This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാര്‍ട്ടുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാര്‍ട്ടുകള്‍
രേഖാരൂപ ഭൂപടങ്ങള്‍. ഇതില്‍ നാവികരുടെ ഉപയോഗത്തിനായി സമുദ്രം അതിലെ ദ്വീപുകള്‍, ഒഴുക്കുകള്‍, ഓരപ്രദേശങ്ങള്‍, പാറകളുടെയും മണല്‍ത്തിട്ടകളുടെയും സ്ഥാനം. നദികളുടെ കൈവഴികള്‍ മുതലായവ രേഖപ്പെടുത്തിയിരിക്കുന്നു. 'കടലാസ്' എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ ചാര്‍ട്ട്സ് (Charts), ലത്തീന്‍ പദമായ കാര്‍ട്ട (Carta) എന്നിവയില്‍ നിന്ന് നിഷ്പന്നമായതാണ് ചാര്‍ട്ട് എന്ന സംജ്ഞ. 'ചാര്‍ട്ട്' സാധാരണയായി നാവികരുപയോഗിക്കുന്ന പദമാണെങ്കിലും ഉത്പാദനം, ഘടന, ചരിത്രം തുടങ്ങിയ എല്ലാ ശാസ്ത്രീയ സ്ഥിതിവിവര രേഖാചിത്രങ്ങളെയും 'ചാര്‍ട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഭൂപടങ്ങളോടൊപ്പം ചാര്‍ട്ടുകളും ജന്മമെടുത്തു. നാവികരാണ് ആദ്യമായി ശാസ്ത്രീയ ഭൂപടങ്ങള്‍ നിര്‍മിച്ചത്. ഈ ഭൂപടങ്ങളില്‍ത്തന്നെ അവര്‍ തങ്ങളുടെ ഉപയോഗങ്ങള്‍ക്കായി ഭൂമിയുടെ വലുപ്പം, ആകൃതി, ചലനങ്ങള്‍ എന്നിവയെക്കുറിച്ചും അക്ഷാംശ-രേഖാംശങ്ങളെക്കുറിച്ചും വ്യക്തമായി നിര്‍വചിച്ചിരുന്നു. പുരാതനകാലത്ത് ഗ്രീക്ക് തുറമുഖങ്ങളെക്കുറിച്ചു വിവരിക്കുന്ന 'ഹാര്‍ബര്‍ ബുക്കു'കളില്‍ നിന്നും, ടോളമിയുടെ ചരിത്ര വിവരണങ്ങളില്‍ നിന്നും നൂറാമാണ്ട് മുതല്‍ക്കുതന്നെ ചാര്‍ട്ടുകള്‍ നിലവിലുണ്ടായിരുന്നതായി മനസ്സിലാക്കാം. അന്നത്തെ ഏറ്റവും പ്രധാന ചാര്‍ട്ടായിരുന്നു 'പോര്‍ട്ട്ലാന്‍' ചാര്‍ട്ട്. മധ്യകാലഘട്ടത്തിലെ ഈ ചാര്‍ട്ടില്‍ മെഡിറ്ററേനിയന്‍ സമുദ്രതീരങ്ങളെ വ്യക്തമായി തരംതിരിച്ചു കാണിച്ചിരുന്നു. 13-ാം ശ.-ത്തിലേതായ ഈ ചാര്‍ട്ട് 1300-ല്‍ പിസയില്‍ നിര്‍മിച്ചതായാണ് കരുതപ്പെടുന്നത്. 1620-വരെ ഇതേ ചാര്‍ട്ടിന്റെ പകര്‍പ്പുകള്‍ തന്നെ ഉപയോഗിച്ചിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ ഈ ചാര്‍ട്ടുപയോഗിച്ചതിന്റെ മുഖ്യകാരണം ഇതിന്റെ കൃത്യതയാണ്. 17-ാം ശ.-ത്തില്‍ ഡച്ചുകാരായിരുന്നു ചാര്‍ട്ടുണ്ടാക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നത്. ബ്രിട്ടനില്‍ 1795 വരെ ബ്രിട്ടീഷ് നേവല്‍ മന്ത്രാലയം ചാര്‍ട്ടുകള്‍ നിര്‍മിച്ചിരുന്നു. 1795-ല്‍ റോയല്‍ ഹൈഡ്രോഗ്രാഫിക്സ് ആഫീസ് സ്ഥാപിതമായതോടെ ബ്രിട്ടനില്‍ ആധുനിക ചാര്‍ട്ടുകള്‍ പ്രചാരത്തില്‍വന്നു. ഇവിടത്തെ ഹൈഡ്രോഗ്രാഫിക് സര്‍വേ ഡിപ്പാര്‍ട്ട്മെന്റാണ് ആധുനിക ചാര്‍ട്ടുകള്‍ ആദ്യമായി ആവിഷ്കരിച്ചത്. 1974-ല്‍ ഇവര്‍ 'മെട്രിക്' ചാര്‍ട്ടുകളും പ്രചാരത്തില്‍ കൊണ്ടുവന്നു. ഇവിടത്തെ നാവികശൃംഖലയ്ക്ക് സൗജന്യമായി ഈ ചാര്‍ട്ടുകള്‍ ഏജന്റുമാര്‍ മുഖേന വില്ക്കുകയും പതിവായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ 1807 മുതല്‍ 'കോസ്റ്റ് സര്‍വേ' നാവിക ചാര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ബ്രിട്ടീഷ് നാവികമന്ത്രാലയം പ്രസിദ്ധീകരിച്ച ചാര്‍ട്ടുകള്‍ മുന്‍പ് ബ്രിട്ടീഷ് നാവികസേനയ്ക്കു മാത്രമേ ലഭ്യമായിരുന്നുള്ളുവെങ്കിലും ഇപ്പോള്‍ ഇവ ലോകത്താകമാനം പ്രചാരത്തിലായിക്കഴിഞ്ഞിരിക്കുന്നു. സര്‍വേ ഒഫ് ഇന്ത്യയാണ് ഇന്ത്യയില്‍ എല്ലാ ഭൂപടങ്ങളും നിര്‍മിക്കുന്നത്. എന്നാല്‍ ചില പ്രത്യേകാവശ്യങ്ങള്‍ക്കുള്ള 'തീമാറ്റിക്' ഭൂപടങ്ങള്‍ നാഷണല്‍ തീമാറ്റിക് മാപ്പിങ് ഓര്‍ഗനൈസേഷനും നിര്‍മിക്കുന്നുണ്ട്.
