ്യൂസിയോളജി' ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കനുസൃതമായി അവയെ പരിരക്ഷിച്ച് സ്വാഭാവികമായ കലാസ്വാദനത്തിനു തടസ്സമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍. ദൃശ്യകലകളുടെ ശാല എന്നു വിശേഷിപ്പിക്കാവുന്ന ചിത്രാലയങ്ങള്‍ ഒരു രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നുമാണ്. ഒരു ജനതയുടെ സൗന്ദര്യ പാരമ്പര്യത്തെയും ഭാവുകത്വത്തെയും പ്രതിനിധാനം ചെയ്യുന്ന ചിത്രാലയങ്ങള്‍ കലയോടും സംസ്കാരത്തോടും ആ ജനതയുടെ സമീപനം മനസ്സിലാക്കുന്നതിനുള്ള ഒരു അളവുകോല്‍ കൂടിയാണ്. ഇതുകൊണ്ടാണ് ചിത്രാലയങ്ങളെ മനുഷ്യജീവിതത്തിന്റെ സാംസ്കാരിക ചിത്രീകരണമെന്ന് വിശേഷിപ്പിക്കുന്നത്. ചിത്രശില്പകലകളുടെ വികാസപരിണാമങ്ങളുടെ ഭാഗമാണ് ചിത്രാലയങ്ങളുടെയും വികസനം. പ്രദര്‍ശനവേദിയുടെ വാസ്തുവിദ്യ, അലങ്കാരവിധാനം, പ്രകാശവിന്യാസം, പ്രദര്‍ശന സംവിധാനം, ചിത്രതലം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഒരു നല്ല ചിത്രാലയം സ്ഥാപിക്കുക.

ചരിത്രം. കലാദേവികളായ 'മ്യൂസു'കളുടെ ആലയം എന്ന അര്‍ഥം വരുന്ന മൗസിയോന്‍ (Mouseion ) എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഗ്രന്ഥശാല, പഠനമുറി, കലാവസ്തു പ്രദര്‍ശനശാല എന്നിങ്ങനെ അര്‍ഥങ്ങളുള്ള 'മ്യൂസിയം' എന്ന ലത്തീന്‍ പദവും അതില്‍നിന്ന് മ്യൂസിയം (Museum) എന്ന ഇംഗ്ലീഷ് പദവും നിഷ്പന്നമായിട്ടുള്ളത്. ഗ്രീക്കുപുരാണത്തിലെ ദേവേന്ദ്രനായ സിയൂസി(Zeus)ന്റെയും ഓര്‍മശക്തികളുടെ അധിദേവതയായ നിമോസീനി(Mnemosyne)ന്റെയും ഒന്‍പത് പുത്രിമാരാണ് (Muse, Calliope, Clio, Erato, Euterpe, Melpomenc, Polyhymnia, Terpsichore,Thalia or Uranea)കലകളുടെ അധിദേവതകള്‍. ഇതില്‍ മ്യൂസിന് ഹിന്ദുപുരാണത്തിലെ സരസ്വതീദേവിയുടെ സ്ഥാനമാണുള്ളത്.

കലാവസ്തുക്കളുടെ പ്രദര്‍ശനശാല എന്നര്‍ഥത്തില്‍ ചിത്രാലയത്തിന് തുല്യമായി ഗാലറി, ആര്‍ട്ട് ഗാലറി എന്നീ ഇംഗ്ലീഷ് സംജ്ഞകളും പ്രയോഗത്തിലുണ്ട്.

ചിത്രാലയങ്ങളുടെ ചരിത്രം സാംസ്കാരിക ചരിത്രത്തിന്റെതന്നെ ഭാഗമാണ്. ക്ഷേത്രങ്ങള്‍, സ്മാരകങ്ങള്‍, ശവകുടീരങ്ങള്‍ എന്നിവിടങ്ങളിലാണ് കലാമൂല്യമുള്ള വസ്തുക്കളുടെ ശേഖരണത്തിന് തുടക്കംകുറിച്ചത്. അത് കാലക്രമേണ രാജാക്കന്മാരുടെയും ധനികരുടെയും സ്വകാര്യശേഖരണങ്ങളുടെ ഭാഗമായി മാറി. പ്രാചീന ഈജിപ്ഷ്യന്‍-മെസപ്പൊട്ടേമിയന്‍-യവന-ചൈനീസ്-ഭാരതീയ സംസ്കാരങ്ങളുടെ പ്രതീകങ്ങളായി അവശേഷിക്കുന്ന സ്മാരകങ്ങളുടെ ഉത്ഖനന വേളയില്‍ കലാശേഖരങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹെല്ലനിസ്റ്റിക് കാലഘട്ടം മുതല്‍ (ബി.സി. 323-100) യവനര്‍ കലാവസ്തുക്കള്‍ ശേഖരിച്ചുവന്നിരുന്നു. യുദ്ധത്തില്‍ പരാജിതരാകുന്ന രാജ്യങ്ങളില്‍നിന്നും കൊള്ളയടിക്കുന്ന കലാവസ്തുക്കള്‍ ജേതാവാകുന്ന രാജാവിന്റെ ശേഖരത്തിന്റെ ഭാഗമായിമാറുക പതിവായിരുന്നു. കലാപരവും സൗന്ദര്യാധിഷ്ഠിതവുമായ പരിഗണനകളെക്കാളേറെ യുദ്ധതന്ത്ര-സാമ്പത്തിക ചിന്തകളായിരുന്നു ഇത്തരം രാജകീയ ശേഖരങ്ങള്‍ക്ക് പ്രേരകമായതെങ്കിലും ആധുനിക ലോകത്തെ ചിത്രാലയ സങ്കല്പങ്ങളുടെ പ്രാഗ്രൂപങ്ങളായിരുന്നു ഇവയെന്ന് അനുമാനിക്കാം.

