This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍വാക ദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാര്‍വാക ദര്‍ശനം

ഭൌതികവാദത്തിന്റെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാരതീയ തത്ത്വശാസ്ത്രം. ലോകായതദര്‍ശനം എന്ന പേരിലും അറിയപ്പെടുന്നു. ചാരുവായ-മനോരഞ്ജകമായ-വാകം-വചനം-ചാര്‍വാകമെന്നു വ്യുത്പത്തി പറയാവുന്നതാണ്. ലോകത്തില്‍ വ്യാപിച്ചതെന്ന അര്‍ഥമാണ് ലോകായത ശബ്ദത്തിനുള്ളത്. ബൃഹസ്പതിയാണ് ഈ ദര്‍ശനത്തിന്റെ പ്രവാചകനെന്നു വിശ്വസിക്കപ്പെടുന്നു. പ്രത്യക്ഷം മാത്രമേ പ്രമാണമായുള്ളൂവെന്നും ഇന്ദ്രിയഗോചരങ്ങളായ വസ്തുക്കള്‍ മാത്രമാണ് സ്വീകാര്യമെന്നും ആണ് ചാര്‍വാകന്‍ സിദ്ധാന്തിക്കുന്നത്. ദേഹം തന്നെയാണ് ആത്മാവ്. ദേഹം ചതുര്‍വിധ ഭൂതമയമാണ്. പൃഥ്വി, ജലം, അഗ്നി, വായു എന്നിവയാണ് നാലുഭൂതങ്ങള്‍. ആകാശം ഇന്ദ്രിയഗോചരമല്ലായ്കയാല്‍ ചാര്‍വാക ദര്‍ശനത്തില്‍ അത് അംഗീകരിക്കപ്പെടുന്നില്ല. ആ നാലു ഭൂതങ്ങളുടെ ചേര്‍ച്ചകൊണ്ടുണ്ടാകുന്ന ശരീരത്തില്‍ ചൈതന്യം സ്വാഭാവികമായി ഉണ്ടാകുന്നു. കിണ്വാദികളുടെ ചേര്‍ച്ചയിലുണ്ടാകുന്ന മദ്യത്തില്‍ സ്വാഭാവികമായി മദശക്തിയുണ്ടാകുന്നുണ്ടല്ലോ. ശരീരവും ഇന്ദ്രിയങ്ങളും ആത്മാവായി വര്‍ത്തിക്കുന്നു. മരണാനന്തര ജീവിതമില്ല. ശരീരത്തിന്റെ നാശത്തോടെ ആത്മാവും നശിക്കുന്നു. സ്രക്ചന്ദനവനിതാദികളുടെ സംഗമംകൊണ്ടുണ്ടാകുന്ന സുഖം തന്നെയാണ് സ്വര്‍ഗം. അതാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മുള്ളും മറ്റും തറയ്ക്കുമ്പോഴുണ്ടാകുന്ന ദുഃഖം നരകമാണ്. ദുഃഖം കലര്‍ന്നതെന്നുകരുതി സുഖസാധനത്തെ കൈവിടുന്നത് മൌഢ്യമാണ്. മാംസാര്‍ഥി എല്ലും മുള്ളും മറ്റുമുള്ള മത്സ്യം സ്വീകരിക്കുന്നു. അതില്‍ കൊള്ളേണ്ടതു കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്യുന്നു. അതുപോലെ വിവേകിയായ മനുഷ്യനും ദുഃഖത്തെ ഒഴിവാക്കി സുഖം മാത്രം അനുഭവിക്കണം.

'യാവജ്ജീവം സുഖം ജീവോദ്ഋണം കൃത്വാഘൃതം പിബേത്

ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കൃതഃ

(ജീവിക്കുന്നിടത്തോളം സുഖമായി ജീവിക്കണം. കടംകൊണ്ടായാലും നെയ് കുടിക്കണം. ദേഹം ഭസ്മമാകുന്നതോടെ ജീവിതം അവസാനിക്കുന്നു; ഭസ്മമായ ശരീരം എങ്ങനെയാണ് വീണ്ടും വരുന്നത്) എന്നതാണ് ചാര്‍വാകദര്‍ശനത്തിന്റെ ജീവിതവീക്ഷണം.