'ടോപ്പോഷീറ്റുകള്‍' എന്നറിയപ്പെടുന്ന ഭൂപടവിഭാഗത്തിലെന്നപോലെ ചാര്‍ട്ടുകള്‍ ഒരേ തോതിലല്ല നിര്‍മിക്കപ്പെടുന്നത്. സാധാരണയായി തോത് 1:50,000 എന്നതില്‍ കുറവായ ചാര്‍ട്ടുകളെല്ലാം മെര്‍കേറ്റര്‍ പ്രക്ഷേപമുപയോഗിച്ചാണ് നിര്‍മിക്കപ്പെടുന്നത്. ഇതിനു കാരണം മെര്‍കേറ്റര്‍ പ്രക്ഷേപത്തില്‍ എല്ലാ അക്ഷാംശ-രേഖാംശങ്ങളും നേര്‍വരകളുപയോഗിച്ചു ചിത്രീകരിക്കുന്നു എന്നതാണ്. മാത്രമല്ല, അക്ഷാംശ-രേഖാംശങ്ങള്‍ക്കിടയിലുള്ള അകലവും ആനുപാതികമാണ്. സാധാരണയായി എല്ലാ പ്രദേശങ്ങളിലേക്കുമുള്ള ചാര്‍ട്ടുകള്‍ ഈ പ്രക്ഷേപമുപയോഗിച്ചാണ് നിര്‍മിക്കാറുള്ളതെങ്കിലും ഉയര്‍ന്ന അക്ഷാംശങ്ങളിലുള്ള ഭൂപ്രദേശങ്ങള്‍ക്ക് ഇതനുയോജ്യമല്ല. ഇക്കാരണത്താല്‍ ഇവിടെ ഏതെങ്കിലും ധ്രുവീയ പ്രക്ഷേപണം ഉപയോഗിക്കുന്നു.
വളരെ സൂക്ഷ്മതയോടുകൂടി നിര്‍മിക്കപ്പെടുന്ന ചാര്‍ട്ടുകളില്‍ ചിഹ്നങ്ങള്‍ക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട്. വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ധാരാളം വിവരങ്ങള്‍ പലതരം ചിഹ്നങ്ങളുപയോഗിച്ചാണ് ചാര്‍ട്ടുകളില്‍ ചിത്രീകരിക്കുന്നത്. ഈ ചിഹ്നങ്ങള്‍ ഏറെ നാളത്തെ പ്രയത്നം കൊണ്ട് തയ്യാറാക്കിയവയാണ്. ലോകത്തിലെ എല്ലാ ഭാഗത്തും ഒരേ ചിഹ്നമാണ് ഉപയോഗിക്കുന്നത്. കടലില്‍ കാണാവുന്ന കരയുടെ ഭാഗങ്ങള്‍ മാത്രമേ സാധാരണരീതിയില്‍ ചാര്‍ട്ടുകളില്‍ ചിത്രീകരിക്കാറുള്ളു. കരയുടെ ഉയരം, വേലിയേറ്റ-ഇറക്കങ്ങള്‍, സമുദ്രത്തിലെ ഒഴുക്കുകള്‍, ആഴം, പാറകളുടെ സ്ഥാനം, നദികളുടെ കൈവഴികള്‍, തീരപ്രദേശം തുടങ്ങിയ വിവരങ്ങളടങ്ങിയ ചാര്‍ട്ടുകളില്‍ ചിലതില്‍ സമാനകാന്തിക, അപഭ്രംശക (isogonic) രേഖകളും രേഖപ്പെടുത്താറുണ്ട്. സാധാരണ നാവികചാര്‍ട്ടുകളില്‍ കരകളെക്കുറിച്ചു വളരെക്കുറച്ചുമാത്രമേ പറയുന്നുള്ളുവെങ്കിലും പാറക്കെട്ടുകള്‍, ലൈറ്റ് ഹൗസുകള്‍, തുറമുഖങ്ങള്‍, സിഗ്നല്‍ ലൈറ്റുകള്‍, ബോയ്കള്‍ (buoys), കപ്പല്‍ച്ചാലുകള്‍, വെള്ളത്തിന്റെ ആഴം എന്നീ കപ്പലുകളെ ബാധിക്കുന്ന വസ്തുതകള്‍ക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. സിഗ്നല്‍ ലൈറ്റുകള്‍ സാധാരണ നക്ഷത്രചിഹ്നമുപയോഗിച്ചാണ് കാണിക്കുന്നത്. ചാര്‍ട്ടുകളില്‍ കൊടുക്കുന്ന സൂചികയില്‍ ഇവയുടെ നിറം, തിളക്കം, ഉറപ്പിച്ചതോ കറങ്ങുന്നതോ തുടങ്ങിയ സ്വഭാവങ്ങളും കാണിച്ചിരിക്കും. ചില ചാര്‍ട്ടുകളില്‍ സമുദ്രത്തിന്റെ അടിഭാഗത്തിന്റെ ആഴം, സ്വഭാവം തുടങ്ങിയ വിവരങ്ങളും ഉണ്ടാകും. എല്ലാ ചാര്‍ട്ടുകളിലും അക്ഷാംശ-രേഖാംശങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചില ചാര്‍ട്ടുകളില്‍ കാന്തികവ്യത്യാസവും അടയാളപ്പെടുത്തിയിരിക്കുന്നു.