ലണ്ടനിലെ നാഷമല്‍ ഗ്യാലറി

ബി.സി. 12-ാം ശതകത്തില്‍ ബാബിലോണില്‍നിന്നും ഇലാമൈറ്റുകള്‍ കവര്‍ന്നെടുത്ത കലാവസ്തുക്കള്‍ സുസായില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 7-ാം ശതകത്തില്‍ ഈജിപ്ത്, സുസാ എന്നിവിടങ്ങളില്‍നിന്നും അഷുര്‍ബാനിപാല്‍ കൊള്ളയടിച്ച കലാവസ്തുക്കള്‍കൊണ്ടാണ് അഷൂര്‍ നഗരകവാടം അലങ്കരിച്ചിരുന്നതെന്നതിനു ചരിത്രരേഖകളുണ്ട്. ബാബിലോണിയന്‍ ചക്രവര്‍ത്തി നെബുചാഡ്നെസര്‍ II-ന്റെ കൊട്ടാരത്തില്‍ അമൂല്യങ്ങളായ ഒട്ടേറെ കലാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട് (ബി.സി. 7-ാം ശതകം).

പ്രാചീന ഗ്രീസില്‍ പ്രഗല്ഭരായ ചിത്രകാരന്മാരുടെയും കരകൗശലവിദ്യക്കാരുടെയും കൈയൊപ്പുപതിച്ച രചനകള്‍ സമ്മാനമായി നല്കുന്ന പതിവുണ്ടായിരുന്നു. ഇത്തരം സമ്മാനങ്ങള്‍ ശേഖരിച്ച് പെനെക്കൊത്തീക്ക (pinecotheca) എന്നറിയപ്പെടുന്ന ചിത്രാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. ഇതില്‍നിന്നാവണം ചിത്രാലയം എന്ന സങ്കല്പത്തിന്റെ ആവിര്‍ഭാവമെന്ന് കരുതുന്നതില്‍ തെറ്റില്ല. റോമാസാമ്രാജ്യം നിലവില്‍വന്നതോടെയാണ് ചിത്രങ്ങളുടെ ശേഖരണത്തിനും സംരക്ഷണത്തിനും ഗണ്യമായ പുരോഗതിയുണ്ടായത്. യുദ്ധങ്ങളില്‍ പരാജയപ്പെടുന്ന രാജ്യങ്ങളില്‍നിന്ന് 'യുദ്ധട്രോഫികള്‍' എന്ന നിലയ്ക്ക് കലാസൃഷ്ടികള്‍ റോമില്‍ കൊണ്ടുവന്നിരുന്നു. ഇങ്ങനെ കലാവസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ജൂലിയസ് സീസറും (സു. ബി.സി. 100-44) റോമന്‍ സെനറ്ററന്മാരും തത്പരരായിരുന്നു. ശത്രുരാജ്യങ്ങളില്‍നിന്നും കൊള്ളയടിച്ച കലാവസ്തുക്കള്‍ കൊണ്ടാണ് രാജാക്കന്മാരും ജനറല്‍മാരും തങ്ങളുടെ വസതികള്‍ അലങ്കരിച്ചിരുന്നത്. കാലക്രമേണ ഭവനങ്ങളോടുചേര്‍ന്ന് സ്വകാര്യചിത്രാലയങ്ങള്‍ സൃഷ്ടിക്കുകയെന്നത് വരേണ്യ വിഭാഗങ്ങളുടെ അന്തസ്സിന്റെ ഭാഗമായിത്തീര്‍ന്നു. റോമന്‍ വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായ സിസെറോ (ബി.സി. 106-43), റോമന്‍ കവി വെര്‍ജില്‍ (ബി.സി. 70-19) എന്നിവരുടെ ശേഖരങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഹെര്‍ക്കുലേനിയത്തിലെ ചാപ്പിരിവില്ലയില്‍ സൂക്ഷിച്ചിരുന്ന ദാര്‍ശനികരുടെ ഛായാചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്.

കലാമൂല്യമുള്ള ചിത്രങ്ങളും ഇതരവസ്തുക്കളും ശേഖരിച്ച് പൊതുപ്രദര്‍ശനത്തിന് ലഭ്യമാക്കണമെന്ന് റോമന്‍ രാഷ്ട്രതന്ത്രജ്ഞനായ മാര്‍ക്കസ് വിപ്സേനിയസ് അഗ്രിപ്പാ (ബി.സി. 63-12) പ്രഖ്യാപിച്ചതോടെയാണ് ചിത്രാലയങ്ങള്‍ ഒരു രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ സ്മാരകമാണെന്നും അത് ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അംഗീകരിക്കപ്പെട്ടത്. റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ (സു. 274-337) തന്റെ തലസ്ഥാനം ഒരു ചിത്രാലയംതന്നെ ആക്കിയതായി രേഖകളുണ്ട്. ബൈസാന്തിയത്തിലും ചിത്രാലയങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനമുണ്ടായിരുന്നു.

ലൂവ്ര് മ്യൂസിയത്തിന്റെ ഒരു പവിലിയന്‍ - പാരിസ്

മധ്യകാലത്തുടനീളം ചിത്രാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ക്രൈസ്തവ ദേവാലയങ്ങളിലായിരുന്നു. സമ്പന്നര്‍ക്കു മാത്രമേ അവിടെ പ്രവേശനമുണ്ടായിരുന്നുള്ളൂ. നവോത്ഥാന കാലത്ത് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനം ഉണ്ടായതോടെയാണ് ചിത്രാലയങ്ങള്‍ പൊതുസ്വത്താണ് എന്ന നിലയുണ്ടായത്.

നവോത്ഥാന ഇറ്റലിയാണ് ചിത്രാലയ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി മാറിയത്. ഫ്ലോറന്‍സിലെ ഭരണാധികാരികളായിരുന്ന മെഡിച്ചികുടുംബം (1389-1642) നവോത്ഥാന കലാപ്രസ്ഥാനങ്ങളുടെ രക്ഷാധികാരികള്‍ തന്നെയായിരുന്നു. ഇറ്റാലിയന്‍ ചിത്രകാരനും ശില്പിയുമായ ഗിയോര്‍ഗിയോ വസാരി (1512-74) 14 വര്‍ഷം ശ്രമിച്ചാണ് ഫ്ലോറന്‍സില്‍ ഉഫീസി കൊട്ടാരങ്ങള്‍ രൂപകല്പന ചെയ്തുനിര്‍മിച്ചത്. ഇദ്ദേഹമാണ് ചിത്രകലാശേഖരത്തെ കലാചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയതും. മെഡിച്ചി രാജകുടുംബത്തിലെ പ്രമുഖാംഗമായിരുന്ന കോസിമോഡെ മെഡിച്ചി (1519-74) തന്റെ കുടുംബശേഖരത്തിലെ കലാവസ്തുക്കള്‍ തന്നെയാണ് തുടക്കത്തില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നത്.

