This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രന്, പുരാണ സങ്കല്പങ്ങളില്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദ്രന്, പുരാണ സങ്കല്പങ്ങളില്
ഒരു ദേവതാവിശേഷം. ആഹ്ളാദിപ്പിക്കുന്നവന് (ആഹ്ളാദയതി), ശോഭിക്കുന്നവന്‍ (ദീപ്യതേ) എന്നിങ്ങനെ ചന്ദ്രശബ്ദത്തിനു രണ്ടര്ഥങ്ങള് ഉണ്ട്. ഹേമചന്ദ്രന്റെ നിഘണ്ടുവില്‍ ചന്ദ്രന് ഹിമാംശു, ചന്ദ്രമസ്സ്, ശ്വേതദ്യുതി എന്നിങ്ങനെ 114 പര്യായങ്ങള്‍ കൊടുത്തുകാണുന്നു. അമരകോശത്തില്‍ ചന്ദ്രന് ഇരുപതു പര്യായങ്ങള്‍ ഉണ്ട്.
ജനനം. അമൃതമഥനവേളയില് പാലാഴിയില്‍ നിന്ന് അനേകം ദിവ്യവസ്തുക്കളുണ്ടായതില് ഒന്ന് ചന്ദ്രന് ആണ്. ജലത്തില്‍ നിന്നു ഉണ്ടാകയാല്‍ അബ്ജന്‍ എന്ന പേരുണ്ടായി. പാലാഴിയില്‍ നിന്നുണ്ടായ ലക്ഷ്മിയുടെ സഹോദരന് എന്ന കല്പനയില് നിന്ന് വേറെയും പുതിയ പേരുകള്‍ ഉണ്ട്.
അഗ്നി പുരാണത്തില്‍ ചന്ദ്രോത്പത്തി വേറൊരു വിധമാണ്. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ മാനസപുത്രനായ അത്രി സൃഷ്ടികര്‍മത്തിനുള്ള ശക്തി തപസ്സിലൂടെ സംഭരിക്കാന്‍ തുടങ്ങി. തപസ്സിന്റെ കാഠിന്യത്തില്‍ രേതസ്സ് മുകളിലേക്ക് നീങ്ങി കണ്ണുകളിലൂടെ പത്തംശങ്ങളിലായി പുറത്തേക്കു പതിച്ചു. ബ്രഹ്മാവിന്റെ ആജ്ഞയാല്‍ 10 ദിഗ്ദേവതകള് അവ സ്വീകരിച്ചു ഗര്‍ഭിണികളായി. അത്രിവീര്യം താങ്ങാന്‍ കെല്പില്ലാത്ത അവര്‍ ഗര്‍ഭം പുറത്തേക്കു കളഞ്ഞു. ആ പത്തു ഖണ്ഡങ്ങളെ ബ്രഹ്മാവ്തന്നെ യോജിപ്പിച്ച് ഒരു യുവാവിന്റെ രൂപം നല്കി. അതാണ് ചന്ദ്രന്. അവനെ ഒരു രഥത്തില്‍ കയറ്റി ഭൂമിയെ 27 വട്ടം പ്രദക്ഷിണം ചെയ്യിച്ചു. അവന്റെ ശരീരത്തില്‍ നിന്നു പ്രസരിച്ച തേജസ്സിന്റെ കണങ്ങള്‍ പുറത്തേക്കു തെറിച്ച് പലേടങ്ങളിലായി വീണതാണ് ഓഷധികളായി (ുഹമി) വളര്‍ന്നുവന്നത്. ഓഷധീശന്‍ എന്ന പേര് ചന്ദ്രനുണ്ടാകാന് കാരണമതാണ്.
വിദ്യാഭ്യാസം. ചന്ദ്രന് വിദ്യാഭ്യാസത്തിനു ബൃഹസ്പതിയെ സമീപിച്ചു. ഗുരുപത്നിയായ താര ചന്ദ്രനില്‍ അനുരക്തയായി. അവര്‍ക്ക് ബുധന്‍ എന്ന ഒരു സന്തതിയുണ്ടായി. ബുധനില്‍നിന്നു പുരൂരവസ്സും നീണ്ട ഒരു രാജവംശവുമുണ്ടായതാണ് ചന്ദ്രവംശം.