വേദം ധൂര്‍ത്തന്മാരുടെ സൃഷ്ടിയാണ്. ജനവഞ്ചകരായ പുരോഹിതന്മാര്‍ സ്വോദരപൂരണത്തിനായി കെട്ടിച്ചമച്ചതാണ് അത്; ദേവന്മാരോ ലോകനിയന്താവായ ഈശ്വരനോ അല്ല. യാഗാദികര്‍മങ്ങളും തട്ടിപ്പാണ്. യാഗത്തില്‍ ബലി കഴിക്കപ്പെടുന്ന മൃഗത്തിനു സ്വര്‍ഗം ലഭിക്കുന്നുവെങ്കില്‍ പുരോഹിതന്‍ സ്വപിതാവിനെ ബലികഴിച്ച് എന്തുകൊണ്ടു സ്വര്‍ഗത്തിലേക്കയയ്ക്കുന്നില്ല. ഈശ്വരനും മരണാനന്തര ജീവിതവും സ്വര്‍ഗവും നരകവുമെല്ലാം ശശശൃങ്ഗസമാനമാണ്. അതിനാല്‍ ഭൌതികസുഖത്തെ അവഗണിച്ച് ആധ്യാത്മികസുഖം തേടി അലയുന്നവന്‍ അടുത്തുള്ള നിര്‍മല ജലാശയത്തെ പരിത്യജിച്ച് മരുമരീചികയുടെ പിന്നാലെ ഓടുന്ന ദാഹാര്‍ത്തനെപ്പോലെയാണ്. അതുകൊണ്ട് ഹ്രസ്വമായ ജീവിതത്തില്‍ ഭൌതികസുഖം അനുഭവിക്കണം. അങ്ങനെ ആ ജീവിതത്തെ സഫലമാക്കണം. അവിടെ ആധ്യാത്മിക ചിന്തയ്ക്കോ പുണ്യപാപങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. എന്നാല്‍ സാമൂഹികബോധത്തില്‍ അധിഷ്ഠിതമായ ധാര്‍മികതയ്ക്ക് അത് പ്രാധാന്യം നല്കുകയും ചെയ്യുന്നു. ഇതാണ് ചാര്‍വാകദര്‍ശനത്തിന്റെ മൌലിക സിദ്ധാന്തം.

മാനവചരിത്രത്തോളംതന്നെ ഈ ദര്‍ശനത്തിനു പഴക്കമുണ്ടെന്നു പറയാം. വിധിനിഷേധങ്ങള്‍ക്കൊന്നും വഴങ്ങാത്ത ഉച്ഛൃംഖലമായ ജീവിതം ഏവരേയും ആകര്‍ഷിക്കുന്നതാണ്, ഏവര്‍ക്കും ആശാസ്യമാണ്. അതുകൊണ്ട് ഈ ദര്‍ശനം ചാരുവായ വാക (വചന)മായി. അതിന് ലോകത്തില്‍ പ്രചാരവും വ്യാപ്തിയുമുണ്ടായി. അങ്ങനെ ലോകായതമായി. പുരാണങ്ങളില്‍ അസുരന്മാരെ കബളിപ്പിക്കുവാന്‍ മോഹിനീരൂപം ധരിച്ച വിഷ്ണു 'ഭൌതികവാദം' അവതരിപ്പിച്ചുവെന്നും പറഞ്ഞുകാണുന്നുണ്ട്. രാമായണത്തിലും വനവാസത്തിനൊരുങ്ങുന്ന രാമനെ ഭൌതികവാദം ഉപദേശിച്ച് വനഗമനോദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി കാണാം. മഹാഭാരതത്തില്‍ ദുര്യോധനന്റെ സുഹൃത്തായ ഒരു ചാര്‍വാകരാക്ഷസനെക്കുറിച്ചുള്ള പ്രസ്താവവും കാണുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളിലെല്ലാം ചാര്‍വാകദര്‍ശനത്തെക്കുറിച്ചുള്ള പരാമര്‍ശവും അതിലെ സിദ്ധാന്തങ്ങളുടെ ഖണ്ഡനവും സുലഭമാണ്; അതിപ്രാചീനമാണ് ചാര്‍വാകദര്‍ശനമെന്ന വസ്തുതയാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്.

ചാര്‍വാകന്‍ എന്ന പദം ദേഹാത്മവാദിയായ നാസ്തികന്റെ പര്യായമായി ഭാഷയില്‍ പ്രയോഗിച്ചുവരുന്നു. ലോകായതികന്‍ എന്നും നാസ്തികനു പേരുണ്ട്.

(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