ലോകമെമ്പാടും കോളനികള്‍ സ്ഥാപിക്കാനായി തുനിഞ്ഞ ഡച്ച്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ശക്തികള്‍ റോമന്‍ കലാവസ്തുക്കള്‍ കവര്‍ന്ന് തങ്ങളുടെ രാജ്യങ്ങളിലെത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മാര്‍പ്പാപ്പമാരും മറ്റും തടഞ്ഞുവെന്ന് മാത്രമല്ല, നിയമംമൂലം അത് നിരോധിക്കുകയും ചെയ്തു. ഇക്കാലത്ത് പ്രാചീന കലാസൃഷ്ടികള്‍ സംരക്ഷിക്കാന്‍ ഗ്രീസും നടപടികള്‍ കൈക്കൊണ്ടു.

ഉഫീസി ഗാലറിയുടെ സ്ഥാപനത്തോടെയാണ് ചിത്രാലയം (ഗാലറി) എന്ന സംജ്ഞ പ്രചാരത്തിലായതും ചിത്രാലയസ്ഥാപനം വ്യവസ്ഥാപിതമായതും. പുതിയ മധ്യവര്‍ഗങ്ങളുടെ രംഗപ്രവേശത്തോടെ 16-17 ശതകങ്ങളില്‍ ചിത്രകലാശേഖരം യൂറോപ്പില്‍ പ്രചരിച്ചു. സൗന്ദര്യാധിഷ്ഠിത അഭിരുചികളുടെ സാക്ഷാത്കാരത്തിനുവേണ്ടി സമാഹരിക്കുകയെന്നത് ഇക്കൂട്ടരുടെ ജീവിതചര്യയുടെ തന്നെ ഭാഗമായി മാറി. ഇക്കാലത്ത് ഇറ്റലിയില്‍ നൂറുകണക്കിന് ചിത്രാലയങ്ങള്‍ ഉയര്‍ന്നു. ഇവയില്‍ ശ്രദ്ധേയമാണ് മാന്റുവായിലെ ഗോണ്‍സജസിന്റെ ഗാലറി.

ഫ്രഞ്ചു രാഷ്ട്രതന്ത്രജ്ഞനായ കര്‍ദിനാള്‍ റീഷ്ല്യു (1585-1642) ലൂയി XIII-ന് നല്കിയ ചിത്രശേഖരം പിന്നീട് ലൂയി XIV-ന്റെ ചിത്രശേഖരത്തിന്റെ ഭാഗമായി. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ലൂവ്ര് കൊട്ടാരത്തിലാണ് സൂക്ഷിച്ചിരുന്നത്. ലൂയി XVI-ന്റെ കാലംവരെ രാജാനുമതിയോടെ മാത്രമേ ഈ ഗാലറി സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഫ്രഞ്ചു വിപ്ലവാനന്തരം 1793 ന. 8-ന് ഈ മ്യൂസിയത്തെ 'മ്യൂസിയം ഒഫ് ദ് റിപ്പബ്ലിക്' ആയി പ്രഖ്യാപിക്കുകയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. ഇന്ന് ചിത്രാലയങ്ങളുടെ മുന്‍നിരയിലാണ് ലൂവ്ര് മ്യൂസിയത്തിന്റെ സ്ഥാനം.

ഭൂമുഖത്തെ ഏറ്റവും മികച്ച കലാവസ്തുക്കളുടെ കലവറ എന്നു വിശേഷിപ്പിക്കപ്പെടുന്നത് 1753 ജനു. 11-ന് ആരംഭിച്ച ബ്രിട്ടീഷ് മ്യൂസിയം ആണ്. ലണ്ടനിലെ ഭിഷഗ്വരനായിരുന്ന സര്‍ ഹന്‍സ് സ്ളോന്‍ (1661-1753) തന്റെ ഗ്രന്ഥശാലയും മറ്റു കലാശേഖരങ്ങളും രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ഈ സ്ളോന്‍ശേഖരമാണ് ബ്രിട്ടീഷ് മ്യൂസിയത്തിലെ ആദ്യ പ്രദര്‍ശനവസ്തുക്കള്‍. 1759-ല്‍ ഈ മ്യൂസിയം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

സ്വകാര്യവ്യക്തികളുടെ ശേഖരങ്ങളാണ് പില്ക്കാലത്ത് പ്രശസ്ത ചിത്രാലയങ്ങളായി രൂപാന്തരം പ്രാപിച്ചത്. സ്വകാര്യ വ്യക്തികളില്‍നിന്ന് കലാമേന്മയുള്ള വസ്തുക്കള്‍ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി പൊതുചിത്രാലയങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയതും 18-ാം ശതകം മുതല്ക്കാണ്.

ആസ്റ്റ്രിയയിലെ മാര്‍ഗററ്റ് രാജകുമാരി, ഹാബ്സ്ബര്‍ഗ് ചക്രവര്‍ത്തി മാക്മില്ലന്‍, ഫ്രാന്‍സിലെ ബൂര്‍ബോണ്‍ രാജാക്കന്മാര്‍ (1589-1792, 1814-48), ഇംഗ്ലണ്ടിലെ ചാള്‍സ് I (1600-49), സ്പെയിനിലെ ഫിലിപ്പ് (1527-98), സ്വീഡനിലെ ക്രിസ്റ്റീന രാജ്ഞി, റഷ്യയിലെ കാതറൈന്‍ ചക്രവര്‍ത്തിനി (സു. 1684-1727), പ്രഷ്യയിലെ ഫ്രഡറിക് (1657-1713) തുടങ്ങിയവര്‍ക്ക് വന്‍കലാശേഖരങ്ങളുണ്ടായിരുന്നു.