വൃദ്ധിക്ഷയങ്ങള്‍. ചന്ദ്രന് ദക്ഷപ്രജാപതിയുടെ 27 കന്യകകളെ വിവാഹം ചെയ്തു-അശ്വതി, ഭരണി,...രേവതി എന്നിവരെ. (അഭിജിത് എന്ന നക്ഷത്രവും ചേര്‍ന്നാല്‍ 28 ഭാര്യമാര്‍). ഇവരില്‍ വച്ച് ചന്ദ്രന് രോഹിണിയില്‍ അധികം പ്രതിപത്തി കണ്ട് മറ്റുള്ളവര്‍ അച്ഛനോട് പരാതി പറഞ്ഞു. ദക്ഷന് ചന്ദ്രനോട് എല്ലാപേരെയും ഒരുപോലെ വീക്ഷിക്കുവാനുപദേശിച്ചു. മൂന്നുതവണ ശാസിച്ചു. ഫലമില്ലാത്തതിനാല്‍ ക്ഷയരോഗം ബാധിക്കട്ടെ എന്നു ശപിച്ചു. മക്കളുടെ കൂട്ടായ അപേക്ഷയാല്‍ ശാപത്തിനു ഒരിളവു കൊടുത്തു, ക്ഷയിച്ചാലും പിന്നീടു വൃദ്ധിയുണ്ടാകട്ടെ എന്ന്. അങ്ങനെ ചന്ദ്രനു കൃഷ്ണപക്ഷത്തില്‍ ക്ഷയവും അമാവാസിക്കുശേഷം ശുക്ളപക്ഷത്തില്‍ വൃദ്ധിയുമുണ്ടായി.
ഗ്രഹണം. പാലാഴിമഥനഫലമായി ലഭിച്ച അമൃതകുംഭം സൈംഹികേയന്‍ എന്ന അസുരന് മോഷ്ടിച്ചുകൊണ്ടുപോയത് സൂര്യചന്ദ്രന്മാര് പറഞ്ഞ് വിഷ്ണു മനസ്സിലാക്കി. സുദര്‍ശനചക്രം പ്രയോഗിച്ച് അസുരനെ ശിരച്ഛേദം ചെയ്തു. തലയും ഉടലും വേറെയായെങ്കിലും അല്പം അമൃതം നേരത്തെ ഭക്ഷിച്ചിരുന്നതിനാല്‍ ജീവന് പോയില്ല. രാഹുകേതു എന്ന പേരോടെ അവര്‍ രണ്ടായിപ്പിരിഞ്ഞ് ആകാശത്തില്‍ സഞ്ചരിക്കുന്നു. പൂര്‍വവൈരാഗ്യംമൂലം രാഹുവും (തലഭാഗം) കേതുവും (വാല്‍ഭാഗം) ചന്ദ്രനെയും സൂര്യനെയും മാറിമാറി വിഴുങ്ങുവാന്‍ ശ്രമിക്കുന്നു. അതു ഗ്രഹണകാരണമായി.
വലുപ്പം. മഹാഭാരതത്തില്‍ ഭീഷ്മപര്‍വത്തില്‍ ചന്ദ്രന് 33,000 യോജന ചുറ്റളവ്, 11,000 യോജന വിസ്താരം, 5,900 യോജന കനം എന്നു കൊടുത്തിരിക്കുന്നു.
ചാന്ദ്രായണം. ചന്ദ്രനെ ഒരു ദേവതാവിശേഷമായി കരുതുന്നതുകൊണ്ട് പലതരം ആരാധനകള്‍ നിലവില്‍ വന്നിട്ടുണ്ട്. വെളുത്ത വാവിന് ചന്ദ്രോദയ സമയത്ത് ചെമ്പുപാത്രത്തില്‍ തേനൊഴിച്ച് പലഹാരമെടുത്ത് ചന്ദ്രന് നിവേദിക്കുന്നത് സര്‍വൈശ്വര്യപ്രദം. വെളുത്ത പക്ഷത്തില്‍ പ്രഥമയ്ക്കു ഒരു ഉരുള, ദ്വിതീയയ്ക്ക് രണ്ടുരുള എന്നിങ്ങനെ കൂട്ടിക്കൂട്ടി വെളുത്തവാവിന് 15 ഉരുള, പിന്നീടുള്ള പക്ഷത്തില്‍ 14, 13 തുടങ്ങി അമാവാസിക്ക് ശൂന്യം. ഇത്തരത്തില്‍ ആഹാരം കഴിച്ചനുഷ്ഠിക്കുന്ന വ്രതമാണ് ചാന്ദ്രായണം.
ചാന്ദ്രമാസം. ചന്ദ്രനു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റിവരുന്നതിനുള്ള സമയമാണ് ഒരു ചന്ദ്രമാസം. ചൈത്രം, വൈശാഖം തുടങ്ങിയ മാസഗണന അങ്ങനെ ഉണ്ടായിട്ടുള്ളതാണ്.
അമാവാസി. സൂര്യചന്ദ്രന്മാര് ഒരേ രാശിയില്‍ സംഗമിക്കുന്ന കാലം അമാവാസി. വെളുത്തവാവിന് അഗ്നിയില്‍ ഹോമിക്കുന്ന വസ്തുക്കള്‍ ദേവന്മാരും അമാവാസിയില്‍ ഹോമിക്കുന്നവ പിതൃക്കളും ഭക്ഷിക്കുന്നതായി മഹാഭാരതത്തില്‍ സൂചിപ്പിക്കുന്നു. കര്‍ക്കിടകമാസത്തിലെ അമാവാസി ഏറ്റവും പ്രശസ്തവും പിതൃതര്പ്പണാദികള്ക്കു വിശേഷപ്പെട്ടതുമത്രെ.
(പ്രൊഫ. എ.വി. ശങ്കരന്)