സമുദ്ര സര്‍വേകളുപയോഗിച്ചാണ് സാധാരണ ചാര്‍ട്ടുകള്‍ നിര്‍മിക്കുന്നത്. വിമാനത്തില്‍നിന്നെടുക്കുന്ന ഛായാചിത്രങ്ങളും, ആധുനികമായ 'എക്കോ സൗണ്ടിങ്' മാര്‍ഗവും ഇപ്പോള്‍ പ്രാബല്യത്തിലുള്ളതിനാല്‍ സമുദ്രസര്‍വേ മുന്‍പത്തെക്കാള്‍ കൃത്യമായും വേഗത്തിലും ചെയ്യാന്‍ സാധിക്കുന്നു.
ഓരോ സമുദ്രത്തിനുമുള്ള പ്രത്യേക പൈലറ്റ് ചാര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് യു.എസ്സിലെ 'ഹൈഡ്രോഗ്രാഫിക് ആഫീസ്' എന്ന സ്ഥാപനമാണ്. ഈ ചാര്‍ട്ടുകള്‍ സമുദ്രങ്ങളെക്കുറിച്ചുള്ള വിശദമായ അറിവുകള്‍ നല്കുന്നു.
ലാറ്റിസ് ചാര്‍ട്ടുകള്‍. രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവും നാവികരുടെ ആവശ്യത്തിനായി നവീനരീതിയിലുള്ള പല സാങ്കേതികവിദ്യകളും പ്രചാരത്തില്‍ വന്നു. കരയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന റേഡിയോതരംഗങ്ങളുപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഇവ കപ്പലുകളുടെ സ്ഥാനം കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. റേഡിയോ തരംഗങ്ങള്‍ ഉണ്ടാക്കുന്ന ഗ്രിഡ്ഡുകളുപയോഗിച്ചു വരയ്ക്കുന്ന നവീനരീതയിലുള്ള ഇത്തരം ചാര്‍ട്ടുകള്‍ ലാറ്റിസ് (lattice charts) ചാര്‍ട്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഏറോനോട്ടിക്കല്‍ ചാര്‍ട്ടുകള്‍. ഏറോനോട്ടിക്കല്‍ ചാര്‍ട്ടുകള്‍ അഥവാ വ്യോമ ചാര്‍ട്ടുകള്‍ സാധാരണമായി 1:5,00,000. 1:10,00,000 എന്നീ തോതുകളിലാണ് കാണുന്നത്. ഇവ ഭൌമോപരിതലത്തിലെ എളുപ്പം കാണാവുന്ന റോഡുകള്‍, റെയില്‍വേ ലൈനുകള്‍, നഗരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്നു. '100 അടി' വ്യത്യാസത്തിലുള്ള 'കോണ്‍ടൂര്‍' ഉപയോഗിച്ചാണ് ഭൂപ്രകൃതി കാണിക്കുന്നത്. ഉയരവ്യത്യാസങ്ങള്‍ പല നിറങ്ങളുപയോഗിച്ചു കാണിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഏറോനോട്ടിക്കല്‍ ചാര്‍ട്ടുകളില്‍ വ്യോമപാതകള്‍, റോഡുകള്‍, റെയില്‍വേ ലൈനുകള്‍, പട്ടണങ്ങള്‍, ഭൂമിയുടെ ഉയരം, മനുഷ്യനിര്‍മിത ഘടകങ്ങള്‍ തുടങ്ങി, വ്യോമഗതാഗതത്തിനാവശ്യമായ വിവരങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.