ദേശീയ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടെ 19-ാം ശതകംമുതല്‍ മിക്ക രാഷ്ട്രങ്ങളിലും പൊതുചിത്രാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. കാല്പനിക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ ചിത്രാലയരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളുണ്ടായി. ഫ്ളോറന്റൈന്‍ നവോത്ഥാനത്തിന്റെയും ഫ്രഞ്ച് പെയിന്റിങ്ങുകളുടെയും സ്വാധീനതയുടെ ഫലമായി ചിത്രാലയ പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധംതന്നെ കൈവന്നു. ഈ ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ് യു.എസ്. ചിത്രാലയരംഗത്തേക്ക് കടന്നുവരുന്നത്. ചൈനയിലും ജപ്പാനിലും ചിത്രാലയങ്ങള്‍ ഉണ്ടായതും ഏതാണ്ടിക്കാലത്തുതന്നെയാണ്. ബെയ്ജിങ് കൊട്ടാരത്തിലുണ്ടായിരുന്ന അതിപ്രാചീനകാലം മുതല്ക്കുള്ള കലാശേഖരങ്ങള്‍ പൊതുചിത്രാലയത്തിലേക്ക് മാറ്റിയത് ശ്രദ്ധേയമാണ്.

പഞ്ചസാര വ്യവസായവും മനുഷ്യസ്നേഹിയുമായ സര്‍ ഹെന്റി ടെയ്റ്റിന്റെ സ്വകാര്യ കലാശേഖരമാണ് ബ്രിട്ടനിലെ നാഷണല്‍ ഗാലറിക്കാധാരം. 1857-ല്‍ ഒരു ദേശീയ ചിത്രാലയമായി മാറുമ്പോഴേക്ക് ഇംഗ്ളീഷ് കലാവസ്തുക്കള്‍ക്കുപുറമേ, വിദേശങ്ങളിലെ കലാസൃഷ്ടികളും ചേര്‍ത്ത് ലോകോത്തര ചിത്രാലയങ്ങളിലൊന്നാക്കി ഇതിനെ ഉയര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് കഴിഞ്ഞു.

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് നിരവധി അമേരിക്കക്കാരും കലാവസ്തു ശേഖരണത്തിലേക്ക് തിരിഞ്ഞു. തോമസ് ജെഫേഴ്സണ്‍ (1743-1826), ബാങ്കിങ് രാജാവായ അഗസ്റ്റ് ബെന്‍മോങ് (1817-90), ജോണ്‍ ജേക്കബ് ആസ്റ്റര്‍ (1764-1848), വില്യം ആസ്റ്റര്‍ (1792-?) എന്നിവരുടെ ശേഖരങ്ങളാണ് പില്ക്കാലത്ത് ആഗോള പ്രശസ്തമായ അമേരിക്കന്‍ ചിത്രാലയങ്ങളുടെ സ്ഥാപനത്തിന് വഴിതെളിച്ചത്.

19-ാം ശതകം ചിത്രാലയ വികസനത്തിലെ സുവര്‍ണ ഘട്ടമാണെന്നുതന്നെ പറയാം. ഈ നൂറ്റാണ്ടില്‍ മിക്ക വികസിത രാജ്യങ്ങളിലും ചിത്രാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഒരു മത്സരംതന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ ഫലമാണ് ബെര്‍ലിനിലെ കൈസര്‍ ഫ്രഡറിക് മ്യൂസിയം, ലണ്ടനിലെ നാഷണല്‍ ഗാലറി, പാരിസിലെ ദക്ളനി മ്യൂസിയം, വാഷിങ്ടണിലെ നാഷണല്‍ ഗാലറി, ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ട് (1929 ന. 8-ന് തുടങ്ങി), വാഷിങ്ടണിലെ ഫ്രീയര്‍ ഗാലറി, കൊര്‍കൊറാന്‍ ഗാലറി, ബോസ്റ്റണിലെ മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്സ്, ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഷിക്കാഗോ, ബാള്‍ട്ടിമോറിലെ ആര്‍ട്ട് ഗാലറി, പ്രാഡോ ഗാലറി (മാഡ്രിഡ്, സ്പെയിന്‍), ലെനിന്‍ ഗ്രാദിലെ ഹെര്‍മിറ്റേജ് മ്യൂസിയം, സ്റ്റേജ് റഷ്യന്‍ മ്യൂസിയം, മോസ്കോയിലെ തെര്യക്കോവ് ഗാലറി, സ്റ്റേജ് പുഷ്കിന്‍ മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്സ്, അങ്കറാ, ഇസ്താന്‍ബുള്‍ (ടര്‍ക്കി) എന്നിവിടങ്ങളിലെ ചിത്രാലയങ്ങള്‍, ബസലേന്‍ നാഷണല്‍ മ്യൂസിയം (ജെറുസലേം), ടോക്കിയോ നാഷണല്‍ മ്യൂസിയം (ജപ്പാന്‍) തുടങ്ങിയ ആഗോള പ്രശസ്തങ്ങളായ ചിത്രാലയങ്ങള്‍.

ചിത്രകലയിലെ നവീന പ്രസ്ഥാനങ്ങളുടെ വികസനത്തോടൊപ്പം ചിത്രരചനകള്‍ ശേഖരിച്ചു പ്രദര്‍ശന-വില്പന നടത്തുന്ന ഒരു വിഭാഗം ചിത്രാലയ ഏജന്റുമാരും രംഗത്തുവന്നു. പിക്കാസോ, മത്തീസെ എന്നിവരുടെ വളര്‍ച്ചയില്‍ ചിത്രാലയ ഉടമകളായ ജെര്‍ട്രൂഡ് സ്റ്റെയില്‍, ലിയോ എന്നിവരുടെ സംഭാവന ഇവിടെ ശ്രദ്ധേയമാണ്.

