This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാഡ്വിക്, ജയിംസ് (1891 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാഡ്വിക്, ജയിംസ് (1891 - 1974)

Chadwick, James

ജയിംസ്ചാഡ്വിക്

ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍. അറ്റോമിക ന്യൂക്ലിയസ്സിലെ ന്യൂട്രോണ്‍ കണ്ടുപിടിച്ച് അതിന്റെ ഭാരം (mass) നിര്‍ണയിച്ചതിനും ന്യൂക്ലിയര്‍ ഭൗതികശാഖയ്ക്കു നല്കിയ ഇതരസംഭാവനകള്‍ക്കുമായി 1935-ല്‍ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചു.

ജയിംസ് ചാഡ്വിക് 1891 ഒ. 20-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജനിച്ചു. വിക്ടോറിയാ സര്‍വകലാശാലയില്‍നിന്ന് 1911-ല്‍ ബിരുദവും 1913-ല്‍ മാസ്റ്റേഴ്സ് ബിരുദവുംനേടി. പിന്നീട് ജര്‍മനിയില്‍ ഹാന്‍സ് ഗൈഗറിന്റെ കീഴില്‍ ഗവേഷണം നടത്തി. അവിടെവച്ച് റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങളുടെ ബീറ്റാ ഉത്സര്‍ജനവര്‍ണരാജിയുടെ അവിച്ഛിന്നസ്വഭാവം ഇദ്ദേഹം പഠനവിധേയമാക്കി.

ഒന്നാം ലോകയുദ്ധകാലത്ത് തടവുകാരനാക്കപ്പെട്ട ചാഡ്വിക് 1919-ല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങി. റൂഥര്‍ഫോര്‍ഡ് ഇദ്ദേഹത്തെ കാവന്‍ഡിഷ് ലബോറട്ടറിയിലേക്കു ക്ഷണിച്ചു. 1922 മുതല്‍ 35-വരെ ചാഡ്വിക് ഇവിടത്തെ ഗവേഷണവിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു. 1932-ലാണ് ന്യൂട്രോണിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. 1935-ല്‍ ഇദ്ദേഹം ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി. ഇവിടെവച്ച് ബ്രിട്ടന്റെ ആദ്യത്തെ സൈക്ലോട്രോണ്‍ നിര്‍മിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് മാന്‍ഹട്ടന്‍ പ്രോജക്ടിനുവേണ്ടിയുള്ള ബ്രിട്ടീഷ് ദൗത്യസംഘത്തിലേക്ക് നിയുക്തനായി. ഈ സേവനങ്ങളെ പരിഗണിച്ച് 1945-ല്‍ നൈറ്റ് പദവിയും 46-ല്‍ പ്രസിഡന്റ് ട്രൂമാന്റെ വക 'ദ മെഡല്‍ ഫോര്‍ മെറിറ്റും' ലഭിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം അണുബോംബു നിര്‍മാണത്തിനു സഹായകമായ ഗവേഷണം തുടരുകയും -കണങ്ങള്‍ ഉപയോഗിച്ച് ഡ്യൂട്ടറോണ്‍ വിഘടിക്കാമെന്ന് സ്ഥാപിക്കുകയും ചെയ്തു. 1948 മുതല്‍ 58 വരെ കേംബ്രിജ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചു.

1927-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ചാഡ്വിക് നോബല്‍സമ്മാനത്തിനു പുറമേ, മറ്റു നിരവധി ബഹുമതികള്‍ക്കും അര്‍ഹനായി. ലണ്ടനിലെ റോയല്‍ സൊസൈറ്റി വക കോപ്ലി മെഡല്‍ (Copley medal, 1950 ), പെന്‍സില്‍വാനിയാ ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വക ഫ്രാങ്ക്ലിന്‍ മെഡല്‍ (1951), ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്സ് വക ഗുത്റീ മെഡല്‍ (Guthrie medal, 1967) എന്നിവ ഇവയിലുള്‍പ്പെടുന്നു.

ഇ. റൂഥര്‍ഫോര്‍ഡ്, സി. ഡി. എലിസ് എന്നിവരോടൊത്ത് 1930-ല്‍ റേഡിയേഷന്‍സ് ഫ്രം റേഡിയോ ആക്റ്റീവ് സബ്സ്റ്റന്‍സ് എന്ന ഗ്രന്ഥവും ഇദ്ദേഹം രചിച്ചു. 1932-ല്‍ എഴുതിയ 'പോസ്സിബിള്‍ എക്സിസ്റ്റന്‍സ് ഒഫ് എ ന്യൂട്രിനോ', 'എക്സിസ്റ്റന്‍സ് ഒഫ് എ ന്യൂട്രിനോ' എന്നിവ ചാഡ്വികിന്റെ ക്ളാസ്സിക് പ്രബന്ധങ്ങളാണ്.

1974 ജൂല. 24-ന് കേംബ്രിജില്‍ ചാഡ്വിക് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