This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ്, ധ്യാന്‍ (1905 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ്, ധ്യാന്‍ (1905 - 79)

അന്താരാഷ്ട്ര പ്രശസ്തനായിരുന്ന ഇന്ത്യന്‍ ഹോക്കിതാരം. 1905 ആഗ. 25-ന് അലഹബാദിലെ ഒരു രജപുത്ര കുടുംബത്തില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 17-ാമത്തെ വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ശിപായിയായി. ആര്‍മി ഹോക്കി ടീമില്‍ അംഗമായിക്കൊണ്ടാണ് കായിക രംഗത്തെത്തുന്നത്. 21-ാമത്തെ വയസ്സില്‍ ന്യൂസിലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി കളിച്ചതാണ് ആദ്യത്തെ പ്രധാന മത്സരം. അതില്‍ 21-ല്‍ 12 മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. ആ ഉജ്വല വിജയത്തിനു കാരണമായത് ധ്യാന്‍ചന്ദിന്റെ മികച്ച പ്രകടനമായിരുന്നു.

ധ്യാന്‍ ചന്ദ്

1928-ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ച് ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സ് ഹോക്കി കിരീടം നേടിക്കൊടുത്ത ടീമില്‍ ഇദ്ദേഹം അംഗമായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ നേടിയ 3 ഗോളില്‍ 2-ഉം ധ്യാന്‍ചന്ദിന്റേതായിരുന്നു. അതോടെയാണ് ഇദ്ദേഹം ലോകപ്രശസ്തതാരമായിത്തീര്‍ന്നത്.

1932-ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ അമേരിക്കക്കെതിരെ 8 ഗോളടിച്ച് ഇദ്ദേഹം ലോക റിക്കാര്‍ഡുനേടി. 1936-ലെ ബെര്‍ലിന്‍ ഒളിമ്പികിസില്‍ ഇന്ത്യക്കു സ്വര്‍ണം നേടിക്കൊടുത്ത ഹോക്കിടീമിന്റെ ക്യാപ്ടന്‍ ധ്യാന്‍ചന്ദായിരുന്നു.

ഒളിമ്പിക്സ് മത്സരങ്ങളിലെന്നപോലെ നിരവധി അന്തര്‍ദേശീയ മത്സരങ്ങളിലും ഇദ്ദേഹം ഇന്ത്യന്‍ ഹോക്കിയെ അത്യുന്നതങ്ങളിലെത്തിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുമായി 1935-ല്‍ നടന്ന 48 മത്സരങ്ങളിലായി ഇന്ത്യ നേടിയ 584 ഗോളില്‍ 200 എണ്ണവും ഇദ്ദേഹത്തിന്റേതായിരുന്നു. ഒരു തികഞ്ഞ ഓള്‍റൗണ്ടറായി 47 വയസ്സുവരെ ധ്യാന്‍ചന്ദ് കളിക്കളത്തില്‍ തിളങ്ങിനിന്നു. ലോകപ്രശസ്തനായപ്പോഴും വിനയവും ആത്മാര്‍ഥതയും സൗമനസ്യവും കൈവിടാതെ ഇദ്ദേഹം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പുലര്‍ത്തി.

1947-ല്‍ ധ്യാന്‍ചന്ദ് മേജര്‍ ആയി. 1956-ല്‍ പദ്മഭൂഷണ്‍ നല്കി കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചു.

1952-ല്‍ ദ ഗോള്‍ എന്ന പേരില്‍ ആത്മകഥയെഴുതി. ഹോക്കിയിലെ മഹാമാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഇന്ത്യന്‍ ഹോക്കിയുടെ പതനവും (1960) കാണേണ്ടിവന്നു. 1979 ഡി. 3-ന് ധ്യാന്‍ചന്ദ് മരിച്ചു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരം നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