ഇക്കാലത്ത് ചിത്രാലയങ്ങള്‍ ചിത്രരചന പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, സ്വയം ഒരു സാംസ്കാരികപ്രവര്‍ത്തനമായി വളരുകയും ചെയ്തു. ഇന്ന് വികസിത-വികസ്വര രാഷ്ട്രങ്ങളില്‍ അഞ്ഞൂറിലധികം പ്രസിദ്ധ ചിത്രാലയങ്ങള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. ഓരോ രാജ്യത്തെയും സാമ്പത്തിക സാംസ്കാരിക പുരോഗതിക്കനുസൃതമായി ചിത്രാലയങ്ങളുടെ എണ്ണം വര്‍ഷന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് ഈ രംഗത്ത് പിന്നോക്കം നില്ക്കുന്നത്. മാക്മില്ലന്‍ എന്‍സൈക്ലോപീഡിയ ഒഫ് ആര്‍ട്ടിന്റെ 1977-ലെ പതിപ്പില്‍ ലോകപ്രശസ്തങ്ങളായ ചിത്രാലയങ്ങളെയും അവിടത്തെ പ്രദര്‍ശന വസ്തുക്കളെയുംകുറിച്ച് വിവരങ്ങളുണ്ട്.

ചിത്രാലയങ്ങള്‍ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനുള്ള വേദി മാത്രമായിത്തീരരുതെന്നും അവയെ വ്യാഖ്യാനിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും പ്രശസ്ത ഇംഗ്ളീഷ്ഗ്രന്ഥകാരനും കലാനിരൂപകനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ജോണ്‍ റക്സിന്‍ (1819-1900) അഭിപ്രായപ്പെട്ടതോടെയാണ് ചിത്രാലയങ്ങള്‍ക്ക് കലാപഠനകേന്ദ്രങ്ങള്‍ എന്ന മഹനീയ സ്ഥാനമുണ്ടായത്. റസ്കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ആദ്യകാല സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് മ്യൂസിയവും യോര്‍ക്ഷയറിലെ ഷെഫീല്‍ഡ് ഗാലറിയും.

ഇന്ത്യ. ഇന്ത്യയിലെ ചിത്രാലയ പ്രസ്ഥാനത്തിന് സുദീര്‍ഘമായ ഒരു ചരിത്രമുണ്ട്. രാവണന്‍, ശ്രീരാമന്‍ തുടങ്ങിയവരുടെ കൊട്ടാര ചിത്രാലയങ്ങളെക്കുറിച്ച് രാമായണത്തിലും (സുന്ദരകാണ്ഡം, ഉത്തരകാണ്ഡം) ദുഷ്യന്തന്റെ ചിത്രാലയത്തെക്കുറിച്ച് ശാകുന്തളത്തിലും പ്രതിപാദിക്കുന്നുണ്ട്. ബൗദ്ധക്ഷേത്രങ്ങളായിരുന്ന ബര്‍ഹത്, ബോധ്ഗയ എന്നിവിടങ്ങളില്‍ ആധുനിക ചിത്രാലയങ്ങളുടെ പ്രാഗ്രൂപങ്ങളെന്ന് പറയാവുന്ന സ്ഥാപനങ്ങളുണ്ടായിരുന്നു. ചിത്രഗുഹകളെയും പൗരാണിക ക്ഷേത്രങ്ങളെയും ഇന്ത്യയിലെ ചിത്രങ്ങളുടെ ആദിരൂപങ്ങളെന്ന് വിശേഷിപ്പിക്കാം. അജന്താകാലം മുതല്ക്കാണ് ഫ്രെസ്കോ രീതിക്ക് പ്രചാരമുണ്ടായത്. പുതുക്കോട്ടയിലെ ചിത്തവാസല്‍ ജൈനഗുഹാക്ഷേത്രം (600-630), തഞ്ചാവൂരിലെ ബൃദഗുരുക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെ മ്യൂറല്‍ ചിത്രങ്ങള്‍ ഇവയെല്ലാം ഇന്ത്യന്‍ ചിത്രാലയങ്ങളുടെ പൗരാണികതയിലേക്ക് വിരല്‍ചൂണ്ടുന്നു.

കലാസൃഷ്ടികളും പൗരാണികമൂല്യമുള്ള കലാവസ്തുക്കളും ശേഖരിച്ച് തലസ്ഥാനത്തെത്തിക്കുന്നതിനുവേണ്ടി മുഗള്‍ ചക്രവര്‍ത്തി ഷിറോസ്ഷാ തുഗ്ളക്ക് (1351-81) പ്രത്യേക സംവിധാനമുണ്ടാക്കിയിരുന്നു.

1796-ലാണ് ചിത്രാലയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഏഷ്യാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1814-ല്‍ സ്ഥാപിച്ച ചിത്രാലയമാണ് ഇന്ത്യയിലെ ആദ്യത്തെ ആധുനിക ചിത്രാലയം. കലാസ്വാദകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നാട്ടുരാജ്യങ്ങളും ചിത്രാലയങ്ങളുടെ വികസനത്തിനു മുന്‍കൈയെടുത്തു. കല്‍ക്കത്തയിലെ അശുതോഷ് മ്യൂസിയം, മുംബൈയിലെ പ്രിന്‍സ് ഒഫ് വെയില്‍സ് മ്യൂസിയം എന്നിവ ആദ്യകാല സംരംഭങ്ങളെന്ന നിലയില്‍ ശ്രദ്ധേയങ്ങളാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചിത്രാലയങ്ങളുടെ വികസനത്തിനുവേണ്ട പ്രോത്സാഹനങ്ങള്‍ നല്കി. 1954-ല്‍ കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ച ലളിതകലാ അക്കാദമി, ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയ സംസ്ഥാന ലളിതകലാ അക്കാദമികള്‍ എന്നിവ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. 1948-ല്‍ ഡല്‍ഹിയില്‍ ആരംഭിച്ച നാഷണല്‍ മ്യൂസിയം ദേശീയ ചിത്രാലയമായി പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ട് സമകാലീന ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രാമുഖ്യം നല്കുന്നു. ഇവിടെ ഇന്ത്യന്‍ കലാകാരന്മാരുടെ രചനകളുടെ പ്രദര്‍ശനം സ്ഥിരമായി സംഘടിപ്പിച്ചുവരുന്നു. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്ററി ഒഫ് ആര്‍ട്ട് കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആണ്. സമകാലീന ചിത്രകലയുടെ ഒരു കേന്ദ്രംകൂടിയാണ് കല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം. ബനാറസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത കലാഭവനില്‍ അതിവിപുലമായ ഒരു ചിത്രാലയമുണ്ട്. ഇവിടെ മ്യൂസിയോളജിയില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സും നടത്തിവരുന്നു. കേന്ദ്രഗവണ്‍മെന്റ് 1985-ല്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ച അലഹബാദ് മ്യൂസിയത്തില്‍ അബനീന്ദ്രനാഥ ടാഗൂര്‍, ജതിന്‍ റോയ്, നന്ദ്ലാല്‍ ബോസ്, ഐസത് കുമാര്‍ ഹന്ദാര്‍, ജതീന്ദ്രനാഥ് മസുംദാര്‍, സുധീര്‍ രഞ്ജന്‍ ഖസ്ത്ഗിര്‍, നിക്കോളസ് റോറിച്ച്, സ്വെറ്റോസ്ളാവ് റോറിച്ച്, അനഗാരികാ ഗോവിന്ദ തുടങ്ങിയവരുടെ ചിത്രങ്ങളുടെ ഒരു വന്‍ശേഖരമുണ്ട്.

ഇന്ത്യയിലെ ചിത്രാലയങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ഉദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനവും നല്കുന്നതിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ സാംസ്കാരികവകുപ്പ് ലഖ്നൗവില്‍ നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷന്‍ ഒഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിന് മൈസൂറില്‍ ഒരു പ്രദേശിക കേന്ദ്രമുണ്ട്. രബീന്ദ്രനാഥ ടാഗൂര്‍, അബനീന്ദ്രനാഥ് ടാഗൂര്‍, ജ്ഞാനേന്ദ്രനാഥ ടാഗൂര്‍, രാജാരവിവര്‍മ, ജാമിനി റോയ്, നന്ദ്ലാല്‍ ബോസ്, ശൈലോസ് മുഖര്‍ജി, നിക്കോളസ് റോറിച്ച് തുടങ്ങിയ കലാപ്രതിഭകളുടെ രചനകള്‍ കലാപരമായ അമൂല്യവസ്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകപ്രശസ്തമായ ഒരു ചിത്രാലയമാണ് ഹൈദരാബാദിലെ (ആന്ധ്രപ്രദേശ്) സാലര്‍ജങ് മ്യൂസിയത്തിലുള്ളത്. ഇവിടെ കലാവസ്തുക്കള്‍, മാര്‍ബിളുകള്‍, ലോഹശില്പങ്ങള്‍, കളിമണ്‍ ശില്പങ്ങള്‍ എന്നിവയ്ക്കുപുറമേ, അന്താരാഷ്ട്ര നിലവാരമുള്ള നിരവധി പെയിന്റിങ്ങുകളുമുണ്ട്. ഹൈദരാബാദ് നൈസാമുകളുടെ പ്രധാനമന്ത്രിമാരായിരുന്ന സാലര്‍ജങ്ങു(I, II, III)മാരുടെ പേരില്‍ അറിയപ്പെടുന്ന ഈ മ്യൂസിയത്തില്‍ അവര്‍, പ്രത്യേകിച്ച് സാലര്‍ജങ് III-ാമനായ നവാബ് മിര്‍ യൂസുഫ് അലിഖാന്‍ (1889-1949) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ച അപൂര്‍വവും വൈവിധ്യമാര്‍ന്നതുമായ കലാവസ്തുക്കളാണുള്ളത്. ജങ് III-ന്റെ കലാഭിരുചിയും ക്രാന്തദര്‍ശിത്വവും ധനവും പാശ്ചാത്യലോകവുമായുള്ള സമ്പര്‍ക്കവും സമ്മേളിച്ചതിന്റെ ഫലമായാണ് ഈ മ്യൂസിയം ഇവിടെ സ്ഥാപിതമായത്. കനാലെറ്റോ, ഫ്രാന്‍സെസ്-കോഹെയസ് തുടങ്ങി നിരവധി ഇറ്റാലിയന്‍ ചിത്രകാരന്മാരുടെ രചനകളും 18-ാം ശതകത്തിലെ ഫ്രഞ്ച് മാസ്റ്റര്‍മാരുടെ 16 മൌലിക രചനകളും അവയുടെ നിരവധി പതിപ്പുകളും 55 ഇംഗ്ലീഷ് ചിത്രകാരന്മാരുടെ രചനകളും 2 ഡച്ച്-ജര്‍മന്‍ ചിത്രകാരന്മാരുടെ നിരവധി രചനകളും ഇവിടെ ഉണ്ട്. കാലദേശപരമായ പ്രാതിനിധ്യമാണ് സാലര്‍ജങ് മ്യൂസിയത്തിലെ ചിത്രശേഖരത്തിന്റെ സവിശേഷത.

കേരളം. മ്യൂറല്‍ ചിത്രങ്ങളുടെ ഈറ്റില്ലമായ കേരളീയ ക്ഷേത്രങ്ങള്‍ ഒരര്‍ഥത്തില്‍ ചിത്രാലയങ്ങള്‍ തന്നെയാണ്. അനുഷ്ഠാനപരമായ അതിര്‍ത്തികള്‍ ഉള്ളതുകൊണ്ട് ഇവയ്ക്ക് സാര്‍വജനീന സ്വഭാവമില്ല. പ്രവേശനം നിയന്ത്രിതമായതുകൊണ്ട് പൊതുചിത്രാലയങ്ങളുടെ പരിധിയില്‍ വരുകയുമില്ല.

കേരളത്തിലെ ചിത്രകലയുടെ നവോത്ഥാനചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ് ശ്രീചിത്രാലയത്തിന്റെയും രംഗവിലാസം കൊട്ടാരചിത്രാലയത്തിന്റെയും സ്ഥാപനം. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ചിത്രാലയം സ്ഥാപിച്ച രാജ്യം എന്ന ബഹുമതി തിരുവിതാംകൂറിനാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു പൊതുചിത്രപ്രദര്‍ശനം സംഘടിപ്പിച്ച രാജാരവിവര്‍മതന്നെയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ചിത്രാലയം സ്ഥാപിക്കുക എന്ന തന്റെ ആഗ്രഹം നിറവേറ്റാനായി രവിവര്‍മ നിരവധി തവണ ശ്രീമൂലം തിരുനാള്‍ മഹാരാജാവിനോടഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ലക്ഷ്യം സഫലമാകുകയുണ്ടായില്ല. പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മയുടെ കാലത്താണ് ചിത്രാലയം സ്ഥാപിതമായത്. നാരദശില്പശാസ്ത്രത്തിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി 1935-ലാണ് ശ്രീചിത്രാലയം പണികഴിപ്പിക്കപ്പെട്ടത്. നേപ്പിയര്‍ മ്യൂസിയ(തിരുവനന്തപുരം)ത്തിന്റെ അനുബന്ധമായി പണിതീര്‍ത്ത നാടകശാലയാണ് ശ്രീചിത്രാലയമാക്കി മാറ്റിയത്. ഡോ. ജെ.എച്ച്. കസിന്‍സ് രൂപകല്പന ചെയ്ത് മഹാരാജാവിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ നിര്‍മിച്ച ചിത്രാലയമാക്കി അദ്ദേഹത്തിന്റെതന്നെ ശേഖരത്തിലെ ചിത്രങ്ങളും മറ്റു കലാവസ്തുക്കളും പ്രദര്‍ശനത്തിനൊരുക്കി. "സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ സൌന്ദര്യശിക്ഷണത്തിനുള്ള അവസരമുണ്ടാക്കുകയെന്ന ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ ചിത്രാലയം എന്നാണ് 1935 സെപ്. 25-ന് ചിത്രാലയം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹാരാജാവ് പറഞ്ഞത്. ഇന്ത്യയിലെ നല്ല ശേഖരമുള്ള ആര്‍ട്ട് ഗാലറി എന്ന ബഹുമതി 1937-ല്‍ത്തന്നെ ശ്രീചിത്രാലയത്തിന് ലഭിച്ചു. പേര്‍ഷ്യന്‍, മുഗള്‍, രജപുത്, തഞ്ചാവൂര്‍ പെയിന്റിങ്ങുകള്‍ക്കു പുറമേ തിബത്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചിത്രങ്ങളും മികച്ച യൂറോപ്യന്‍ രചനകളും ഈ ചിത്രാലയത്തിലുണ്ട്. രാജാരവിവര്‍മ, അബനീന്ദ്രനാഥ ടാഗൂര്‍, ഗഗനേന്ദ്രനാഥ ടാഗൂര്‍, നന്ദ്ലാല്‍ ബോസ്, ദേവീ പ്രസാദ് റോയ് ചൌധരി, ക്ഷിതീന്ദ്രനാഥ മസുംദാര്‍ തുടങ്ങിയവരുടെ രചനകള്‍ ഇവിടെയുണ്ട്. രാജാരവിവര്‍മയുടെ രചനകളുടെ പ്രദര്‍ശനത്തിന് ശ്രീചിത്രാലയത്തില്‍ പ്രത്യേക ഗാലറി സംവിധാനം ചെയ്തിട്ടുണ്ട്. നിക്കോളസ് റോറിച്ചിന്റെയും പുത്രന്‍ സ്വെറ്റോസ്ളാവ് റോറിച്ചിന്റെയും ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായി പ്രത്യേക ഹാള്‍ സജ്ജമാക്കിയിരിക്കുന്നു. തിരുനദിക്കരയിലെ മ്യൂറലുകളിലുള്ള ശിവ-പാര്‍വതി ചിത്രത്തിന്റെ രേഖീയ പതിപ്പുകള്‍ ശ്രീചിത്രാലയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ശ്രീചിത്രാലയം രാജ്യത്തിനകത്തും പുറത്തും വളരെ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. പൗരസ്ത്യ ചിത്രകലയിലെ മഹാസൃഷ്ടികളെ ഇത്രയേറെ ശാസ്ത്രീയമായും സുന്ദരമായും പ്രദര്‍ശിപ്പിച്ചിട്ടുള്ള മറ്റൊരു ചിത്രാലയവും ഇന്ത്യയിലില്ല എന്നാണ് എമ്പയര്‍ മ്യൂസിയം അസോസിയേഷന്റെ പ്രസിദ്ധീകരണമായ മ്യൂസിയംസ് ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡോ. കസിന്‍സ് തയ്യാറാക്കിയ ശ്രീചിത്രാലയം കാറ്റലോഗ് ഇന്ത്യയിലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു അമൂല്യരേഖയാണ്.

കരകൗശല വസ്തുക്കള്‍, സ്റ്റേറ്റ് പോര്‍ട്രേറ്റുകള്‍, മറ്റു ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനുള്ള ചിത്രാലയമായി കുതിരമാളിക (രംഗവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തിരുവനന്തപുരം) 1936-ല്‍ തുറന്നു. അധികം വൈകാതെ ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. വീണ്ടും 1996-ല്‍ പ്രവര്‍ത്തനം തുടങ്ങി.

രവിവര്‍മ ആര്‍ട്ട് ഗാലറി കെ.സി.എസ്. പണിക്കര്‍ ഗാലറി, വി.കെ. കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി, പദ്മനാഭപുരം, കൊല്ലങ്കോട് എന്നീ കൊട്ടാരങ്ങളിലെ ഗാലറികള്‍ എന്നിവയാണ് കേരളത്തിലെ മറ്റു പ്രശസ്ത ചിത്രാലയങ്ങള്‍.

മ്യൂസിയോളജി. ചിത്രാലയങ്ങളെ സംബന്ധിച്ച പഠനം മ്യൂസിയോളജി എന്ന ശാസ്ത്രശാഖയുടെ ഭാഗമാണ്. സംരക്ഷിക്കപ്പെടേണ്ടതായ ചിത്രങ്ങള്‍ എങ്ങനെ എവിടെനിന്നും കണ്ടെത്തണം, ഇവ എങ്ങനെ എവിടെ സുരക്ഷിതമായി സംരക്ഷിക്കും, സ്വാഭാവികമായ ആസ്വാദനത്തിന് തടസ്സമില്ലാത്തവിധത്തില്‍ ഇവ എങ്ങനെ പ്രദര്‍ശന സജ്ജമാക്കും എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ചിത്രാലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കെട്ടിടത്തിന്റെ വാസ്തുവിദ്യ, ആസൂത്രണം, ജീവനക്കാരുടെ പരിശീലനം, ലാബറട്ടറി, മറ്റു സാങ്കേതിക കാര്യങ്ങള്‍ എന്നിവയും കണക്കിലെടുക്കണം. ചിത്രാലയങ്ങളെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന അന്താരാഷ്ട്രസമിതിയാണ് പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് മ്യൂസിയംസ് (ICOM). ഈ സമിതി ഒരു ഡയറക്ടറിയും മ്യൂസിയം ന്യൂസ് എന്ന ആനുകാലികവും പ്രസിദ്ധീകരിക്കുന്നുണ്ട്. ലോകമൊട്ടാകെയുള്ള ചിത്രാലയങ്ങള്‍ക്ക് ഒരു മാതൃകയാണ് ന്യൂയോര്‍ക്കിലെ മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട്. ന്യൂയോര്‍ക്കിലെതന്നെ അന്താരാഷ്ട്ര പ്രശസ്തിയുള്ള മറ്റൊരു ചിത്രാലയമാണ് മെട്രോപൊളിറ്റന്‍ മ്യൂസിയം. ഡച്ച് ചിത്രകാരനായ റംബ്രാന്റിന്റെ (1609-69) അരിസ്റ്റോട്ടല്‍ കണ്ടംപ്ലേറ്റിങ് ദ് ബെസ്റ്റ് ഒഫ് ഹോമര്‍ എന്ന വിഖ്യാതചിത്രം ഒരു ലേലത്തില്‍ 23 ലക്ഷം ഡോളറിനാണ് വാങ്ങിയതെന്ന വസ്തുത ചിത്രശേഖരരംഗത്ത് ഈ മ്യൂസിയത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണ്.

സാങ്കേതിക വൈദഗ്ധ്യം ആവശ്യപ്പെടുന്ന മേഖലയാണ് ചിത്രങ്ങളുടെ സംരക്ഷണം. വര്‍ണങ്ങള്‍ക്ക് മങ്ങലേല്ക്കുന്നതോ ചിത്രമാധ്യമങ്ങള്‍ക്ക് കേടുവരുന്നതോ ആയ താപനില, പ്രകാശസംവിധാനം എന്നിവ ഒഴിവാക്കേണ്ടതുണ്ട്. കലാവസ്തുക്കളുടെ ശാസ്ത്രീയ പരിരക്ഷണത്തിന് ലാബറട്ടറി സംവിധാനവും ആവശ്യമാണ്. ചിത്രാലയങ്ങളുടെ നടത്തിപ്പ്, ചിത്രങ്ങളുടെ സംരക്ഷണം, പ്രദര്‍ശനം എന്നിവയുടെ മേല്‍നോട്ടത്തിന് എല്ലാ ചിത്രാലയങ്ങളിലും വിദഗ്ധരായ ക്യൂറേറ്റര്‍മാരുണ്ട്. ചിത്രാലയ നടത്തിപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്കുന്ന സമിതികളാണ് യുണെസ്കോയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ആന്‍ഡ് ലാബറട്ടറി, യു.എസ്സിലെ ഇന്റര്‍നാഷണല്‍ മ്യൂസിയം കണ്‍സര്‍വേഷന്‍ അസോസിയേഷന്‍, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫൈന്‍ ആര്‍ട്സിന്റെ ഭാഗമായ കണ്‍സര്‍വേഷന്‍ സെന്റര്‍ എന്നിവ.

ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വയ്ക്കുമ്പോള്‍ സാധാരണയായി കാലാനുക്രമരീതിയാണ് സ്വീകരിക്കുന്നത്. രചനകളുടെ ഉദ്ഭവസ്ഥാനം, അത് പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം, രചനയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിക്കപ്പെടുന്നു. ചിത്രകാരന്മാരുടെ സൃഷ്ടികള്‍ തരംതിരിക്കുന്നതിനു പുറമേ പ്രാചീനകാലം, മധ്യയുഗം, ആധുനികയുഗം എന്നിങ്ങനെ വര്‍ഗീകരിച്ചും രചനകള്‍ പ്രദര്‍ശന സജ്ജമാക്കാറുണ്ട്. പ്രദര്‍ശനസ്ഥലത്തിന്റെ പശ്ചാത്തലം, വര്‍ണവിന്യാസം, പ്രകാശസംവിധാനം എന്നിവ ചിത്രങ്ങളുടെ സ്വത്വത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പ്രദര്‍ശനം ആസൂത്രണം ചെയ്യുക. രചനയുടെ സൗന്ദര്യവും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിക്കുന്ന രീതിയിലായിരിക്കണം ചിത്രാലയങ്ങളുടെ രൂപകല്പന. ചിത്രകലാസ്വാദകരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വമായ വളര്‍ച്ച, അവരുടെ ആസ്വാദനത്തിന്റെ നിലവാരം എന്നിവ കണക്കിലെടുത്ത് ചിത്രാലയങ്ങള്‍ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും ഉണ്ട്. നോ. മ്യൂസിയം; ശ്രീചിത്രാ ആര്‍ട്ട് ഗാലറി

(പ്രൊഫ. എം. ഭാസ്കര പ്രസാദ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